രാത്രിയിൽ വീടുകളുടെ കതകുകളിൽ മുട്ടി ശല്യപ്പെടുത്തുക, കോളിംഗ് ബെൽ അടിക്കുക, പൈപ്പിലെ വെള്ളം തുറന്നു വിടുക തുടങ്ങിയ ഉപദ്രവങ്ങൾ ചെയ്യുന്ന ബ്ലാക്ക് മാൻ എന്ന ഒരു കഥാപാത്രമുണ്ടെന്ന് ഏകദേശം 2012-മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒരു അന്ധവിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. ചെവി കടിച്ചുപറിച്ച് മോഷണം നടത്തുക, സിറിഞ്ച് കൊണ്ട് ശരീരത്തിൽ കുത്തുക (ഇത് എയ്ഡ്സ് പരത്താനാണത്രേ[1]), ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുക എന്നീ അക്രമങ്ങളും ബ്ലാക്ക് മാൻ ചെയ്യുന്നുണ്ടെന്നും കഥകളുണ്ട്[2]. ഈ കഥാപാത്രം മുറ്റത്തേയ്ക്ക് അമ്മിക്കല്ല് എടുത്തെറിയുകയും [1] തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുന്നുണ്ടെന്നും കഥയുണ്ട്[3].

കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ഈ കഥകൾ കൂടുതലും പ്രചരിക്കുന്നതെങ്കിലും[4] കാസർകോട് ജില്ലയിലും ബ്ലാക്ക് മാനെ കാണപ്പെട്ടിട്ടുള്ളതായി വാർത്തയുണ്ട്[5]. സ്ത്രീകളെ ആക്രമിക്കുന്ന ഒരു സംഘം ബ്ലാക്ക് മാന്മാർ ഉണ്ടെന്നാണ് മറ്റൊരു കഥ[6]. രാത്രിയിൽ മാത്രമല്ല, വൈകുന്നേരം നാലുമണിക്കും ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടതായും വാദമുണ്ട്[7] ഇത്തരം കഥകളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല[2].

രൂപവർണ്ണന

തിരുത്തുക

ഒരു കാലിൽ സ്പ്രിങ് കെട്ടി, കയ്യിൽ നഖങ്ങൾ നീട്ടി വളർത്തി, കറുത്ത മുഖത്തോടുകൂടിയ ആളാണെന്നും, ഞൊടിയിടയിൽ പ്രത്യക്ഷനും, അപ്രത്യക്ഷനുമാവാനുള്ള കഴിവുണ്ടെന്നുമാണ് ഈ കഥാപാത്രത്തെപ്പറ്റി പൊതുവിൽ ഉരുത്തിരി‌ഞ്ഞുവന്നിട്ടുള്ള അഭിപ്രായം[2]. കറുത്ത പാന്റും ഷർട്ടും ധരിച്ച ബ്ലാക്ക് മാന്മാരെപ്പോലെ തന്നെ മുണ്ട് മാത്രം ധരിച്ച ബ്ലാക്ക് മാന്മാരുമുണ്ട്[7]. ചില വിവരണങ്ങളിൽ ബ്ലാക്ക് മാൻ കറുത്ത മുണ്ടും ഷർട്ടും ധരിച്ച ഏഴടിയിലധികം പൊക്കമുള്ളയാളാണ്. ബ്ലാക്ക് മാനെ ആൾക്കാർ കണ്ടെത്തുമ്പോൾ പ്രത്യേകരീതിയിൽ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും വിവരണമുണ്ട്. ആവശ്യമുള്ളപ്പോൾ ഈ കഥാപാത്രം പുഴയിൽ ചാടി നീന്തിമറയുകയും ചെയ്യുന്നുണ്ടെന്നാണ് ഒരു വിവരണം. മനുഷ്യരെ ഭയപ്പെടുത്തുക മാത്രമാണ് ഈ ബ്ലാക്ക് മാന്റെ ലക്ഷ്യം[1].

ഒരു വിവരണത്തിൽ ബ്ലാക്ക് മാന്റെ ഉയരം 12 അടിയാണ്!! പുല്ലുകൊണ്ടുള്ള കിടക്കയിൽ കിടക്കുകയും ബിയർ കുടിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ഈ ബ്ലാക്ക് മാൻ[5]. ഒരാളുടെ തോളിൽ മറ്റൊരാൾ കയറിയിരുന്ന് ബ്ലാക്ക് മാൻ വേഷം കെട്ടുന്നതായി കാണപ്പെട്ടിട്ടുണ്ട്.[8]

ഒരേ സമയം പല വീടുകളിലും ആക്രമണം നടക്കുന്നുണ്ടെന്നും ഇതിനു പിന്നിൽ ഒരു സംഘമാണെന്നും കഥകളുണ്ട് [3].

അഭ്യൂഹങ്ങൾ

തിരുത്തുക

കൊല്ലം ജില്ലയിലെ ആയൂരിലെ ഇളമാട് ഗ്രാമപഞ്ചായത്തിലെ കുണ്ടൂർ കോളനിയിൽ ബ്ലാക്ക് മാനാണെന്നാരോപിച്ച് ആറു പേരെ പിടികൂടുകയുണ്ടായി. ഇവരെ മറ്റൊരു സംഘം ആൾക്കാർ മാരകായുധങ്ങളുമായി വാഹനത്തിലെത്തി കടത്തിക്കൊണ്ടുപോവുകയായിരുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെത്തുടർന്ന് ബ്ലാക്ക് മാനു പിന്നിൽ ദളിത് യുവാക്കളാണെന്ന് ആരോപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു[4]. ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്ന സമൂഹത്തിന്റെ ഭീതികളും മുൻവിധികളും മറ്റും കഥയുടെ ഭാഗമാകാറുണ്ട്. ദളിത് യുവാക്കളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും പങ്കിനെ സംബന്ധിച്ച ഭീതി ഇതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്[9]

ബ്ലാക്ക് മാനെ പിടികൂടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളെ നാട്ടുകാർ പിടികൂടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്[6] പുലർച്ചെ 1.30-നും മറ്റും ടാപ്പിംഗിനായിപ്പോകുന്ന തൊഴിലാളികളെ ബ്ലാക്ക് മാനാണെന്ന തെറ്റിദ്ധാരണ മൂലം മർദ്ദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്[7]

കാസർകോട് ജയിലിൽ നിന്ന് തടവുചാടിയ ഒരു പ്രതിയായിരിക്കാം കാസർകോടെ ബ്ലാക്ക് മാനെന്നാണ് ഒരു അഭ്യൂഹം. മാവോയിസ്റ്റ് സംഘമാണോ ഇതിനു പിന്നിൽ എന്ന സംശയവും ഉയർന്നുവന്നിട്ടുണ്ട്.[5].

ഇത്തരം അർബൻ ലെജന്റുകൾക്ക് സാധാരണ കാണുന്ന പ്രത്യേകതയാണ് കഥയുടെ ഉറവിടം ഏതെന്ന് ആർക്കും വ്യക്തമായ ധാരണയില്ലാതിക്കുന്നത്[10]. ഈ പ്രത്യേകത ബ്ലാക്ക് മാൻ എന്ന കെട്ടുകഥയിലും കാണപ്പെടുന്നുണ്ട്[6]. ബ്ലാക്ക്‌മാൻ ഒരു പെൺകുട്ടിയെ ആക്രമിച്ചു എന്ന വാർത്തയ്ക്കു പിന്നിൽ സുഹൃത്ത് ഏൽപ്പിച്ച നഖക്ഷതമായിരുന്നു എന്ന മട്ടിലുള്ള കഥകളും പ്രചരിക്കുന്നുണ്ട്[3].

നിയമപാലകരുടെ അഭിപ്രായം

തിരുത്തുക

എന്ന് തിരുവനന്തപുരം പോലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി[2]. ബ്ലാക്ക് മാനെ പിടികൂടാനായി നൈറ്റ് വിഷൻ കാമറ, നൈറ്റ് വിഷൻ ബൈനോക്കുലർ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി പോലീസ് പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്![3].

ഇതു സംബന്ധിച്ച നേരിട്ടുള്ള ഒരു പരാതിയും ഒരു പോലീസ് സ്റ്റേഷനിലും ലഭിച്ചിട്ടില്ലയെന്നും വാർത്തയുണ്ടായിരുന്നു.[6].

ഇതുവരെ പിടിയിലായ 'ബ്ലാക്ക് മെൻ'

തിരുത്തുക
  • മുഖം മൂടി ഉപയോഗിച്ച് ആൾക്കാരെ ഭയപ്പെടുത്തിയിരുന്ന വിഷ്ണു എന്ന ഒരാളെ മൂവാറ്റുപുഴയിൽ നിന്ന് പോലീസ് പിടികൂടുകയുണ്ടായി[11]
  • കോഴി മോഷ്ടാവായ ഒരു 'ബ്ലാക്ക് മാൻ' അരിമ്പൂരിൽ നിന്ന് പിടിയിലായിരുന്നു[12][13]
  • ബ്ലാക്ക് മാൻ എന്നു സംശയിച്ച് കുന്നികോട് രണ്ടു യുവാക്കൾ പിടിയിലാവുകയുണ്ടായി. [14]
  1. 1.0 1.1 1.2 "ഇരുളിന്റെ മറപറ്റി ബ്ലാക്ക്‌ മാൻ എത്തുന്നു; നാട്ടുകാർ പരിഭ്രാന്തിയിൽ". മംഗളം. 2013 ജനുവരി 3. Retrieved 21 ഫെബ്രുവരി 2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 2.3 ബീന, ബീന. "ബ്ലാക്ക്മാനും ഗർഭധാരണവും". മാതൃഭൂമി. Archived from the original on 2013-02-21. Retrieved 21 ഫെബ്രുവരി 2013.
  3. 3.0 3.1 3.2 3.3 "ബ്ലാക്ക്‌മാൻ കൂടുതൽ ജില്ലകളിലേക്ക്‌ വ്യാപിക്കുന്നു, പിടിക്കാൻ പോലീസും രംഗത്ത്‌". മലയാളിവാർത്ത. 18 ഡിസംബർ 2012. Retrieved 21 ഫെബ്രുവരി 2013.
  4. 4.0 4.1 "ബ്ലാക്ക് മാൻ: നാട്ടുകാർ തടഞ്ഞുവച്ചവരെ ആയുധധാരികൾ മോചിപ്പിച്ചതിൽ ദുരൂഹത". തേജസ്. 4 നവംബർ 2012. Retrieved 21 ഫെബ്രുവരി 2013. {{cite news}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 5.2 "ബ്ലാ­ക്ക് മാൻ ഇന്റ­ലി­ജൻ­സ് അ­ന്വേഷണം ഊർ­ജി­ത­മാ­ക്കി". കാസർഗോഡ് വാർത്ത. 2013 ജനുവരി 17. Retrieved 21 ഫെബ്രുവരി 2013. {{cite news}}: Check date values in: |date= (help); soft hyphen character in |title= at position 5 (help)
  6. 6.0 6.1 6.2 6.3 "ആരാണ് ബ്ലാക്ക് മാൻ ?". ലൈവ് വാർത്ത.കോം. Archived from the original on 2013-05-30. Retrieved 21 ഫെബ്രുവരി 2013.
  7. 7.0 7.1 7.2 "ബ്ലാക്ക് മാൻ ഭീതി വ്യാപിക്കുന്നു : ജോലിക്ക് ഇറങ്ങാൻ കഴിയാതെ ടാപ്പിംഗ് തൊഴിലാളികൾ". കേരളഭൂഷണം. 2012 നവംബർ 20. Retrieved 21 ഫെബ്രുവരി 2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  8. "'ബ്ലാക്ക്മാന്' പിന്നിൽ സമൂഹദ്രോഹികൾ; വലപ്പാട് പത്രവിതരണക്കാരനെ ഭയപ്പെടുത്താൻ ശ്രമം". മാതൃഭൂമി. 06 ഫെബ്രുവരി 2013. Archived from the original on 2013-02-06. Retrieved 28 ഫെബ്രുവരി 2013. {{cite news}}: Check date values in: |date= (help)
  9. "'ബ്ലാക്ക്മാൻ' കഥകൾ പുതിയ സ്ഥലങ്ങളിലേക്ക്;സംഘടിത ശ്രമമെന്ന് പോലീസ്". മാതൃഭൂമി. 18 ഡിസംബർ 2012. Archived from the original on 2013-01-05. Retrieved 28 ഫെബ്രുവരി 2013.
  10. "ഹേഡ് ദി വൺ എബൗട്ട്..." ബി.ബി.സി ന്യൂസ്. 2006-10-27. Retrieved 2013-02-24.
  11. "ഭീതിപരത്തിയ ബ്ലാക്ക് മാൻ വിവിധ കേസുകളിലെ പ്രതിയായ ഓട്ടോ ഡ്രൈവർ". മാതൃഭൂമി. 28 ഫെബ്രുവരി 2013. Retrieved 28 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
  12. "ബ്ലാക്ക്‌ മാൻ പിടിയിലായി". മംഗളം. 11 ഫെബ്രുവരി 2013. Retrieved 28 ഫെബ്രുവരി 2013.
  13. മാക്സ് ന്യൂസ് ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി] അവസാനം ബ്ലാക്ക് മാൻ പിടിയിലായി
  14. പീപ്പിൾ 24X7[പ്രവർത്തിക്കാത്ത കണ്ണി] ബ്ലാക്ക് മാൻ എന്നു സംശയിക്കപ്പെടുന്ന രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_മാൻ&oldid=3938981" എന്ന താളിൽനിന്ന് ശേഖരിച്ചത്