മംഗോളിയയിലെ അവശേഷിക്കുന്ന പ്രാചീന ഗോത്രസംസ്ക്കാരങ്ങളിൽ പ്രമുഖരാണ് ദറാദുകൾ. വടക്ക് റഷ്യയും മറ്റു മൂന്നു ഭാഗങ്ങളിലും ചൈനയും അതിരിടുന്ന മംഗോളിയ മധ്യേഷ്യയിലെ വിശാലമായ ഭൂവിഭാഗമാണ്. രാജ്യത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്നുള്ള ദറാദ് താഴ്വരയിലാണ് ഈ ഗോത്രത്തിന്റെ കേന്ദ്രസ്ഥാനം. തലസ്ഥാനമായ ഉലാൻബാതറിൽ നിന്ന് രണ്ടുദിവസം സഞ്ചരിച്ചാൽ മാത്രമേ ദറാദ് താഴ്വരയിലെത്തൂ. യൂറോപ്യൻ സംസ്കാരം ഉൾക്കൊണ്ടിട്ടുള്ളവരാണ് ദറാദ് ഗോത്രക്കാർ. സംസാരഭാഷ, മംഗോളിയൻ നാട്ടുഭാഷയാണ്. അവരുടെ ശരീരപ്രകൃതി പേരു സൂചിപ്പിക്കുന്നതു പോലെ മംഗോളിയൻ പ്രത്യേകതകൾ ഉള്ളതാണ്. പതിഞ്ഞമൂക്കും കട്ടിയില്ലാത്ത പുരികങ്ങളും ഇളം മഞ്ഞനിറമുള്ള ശരീരവും ചെമ്പിച്ച മുടിയും ഇവരുടെ പ്രത്യേകതയാണ്. സമതലപ്രദേശങ്ങളിലെ വയലുകളിൽ ഗോതമ്പും മറ്റുധാന്യങ്ങളും കൃഷി ചെയ്തുവരുന്നു. നാടോടികളാണെങ്കിലും പോകുന്നിടത്തൊക്കെ അവർക്കൊപ്പം പശുക്കളും മറ്റു കന്നുകാലികളുമുണ്ടാകും. ദറാദ് ഗോത്രക്കാർ സഞ്ചാരത്തിനായി ഒട്ടകങ്ങളുടെയും കുതിരകളുടെ കൂട്ടങ്ങളെയും ഉപയോഗിക്കുന്നു. ദറാദ് ഗോത്രക്കാർ കൂടാരങ്ങളിലാണ് താമസിക്കുക. അയൽക്കാരുമായുള്ള സൗഹൃദബന്ധത്തിന് വലിയ വിലകൽപ്പിക്കുന്നവരാണ് ദറാദുകൾ.

മംഗോളിയൻ ദറാദ്
Total population
21,558
Regions with significant populations
 മംഗോളിയ21,558[1]
Languages
Darkhad dialect of Mongolian
Religion
ഷാമനിസം, ടിബറ്റൻ ബുദ്ധമതം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മംഗോളിയർ, ഖൽഖ മംഗോളിയക്കാർ
ദറാദ് താഴ്വര

കൂടാരവാസികൾ തിരുത്തുക

വരണ്ട പുൽപ്രദേശങ്ങളിലായിരിക്കും ഇവരുടെ കൂടാരങ്ങൾ. കൃഷിയിടത്തിൽ നിന്ന് ഏറെ അകലെയല്ലാതുള്ള കൂടാരങ്ങൾ അടുത്തടുത്തുണ്ടാകും. കട്ടിയുള്ള തുണികൾ കൊണ്ടുള്ള കൂടാരങ്ങളെ 'ജെർ' എന്നാണ് വിളിക്കുക. പൊതുവെ മഞ്ഞും തണുപ്പും വർഷം മുഴുവൻ നിലനിൽക്കുന്ന കാലാവസ്ഥയ്ക്കനുസരിച്ച് താമസസ്ഥലം മാറ്റിമാറ്റിപ്പോകുന്ന ഇവർക്കു കൂടാരങ്ങൾ സൗകര്യപ്രദമായ താമസസംവിധാനമാണ്. ഷാമിയാനപോലെ മരക്കാലുകളിലാണ് ഈ കൂടാരം ഉയർത്തിനിർത്തുക. ചുവരുകൾ കട്ടിയുള്ള തുണികൊണ്ട് നിർമ്മിക്കുന്നു. കടുത്ത തണുപ്പിനെ അകറ്റിനിർത്താനായി കൂടാരത്തിന് കൂടുതൽ വാതിലുകളോ ജനലുകളോ ഉണ്ടാകില്ല. രാത്രിയിൽ പലപ്പോഴും തണുപ്പ് പൂജ്യത്തിലും കുറഞ്ഞ് മൈനസ് ഡിഗ്രി (-54ഡിഗ്രി സെൽഷ്യസ്) വരെ താഴും. കൂടാരത്തിന്റെ മധ്യത്തിൽ കത്തികൊണ്ടിരിക്കുന്ന ഒരു നെരിപ്പോട് ഉണ്ടാവും. തറയിൽ കട്ടിയുള്ള കാർപ്പെറ്റ് വിരിച്ചിട്ടുണ്ടാവും. തുണികൊണ്ടുള്ള ചുവരുകൾ ചിത്രങ്ങളും രേഖാചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും. എല്ലാറ്റിലും മംഗോളിയൻ നാടോടി സംസ്കാര തനിമ കാണാം. മഞ്ഞുകാലവും നായാട്ടും അവർക്ക് സ്ഥിരം ശല്യക്കാരായ ചെന്നായ്ക്കളെയുമെല്ലാം ഈ ചിത്രങ്ങളിൽ കാണാം.

 
ഒരു മംഗോളിയൻ ജെർ

ഭക്ഷണരീതി തിരുത്തുക

പാലും മാംസവും അവരുടെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങളാണ്. പാലും, ചായയും, വെണ്ണക്കട്ടിയുമൊക്കെ ഇവരുടെ പതിവു ഭക്ഷണങ്ങളിലുൾപ്പെടും. ചൈനീസ് ഭക്ഷണമായ നൂഡിൽസ് ഇവർ ഇഷ്ടപ്പെടുന്ന പ്രധാനവിഭവമാണ്. ചെമ്മരിയാടുകളുടെ മാംസം പതിവായി കഴിക്കുന്ന ദറാദ് ഗോത്രക്കാർക്ക് ഇതുവഴി തണുപ്പിനെ നേരിടാനുള്ള വേണ്ടത്ര ഊർജ്ജം ലഭിക്കുന്നുണ്ടെന്നാണ് പറയുന്നത്.

ദേശാടനം തിരുത്തുക

മഞ്ഞുകാലമടുക്കുമ്പോൾ ദറാദുകൾ ദേശാടനത്തിന് തയ്യാറെടുപ്പ് ആരംഭിക്കും. അപ്പോഴേക്കും കൃഷിയെല്ലാം തീർന്നിരിക്കും. കെയ്ത്തുകഴിഞ്ഞ് കിട്ടാവുന്നത്ര ധാന്യങ്ങൾ അവർ ഭാണ്ഡങ്ങളിൽ നിറച്ചിട്ടുണ്ടാവും. വർഷംതോറും ആവർത്തിക്കുന്ന യാത്രയ്ക്കുള്ള ഒരുക്കം ദറാദ് ഗോത്രത്തിലെ ഓരോ കുടുംബത്തിന്റെയും സ്വന്തംകാര്യമാണ്. മലനിരകളാൽ ചുറ്റപ്പെട്ട ദറാദ് താഴ്വരയിൽ നിന്ന് ഉയർന്ന പർവ്വതനിരയിലെ ചുരം കടന്ന് മറുഭാഗത്തെത്തണം. തണുപ്പുകുറഞ്ഞ ഹൂവ്സോൾ തടാകക്കരയിൽ വിശാലമായ പുൽമേടുകളുണ്ട്. അവിടെ കന്നുകാലികളെ യഥേഷ്ടം മേയ്ക്കാം. മഞ്ഞുവീഴ്ചയില്ലാത്ത ആ പ്രദേശത്തായിരിക്കും മഞ്ഞുകാലം കഴിയും വരെ ദറാദുകളുടെ താമസം. താഴ്വരയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങൾ എല്ലാ മഞ്ഞുകാലത്തും നടത്തുന്ന ഈ യാത്രയെ മംഗോളിയൻ ഭാഷയിൽ "നദുവൂൽ" എന്നാണ് വിളിക്കുക. ഈ ദേശാടനയാത്രയിൽ ദറാദുകൾ തങ്ങളുടെ കൂടാരവും അതിലെ സർവ്വസാധനങ്ങളും കന്നുകാലികളെയും വളർത്തുപക്ഷികളെയുമെല്ലാം കൂടെ കൊണ്ടുപോകും. മഞ്ഞുകാലത്തിൽ നിന്നുള്ള രക്ഷപെടലാണിത്. ഹൂവ്സോൾ തടാകക്കരയിൽ വർഷം തോറും ആവർത്തിക്കുന്ന ദേശാടനമാണ്. മഞ്ഞുകാലം കഴിഞ്ഞ് ദറാദ് താഴ്വരയിൽ വെയിൽ പരക്കുമ്പോൾ അവർ തിരിച്ചുവരുന്നു.

ദേശാടനയാത്ര ദുർഘടം നിറഞ്ഞതാണ്. കുതിരപ്പുറത്തും യാക്കുകളുടെ പുറത്തുമായി സാധനസാമഗ്രികൾ കെട്ടിവയ്ക്കും. കുട്ടികളെയും നടക്കാൻ പറ്റാത്ത വൃദ്ധരെയുമൊക്കെ ചെറിയ ചക്രവണ്ടിയിലിരുത്തി യാക്കുകളെ കൊണ്ട് വലിപ്പിക്കും. കുണ്ടും കുഴിയുമായി കിടക്കുന്ന മലമ്പാതയിലൂടെയാണ് യാത്രമുഴുവൻ. മലഞ്ചെരിവിലൂടെ പതുക്കെ പതുക്കെ നീങ്ങുന്ന സഞ്ചാരം ചെന്നെത്തുന്നത് മലയുടെ മുകളിലാണ്. അവിടെ ചുരങ്ങളുണ്ട്. ചുരങ്ങളിലൂടെ വേണം പർവ്വതത്തിനപ്പുറം കടക്കാൻ. കുത്തനെയുള്ള മലഞ്ചെരിവിലൂടെ ചുരത്തിലെത്തുമ്പോഴേക്കും സംഘം ക്ഷീണിച്ച് അവശരായിരിക്കും. പിന്നെ വിശ്രമം തുടർന്ന് വീണ്ടും യാത്ര. ചുരത്തിൽ മഞ്ഞുകാറ്റടിക്കാനുള്ള സാധ്യതയേറെ. അതുപോലെ യാത്രയിൽ മറ്റു അപകടങ്ങളുമുണ്ടാകാം. മലയിടിച്ചിൽ, അസുഖങ്ങൾ, കാറ്റ് തുടങ്ങിയവ എല്ലാം അതിജീവിച്ചുവേണം തടാകക്കരയിലെത്താൻ. അങ്ങനെ രണ്ടോ മൂന്നോ ദിവസം കൊണ്ടുള്ള യാത്ര ദറാദുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. മറ്റു താഴ് വരയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരും ചൂടുപ്രദേശങ്ങൾ തേടി അവിടെ എത്തിയിട്ടുണ്ടാകും. അവിടെ പുതിയ ജീവിതം തുടങ്ങുകയാണവർ. അടുത്ത ഏതാനും മാസങ്ങളിൽ പുതിയ ജീവിതം! പുതിയ സൗഹൃദങ്ങൾ! അങ്ങനെ കാലത്തിനും കാലാവസ്ഥക്കുമിടയിൽ പ്രകൃതിയോടിണങ്ങി, പ്രകൃതിയുടെ ഭാഗമായി, മംഗോളിയയുടെ വിദൂരഭൂമികളിൽ പുറംലോകത്തെ കുറിച്ച് അധികമൊന്നുമറിയാതെ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ദറാദുകൾ[2].

അവലംബം തിരുത്തുക

  1. National Census 2010 Archived September 15, 2011, at the Wayback Machine.
  2. http://www.bbc.co.uk/tribe/tribes/darhad/index.shtml

പുറം കണ്ണികൾ തിരുത്തുക

  1. https://joshuaproject.net/people_groups/11508/MG
  2. http://mongoliatravel.guide/destinations/view/darkhad-tribe/ Archived 2017-06-06 at the Wayback Machine.
  3. "Guarding the Spirit of Our Ancestor, Genghis Khan."
"https://ml.wikipedia.org/w/index.php?title=മംഗോളിയൻ_ദറാദുകൾ&oldid=3948925" എന്ന താളിൽനിന്ന് ശേഖരിച്ചത്