ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ ദ്വീപാണ് മിന്ദനാവോ. ഏറ്റവും തെക്കേയറ്റത്തെ ദ്വീപുകളെ മൊത്തത്തിൽ മിന്ദനാവോ ദ്വീപുകൾ എന്നറിയപ്പെടുന്നു[1]. ലുസോൺ, വിസയാസ് എന്നിവക്കു പുറമേ ഫിലിപ്പിൻസിന്റെ ഭാഗമായ മൂന്നാമത്തെ ദ്വീപസമൂഹത്തിന്റെ പേരു കൂടിയാണിത്. മിന്ദനാവോ ദ്വീപും അതിനു സമീപമുള്ള ചെറുദ്വീപുകളും ചേർന്നതാണ് ഈ ദ്വീപസമൂഹം. മിന്ദനാവോയിലെ ഏറ്റവും വലിയ പട്ടണം ദവാവോ ആണ്. 2010-ലെ കാനേഷുമാരിക്കണക്കനുസരിച്ച് മിന്ദനാവോയിലെ 21,968,174 ജനസംഖ്യയിൽ 10 ശതമാനം മുസ്‌ലിംകളാണ്.

ഫിലിപ്പീൻസിന്റെ ഭൂപടത്തിൽ മിന്ദനാവോ

ഫിലിപ്പീൻ ദ്വീപുകളിൽ ഇസ്‌ലാമിന്റെ ഏറ്റവും ശക്തമായ സാന്നിദ്ധ്യമുള്ളത് മിന്ദനാവോയിലാണ്. വ്യാപകമായ ദാരിദ്ര്യവും മതപരമായ ഭിന്നതകളും മൂലം, വിവിധങ്ങളായ സംഘർഷങ്ങളുടെ പല മേഖലകൾ ഇവിടെ നിലനിൽക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് സായുധസമരവും, മോറോ വിഘടനമുന്നേറ്റവും നിലവിലുണ്ട്.

ചരിത്രംതിരുത്തുക

മിന്ദനാവോ ഒരുകാലത്ത് വിശാലമായ മഗ്വിന്ദനാവോൺസ് മുസ്ലിം സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പതിനേഴും പതിനെട്ടും നൂറ്റാണ്ടിലെ ഭൂപടങ്ങൾ ഈ വസ്തുത കാണിക്കുന്നു. സ്പെയിൻകാർ ഈ പ്രദേശത്തെ ഇന്നത്തെ ഫിലിപ്പൈൻസിനൊപ്പം കീഴടക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും സാധിച്ചില്ല.

1898ൽ സ്പെയിനിന്റെ പരാജയശേഷം, പാരീസ് ഉടമ്പടിപ്രകാരം തങ്ങളുടെ കീഴിലല്ലാതിരുന്നിട്ടുകൂടി ഈ പ്രദേശത്തെ തങ്ങൾ കീഴടക്കിയ പ്രദേശത്തോടൊപ്പം ചേർത്ത് ഉടമ്പടി ഒപ്പുവച്ചു. തുടർന്നുവന്ന അമേരിക്കക്കാർ മിന്ദനാവോ, സുലു എന്നീ സ്പെയിൻ കീഴടക്കാട്ഠ പ്രദേശങ്ങൾ ഫിലിപ്പൈൻസിന്റെ ഭാഗമാക്കിമാറ്റുകയാണുണ്ടായത്.

10,000 വർഷങ്ങൾക്കുമുമ്പേതന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിനു തെളിവുണ്ട്. ഇവിടെയുള്ള നിഗ്രിറ്റോ വിഭാഗത്തിൽപ്പെട്ട ജനങ്ങളാണ് ഇവിടത്തെ ആദിവാസികൾ. ഏതാണ്ട് 1500 ബി സി ഇ ഓടെ ആസ്ട്രൊനേഷ്യൻ ജനത ഫിലിപ്പൈൻസ് ആകമാനം വ്യാപിച്ചു. തദ്ദേശീയരായ മലുക്കു ദ്വീപിലെ ജനത ഈ ദ്വീപിനെ മലുക്കു ബസാർ എന്നു വിളിച്ചു. ഫിലിപ്പീൻസിലെ പ്രധാന കൃഷിമേഖലയാണ് ഈ പ്രദേശം. രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന മുന്തിയ പത്തു കൃഷിയുൽപ്പന്നങ്ങളിൽ എട്ടും ഇവിടെ നിന്നാണ്.


നവീനശിലായുഗവും താമ്രയുഗവുംതിരുത്തുക

സുബനോൺ ഗോത്രമാണ് മിന്ദനാവോയിൽ നവീനശിലായുഗത്തിൽ അധിവാസം ഉറപ്പിച്ചതെന്നുകരുതുന്നു. ഇത് ഏതാണ്ട് 10,000 ബി സി ഇ ആയിരിക്കും. സംബാവോങ്ക ഡെൽ നോർത്തെ എന്ന പരദേശത്തുനിന്നും ലഭിച്ച ശിലായുധങ്ങൾ ഇതു വെളിവാക്കുന്നു. കക്കകൾ കൊണ്ടുള്ള ആഭരണങ്ങളും മുത്തുകളും സ്വർണ്ണ ആഭരണങ്ങളും മൃതദേഹം മറവുചെയ്യാനുള്ള മിനുക്കിയതോ അല്ലാത്തതോ ആയ ഭരണികൾക്കും ചൈനീസ് പാത്രങ്ങൾക്കും ഒപ്പം ഇവിടത്തെ ഗുഹകളിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച ചൈനീസ് ഉൽപ്പന്നങ്ങൾ പലതും യുവാൻ, മിങ് രാജവംശങ്ങളുടെ കാലത്തേതാണ്. സുബനോൺ ഗോത്രവും ചൈനയുമായി വ്യാപാരം നടന്നതിന്റെ നീണ്ടചരിത്രമുണ്ട്. ഈ ഗോത്രം ഇസ്ലാം മതം പിന്നീട് സ്വീകരിക്കുന്നതിനും മുമ്പാണ് ഈ വ്യാപാരം നടന്നത്.

ഹിന്ദു-ബുദ്ധിസ്റ്റ് കാലഘട്ടംതിരുത്തുക

ഫിലിപ്പൈൻസിന്റെ ക്ലാസ്സിക്ക് കാലഘട്ടമായ സി ഇ 900നു ശേഷമുള്ള കാലത്ത് മിന്ദനാവോയിലെ ജനത ഹിന്ദു-ബുദ്ധ സ്വാധീനത്തിലായിരുന്നു. ഇന്തോനേഷ്യയിൽനിന്നും ബോർണിയോയിൽനിന്നുമാണ് ഈ സ്വാധീനം ഉണ്ടായത്. ഇതിനു സാംസ്കാരികമായ ഒട്ടേറെ തെളിവുകളുണ്ട്. സുലവേസി, ജാവ എന്നിവിടങ്ങളിൽനിന്നുമെത്തിയ ഹിന്ദു-സംസ്കൃത സ്വാധീനമുള്ള കവി,ബേയ്ബെയിൻ തുടങ്ങിയ ലിപികൾ ഇവിടെ പ്രചാരത്തിലായി.

അവലംബംതിരുത്തുക

  1. The Utrechet Faculty of Education, Philippines, Mindanao: For Nature, Culture and Entertainment
"https://ml.wikipedia.org/w/index.php?title=മിന്ദനാവോ&oldid=2743628" എന്ന താളിൽനിന്ന് ശേഖരിച്ചത്