ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയെ വൈദേശികാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയ സംഘടനയാണ് മഹാജനസഭ..[1] വ്യത്യസ്ത രാഷ്ട്രീയാഭിപ്രായമുള്ളവരുടെ ഒരു മുന്നണിയായിട്ടാണ് ഈ സംഘടന പ്രവർത്തിച്ചത്.

പശ്ചാത്തലം

തിരുത്തുക

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനഫലയാണ് ഫ്രഞ്ചധീനപ്രദേശങ്ങളിലെ വിമോചനപ്രസ്ഥാനം രൂപംകോള്ളുന്നത്. എങ്കിലും ഇരുപതാം ശതകത്തിന്റെ ആദ്യപാദത്തിന്റെ അവസാനം വരെ പ്രസ്ഥാനം സജീവമായിരുന്നില്ല. പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം, ചന്ദ്രനാഗോർ എന്നീ ഫ്രഞ്ചധീനപ്രദേശങ്ങൾ തമ്മിലുള്ള ദൂരം, സാംസ്കാരികമായ അന്തരം എന്നിവയ്ക്കു പുറമെ ഫ്രഞ്ച് ഭരണാധികാരികളുടെ താരതമ്യേന സൗഹാർദ്ദപൂർണ്ണമായ നിലപാടും ഇതിനു കാരണമായിട്ടുണ്ട്. പോണ്ടിച്ചേരിയിൽ തൊഴിലാളിസമരങ്ങളിലൂടെയും തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലൂടെയുമാണ് ദേശീയപ്രസ്ഥാനം വേരുറപ്പിച്ചത്. മയ്യഴിയിൽ മഹാത്മാഗാന്ധിയുടെ സന്ദർശനമായിരുന്നു ഇതിന് വഴിയൊരുക്കിയത്.

ഗാന്ധിജിയുടെ സന്ദർശനം

തിരുത്തുക
പ്രധാന ലേഖനം: മഹാത്മാഗാന്ധി

ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ ഭാരതപര്യടനത്തിനിടെയാണ് ഗാന്ധിജി മയ്യഴിയിലെത്തിയത്. 1934 ജനുവരി 13-ന് രാവിലെ മയ്യഴിയിലെത്തിയ ഗാന്ധിജിയെ വരവേല്ക്കാൻ വമ്പിച്ച ജനാവലിയുണ്ടായിരുന്നു. പുത്തലം കാവിൽ വെച്ചാണ് ഗാന്ധിജിക്ക് സ്വീകരണം നല്കിയത്.

ഗാന്ധിജിയുടെ പ്രസംഗത്തിന്റെ കാതൽ ഇതായിരുന്നു. ജനങ്ങളിൽ നിന്ന് സംഭാവനയ്ക്ക് പുറമെ തനിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലം ചെയ്തും ഗാന്ധിജി പണം സ്വരൂപിച്ചു. ഏതാനും മണിക്കൂറുകൾ മാത്രമേ ഗാന്ധിജി മയ്യഴിയിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഈ സന്ദർശനത്തോടെയാണ് മയ്യഴി കേന്ദ്രീകരിച്ചുള്ള വിമാചനസമരശ്രമങ്ങൾ ആരംഭിക്കുന്നത്.

യൂത്ത് ലീഗ്

തിരുത്തുക

ഗാന്ധിജിയിൽ നിന്ന് ആവേശം ഉൾക്കൊണ്ട യുവാക്കൾ 1934-ൽ തന്നെ യൂത്ത് ലീഗ് എന്ന ഒരു സംഘടനയ്ക്ക് രൂപം നല്കി. രാഷ്ട്രീയപ്രബുദ്ധത അതിനകം പ്രകടിപ്പിച്ചു കഴിഞ്ഞവരും കേരളത്തിൽ നടക്കുന്ന സമരത്തിൽ പങ്കാളികളായവരുമാണ് സംഘടനാരൂപവത്കരണം നടത്തിയത്. ഐ.കെ.കുമാരൻ, മുച്ചിക്കൽ പത്മനാഭൻ, സി.ഇ.ഭരതൻ, കളത്തിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് ലീഗ് പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയപ്രവർത്തനത്തെക്കാൾ സാമൂഹികസേവനത്തിനായിരുന്നു സംഘടന മുൻതൂക്കം നല്കിയത്. എങ്കിലും മയ്യഴിയിലെ ഫ്രഞ്ച് ഭരണാധികാരികൾ സംഘടനയ്ക്ക് അംഗീകാരം നല്കിയില്ല. ഇക്കാരണത്താൽ മയ്യഴിക്കു പുറത്ത് അഴിയൂരിലായിരുന്നു സംഘടനയുടെ ആപ്പീസ് സ്ഥാപിച്ചത്. ഫ്രഞ്ച് അനുകൂലികൾക്കു നല്കുന്ന അംഗീകാരവും ഗ്രാന്റും നിഷേധിച്ചുകൊണ്ട് സംഘടനയോട് ഭരണകൂടത്തിനുള്ള വിപ്രതിപത്തി പ്രകടിപ്പിച്ചുവെങ്കിവും മയ്യഴിയിലെ യുവാക്കളുടെ രാഷ്ട്രീയക്കളരിയായി യൂത്ത് ലീഗ് മാറി. യൂത്ത് ലീഗ് പ്രവർത്തകർ കേരളത്തിൽ നടക്കുന്ന നിയമലംഘനസമരത്തോട് അനുഭാവം പ്രകടിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്തു. ഉപ്പ് നിയമം ലംഘിക്കാനായി കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്കു മാർച്ചു ചെയ്ത സത്യാഗ്രഹികൾക്കു സ്വീകരണം നല്കിക്കൊണ്ടാണ് പ്രകടമായ നിലയിൽ യൂത്ത് ലീഗ് രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. മയ്യഴിയിലെന്നപോലെ പോണ്ടിച്ചേരിയിലും യൂത്ത് ലീഗ് ഉണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയബോധമുള്ളവരുടെ മുന്നണിയായിരുന്നു പോണ്ടിച്ചേരിയിലും യൂത്ത് ലീഗ്. വി. സുബ്ബയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന ആ സംഘടന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സായി മാറണം എന്ന ആഗ്രഹം ജവഹർലാൽ നെഹ്രുവിനെ അറിയിച്ചു. കോൺഗ്രസ്സ് എന്നല്ലാത്ത ഒരു പേരിൽ പ്രവർത്തിക്കാനാണ് നെഹ്രു ഉപദേശം നല്കിയത്. കോൺഗ്രസ്സ് എന്ന അർത്ഥത്തിലുള്ള മഹാജനസഭ എന്ന പേരാണ് പകരം യൂത്ത് ലീഗ് സ്വീകരിച്ചത്.

മഹാജനസഭയുടെ തുടക്കം

തിരുത്തുക

1937 ആഗസ്തിലാണ് പോണ്ടിച്ചേരിയിൽ മഹാജനസഭ രൂപവത്കരിച്ചത്. ഫ്രഞ്ചിന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും നിശ്ചയിച്ചിരുന്നു. മഹാജനസഭാ നേതാവ് വി.സുബ്ബയ്യ ഹരിപുര കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് മയ്യഴിയിൽ സ്വീകരണം നല്കിയിരുന്നു. എങ്കിലും1938ൽ പോണ്ടിച്ചേരിയിലെ മഹാജനസഭാനേതാവ് എൽ.എക്സ്. ദൊരൈസാമി, കാരയ്ക്കൽ നേതാവ് മരി സവരി എന്നിവരുടെ മയ്യഴി സന്ദർശനത്തോടെയാണ് മഹാജനസഭയുടെ മയ്യഴി ഘടകം രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. മൊയാരത്ത് ശങ്കരൻ ഈ പരിശ്രമങ്ങളിൽ സജീവപങ്കാളിയായിരുന്നു. അതേ വർഷം വിഷു നാളിൽ പന്തോക്കാട്ട് എന്ന സ്ഥലത്തു വെച്ചാണ് സംഘടനയുടെ മയ്യഴി ഘടകം രൂപവത്കരിച്ച് പ്രഖ്യാപനം നടത്തിയത്. കല്ലാട്ട് അനന്തൻമാസ്റ്റർ പ്രസിഡണ്ടും സി.ഇ.ഭരതൻ സെക്രട്ടറിയുമായിരുന്നു. അനന്തൻ മാസ്റ്റർക്ക് പ്രസിഡണ്ടായി തുടരാനാകാതെ വന്നപ്പോൾ ഐ.കെ.കുമാരൻ മാസ്റ്ററെ ആ സ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. മയ്യഴി വിമോചനസമരചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു ഈ സ്ഥാനാരോഹണം.

"https://ml.wikipedia.org/w/index.php?title=മഹാജനസഭ&oldid=1785161" എന്ന താളിൽനിന്ന് ശേഖരിച്ചത്