മലബാർ കുടിയേറ്റം
ഇരുപതാം നൂറ്റാണ്ടിൽ തിരുവതാംകൂർ ഭാഗത്തു നിന്ന് മലബാർ മേഖലയിലേക്ക് സുറിയാനി ക്രിസ്ത്യാനികൾ നടത്തിയ കുടിയേറ്റത്തെയാണ് മലബാർ കുടിയേറ്റം എന്ന് വിശേഷിപ്പിക്കുന്നത്.'[1] 1920-കളിൽ തുടങ്ങിയ ഈ കുടിയേറ്റം 1980-കൾ വരെയും ഉണ്ടായിരുന്നു. ഈ കുടിയേറ്റത്തിന്റെ ഭാഗമായി മലബാർ മേഖലയിലെ ക്രിസ്ത്യാനികളുടെ എണ്ണം 1931 നെ അപേക്ഷിച്ച് 1971-ൽ പതിനഞ്ച് മടങ്ങായി മാറി.[2]
സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയ്ക്കു കീഴിലായിരുന്നു മലബാർ. ഇരുപതാം നൂറ്റാണ്ടിൽ മധ്യ തിരുവതാംകൂറിലെ ജനസംഖ്യ അധികരിക്കുകയും, എന്നാൽ കൃഷിഭൂമിയുടെ വിസ്താരം കൂടുതലില്ലാതെ തുടരുകയും ചെയ്തു. മലബാർ മേഖലയിലുള്ള സ്ഥലങ്ങളിലെ കൃഷിസാധ്യത മനസ്സിലാക്കി പലരും ഇവിടങ്ങളിലേക്ക് കുടിയേറിപ്പാർത്തു. പ്രാദേശിക ജന്മികളുടെയും, രാജാക്കന്മാരുടെയും കയ്യിൽ നിന്ന് സ്ഥലം വാങ്ങി തോട്ടങ്ങൾ നിർമ്മിച്ചു. ഇത്തരത്തിൽ അഭിവൃദ്ധി നേടിയ കർഷകരുടെ അനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ ആളുകൾ മലബാറിലേക്കെത്തി. 1950 ആയപ്പോഴേക്കും കുടിയേറ്റം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.
കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരായിരുന്നു. ഇന്നത്തെ പാല, കരുനാഗപ്പള്ളി, ചങ്ങനാശേരി, രാമപുരം എന്നീ സ്ഥലങ്ങളിൽ നിന്നും അനേകമാളുകൾ മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലെ മലമ്പ്രദേശങ്ങളിൽ നിന്നുള്ളവരും ധാരാളമായി മലബാറിലേക്കെത്തി. കുടിയേറിയവരിൽ ന്യൂനപക്ഷം ഹിന്ദുക്കളും, മുസ്ലീങ്ങളുമുണ്ടായിരുന്നു. ഈ കുടിയേറ്റത്തോടെ മലബാറിലെ പല മലനിരകളിലും ചെറു പട്ടണങ്ങളും, ഗ്രാമങ്ങളും ഉണ്ടായി.
കണ്ണൂർ ജില്ലയിലെ ചെറുപുഴ, പേരാവൂർ, ചെമ്പേരി, ഇരട്ടി, കുടിയാൻമല, ആലക്കോട് ; വയനാട് ജില്ലയിലെ പുൽപ്പള്ളി, മാനന്തവാടി ; മലപ്പുറം ജില്ലയിലെ നിലമ്പൂർ, കരുവാരകുണ്ട്, പെരിന്തൽമണ്ണ, വെറ്റിലപ്പാറ ; പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, വടക്കാഞ്ചേരി ; കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം, തിരുവമ്പാടി, കൂരാച്ചുണ്ട്, തോട്ടുമുക്കം, കോടഞ്ചേരി, ചെമ്പനോട ; കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട്, രാജപുരം, കാഞ്ഞങ്ങാട്, ചിറ്റാരിക്കാൽ എന്നീ സ്ഥലങ്ങളിൽ തെക്കൻ ജില്ലകളിൽ നിന്നും കുടിയേറിവന്നവർ അനേകമുണ്ട്.
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-08.
- ↑ Migration and economic development of Kerala (p.108) Kumbattu Varkey Joseph, Mittal Publications, 1988