ബെൻ ജോൺസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബെൻ ജോൺസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബെൻ ജോൺസൻ (വിവക്ഷകൾ)

നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനും ആയിരുന്നു ബെഞ്ചമിൻ ജോൺസൻ (ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637). വില്യം ഷേക്സ്പിയറിന്റെ സമകാലീനനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ്. എലിസബത്തൻ കാലത്തിനുശേഷം വന്ന ജേക്കബിയൻ, കരോളിയൻ, ക്രോംവെല്ലിയൻ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളേയും കവികളേയും ജോൺസൻ വളരെയേറെ സ്വാധീനിച്ചു. വിപുലമായ പുസ്തകപരിചയവും അടങ്ങാത്ത വിവാദപ്രേമവും ജോൺസന്റെ സവിശേഷതകളായിരുന്നു.

ബെൻ ജോൺസൻ
ബെൻ ജോൺസൻ, അബ്രാഹം ബ്ലയൻബെർച്ച് വരച്ച ചിത്രം - കാലം 1617-നടുത്ത്.
ബെൻ ജോൺസൻ, അബ്രാഹം ബ്ലയൻബെർച്ച് വരച്ച ചിത്രം - കാലം 1617-നടുത്ത്.
തൊഴിൽനാടകകൃത്ത്, കവി നടൻ

ആദ്യകാലജീവിതം

തിരുത്തുക

ലണ്ടണിലെ വെസ്റ്റ്മിനിസ്റ്ററിലായിരുന്നു ജനിച്ചതെങ്കിലും തന്റെ കുടുംബം സ്കോട്ട്ലണ്ടിലെ അതിർത്തിപ്രദേശത്തുനിന്നുള്ളതാണെന്നാണ് ജോൺസൻ അവകാശപ്പെട്ടിരുന്നത്.[1] ജോൺസന്റെ കുടുംബ ചിഹ്നത്തിന് (coat of arms) അതിർത്തിപ്രദേശത്തെ ഒരു കുടുംബമായ അനൻഡേലിലെ ജോൺസ്റ്റന്മാരുടെ ചിഹ്നവുമായി സാമ്യമുണ്ടായിരുന്നുവെന്നത് ഈ അവകാശവാദത്തെ പിന്തുണക്കുന്നുവെന്ന് വരാം. ജോൺസന്റെ ജനനത്തിന് ഒരുമാസം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് അമ്മ ഒരു ഇഷ്ടികപ്പണിക്കാരനെ വിവാഹം കഴിച്ചു. ജോൺസന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത് സെയിന്റ് മാർട്ടിൻസ് ലേനിൽ ആയിരുന്നു. പിന്നീട് അദ്ദേഹം വെസ്റ്റ്മിനിസ്റ്റർ സ്കൂളിൽ ചേർന്നു. അവിടെ അദ്ധ്യാപകരിൽ ഒരാളായിരുന്ന വില്യം കാംഡന്റെ വിപുലമായ പാണ്ഡിത്യം ജോൺസനെ സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പാണ്.[2] 1623-ൽ കാംഡന്റെ മരണം വരെ ജോൺസനും കാംഡനും നല്ല അടുപ്പത്തിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺസൻ കേംബ്രി‌ഡ്ജ് സർവകലാശാലയിൽ ചേർന്നുവെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. എന്നാൽ ജോൺസൻ തന്നെ പറയുന്നത് [1] താൻ സർവകലാശാലയിൽ പോയിട്ടെയില്ലെന്നും സ്കൂൾ വിട്ട ഉടനേ തൊഴിൽ പരിശീലനത്തിന് അയക്കപ്പെടുകയാണുണടായതെന്നുമാണ്. ഇംഗ്ലീഷ് ചരിത്രകാരനും സഭാനേതാവുമായ തോമസ് ഫുള്ളർ രേഖപ്പെടുത്തിയിട്ടുള്ള ഒരു കഥയനുസരിച്ച് ലണ്ടൻ സത്രത്തിലെ ഒരു തോട്ടത്തിന്റെ ഭിത്തിയുടെ പണിയിൽ ജോൺസൻ ഒരിക്കൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഏറെ താമസിയാതെ ഇഷ്ടികപ്പണി മടുത്ത ജോൺസൻ, ഫ്രാൻസിസ് വേരെയുടെ സൈന്യത്തിൽ ചേർന്ന് ഹോളണ്ടിൽ കുറേനാൾ ചെലവിട്ടു. പിന്നീട് ഹാത്തോണ്ടൻ കൈയെഴുത്തുപ്രതികൾ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട, കവി വില്യം ഡ്രുമോണ്ടുമായുള്ള സംഭാഷണത്തിൽ, താൻ ഹോളണ്ടിലായിരിക്കുമ്പോൾ ഒരെതിരാളിയെ മല്ലയുദ്ധത്തിൽ കൊന്ന് അവന്റെ ആയുധങ്ങൾ കരസ്ഥമാക്കിയെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട്.[1]

1594-നടുത്തെപ്പോഴോ ജോൺസൻ വിവാഹിതനായി. ഡ്രുമോണ്ടുമായുള്ള സംഭാഷണത്തിലെ ഭാര്യയെ അദ്ദേഹം വിശേഷിപ്പിച്ചത് വഴക്കാളിയെങ്കിലും സത്യസന്ധ എന്നാണ്(a shrew, yet honest). ജോൺസന്റെ ഭാര്യ ആരായിരുന്നുവെന്ന് നിശ്ചയമില്ല. ബെഞ്ചമിൻ ജോൺസൻ എന്നയാളെ ലണ്ടൻ പാലത്തിനടുത്തുള്ള രക്തസാക്ഷി മാഗ്നസിന്റെ പള്ളിയിൽ വച്ച് വിവാഹം കഴിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആൻ ലൂവീസ് ആയിരുന്നു അവളെന്ന് വാദമുണ്ട്.[3] വിശുദ്ധ മാർട്ടിന്റെ പള്ളിയിലെ രേഖകൾ അനുസരിച്ച്, ജോൺസന്റെ മൂത്ത മകൾ മേരി 1593 നവംബറിൽ ആറു മാസം മാത്രം പ്രായമുണ്ടായിരിക്കെ മരിച്ചു. മൂത്തമകൻ ബെഞ്ചമിൻ പത്തുവർഷം കഴിഞ്ഞു പ്ലേഗ് ബാധിച്ചു മരിച്ചു. എന്റെ കടിഞ്ഞൂൽ പുത്രൻ എന്ന പേരിൽ അവന്റെ ചരമഫലകത്തിൽ എഴുതിയ കുറിപ്പിൽ ജോൺസൻ അവനെ തന്റെ ഏറ്റവും സുന്ദരമായ കവിത എന്നു വിശേഷിപ്പിച്ചു.[4] ബെഞ്ചമിൻ എന്നു തന്നെ പേരുള്ള രണ്ടാമതൊരു മകൻ 1635-ൽ മരിച്ചിട്ടുണ്ട്. ഈ കാലത്തിനിടക്കെന്നോ അഞ്ചു വർഷക്കാലത്തേക്ക് ജോൺസൻ ഭാര്യയിൽ നിന്ന് വേർപെട്ട് ഓബിനി പ്രഭുവിന്റെ അതിഥിയായി താമസിച്ചിട്ടുണ്ട്. 1597-ലെ വേനൽക്കാലമായപ്പോഴേക്ക് ഫിലിപ്പ് ഹെൻസ്ലോവിന്റെ മേൽനോട്ടത്തിൽ റോസ് പ്രദർശനശാലയിൽ പ്രവർത്തിച്ചിരുന്ന "അഡ്മിറലിന്റെ ആളുകൾ" എന്ന നാടകക്കമ്പനിയിൽ ജോൺസൻ സ്ഥിരം ജോലിക്കാരനായി. അഭിനേതാവെന്ന നിലയിൽ ജോൺസൻ വലിയ വിജയമൊന്നുമല്ലായിരുന്നു എന്ന പറയപ്പെടുന്നു.[5]


ഈ സമയമായപ്പോഴേക്ക് ജോൺസൻ ആ നാടകക്കമ്പനിക്കുവേണ്ടി പുതിയതായി സ്വന്തം നാടകങ്ങൾ എഴുതാൻ തുടങ്ങി. എലിസബത്തൻ സാഹിത്യത്തിന്റെ ചരിത്രകാരനായ ഫ്രാൻസിസ് മേറസ് 1598-ൽ അദ്ദേഹത്തെ ദുരന്തനാടകകർത്താക്കളിൽ ഒന്നാം കിടയിൽ പെട്ടവൻ എന്ന് വിശേഷിപ്പിച്ചു.[6] ജോൺസന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നുംതന്നെ കണ്ടുകിട്ടിയിട്ടില്ല. "ദ കേസ് ഈസ് ആൽട്ടേഡ്" എന്ന കോമഡി ആകണം ജോൺസന്റെ ഇന്ന് ലഭ്യമായ നാടകങ്ങളിൽ ഏറ്റവും ആദ്യം എഴുതപ്പെട്ടത്.[7] അതിന്റെ രചനാകാലം നിശ്ചയമില്ല.

 
ബെൻ ജോൺസന്റെ മറ്റൊരു ചിത്രം

1597-ൽ തോമസ് നാഷുമായി സഹകരിച്ച് ജോൺസൻ എഴുതിയ "നായ്ക്കളുടെ ദ്വീപ്" എന്ന നാടകം വലിയ വിവാദമുണ്ടാക്കിയതിനെ തുടർന്ന് നിരോധിക്കപ്പെട്ടു.[8] ജോൺസനേയും നാഷിനേയും അറസ്റ്റ് ചെയ്യാൻ എലിസബത്ത് രാജ്ഞിയുടെ ഉദ്യോഗസ്ഥനായിരുന്ന ടോപ്ക്ലിഫ് ഉത്തരവിറക്കി. മാർഷൽസീ ജെയിലിൽ കഴിയേണ്ടി വന്ന സമയത്തെ ജോൺസന്റെ പെരുമാറ്റം അശ്ലീലവും കലാപകരവും ആയിരുന്നെന്ന് ആരോപണമുണ്ട്. നാഷ് ആവട്ടെ, അറസ്റ്റിൽനിന്ന് രക്ഷപ്പെടാനായി വലിയ യാർ-മൗത്തിലേക്ക് ഓടിപ്പോയി. ഒരു വർഷം കഴിഞ്ഞ്, ഒരു മല്ലയുദ്ധത്തിൽ മറ്റൊരു നടനായ ഗബ്രിയേൽ സ്പെൻസറെ 1598 സെപ്റ്റംബർ 22-ന് കൊന്നതിന് ജോൺസനെ ഹ്രസ്വകാലത്തേക്ക് ഹോഗ്സ്ഡെൻ ഫീൽഡ് ജയിലിലിട്ടു. അവിടെ കഴിഞ്ഞ സമയത്ത്, അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു. അതേത്തുടർന്ന് ജോൺസൻകത്തോലിക്കാസഭയിലെക്ക് പരിവർത്തിതനായി. കൊലപാതകക്കുറ്റത്തിന് വിചാരണചെയ്യപ്പെട്ട ജോൺസൻ കുറ്റം സമ്മതിച്ചുവെങ്കിലും "പൗരോഹിത്യത്തിന്റെ ഔദാര്യം" എന്ന നിയമപ്പഴുതിന്റെ ബലത്തിൽ അദ്ദേഹം വിമോചിക്കപ്പെട്ടു. ലത്തീനിൽ ഒരു ബൈബിൾ വാക്യം ഉച്ചരിച്ച് നേടിയെടുക്കുന്ന ഇളവാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ ജോൺസന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ഇടത്തേ കയ്യിലെ പെരുവിരലിൽ അടയാളം കുത്തുകയും ചെയ്തു.[9]

ജോർജ്ജ് ചാപ്മാന്റെ "ഒരു രസികൻ ദിവസത്തന്റെ തമാശ" എന്ന നാടകത്തിന്റെ വിജയം ഹാസ്യനാടകങ്ങൾക്ക് ജനസമ്മതി ഉണ്ടാക്കിയതിനെത്തുടർന്ന് 1598-ൽ ജോൺസൻ "എവരി മാൻ ഇൻ ഹിസ് ഹ്യൂമർ" എഴുതി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിജയകരമായ നാടകം. നാടകത്തിന്റെ ആദ്യത്തെ അഭിനേതാക്കളിൽ വില്യം ഷേക്സ്പിയറും ഉണ്ടായിരുന്നു.[10] അടുത്ത വർഷം എഴുതിയ "എവരി മാൻ ഔട്ട് ഒഫ് ഹിസ് ഹ്യൂമർ]], ഗ്രീക്ക് നാടകകൃത്തായ അരിസ്റ്റോഫേൻസിന്റെ അനുകരണമായിരുന്നു. ഈ നാടകം സ്റ്റേജിൽ വിജയമായിരുന്നോ എന്നു വ്യക്തമല്ല.

ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ നാടകരംഗത്തെ ജോൺസന്റെ അവസാനസം‌രംഭം അതിശയകരമാം വിധം കലഹത്തിനും വിവാദത്തിനും കാരണമായി. "സിന്തിയാസ് റെവൽസ്" എന്ന നാടകം "രാജാവിന്റെ പള്ളിയിലെ കുട്ടികൾ" എന്ന പേരിലറിയപ്പെട്ട നാടകസംഘം ബ്ലാക്ക്‌ഫ്രയേഴ്സ് തിയേറ്ററിൽ 1600-ൽ അവതരിപ്പിച്ചു. തന്നെ "ഹിസ്റ്റീരിയോ മാസ്റ്റിക്സ്" എന്ന നാടകത്തിലൂടെ അപമാനിച്ചുവെന്ന് ജോൺസൻ കരുതിയ ജോൺ മാർസ്റ്റനേയും മറ്റൊരെഴുത്തുകാരനായ തോമസ് ഡെക്കറേയും ആ നാടകത്തിലൂടെ അദ്ദേഹം പരിഹസിച്ചു. ഡെക്കറോടുള്ള ജോൺസന്റെ വിരോധത്തിന്റെ കാരണം വ്യക്തമല്ല. 1601-ലെ 'പോയറ്റേസ്റ്റർ' എന്ന നാടകത്തിലും ജോൺസൻ ഈ രണ്ടെഴുത്തുകാരേയും വീണ്ടും കളിയാക്കി. ഡെക്കർ ഇതിന് മറുപടി നലകിയത് 'സറ്റൈറോമാസ്റ്റിക്സ്' എന്ന നാടകത്തിലൂടെയാണ്. ഈ നാടകത്തിന്റെ അവസാനരംഗം ജോൺസന്റെ സ്വഭാവചിത്രീകരണമെന്ന നിലയിൽ പൂർണ്ണമായും മുഖവിലക്കെടുക്കാവുന്നതല്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു ഹാസ്യചിത്രം അതിൽ നിന്ന് കിട്ടും. ഡ്രുമ്മൊണ്ട് ജോൺസനെക്കുറിച്ച് തരുന്ന വിവരങ്ങളുമായി ഇതിന് സാമ്യമുണ്ട്: എപ്പോഴും വീമ്പു പറയുന്നവനും മറ്റുകവികളെ താഴ്ത്തിക്കാട്ടുന്നവനും സ്വന്തം നാടകത്തിലെ അഭിനേതാക്കളെ വിമർശിക്കുന്നവനും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തന്നിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നവനും ആണ് ഈ ചിത്രീകരണത്തിലെ ജോൺസൻ.[1]

നാടകശാലകളുടെ ഈ യുദ്ധം എല്ലാ വശത്തുനിന്നുമുള്ള വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തിലാണ് സമാപിച്ചതെന്ന് തോന്നുന്നു. ഡെക്കറെ ജോൺസൻ ഒരു തെമ്മാടിയെന്ന് വിളിച്ചതായി ഡ്രുമ്മോണ്ട് പറയുന്നുണ്ടെങ്കിലും മടങ്ങിവന്ന ജെയിംസ് ഒന്നാമൻ രാജാവിനെ ഇംഗ്ലണ്ടിലേക്ക് സ്വാഗതം ചെയ്യാൻ ഏർപ്പെടുത്തിയ ഒരാഘോഷത്തിൽ ജോൺസൻ അയാളോട് സഹകരിച്ചു. മാർസ്റ്റൻ തന്റെ അസംതൃപ്തൻ (Malcontent) എന്ന രചന സമർപ്പിച്ചത് ജോൺസനാണ്. അവരിരുവരും ചാപ്പ്‌മാനുമായി ‌കിഴക്കോട്ട് (Eastward Ho) എന്ന നാടകത്തിൽ സഹകരിക്കുകയും ചെയ്തു. എന്നാൽ ആ നാടകത്തിന്റെ സ്കോട്ട്ലൻഡ് വിരുദ്ധചുവ രണ്ട് എഴുത്തുകാരേയും ചുരുങ്ങിയ കാലത്തേക്ക് ജയിലിലെത്തിച്ചു.

1603-ൽ ജെയിംസ് ഒന്നാമന്റെ ഭരണത്തിന്റെ തുടക്കത്തിൽ പുതിയ രാജാവിന്റെ ഭരണത്തെ സ്വാഗതം ചെയ്യാൻ ജോൺസൻ മറ്റെഴുത്തുകാരോട് ചേർന്നു. ഭരണമാറ്റത്തെ തുടർന്ന് കൊട്ടാരത്തിനെചുറ്റിയും മറ്റും പുതിയ രാജാവിന്റേയും രാജ്ഞിയായ ഡെന്മാർക്കിലെ ആനിയുടേയും പ്രോത്സാഹനം ലഭിച്ച പുതിയതരം കലാസൃഷ്ടികൾക്കുവേണ്ടി ഉണ്ടായ ആവശ്യം ജോൺസൻ അവസരമാക്കി.[11]

ജോൺസന്റെ ഉയർച്ച

തിരുത്തുക
 
ജോൺസന്റെ നാടകമായ വോൾപോണിന്റെ 1898-ലെ പതിപ്പിൽ, ഓബ്രി ബിയേർഡ്സ്ലി വരച്ച ഒരു ചിത്രം

ജെയിംസ് രാജാവിന്റെ ഭരണത്തിന്റെ ആദ്യദശകത്തിൽ ജോൺസന് നാടകകൃത്ത് എന്ന നിലയിൽ നല്ലകാലമായിരുന്നു. 1616 ആയപ്പോഴേക്ക് അദ്ദേഹം തന്റെ പ്രശസ്തിക്ക് ആധാരമായ നാടകങ്ങളെല്ലാം രചിച്ചുകഴിഞ്ഞിരുന്നു.[12] 1611-ൽ പ്രദർശിപ്പിച്ച് അച്ചടിക്കപ്പെട്ട് പരിമിതമായ വിജയം മാത്രം കൈവരിച്ച 'കാറ്റിലൈൻ' എന്ന ദുരന്തനാടകം, കോമഡികളായ വോൾപോൺ (അവതരണം: 1605, അച്ചടി 1607), നിശ്ശബ്ദവനിത (1609), ആൽകെമിസ്റ്റ് (1610) ബർത്തലോമ്യൂ മേള (1614), "ചെകുത്താൻ ഒരു കഴുത" (1616) തുടങ്ങിയവ ഇതിൽപ്പെടും. ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു. നിശ്ശബ്ദവനിതയുടെ ഉപശീർഷകം അനുചിതമാണെന്നും കാണികൾ കയ്യടിക്കാൻ വിസമ്മതിച്ചുവെന്നും സൂചിപ്പിച്ച ഒരു തമാശക്കവിതയുടെ കാര്യം ജോൺസൻ ഡ്രുമ്മോണ്ടിനോട് പറയുന്നുണ്ട്. ജോൺസന്റെ ജീവിതം ഇക്കാലത്ത് 1590-കളിലേതിനേക്കാൾ സുരക്ഷിതമായിരുന്നെങ്കിലും, സാമ്പത്തികഭദ്രത അപ്പോഴും ഉറപ്പായിരുന്നില്ല. ജോൺസൻ കവിയും നാടകകൃത്തുമായ ഔറേലിയൻ ടൗൺസ്എൻഡിനെ ആശ്രയിച്ചു ജീവിക്കുകയും ലോകത്തെ വെറുക്കുകയും ചെയ്യുന്നതായിൽ 1603-ൽ കവിയും ലേഖകനുമായ തോമസ് ഓവർബറി രേഖപ്പെടുത്തിയിട്ടുണ്ട്.[13]

ഇംഗ്ലണ്ടിലെ അധികാരികളുമായുള്ള ജോൺസന്റെ പ്രശ്നങ്ങൾ തുടർന്നു. 1603-ൽ പ്രിവി കൗൺസിൽ അദ്ദേഹത്തെ 'സെജാനസ്' എന്ന നാടകത്തിന്റെ കാര്യത്തിൽ ചോദ്യം ചെയ്തു.[14] റോമാ സാമ്രാജ്യത്തിലെ അഴിമതിയെക്കുറിച്ച്, രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു നാടകമായിരുന്നു അത്. അദ്ദേഹം അഭിനയിച്ചതും ഇന്ന് ലഭ്യമല്ലാത്തതുമായ മറ്റൊരു നാടകത്തിലെ സമകാലികപ്രസക്തിയുള്ള ചില പരാമർശങ്ങളെക്കുറിച്ചും അദ്ദേഹത്തെ ചോദ്യം ചെയ്തു. ജെയിംസ് ഒന്നാമൻ രാജാവിനെ വധിക്കാനായുള്ള വെടിമരുന്നു ഗൂഢാലോചന വെളിച്ചത്തുവന്നതിനുശേഷം, ഒരു പുരോഹിതനെ അന്വേഷണത്തിന്റെ കാര്യത്തിൽ സർക്കാരുമായി സഹകരിക്കാൻ പ്രേരിപ്പിക്കാൻ, പ്രിവി കൗൺസിൽ ജോൺസന്റെ സഹായം തേടിയതായി കാണുന്നു.[15] ഗൂഢാലോചന നടപ്പാക്കുന്നതിന്റെ ഭാഗമായി വെടിമരുന്ന് തയ്യാറാക്കിയ ഫാക്സിന്റെ കുമ്പസാരം കേട്ട പുരോഹിതാനായിരുന്നു അത്.

അതേസമയം തന്നെ ജോൺസൻ, ജെയിംസ് രാജാവിന്റെ കൊട്ടാരത്തിലെ ആവശ്യത്തിനായി മാസ്ക്കുകളെന്നറിയപ്പെട്ട നൃത്തനാടകങ്ങളുടെ നിർമ്മാണത്തിലും മുഴുകി. അവയുടെ നിർമ്മാണം അക്കാലത്ത് കൂടുതൽ ബഹുമാന്യമായ തൊഴിലായി കരുതപ്പെട്ടിരുന്നു. ജെയിംസിനും രാജപത്നിയായിരുന്ന ആനിക്കും വേണ്ടി അദ്ദേഹം സൃഷ്ടിച്ച ഏതാണ്ട് ഇരുപത്തിനാലോളം മാസ്ക്കുകളിൽ 1603-ൽ എഴുതിയ 'സാറ്റിർ', 1605-ലെ "കറുപ്പിന്റെ മാസ്ക്ക്" എന്നിവ ഉൾപ്പെടും. ഇതിൽ രണ്ടാമത് പറഞ്ഞതിനെ, സംഭാഷണവും, നൃത്തവും, നാടകീയതയും ഒത്തുചേർന്ന ഈ വിചിത്രകലാരൂപത്തിന്റെ ഏറ്റവും തികവുറ്റ ഉദാഹരണം എന്ന് വിക്ടോറിയൻ കവിയായിരുന്ന സ്വൈൻബേൻ വിശേഷിപ്പിച്ചിട്ടുണ്ട്.[16] ഇവയിൽ പലതിന്റേയും നിർമ്മാണത്തിൽ ജോൺസൻ ഇനീഗോ ജോൺസ് എന്ന രൂപശില്പിയുമായി സഹകരിച്ചു. അവരുടെ സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല. ഈ പുതിയ തൊഴിൽ കാരണമായിരിക്കാം, പൊതുജനങ്ങൾക്കുവേണ്ടി നാടകമെഴുതുന്ന പണിയിൽ നിന്ന് ജോൺസൻ ഏതാണ്ട് ഒരു ദശകത്തോളം വിട്ടുനിന്നു. തന്റെ എല്ലാ നാടകങ്ങളിൽ നിന്നുമായി ഇരുനൂറു പൗണ്ടിൽ താഴെയാണ് ഉണ്ടാക്കിയതെന്ന് ജോൺസൻ പിന്നീട് ഡ്രുമ്മോണ്ടിനോട് പറഞ്ഞിട്ടുണ്ട്.[1]

1616-ൽ ജോൺസന് നൂറ് മാർക്കിന്റെ പെൻഷൻ അനുവദിച്ചു കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ഇംഗ്ലണ്ടിലെ ആദ്യത്തെ ആസ്ഥാനകവിയായി ജോൺസനെ കണക്കാക്കുന്നത്.[17] രാജപ്രീതിയുടെ ഈ സൂചനയാവണം, തന്റെ സമാഹരിച്ച കൃതികളുടെ ആദ്യവാല്യത്തിന്റെ ഒരു ഫോളിയോ പതിപ്പ് ആ വർഷം തന്നെ ഇറക്കാൻ ജോൺസനെ പ്രേരിപ്പിച്ചത്. അതിന്റെ തുടർന്നുള്ള വാല്യങ്ങൾ 1640, 1692 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങി.[18]

1618-ൽ ബെൻ ജോൺസൻ തന്റെ പൂർവികന്മാരുടെ നാടായ സ്കോട്ട്ലഡിലേക്ക് കാൽനടയായി പുറപ്പെട്ടു. ഒരുവർഷത്തിലേറെ അവിടെ കഴിഞ്ഞതിനിടെ ഏറ്റവും സ്മരണീയമായ ആഥിത്യം നൽകിയത് സ്കോട്ട്ലണ്ടിലെ കവിയായ ഹാത്തോണ്ടണിലെ ഡ്രുമ്മോണ്ട് ആയിരുന്നു. തന്റെ ഡയറിയിൽ, ജോൺസന്റെ സംഭാഷണങ്ങൾ കഴിയുന്നത്ര രേഖപ്പെടുത്തിവക്കാൻ ഡ്രുമ്മോണ്ട് ശ്രദ്ധിച്ചു. ജോൺസന്റെ വ്യക്തിത്വത്തിന്റെ പലവശങ്ങളുടേയും വ്യക്തമായ ചിത്രം പിൽക്കാലതലമുറകൾക്ക് ലഭ്യമാകാൻ അവസരമുണ്ടായത് അങ്ങനെയാണ്. ജോൺസൻ തന്റെ അഭിപ്രായങ്ങൾ വിസ്തരിച്ച് ന്യായാസനശൈലിയിൽ പ്രകടിപ്പിക്കുന്നതായാണ് ഡ്രുമ്മോണ്ടിന്റെ മിഴിവുറ്റ റിപ്പോർട്ടിങ്ങിൽ കാണുന്നത്. ഡ്രുമ്മോണ്ട് എഴുതിച്ചേർത്ത ഒരു അടിക്കുറിപ്പിൽ ജോൺസനെ വിശേഷിപ്പിച്ചിരിക്കുന്നത് "വലിയ ആത്മപ്രേമി, ആത്മപ്രശംസകൻ, മറ്റുള്ളവരുടെ വലിയ വിമർശകൻ, അവരെ വെറുത്തിരുന്നവൻ" എന്നൊക്കെയാണ്.[1]

സ്കോട്ട്ലണ്ടിലെ താമസത്തിനിടെ അദ്ദേഹത്തെ എഡിൻബർഗ്ഗ് നഗരം അവിടത്തെ പൗരത്വം നൽകി ബഹുമാനിച്ചു.[19] ഇംഗ്ലണ്ടിലേക്ക് മടങ്ങി വന്ന ശേഷം ഒക്സ്ഫോർഡ് സർവകലാശാല അദ്ദേഹത്തെ മാസ്റ്റർ ഓഫ് ആർട്ട്‌സ് ബിരുദം നൽകി ബഹുമാനിക്കുകയും ചെയ്തു.[20]

1605-നും 1620-നും ഇടക്കുള്ള കാലം ജോൺസന്റെ ഏറ്റവും നല്ല കാലമായി കണക്കാക്കാം. പൊതുനാടകവേദിയിലും രാജകീയകലാവേദിയിലും നേടിയ പെരുമയ്ക്കു പുറമേ സർ ഫിലിപ്പ് സിഡ്നിയുടെ മകളായ എലിസബത്ത് സിഡ്നി, മേരി വർത്ത് തുടങ്ങിയ ഉന്നതരുമായുള്ള അടുപ്പവും അദ്ദെഹത്തിനുണ്ടായി. സിഡ്നി കുടുംബവുമായുള്ള ഈ അടുപ്പമാണ് പെൻഷേർസ്റ്റ് വീടിനെ പുകഴ്ത്തിയുള്ള ജോൺസന്റെ ഏറ്റവും പ്രസിദ്ധമായ ഭാവഗീതങ്ങളുടെ രചനക്ക് പ്രേരണയായത്.[21]

തകർച്ചയും മരണവും

തിരുത്തുക

ജോൺസന്റെ ദീർഘമായ തകർച്ച തുടങ്ങിയത് 1616-ൽ "ചെകുത്താൻ ഒരു കഴുതയാണ്" എന്ന നാടകത്തിന്റെ പരാജയത്തോടെ ആണ്.[22] അപ്പോഴും അദ്ദേഹം ഏറെ പ്രസിദ്ധനായിരുന്നു. കവിതയിൽ ജോൺസന്റെ വഴി പിന്തുടർന്നവരും ബെന്നിന്റെ മക്കൾ, ബെന്നിന്റെ ഗോത്രം എന്നൊക്കെ അറിയപ്പെട്ടിരുന്നവരുമായ റൊബർട്ട് ഹെറിക്ക്, റിച്ചാർഡ് ലോവ്‌ലേസ്, സർ ജോൺ സക്ക്ലിങ്ങ് തുടങ്ങിയവരുൾപ്പെട്ട യുവകവികളുടെ കൂട്ടം തന്നെ അക്കാലത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ തുടർച്ചയായുണ്ടായ ചില തിരിച്ചടികൾ ജോൺസന് ശക്തിക്ഷയത്തിനും യശോഹാനിക്കും കാരണമായി.

1620-ൽ ജോൺസൻ പൊതുനാടകരചനയിലേക്ക് മടങ്ങിയെങ്കിലും തുടർന്നെഴുതിയ നാടകങ്ങൾ അദ്ദേഹത്തിന്റെ ഒന്നാംതരം രചനകളായി പരിഗണിക്കപ്പെടുന്നില്ല.[23] എന്നാൽ ചാൾസ് ഒന്നാമൻ രാജാവിന്റെ കാലത്തെ ഇംഗ്ലൻണ്ടിലെ സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിൽ അവ വിലപ്പെട്ട രേഖകളാണ്. ഉദാഹരണമായി, "അന്നന്നത്തെ വാർത്ത" (The Staple News) എന്ന നാടകം ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന്റെ ആരംഭകാലത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്. എന്നാൽ ആ നാടകത്തിന് കിട്ടിയ തണുപ്പൻ പ്രതികരണത്തേക്കാൾ കഷ്ടമായത് 'പുതുസത്രം'(New Inn) എന്ന നാടകത്തിന്റെ പരിപൂർണ്ണപരാജയമാണ്. "എനിക്കുതന്നെയുള്ള പാട്ട്" (Ode to Myself) എന്ന പേരിൽ, കാഴ്ചക്കാരെ വിമർശിക്കുന്ന ഒരു കവിത എഴുതാൻ അത് ജോൺസനെ പ്രേരിപ്പിച്ചു. അതിന് മറുപടിയായി, ബെന്നിന്റെ മക്കളിൽ ഒരാളായിരുന്ന തോമസ് കാരൂ എഴുതിയ കവിതയിൽ, ജോൺസനോട് തന്റെ പുഷ്കലകാലം കഴിഞ്ഞുവെന്ന് അംഗീകരിക്കാൻ ആവശ്യപ്പെട്ടു.[24]

ഏതായാലും ജോൺസന്റെ തിളക്കം കുറയാൻ പ്രധാന കാര്യണമായത് 1625-ൽ നടന്ന ജെയിംസ് രാജാവിന്റെ മരണവും ചാൾസ് ഒന്നാമന്റെ സ്ഥാനാരോഹണവുമാണ്.[25] കാരണമുണ്ടായിട്ടാണെങ്കിലും അല്ലെങ്കിലും, ജോൺസന് താൻ പുതിയ രാജപരിവാരത്തിൽ അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായി. രുപശില്പി ഇനിഗോ ജോൺസുമായുണ്ടായ ഒരു നിർണ്ണായക കലഹം കൊട്ടാരത്തിലേക്കു വേണ്ട മാസ്ക്കുകൾ എഴുതുന്നതിലുള്ള ജോൺസന്റെ സ്ഥാനത്തെ ബാധിച്ചെങ്കിലും അദ്ദേഹം ആ ജോലിയിൽ നിന്ന് തീർത്തും വിരമിച്ചില്ല. ചാൾസ് രാജാവാണെങ്കിൽ തന്റെ പിതാവിന്റെ കാലത്ത് ഏറെ മതിക്കപ്പെട്ടിരുന്ന ജോൺസന്റെ കാര്യത്തിൽ കുറേ ശ്രദ്ധ കാട്ടി. അദ്ദേഹം ജോൺസന്റെ പെൻഷൻ നൂറ് പൗണ്ടായി വർദ്ധിപ്പിക്കുകയും അതിനോട്, ആണ്ടുതോറും ഒരു നിശ്ചിത അളവ് വീഞ്ഞ് കൂട്ടിച്ചേർക്കുകയും ചെയ്തു.[26]

1620-കളിൽ ഉണ്ടായ ആഘാതങ്ങളെ വകവക്കാതെ ജോൺസൻ എഴുത്തു തുടർന്നു. 1637-ൽ മരിക്കുന്ന സമയത്തും അദ്ദേഹം "ദുഃഖിതനായ ആട്ടിടയൻ" എന്നു പേരുള്ള ഒരു നാടകത്തിന്റെ രചനയിൽ മുഴുകിയിരിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. അതിന്റെ രണ്ട് അങ്കങ്ങളേ ലഭ്യമായുള്ളു എന്നിരിക്കിലും ആ നാടകം ജോൺസന്റെ രചനാജീവിതം ഇടയനാടകത്തിന്റെ(Pastoral Drama) പുതിയവഴി കണ്ടെത്തി എന്നതിന്റെ സൂചനയായിരുന്നു. 1630-കളുടെ ആദ്യം ജൊൺസൻ ഡേവിഡ് ഹോവല്ലുമായി കത്തിടപാടുകളിൽ ഏർപ്പെട്ടു. ഇനിഗോ ജോൺസുമായുള്ള കലഹത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടാരത്തിന്റെ അപ്രീതിസമ്പാദിക്കുന്നതിനെതിരെ ഹോവൽ ജോൺസന് മുന്നറിയിപ്പുകൊടുത്തു.

വെസ്റ്റ്മിനിസ്റ്റർ പള്ളിയിൽ "അല്ലയോ, അതുല്യനായ ബെൻ ജോൺസൻ"(O Rare Ben Johnson) എന്നെഴുതിയ ഫലകമുള്ള ഒരു ശവകൂടീരത്തിലാണ് ജോൺസൻ സംസ്കരിക്കപ്പെട്ടിരിക്കുന്നത്. O Rare Ben Johnson എന്നത് ജോൺസനുവേണ്ടി പ്രാർഥിക്കുക എന്ന അർത്ഥമുള്ള "Orare Ben Jonson" എന്നും വായിക്കാമെന്നും അങ്ങനെയെങ്കിൽ മരണത്തിനുമുൻപ് അദ്ദേഹം, പരേതർക്കുവേണ്ടിയുള്ള പ്രാർഥനയിൽ വിശ്വസിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലെക്ക് മടങ്ങിയിരുന്നുവെന്ന് പറയാമെന്നും വാദിക്കുന്നവരുണ്ട്. ഈ വാക്കുകൾ എഴുതിയത് ആസ്ഥാനകവിയെന്ന നിലയിൽ ജോൺസന്റെ പിൻഗാമി ആയ അവെനാന്റിലെ വില്യം ആയിരുന്നിരിക്കാമെന്ന് പറയപ്പെടുന്നു.[27] കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള കുത്തിനിർത്തിയ ഒരു ശവകുടീരത്തിൽ സംസ്കരിക്കപ്പെട്ടുവെന്നത്, മരിക്കുമ്പോൾ ജോൺസനുണ്ടായിരുന്ന പരിതാപകരമായി സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നത്രെ.[28]

നാടകങ്ങൾ

തിരുത്തുക
 
1845-ൽ, ജോൺസന്റെ എവരി മാൻ ഇൻ ഹിസ് ഹ്യൂമറിന്റെ അവതരണത്തിൽ, പ്രഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസ്, ക്യാപ്റ്റൻ ബോബഡിൽ ആയി അഭിനയിച്ചിട്ടുണ്ട്.

നവോത്ഥാനകാലത്തെ പ്രേഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ട 'സെജാനസ്', 'കാറ്റിലൈൻ' എന്നീ രണ്ട് ദുരന്തനാടകങ്ങൾ ഒഴിച്ചാൽ, പൊതുനാടകവേദിക്കവേണ്ടി ജോൺസൻ എഴുതിയ കൃതികളെല്ലാം കോമഡികളയിരുന്നു. ഈ നാടകങ്ങൾക്കിടയിൽ ചില വ്യത്യാസങ്ങളൊക്കെയുണ്ട്. ആദ്യം എഴുതിയ ചെറിയ നാടകങ്ങൾ, പ്രത്യേകിച്ച് കുട്ടികളായ അഭിനേതാക്കളെ ഉദ്ദേശിച്ച് എഴുതപ്പെട്ടവ, നാടകകമ്പനികൾക്കുവേണ്ടി എഴുതപ്പെട്ടവയേക്കാൾ, കെട്ടുറപ്പുകുറഞ്ഞ കഥയും ഏറെ വികസിക്കാത്ത സ്വഭാവചിത്രീകരണങ്ങളും ഉള്ളവയാണ്. കവികൾക്കിടയിലെ യുദ്ധത്തിൽ ജോൺസന്റെ വെടിയുണ്ടകളായിരുന്ന ആദ്യനാടകങ്ങളിൽ തന്നെ, ജീവിതത്തിലെ വിഡ്ഢിത്തങ്ങളേയും കാപട്യങ്ങളേയും കണ്ടെത്താനുള്ള ജോൺസന്റെ, പിന്നീടുള്ള രചനകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഴിവ് പ്രകടമാകുന്നുണ്ട്. എന്നാൽ ഈ ആദ്യരചനകളിൽ ഇതിവൃത്തത്തെ രണ്ടാം സ്ഥാനത്താക്കിയിട്ട് സംഭവവൈവിദ്ധ്യവും ഹാസ്യരംഗങ്ങളുമാണ് അരങ്ങുതകർത്തത്. മറ്റൊരു പ്രത്യേകത അവയിലെ സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷമാണ്. 'പോയറ്റേസ്റ്റർ' എന്ന നാടകത്തെ പുസ്തകവ്യാപാരിയാ തോമസ് ഡേവീസ് വിശേഷിപ്പിച്ചത്, അഗസ്റ്റസ് സീസറിന്റേയും, വിർജിലിന്റേയും, ഹൊറേസിന്റേയും, ഓവിഡിന്റേയും, ടിബുല്ലസിന്റേയും ഒക്കെ പേരുകളെ, വ്യക്തിവൈരാഗ്യത്തിന്റെ അൾത്താരയിൽ ബലികഴിക്കുന്ന ഗർഹനീയമായ ഗൗരവഹാസ്യമെന്നാണ്. ആദ്യകാലകോമഡികളിൽ മറ്റൊന്നായ "കേസ് മാറി" എന്നത്, താരതമ്യേന വ്യത്യസ്തമാണ്. വിദേശപശ്ചാത്തലത്തിലും, നിർദ്ദോഷമായ ഹാസ്യത്തിന് കൊടുക്കുന്ന പ്രാധാന്യത്തിലും, പ്രേമം അടങ്ങുന്ന ഇതിവൃത്തിലും ഒക്കെ അതിന് ഷേക്സ്പിയറുടെ പ്രേമനാടകങ്ങളോടാണ് സാമ്യം. ഹെൻസ്ലോയുടെ ഡയറി അനുസരിച്ച്, ജോൺസനുമായി ബന്ധപ്പെടുത്തി സാധാരണ പറഞ്ഞുകേൾക്കാത്ത ഇംഗ്ലീഷ് ചരിത്രം തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്നവയടക്കം മറ്റനേകം നാടകങ്ങളുമായും ജോൺസൻ ബന്ധപ്പെട്ടിരുന്നു.

ജോൺസന്റെ മദ്ധ്യകാല രചനകളായ 'കിഴക്കോട്ട്' "ചെകുത്താൻ കഴുതയാണ്" തുടങ്ങിയവ, ലണ്ടൻ പശ്ചാത്തലമായുള്ള കോമഡികളാണ്. പണസംബന്ധമായ തട്ടിപ്പുകൾ, കുത്തഴിഞ്ഞ സന്മാർഗ്ഗികത തുടങ്ങിയവ ആയിരുന്നു അവയുടെ പ്രമേയങ്ങൾ. അവസാനം എഴുതിയ നാടകങ്ങളായ മാഗ്നറ്റിക് ലേഡി, ദുഃഖിതനായ അട്ടിടയൻ തുടങ്ങിയവ എലിസബത്തൻ കോമഡിയുടെ ചില സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

ഈ മാറ്റങ്ങൾക്കിടയിലും ഹാസ്യരസം ജോൺസന്റെ സൃഷ്ടികളുടെ മുഖമുദ്രയായി നിലനിന്നു. "എവരി മാൻ ഇൻ ഹിസ് ഹ്യൂമർ" എന്ന നാടകത്തിന്റെ ഫോളിയോ പതിപ്പിൽ ജോൺസൻ തന്റെ രചനാപദ്ധതി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ ഇടയിൽ യഥാർഥത്തിൽ കണ്ടുവരുന്ന പ്രവൃത്തികളും ഭാഷയും ചിത്രീകരിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എലിസബത്തൻ നാടകസസിദ്ധാന്തത്തിന്റെ ക്ലാസ്സിക്കൽ സങ്കല്പങ്ങളെ വീണ്ടെടുക്കുകയാണ് ജോൺസൻ ലക്‌ഷ്യമാക്കിയത്. ഈ പ്രതിബദ്ധത പലതിനേയും അസ്വീകാര്യമാക്കി. "കേസ് മാറി" എന്ന രചനക്കുശേഷം ജോൺസൻ ഏലിസബത്തൻ നാടകങ്ങളിൽ ഒഴിവാക്കാനാവാത്ത ഘടകങ്ങളായിരുന്ന വിദേശ പശ്ചാത്തലം, ധർമ്മിഷ്ടരായ കഥാപാത്രങ്ങൾ, പ്രേമകഥകൾ തുടങ്ങിയവയെ മാറ്റിനിർത്തി. പകരം, അദ്ദേഹം പുതിയ കോമഡികളുടെ ഹാസ്യാത്മകവും യഥാതഥവുമായ പൈതൃകത്തിൽ ശ്രദ്ധവച്ചു. തന്റെ കോമഡികൾക്ക് ജോൺസൻ സമകാലീനപശ്ചാത്തലം നൽകുകയും തിരിച്ചറിയാവുന്ന തരം ആളുകളെക്കൊണ്ട് അവയെ നിറയ്ക്കുകയും ചെയ്തു. കോമഡികളിലെ സംഭവങ്ങൾ തീർത്തും യഥാതഥങ്ങളായിരുന്നില്ലെങ്കിലും അവക്കുപിന്നിലുണ്ടായിരുന്നത് അസൂയ, ആർത്തി തുടങ്ങിയ സാധാരണ മനോഭാവങ്ങളായിരുന്നു. ആ കാലഘട്ടത്തിന്റെ രുചിക്ക് ചേരും വിധം ജോൺസന്റെ പാത്രസൃഷ്ടി വളരെ വിശാലമായിരുന്നു. നാടകങ്ങളിലെ ഏറെ പ്രസിദ്ധമായ പല രംഗങ്ങളും കോമാളിത്തത്തിന്റെ അതിർത്തിയിലെത്തി നിൽക്കുന്നതിന് ഇതു കാരണമായി. പഴയകാലങ്ങളിലെപ്പോലെ, നാടകത്തിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിന് തന്റെ സമകാലീനരിൽ പലരും നൽകിയിരുന്നതിനേക്കാൾ പ്രാധാന്യം അദ്ദേഹം നൽകി. എന്നാൽ പ്രധാനകോമഡികളിൽ ഇതിവൃത്തത്തിന്റെ ഒത്തൊരുമയെ സംഭവങ്ങളുടെ ബാഹുല്യം ബാധിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ജീവിതങ്ങൾക്ക് ജോൺസൻ കൊടുത്ത മിഴിവും, ഇതിവൃത്തത്തിന്റെ സങ്കീർണ്ണതയും ചേർന്നപ്പോൾ, ജോൺസന്റെ ക്ലാസ്സിക്കൽ അനുകരണങ്ങൾ കേവലും പണ്ഡിതവേലകളാകുന്നതിൽ നിന്ന് രക്ഷപെട്ടു. ഉദാഹണമായി, സാഹിത്യത്തിലെ ഏറ്റവും ലക്ഷണമൊത്ത ഇതിവൃത്തങ്ങളിലൊന്നാണ് ആൽകെമിസ്റ്റിനുള്ളതെന്നാണ് കോളറിഡ്ജ്ജ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

ജോൺസൻ എഴുതിയ നാടകങ്ങളിലെന്നപോലെ, കവിതകളിലും അദ്ദേഹത്തിന്റെ വിപുലമായ അറിവ് പ്രതിഫലിക്കുന്നുണ്ട്. ഏറെ അറിയപ്പെടുന്ന കവിതകളിൽ ചിലത് ഗ്രീക്ക്-റോമൻ മാതൃകകളുടെ ഏതാണ്ട് പരിഭാഷകൾ തന്നെയാണ്. മാനവികമായ രീതിയിൽ ക്ലാസ്സിക്കുകളിൽ പരിജ്ഞാനം ലഭിച്ചവരെപ്പോലെ, രൂപത്തിന്റേയും ശൈലിയുടേയും വിശദാംശങ്ങൾക്ക് നൽകിയ ശ്രദ്ധ ജോൺസന്റെ രചനകളിലെല്ലാം പ്രകടമാണ്. എന്നാൽ എലിസബത്തൻ യുഗത്തിലെ മറ്റ് പണ്ഡിതകവികളിൽ ചിലരെപ്പോലെ, താളത്തേയും വൃത്തത്തേയും മറ്റും കുറിച്ചുള്ള ചർച്ചകളിൽ ജോൺസൻ സമയം കളഞ്ഞില്ല. വൃത്തതാളങ്ങളെ അദ്ദേഹം ഉപയോഗിച്ചത് ക്ലാസ്സിക്കൽ കവിതയെ ലാളിത്യം, കൃത്യത തുടങ്ങിയ ഗുണങ്ങളിൽ അനുകരിക്കാനാണ്.

1616-ലെ ഫോളിയോയിൽ പ്രസിദ്ധീകരിച്ച ലഘുകവിതകൾ (Epigrams) എലിസബത്തൻ യുഗത്തിന്റെ അവസാനപാദത്തിലും ജേക്കോബിയൻ യുഗത്തിലും ഏറെ പ്രചാരം ലഭിച്ചിരുന്ന ഒരു കാവ്യശാഖയിലേക്കുള്ള ജോൺസന്റെ കാൽവയ്പായിരുന്നു. ലഘുകവിതകൾ വിവിധ മാനസികാവസ്ഥകളെ സ്പർശിക്കുന്നുണ്ട്. അവയിൽ ഏറെയും അക്കാലത്തെ സാധാരണ ഹാസ്യവിഷയങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു: സ്ത്രീകളെയും, രാജസദസ്യരേയും, ചാരന്മാരേയും കുറിച്ചുള്ള പരാതികളും മറ്റുമായിരുന്നു അവയിൽ. വിമർശനകവിതകൾ ചെറുതും പേരുവയ്ക്കാത്തവയും ആയിരുന്നു. ജോൺസൻ എഴുതിയ മറ്റ് ലഘുകവിതകൾ താരതമ്യേന ദീർഘവും, ക്യാംഡൻ, ലൂസി ഹാരിങ്ങ്‌ടൻ എന്നിവരെപ്പോലെയുള്ള പ്രത്യേക വ്യക്തികളെ പുകഴ്ത്തി എഴുതപ്പെട്ടവയും ആയിരുന്നു. ദി ഫോറസ്റ്റ് എന്ന പേരിലറിയപ്പെട്ട കവിതകളും ആദ്യ ഫോളിയോയിൽ ഉൾപ്പെട്ടിരുന്നു. കവിതകളിൽ ഏറെയും ജോൺസന്റെ പ്രബലന്മാരായ ആശ്രയദാതാക്കളെ പുകഴ്ത്തി എഴുതിയവ ആയിരുന്നു. എന്നാൽ അവയിൽ ഏറെ പ്രസിദ്ധമായവ 'പെൻഷർസ്റ്റ്', 'സീലിയായ്ക്ക്' എന്നീ പേരുകളിലുള്ള നാടൻ വീട്ടുപാട്ടുകൾ (Country House Poems) ആയിരുന്നു. ഇതിൽ രണ്ടാമത്തേതിനെ വോൾപോണിലും ഉൾപ്പെടുത്തിയിരുന്നു.

1640-ലെ വിപുലീകരിച്ച ഫൊളിയോയിൽ പ്രസിദ്ധീകരിച്ച 'അണ്ടർവുഡ്സ്' കുറേക്കൂടി വലുതും വൈവിദ്ധ്യം നിറഞ്ഞതുമായ കവിതകളുടെ ശേഖരമാണ്. ജോൺസന്റെ ഏറ്റവും പ്രസിദ്ധ പ്രേമകാഗീതമായ "ഏ സെലിബ്രേഷൻ ഒഫ് ഷാരിസ്", മതസംബന്ധിയായ വ്യത്യസ്തരചനകൾ, ഷേക്സ്പിയർ, മേരി വർത്ത് തുടങ്ങിയവരെ പുകഴ്ത്തുന്ന രചനകൾ എല്ലാം അതിലാണ്. 1640-ലെ പതിപ്പിൽ മൂന്ന് ചരമഗീതങ്ങളും (elegies) ഉൾപ്പെടുത്തിയിട്ടുണ്ട്. അവയുടെ രചയിതാവ് പ്രസിദ്ധകവിയായ ജോൺ ഡൻ ആണെന്ന് പറയപ്പെടുന്നു. അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഷേക്സ്പിയറും ജോൺസനും

തിരുത്തുക

ജോൺസനും ഷേക്സ്പിയറും തമ്മിലുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം. താനുമായുള്ള സംഭാഷണത്തിനിടയിൽ ഷേക്സ്പിയറുടെ നാടകങ്ങളിലെ രണ്ട് അബദ്ധങ്ങളെ ജോൺസൻ എടുത്തുപറഞ്ഞ് പരിഹസിച്ചതായി ഡ്രുമ്മോണ്ട് പറയുന്നുണ്ട്: ജൂലിയസ് സീസറിലെ അർത്ഥരഹിതമായ ഒരു വരിയും വിന്റേഴ്സ് ടേലിന്റെ കഥാരംഗമായി ബൊഹീമയയുടെ ഇല്ലാത്ത കടലോരം തെരഞ്ഞെടുക്കുന്നതുമാണ് ആ അബദ്ധങ്ങൾ. ഷേക്സ്പിയറിന് കലാവാസന കുറവായിരുന്നെന്ന് (Shakespeare "wanted art") (ജോൺസൻ കുറ്റപ്പെടുത്തിയതായും ഡ്രുമ്മോണ്ട് പറയുന്നുണ്ട്. ഡ്രുമ്മോണ്ട് പറയുന്നത് നേരാണെന്നുറപ്പില്ലെങ്കിലും ഷേക്സ്പിയറെ സംബന്ധിച്ച് അദ്ദേഹം പ്രകടിപ്പിച്ചതായി പറയപ്പെടുന്ന ഈ അഭിപ്രായങ്ങൾ ജോൺസന്റെ അറിയപ്പെടുന്ന സാഹിത്യസിദ്ധാന്തങ്ങളുമായി ചേർന്നുപോകുന്നവയാണ്.[29]

ജോൺസന്റെ മരണശേഷം പ്രസിദ്ധീകരിച്ചതും ജീവിതകാലത്തെ മുഴുവൻ അനുഭവങ്ങളെ ആധാരമാക്കിയുള്ളതുമായ 'ടിംബർ' എന്ന കൃതിയിൽ ഷേക്സ്പിയറെപ്പറ്റി, പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ കുറേക്കൂടി തികവുള്ളതും അനുകൂലവുമാണ്. എഴുതിയ ഒരു വരിയും ഷേക്സ്പിയർ വെട്ടിക്കളയുക പതിവില്ലായിരുന്നെന്ന് ചില നടന്മാർ തന്നോട് പറഞ്ഞത് അനുസ്മരിച്ചിട്ട് "ഒരായിരം വരികളെങ്കിലും അയാൾ വെട്ടിക്കളഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു" എന്ന് ജോൺസൻ പറഞ്ഞു. ഇത് വെറുപ്പ് കാണിക്കുന്ന ഒരഭിപ്രായപ്രകടനമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ ജോൺസൻ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: "അദ്ദേഹം സത്യസന്ധനും, തുറന്ന, സ്വതന്ത്രപ്രകൃതിയും ആയിരുന്നു. ഒന്നാം തരം ഭാവനയും ധീരമായ ആശയങ്ങളും സുന്ദരമായ പ്രയോഗങ്ങളും അദ്ദേഹത്തിൽ നിന്ന് പ്രവഹിച്ചു. ഇടക്ക് അയാൾ നിർത്തി മുന്നോട്ടുപോകേണ്ടത് ആവശ്യമായിരുന്നു."[30] ജോൺസന്റെ അഭിപ്രായപ്രകടനം സമാപിക്കുന്നത് ഇങ്ങനെയാണ്: "അയാളിൽ മാപ്പ് കൊടുക്കാനുണ്ടായിരുന്നതിലേറെ പുകഴ്ത്താനുണ്ടായിരുന്നു (there was ever more in him to be praised than to be pardoned). ഷേക്സ്പിയർ മരിച്ചപ്പോൾ ജോൺസൻ പറഞ്ഞത് "അദ്ദേഹം ഒരു കാലഘട്ടത്തിന്റെയല്ല എല്ലാ യുഗങ്ങളുടേയും സ്വന്തമാണ്" എന്നാണ്.

ജോൺസൻ 'ജലകന്യക' (Mermaid) എന്ന മദ്യശാലയിൽ ഷേക്സ്പിയറുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നതായുള്ള കഥ തോമസ് ഫുള്ളർ അനുസ്മരിക്കുന്നുണ്ട്.[31] കൂടതൽ പണ്ഡിതനും വാചാലനുമായിരുന്ന ജോൺസനെ ഷേക്സ്പിയർ തോല്പ്പിക്കുന്നതായി ഫുള്ളർ സങ്കല്പിക്കുന്നു. ജോൺസന് ഷേക്സ്പിയറെ വ്യക്തിപരമായി അറിയാമായിരുന്നു എന്നതിന്, അദ്ദേഹം ഷേക്സ്പിയറെക്കുറിച്ച് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും, ജോൺസന്റെ നാടകങ്ങളിൽ പലതും ഷേക്സ്പിയറുടെ കമ്പനി അവതരിപ്പിക്കുകയും അവയിൽ, "എവരി മാൻ ഇൻ ഹിസ് ഹ്യൂമർ" എന്ന നാടകത്തിലെങ്കിലും ഷേക്സ്പിയർ അഭിനയിക്കുകയും ചെയ്തു എന്നതും തെളിവാണ്. എന്നാൽ അവർക്കിടയിൽ നേർക്കുനേരായ ആശയവിനിമയം എത്രമാത്രം ഉണ്ടായിരുന്നു എന്ന് തീരുമാനിക്കുക ബുദ്ധിമുട്ടാണ്. അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ, ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല.

ഷേക്സ്പിയറെക്കുറിച്ചുള്ള ജോൺസന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും പ്രസക്തവുമായ അഭിപ്രായപ്രകടനം അദ്ദേഹത്തിന്റെ കൃതികളുടെ ആദ്യഫോളിയോക്ക് ജോൺസൻ എഴുതിയ രണ്ട് ആമുഖകവിതകളിൽ ആദ്യത്തേതാണ്. "എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ വില്യം ഷേക്സ്പിയറുടേയും അദ്ദേഹത്തിന്റെ നേട്ടങ്ങളുടേയും സ്മരണക്ക്" എന്ന ശീർഷകത്തിലുള്ള ഈ കവിത, "ഇത്തിരി ലത്തീനും അതിലും കുറച്ചു ഗ്രീക്കും" മാത്രം (small Latine, and lesse Greeke)[32] പഠിച്ചിരുന്നിട്ടും നൈസർഗ്ഗികമായ പ്രതിഭ കൊണ്ട് അനുഗൃഹീതനായിരുന്ന കവി എന്ന ഷേക്സ്പിയറെക്കുറുച്ചുള്ള പരമ്പരാഗത ധാരണയുടെ സൃഷ്ടിയിൽ കാര്യമായ പങ്കുവഹിച്ചു. തനിക്കും ഷേക്സ്പിയറിനും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ജോൺസൻ വച്ചുപുലർത്തിയിരുന്ന ധാരണകളുടെ സംഗ്രഹമായാണ് ഈ കവിത കണക്കാക്കപ്പെട്ടുപോരുന്നത്. അതനുസരിച്ച് ജോൺസൻ, അജ്ഞതയെ വെറുക്കുകയും അൾക്കൂട്ടത്തെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്ത തികഞ്ഞ ക്ലാസ്സിക്കൽ പണ്ഡിതനും ഷേക്സ്പിയർ കാണികളുടെ അംഗീകാരമല്ലാതെ മറ്റൊരു സാഹിത്യനിയമത്തേയും മാനിക്കാതെ നിന്ന "പ്രകൃതിയുടെ അത്ഭുതവും" ആയിരുന്നു. എന്നാൽ കവിതയിലൊരിടത്ത് ജോൺസൻ ഈ നിലപാടിൽ നീക്കുപോക്കുവരുത്തുന്നുണ്ട്:-

എല്ലാം പ്രകൃതിയാണെന്ന് ഞാൻ പറഞ്ഞത് തെറ്റ്, ഷേക്സ്പിയർ,
നിന്റെ കലയ്ക്ക് അതർഹിക്കുന്ന പുകഴ്ച കൊടുക്കുകതെന്നെ വേണം.

ഈ ചരമഗീതത്തെ കേവലം ഔപചാരികതയായി തള്ളിക്കളയുന്നവരുണ്ട്. "എന്നാൽ അവനിലെ മധുരഗായകൻ", "യുഗത്തിന്റെ ആത്മാവ്" എന്നൊക്കെ ജോൺസൻ വിശേഷിപ്പിച്ച ഷേക്സ്പിയറെപ്പറ്റി ഹൃദയത്തിൽ തട്ടി എഴുതിയ വരികളായി ഇതിനെ കാണുന്നവർ ഇന്ന് ഏറെയുണ്ട്. ഷേക്സ്പിയർ നാടകങ്ങളുടെ ആദ്യഫോളിയോയുടെ സംശോധനത്തിൽ ജോൺസന് പങ്കുണ്ട് എന്നോ അദ്ദേഹം തന്നെയായിരുന്നു സംശോധകൻ എന്നോ കരുതുന്നവരുണ്ട്. ജോൺസന്റെ ഏറ്റവും മഹത്തായ വരികളിൽ പെടുന്ന ഈ കവിത എഴുതാൻ അദ്ദേഹത്തിന് പ്രേരണ കിട്ടിയത്, ഈ സംശോധനക്കിടെ, നേരത്തേ ലഭ്യമല്ലാതിരുന്നവയടക്കമുള്ള ഷേക്സ്പിയറുടെ രചനകളെ അവയുടെ താരതമ്യേന പൂർണ്ണവും തൃപ്തികരവുമായ രൂപത്തിൽ വായിക്കാനായപ്പോഴാവാം.[33]

സ്വീകരണം, സ്വാധീനം

തിരുത്തുക

മിക്കവാറും പതിനേഴാം നൂറ്റാണ്ട് മുഴുവൻ ജോൺസൻ ഇംഗ്ലീഷ് സാഹിത്യത്തിലെ തലയെടുപ്പുള്ള വ്യക്തിയായി നിലകൊണ്ടു. അദ്ദേഹത്തിന്റെ സ്വാധീനം അസാമാന്യമായിരുന്നു. ആഭ്യന്തരയുദ്ധത്തിനുമുൻപ്, "ബെന്നിന്റെ ഗോത്രം" അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള പുനസ്ഥാപനത്തിന്റെ കാലത്ത് (Restoration Period) ജോൺസന്റെ ഹാസ്യനാടകങ്ങളും അവയിലെ കഥാപാത്രങ്ങളും വലിയ പ്രചാരം നേടി. പുനഃസ്ഥാപനകാലത്തെ കോമഡികൾക്ക് മാതൃകയായത് അവയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജോൺസന്റെ പ്രാധാന്യം കുറയാൻ തുടങ്ങി. കാല്പനിക യുഗത്തിൽ ജോൺസന്റേതുപോലെയുള്ള ഹാസ്യനാടകങ്ങളുടെ ആകർഷണം കുറഞ്ഞതോടെ അദ്ദേഹത്തെ ഷേക്സ്പിയറുമായി പ്രതികൂലമായ രീതിയിൽ താരതമ്യം ചെയ്യുന്നത് പതിവായി. കാല്പനികർ ചിലപ്പോഴൊക്കെ ജോൺസനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും പൊതുവേ, ഷേക്സ്പിയറുടെ രീതിയിൽ എഴുതാത്തതിന് അദ്ദേഹം വിമർശിക്കപ്പെടുകയാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിൽ, ജോൺസൻ വീണ്ടും മതിക്കപ്പെടാൻ തുടങ്ങി.

"പതിനേഴാം നൂറ്റാണ്ടിൽ ജോൺസന്റെയും ഷേക്സ്പിയറുടേയും ജനസമ്മതികൾ തമ്മിലുള്ള താരതമ്യം" എന്ന് കൃതിയിൽ ജി.ഇ. ബെന്റ്ലി സൂചിപ്പിക്കുന്നതുപോലെ, ആ നൂറ്റാണ്ടിൽ പലപ്പോഴും, ജോൺസൻ ഷേക്സ്പിയറിനൊപ്പം മതിക്കപ്പെട്ടിരുന്നു. ചാൾസ് രണ്ടാമന്റെ പുനഃസ്ഥാപനകാലത്ത് ഇംഗ്ലീഷ് നാടകശാലകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതോടെ, ഷേക്സ്പിയറുടേയും ഫ്ലെച്ചറുടേയും ജോൺസന്റേയും സൃഷ്ടികളാണ് അവയിൽ പ്രധാനമായും അവതരിക്കപ്പെട്ടിരുന്നത്. 1710-ന് ശേഷം മാത്രമാണ് ഷേക്സ്പിയറുടെ കാര്യമായി പരിഷ്കരിച്ച കൃതികൾ നവോത്ഥാനകാലത്തെ അദ്ദേഹത്തിന്റെ സമകാലീനരുടെ സൃഷ്ടികളേക്കാൾ കൂടുതലായി പ്രദർശിക്കപ്പെടാൻ തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടിനുശേഷം പല നിരൂപകരും ജോൺസനെ നവോത്ഥാനകാലനാടകകൃത്തുക്കളിൽ ഷേക്സ്പിയർക്ക് മാത്രം താഴെയുള്ളവനായാണ് കണക്കാക്കുന്നത്. തന്റെ ആമുഖങ്ങളിലും, 'ടിമ്പർ' എന്ന രചനയിലും, ചിതറിക്കിടക്കുന്ന സമർപ്പണങ്ങളിലും മറ്റുമായി ജോൺസൻ തന്നെ എടുത്തുപറഞ്ഞ കാവ്യഗുണങ്ങളുടെ പേരിൽ അദ്ദേഹത്തെ വിലമതിക്കാൻ നിരൂപകർ താത്പര്യം കാട്ടുന്നു: ഭാഷയുടെ സ്വാഭാവികതയും അനുയോജ്യതയും, പരിഹാസത്തിന്റെ മൂർച്ച, കോമഡികളുടെ ഇതിവൃത്തങ്ങൾ മെനയുന്നതിൽ കാണിച്ച ശ്രദ്ധ എന്നിവയാണ് ആ ഗുണങ്ങൾ.

ചില വിമർശകർ ജോൺസന്റെ "കൗശലത്തേയും കൃത്രിമത്ത്വത്തേയും" ഷേക്സ്പിയറുടെ നൈസർഗ്ഗികപ്രതിഭയുമായി താരതമ്യം ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് കരുതി. ഇത്തരം താരതമ്യം ഷേക്സ്പിയറെക്കുറിച്ചുള്ള തന്റെ കവിതയിൽ ജോൺസൻ തന്നെയാണ് തുടങ്ങിവച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. രണ്ടാം ഫോളിയോയിൽ എഴുതിച്ചേർത്ത തന്റെ കവിതയിൽ ലിയോനാർഡ് ഡിഗ്ഗ്‌സ് ഈ വാദം സ്വീകരിക്കുന്നുണ്ട്. സാമുവൽ ബട്ട്ലരും ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.

പുനഃസ്ഥാപനകാലത്ത് ഷേക്സ്പിയറും ജോൺസനുമായുള്ള ഈ വ്യത്യാസത്തെക്കുറിച്ചുള്ള വിശ്വാസത്തിന് വിമർശകന്മാരുടെ ഇടയിൽ ഒരുതരം പ്രാമാണികത കിട്ടി. സെയിന്റ് എവ്രെമോണ്ട് ജോൺസന്റെ കോമഡികൾ ഇംഗ്ലീഷ് നാടകങ്ങളിൽ ഏറ്റവും മേലേക്കിടയിൽ ഉള്ളവയാണെന്ന് കരുതി. ചാൾസ് ഗിൽഡൺ ജോൺസനെ ഇംഗ്ലീഷ് കോമഡിയുടെ പിതാവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കുറച്ചുകൂടി മൗലികമായ വിലയിരുത്തൽ നടത്തിയത് ജോൺ ഡ്രൈഡൻ ആണ്. ഷേക്സ്പിയറെ ഹോമറിനോടും ജോൺസനെ വിർജിലിനോടുമാണ് അദ്ദേഹം തുലനം ചെയ്തത്. ഷേക്സ്പിയറിന്റെ ബലം മൗലികമായ സർഗ്ഗശക്തിയും ജോൺസന്റേത് സംസ്കൃതമായ ശില്പവിരുതും(artifice) എന്ന് അദ്ദേഹം കരുതിയതുകൊണ്ടാണിത്. പതിനേഴാം നൂറ്റാണ്ടിൽ 'artifice' എന്നാൽ art(കല) എന്നു തന്നെയാണ് അർത്ഥമാക്കിയിരുന്നതെന്ന് പറയേണ്ടതുണ്ട്. ജോൺസൻ തന്നെ, 'artificer' എന്ന വാക്ക് കലാകാരൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ നേട്ടങ്ങൾക്കുമുള്ള കടപ്പാട് ജോൺസന് തന്റെ 'കല'യോടും ഷേക്സ്പിയർക്ക് സ്വാഭാവികമായ പ്രതിഭയോടുമാണെന്ന് ലൂയീസ് തിയോബാൾഡും അഭിപ്രായപ്പെട്ടിട്ടുണ്ട്. "എവരി മാൻ ഇൻ ഹിസ് ഹ്യൂമർ" ജോൺസന് അവതരിപ്പിക്കാനായത് ഷേക്സ്പിയറുടെ ഇടപെടൽ മൂലമാണെന്ന കഥയുടെ ശ്രോതസ്സായ നാടകകൃത്ത് നിക്കോളാസ് റോയും, ജോൺസന്റെ നേട്ടങ്ങൾ പാണ്ഡിത്യത്തിൽ നിന്നുണ്ടായവയാണെന്നും അത് അദ്ദേഹത്തെ ഷേക്സ്പിയറിന്റെ നിലവാരത്തിലുള്ള ഒരു പ്രതിഭ ആക്കിയില്ലെന്നും പറഞ്ഞിട്ടുണ്ട്. പൗരാണികകലാസങ്കല്പങ്ങളെ കൃത്യതയോടെ മനസ്സിലാക്കുകയും അവയെ സമകാലീനജീവിതസന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്ത ആദ്യത്തെ ഇംഗ്ലീഷ് കവി ജോൺസൻ ആയിരുന്നു എന്ന അഭിപ്രായസമന്വയം ക്രമേണ ഉരുത്തിരിഞ്ഞു. എന്നാൽ ജോൺസന്റെ പാണ്ഡിത്യത്തെക്കുറിച്ച് അത്ര അനുകൂലമല്ലാത്ത അഭിപ്രായങ്ങൾ പിൽക്കാലത്തും ഉണ്ടായിട്ടുണ്ട്. 1750-ൽ എഡ്വേർഡ് യങ്ങ് പറഞ്ഞത് ജോൺസന്റെ പാണ്ഡിത്യം പ്രവർത്തിച്ചത്, ബൈബിളിലെ സാംസണിന്റെ ശക്തിപോലെ, തന്റെ തന്നെ നാശത്തിനുവേണ്ടി ആയിരുന്നു എന്നാണ്. ജോൺസന്റെ പാണ്ഡിത്യം അദ്ദേഹത്തിന് പരക്കെയുള്ള സ്വീകാര്യത നേടിക്കൊടുത്തില്ല എന്ന് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരിയായ അഫ്രാ ബെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജോൺസനെ അവരും ഷേക്സ്പിയറുമായി പ്രതികൂലമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.


ജോൺസന്റേയും ഷേക്സ്പിയറുടേയും ഗുണവൈരുദ്ധ്യങ്ങളുടേതായി പ്രചരിച്ചിരിക്കുന്ന ചിത്രം അതിശയോക്തി കലർന്നതാണെന്ന് ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ വ്യത്യസ്തനായത് അലക്സാണ്ടർ പോപ്പായിരുന്നു . "അതിശയോക്തികളെ ആശ്രയിക്കുകയെന്നത് പക്ഷപാതികളുടെ രീതിയാണ്. പാണ്ഡിത്യത്തിൽ ജോൺസൻ മുന്നിട്ടുനിന്നിരുന്നതുകൊണ്ട്, ഷേക്സ്പിയർക്ക് പാണ്ഡിത്യമേയില്ല എന്നായി വാദം; പ്രതിഭയിലും ഭാവനയിലും ഷേക്സ്പിയർ കേമനായിരുന്നതുകൊണ്ട്, അക്കാര്യങ്ങളിൽ ജോൺസൻ ഒന്നുമായിരുന്നില്ല എന്നും പറയാൻ തുടങ്ങി" എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.[34] ഏതായാലും പതിനെട്ടാം നൂറ്റാണ്ടിലെ പൊതു ധാരണ, ജോൺസന്റേയും ഷേക്സ്പിയറുടേയും ഗുണവൈരുദ്ധ്യത്തിന്റെ, അതിശയോക്തിയുടേ പേരിൽ പോപ്പ് വിമർശിച്ച, ചിത്രത്തെ ആധാരമാക്കിയുള്ളതായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ജോൺസന്റെ പ്രശസ്തിക്ക് മങ്ങലേറ്റെങ്കിലും, ജോൺസന്റെ രചനകളുടെ വായനയും വിമർശനവും തുടർന്നു. എന്നാൽ അദ്ദേഹത്തെ നിസ്സരവൽക്കരിച്ചു കാട്ടുന്ന രീതിയിലുള്ള പഠനമായിരുന്നു പൊതുവേ. 1765-ൽ ഹീന്റിച്ച് വിൽഹെം വോൺ ഗെർസ്റ്റൻബെർഗ്, പീറ്റർ വാലി സംശോധിച്ച പതിപ്പിൽ നിന്ന് ജോൺസന്റെ രചനകൾ ഭാഗികമായി ജർമ്മൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. കാല്പനിക വിപ്ലവത്തിന് തൊട്ടുമുൻപ്, എഡ്വേർഡ് കാപ്പൽ, നാടകകവി എന്ന നിലയിൽ ജോൺസനെ നിരുപാധികം തള്ളിക്കളയുന്ന അഭിപ്രായപ്രകടനം നടത്തി. ജോൺസന് "ഇംഗ്ലീഷ് കവികളുടെ ഇടയിൽ നൽകപ്പെട്ടിട്ടുള്ള സ്ഥാനത്തിന് യാതൊരർഹതയുമില്ല. വേർതിരിച്ചുകാണിക്കാവുന്ന ഒരു പ്രത്യേകതയും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ രചനകളിലെ വൈവിദ്ധ്യമില്ലായ്മ പ്രതിഭയുടെ അഭാവത്തെ കാണിക്കുന്നു" എന്നാണ് കാപ്പൽ അഭിപ്രായപ്പെട്ടത്.[35] 1770-ൽ വോൾപ്പോണും മറ്റും അവതരിക്കപ്പെട്ടപ്പോൾ സംഭവിച്ച വൻ പരാജയം, ജോൺസൻ പുതിയ കാലഘട്ടത്തിലെ കാഴ്ചക്കാർക്ക് രുചിക്കാത്തവിധം പഴഞ്ചനായി എന്ന ധാരണക്ക് ബലം കൊടുത്തു. കാംഡൺ പ്രഭുവിനേയും വില്യം ഗിഫോർഡിനെപ്പോലുള്ള ആരാധകരെ ഇടക്ക് ആകർഷിക്കാനായെങ്കിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദമായപ്പോൾ ജോൺസൻ അരംഗത്തുനിന്ന് മിക്കവാറും അപ്രത്യക്ഷനായി.

വിമർശനത്തിലെ കാല്പനികവിപ്ലവം ജോൺസന്റെ രചനകളെ പൊതുവെ മൂല്യം കുറച്ചുകാണുന്നതിനിടയാക്കി. ഹാസ്ലിറ്റിന്റെ വിലയിരുത്തൽ ജോൺസന് ഒട്ടും അനുകൂലമായിരുന്നില്ല. കോളറിഡ്ജ് കുറേക്കൂടി ബഹുമാനപൂർവമാണെങ്കിലും, ജോൺസന്റെ രചനകളെ മനശാസ്ത്ര ദൃഷ്ടിയിൽ ആഴമില്ലാത്തവയെന്ന് വിശേഷിപ്പിച്ചു. "അദ്ദേഹം സൂക്ഷ്മദർശിയായിരുന്നു. എന്നാൽ പുറമേ കാണുന്നതിനേയും ഇന്ദ്രിയങ്ങൾക്ക് വിഷയമായതിനേയും മാത്രമേ അദ്ദേഹം ശ്രദ്ധിച്ചുള്ളു" എന്നായിരുന്നു കോളറിഡ്ജിന്റെ വിലയിരുത്തൽ. ഏതായാലും കോളറിഡ്ജ് ജോൺസന് ഷേക്സ്പിയറുടെ തൊട്ടടുത്ത് സ്ഥാനം നൽകി. മറ്റു കാല്പനികവിമർശകരുടെ നിലപാട് കൂടുതൽ പ്രതികൂലമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം നവോത്ഥാനനാടകങ്ങളുടെ വീണ്ടെടുപ്പ് കാലമായിരുന്നു. അതേവരെ വിസ്മൃതനാകാതെ നിന്ന ജോൺസനേക്കാൾ വായനക്കാരെ ആകർഷിച്ചത്, ഒരർത്ഥത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ 'കണ്ടുപിടിത്തങ്ങളായ', തോമസ് മിഡിൽട്ടൻ, ജോൺ ഹേവുഡ് തുടങ്ങിയവരായിരുന്നു. കാല്പനിക ലേഖകർ ഭാവനക്ക് കല്പിച്ച പ്രാധാന്യവും പാണ്ഡിത്യത്തിലൂന്നിയ കലയെ അവിശ്വസിക്കാനുള്ള അവരുടെ പ്രവണതയും ജോൺസനെക്കുറിച്ചുള്ള മതിപ്പ് കുറക്കുകയും ജോൺസനും ഷേക്സ്പിയറുമായുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഈ പ്രവണത എല്ലാവരേയും ബാധിച്ചില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ ജോൺസന്റെ സംശോധകരിൽ ആദ്യത്തെയാളായിരുന്ന വില്യം ഗിഫോർഡ്, ജോൺസന്റെ ജനസമ്മതി കുറഞ്ഞുകൊണ്ടിരുന്ന ഈ കാലയളവിൽ അതിനെ നിലനിർത്താൻ ഏറെ പരിശ്രമിച്ചു. വിക്ടോറിയൻ യുഗത്തിൽ ജോൺസന്റെ രചനകളിൽ ഏറെ താല്പര്യം കാട്ടിയ സ്വൈൻബേൺ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ജോൺസൻ വളർത്തിയ പുഷ്പങ്ങൾക്ക് ഒന്നാംതരത്തിൽ പെട്ടവയുടെ ഗുണങ്ങളിൽ ഒന്നൊഴിച്ച് എല്ലാമുണ്ട്: അവയിൽ നിറവും, രൂപവും, വൈവിദ്ധ്യവും, ഉർവരതയും, ഉശിരും എല്ലാം ചേർന്നിരിക്കുന്നു. ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ്." സുഗന്ധം എന്നതുകൊണ്ട് സ്വാഭാവികത എന്നാണ് സ്വൈൻബേൺ ഉദ്ദേശിച്ചത്.[36]

ഇരുപതാം നൂറ്റാണ്ടിൽ ജോൺസന്റെ രചനാസമുച്ചയം ആധുനിക സാഹിത്യവിമർശനത്തിന്റെ താത്പര്യങ്ങൾക്കും പദ്ധതികൾക്കും അനുസരിച്ചുള്ള വൈവിദ്ധ്യമാർന്ന വിശകലനത്തിന് വിധേയമായിട്ടുണ്ട്. ക്ലാസിസിസത്തിന്റെ ശുഷ്കമായ പാതയാണ് ജോൺസൻ പിന്തുടർന്നതെന്ന ആരോപണത്തെ, ജോൺസന്റെ നാടകങ്ങളിലെ സംഭാഷണങ്ങളിൽ പ്രകടമാകുന്ന ഭാവനാവിലാസത്തെ വിശകലനം ചെയ്തുകൊണ്ട്, ടി.എസ്. എലിയറ്റ് ഒരു ലേഖനത്തിൽ നിഷേധിക്കുന്നുണ്ട്. ജോൺസന്റ മൊത്തത്തിലുള്ള രചനാസങ്കല്പത്തെയും ഉപരിതലസ്പർശിയെന്നാരോപിക്കപ്പെട്ട സമീപനത്തെയും എലിയറ്റ് പുകഴ്ത്തി. മനഃശാസ്ത്രപരമായ ആഴത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാത്ത രചനകളെയെല്ലാം വിലകുറച്ചുകാണുന്നതരം കാല്പനികരീതിയോടുള്ള ആധുനികരുടെ പ്രതിക്ഷേധവുമായി ചേർന്നുപോകുന്ന നിലപാടായിരുന്നു ഇവിടെ എലിയറ്റിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് വളരെയേറെ വിമർശകന്മാരും പണ്ഡിതന്മാരും എലിയറ്റിന്റെ വഴി പിന്തുടർന്ന് ജോൺസന്റെ ഭാഷാശൈലിയുടെ വിശദമായ പഠനങ്ങൾ പ്രസിദ്ധീകരിച്ചു. അതേസമയം, ഇ.ഇ. സ്റ്റോൾ, എം.സി. ബ്രാഡ്ബ്രൂക്ക് തുടങ്ങിയവർ എലിസബത്തൻ താത്പര്യങ്ങളേയും സമ്പ്രദായങ്ങളേയും കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടു. ജോൺസന്റെ രചന, ജീവിച്ച കാലഘത്തിന്റെ പ്രതീക്ഷകൾക്ക് ചേരും‌വിധം എങ്ങനെ വികസിച്ചുവന്നുവെന്ന് മനസ്സിലാക്കാൻ അത്തരം പഠനങ്ങൾ സഹായകമായി.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം വിമർശനത്തിലെ വീക്ഷണകോണങ്ങളുടെ എണ്ണം പെരുകിയത് ജോണ്സനെ ബാധിച്ചത് പലവിധത്തിലാണ്. ജോൺസന്റെ കലാനൈപുണ്യത്തെ സർവാത്മനാ പിന്തുണച്ച ഒരുവിഭാഗം വിമർശകരുടെ മുൻനിരയിൽ നിന്നത് ജോനാസ് ബാരിഷ് ആയിരുന്നു. അതേസമയം മറ്റുപലനാടകകൃത്തുക്കൾക്കും കിട്ടിയതിനേക്കാൾ കുറച്ചു ശ്രദ്ധയേ പുതിയ വിമർശകരിൽ നിന്ന് ജോൺസന് കിട്ടിയുള്ളു. മനോവിജ്ഞാന നിലപാടിൽ നിന്ന് വിമർശനം നടത്തിയവരെ ആകർഷിക്കാവുന്നതൊന്നും ജോൺസനിൽ ഇല്ലായിരുന്നു താനും. എന്നാൽ ജോൺസന്റെ ജീവിതകഥ തന്നെ അദ്ദേഹത്തെ സാമൂഹ്യരാഷ്ട്രീയ നിലപാടിൽ നിന്നുള്ള വിമർശനത്തിന്റെ കേന്ദ്രബിന്ദുവാക്കി. മാസ്ക്കുകൾ പോലുള്ള ജോൺസന്റെ രചനകളും ഉപരിവർഗ്ഗത്തിലുള്ളവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളും അവരെക്കുറിച്ച് അദ്ദേഹം എഴുതിയ കവിതകളുമൊക്കെ സാഹിത്യസൃഷ്ടികളും രാഷ്ട്രീയാധികാരവുമായുള്ള ബന്ധത്തെക്കുറിച്ച് വിലപ്പെട്ട അറിവുകൾ നൽകാൻ പോന്നവയായിരുന്നു. ലണ്ടനിലെ വികസിച്ചുകൊണ്ടിരുന്ന സാഹിത്യലോകത്തിന്റെ നടുക്കുള്ള അദ്ദേഹത്തിന്റെ ജീവിതം പൂർണ്ണമായും ഉപഭോഗവൽക്കരിക്കപ്പെട്ട (commodified) ഒരു സാഹിത്യസംസ്കാരത്തിലേക്ക് വിരൽ ചൂണ്ടി. ആശ്രയദാതാക്കളെ അടിസ്ഥാനമാക്കിയുള്ള സാഹിത്യസംസ്കാരത്തിന്റെ തിരോധാനത്തിനും പൊതുജപ്രീതിയെ ആശ്രയിച്ചുള്ള സംസ്കാരത്തിന്റെ ഉദയത്തിനും ഇടയിലുള്ള ഒരു യുഗസന്ധിയെ ജോൺസൻ പ്രതിനിധാനം ചെയ്തു എന്ന് വിലയിരുത്തപ്പെട്ടു.

നാടകകൃത്ത് എന്ന നിലയിലുള്ള ജോൺസന്റെ പ്രശസ്തി ഷേക്സ്പിയറുടേതുമായി ബന്ധപ്പെട്ടിരുന്നതുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ, കവിയെന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ജോൺ ഡണിന്റെ പ്രശസ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ താരതമ്യത്തിൽ, രൂപഭംഗിക്കും ആശയവ്യക്തതക്കും പ്രാധാന്യം കൊടുത്ത അസംസ്കൃതകവിതയുടെ പ്രതിനിധിയായി ജോൺസനും ദുർഗ്രഹമായ സങ്കല്പങ്ങളും അവ്യക്തമായ ശൈലിയും ചേർന്ന് ആദ്ധ്യാത്മിക മാനങ്ങളുള്ള കവിതയുടെ പ്രതിനിധിയായി ജോൺ ഡണും കണക്കാക്കപ്പെട്ടു. ഈ താരതമ്യം നടത്തിയ ഹെർബെർട്ട് ഗിയേഴ്സനെപ്പോലുള്ള വിമർശകർ ജോൺ ഡണിനെ ആദ്യമായി മനസ്സിലാക്കുകയായിരുന്നതുകൊണ്ട്, താരതമ്യം ജോൺസന് അനുകൂലമായില്ല.

എന്നാൽ ജീവിച്ച കാലത്ത് ജോൺസൻ ഡണിന്റെ അത്രയുമെങ്കിലും സ്വാധീനം ഉള്ള കവിയായിരുന്നു. 1623-ൽ ചരിത്രകാരൻ എഡ്മണ്ട് ബോൾട്ടൻ ജോൺസനെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും സംസ്കൃതനും ഒന്നാം കിടയിൽ പെട്ടവനുമായി കവിയായി വിലയിരുത്തി. ആ അഭിപ്രായം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നതാണെന്നതിന് യുവകവികൾക്കിടയിൽ ജോൺസനുണ്ടായിരുന്ന സ്വാധീനം തന്നെ തെളിവാണ്. അസംസ്കൃതകവിതയുടെ പിതാവായി ജോൺസനെ കണക്കാക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമാണ്: അസംക്സൃതകവികളിൽ പലരും സ്വയം, 'ബെന്നിന്റെ' മക്കളെന്നും ബെന്നിന്റെ ഗോത്രത്തിൽ പെട്ടവരെന്നും വിശേഷിപ്പിച്ചു. ഇവരിൽ ചിലർക്കൊക്കെ ജോൺസനുമായുണ്ടായിരുന്ന ബന്ധം കവിതാസംബന്ധിയെന്നപോലെ തന്നെ സാമൂഹികവുമായിരുന്നു. കവി റോബർട്ട് ഹെറിക്ക്, ദി സൺ, ദി ഡോഗ്, ട്രിപ്പിൽ ടുണെ തുടങ്ങിയ ഭോജനാലയങ്ങളിൽ വച്ചുള്ള അവരുടെ ഒത്തുചേരലുകളെക്കുറിച്ച് പറയുന്നുണ്ട്. കവി എന്ന നിലയിൽ ജോൺസനേക്കാൾ നേട്ടങ്ങൾ കൈവരിച്ച ഹെറിക്കിനെപ്പോലുള്ളവരടക്കം അവരെല്ലാവരും പൗരാണിക കാവ്യസങ്കേതങ്ങളേയും രൂപങ്ങളേയും ഇതിവൃത്തങ്ങളേയും ആശ്രയിച്ച ജോൺസനിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ഇംഗ്ലീഷിലെ നവക്ലാസ്സിസിസത്തിന്റെ തുടക്കം ജോൺസണിലാണെന്ന് പറയുന്നതിൽ തെറ്റില്ല.[37]

ജോൺസന്റെ കവിതകളിൽ ഏറ്റവും മെച്ചമായവ ഒരിക്കലും വിസ്മൃതിയിലായില്ല. ഇടക്കിടെ അവയുടെ ജനസമ്മതി കൂടാറുണ്ട്. 1756-ൽ പീറ്റർ വാലിയുടെ സംശോധനത്തിലെ പതിപ്പ് ഇറങ്ങിയതിനെതുടർന്ന് ജോൺസൻ കവിതകളുടെ പ്രചാരത്തിലുണ്ടായ വർദ്ധന അതിന് ഒരുദാഹരണമാണ്. ഇംഗ്ലീഷ് സാഹിത്യചരിത്രത്തിലേക്കും ജീവിച്ചകാലത്തെ രാഷ്ട്രീയ-വൈജ്ഞാനിക യഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ജോൺസന്റെ കവിതകളിൽ പണ്ഡിതലോകത്തിന് ഒരിക്കലും താല്പര്യമില്ലാതായില്ല. സാധാരണവായനക്കാർക്കിടയിൽ കവിയെന്ന നിലയിലുള്ള ജോൺസന്റെ പ്രശസ്തി അദ്ദേഹത്തിന്റെ ഏതാനും കവിതകളെ ആശ്രയിച്ചിരിക്കുന്നു. വലിയ ദൈർഘ്യമുള്ളവയല്ലെങ്കിലും സൗന്ദര്യത്തിലും കൃത്യതയിലും അവയെ അതിശയിക്കുന്ന നവോത്ഥാനകാല കവിതകൾ വേറേയില്ല. "എന്റെ കടിഞ്ഞൂൽ പുത്രനെക്കുറിച്ച്"; "സീലിയായ്ക്ക്"; "ഡ്രിങ്ക് ടു മി ഒൻലി വിത്ത് ദൈൻ ഐസ്"; "പെൻഹേസ്റ്റിനെക്കുറിച്ചുള്ള കവിത"; "സോളമൻ പാവിയുടെ ചരമഫലകം" തുടങ്ങിയവ അത്തരം കവിതകളിൽ പെടുന്നു.

ജോൺസന്റെ രചനകൾ

തിരുത്തുക

നാടകങ്ങൾ

തിരുത്തുക
  • A Tale of a Tub (play) comedy (ca. 1596? revised? performed 1633; printed 1640)
  • The Case is Altered, comedy (ca. 1597-8; printed 1609), with Henry Porter and Anthony Munday?
  • Every Man in His Humour, comedy (performed 1598; printed 1601)
  • Every Man out of His Humour, comedy ( performed 1599; printed 1600)
  • Cynthia's Revels (performed 1600; printed 1601)
  • The Poetaster, comedy (performed 1601; printed 1602)
  • Sejanus His Fall, tragedy (performed 1603; printed 1605)
  • Eastward Ho, comedy (performed and printed 1605), a collaboration with John Marston and George Chapman
  • Volpone, comedy (ca. 1605-6; printed 1607)
  • Epicoene, or the Silent Woman, comedy (performed 1609; printed 1616)
  • The Alchemist (play), comedy (performed 1610; printed 1612)
  • Catiline His Conspiracy, tragedy (performed and printed 1611)
  • Bartholomew Fair, comedy (performed Oct. 31, 1614; printed 1631)
  • The Devil is an Ass, comedy (performed 1616; printed 1631)
  • The Staple of News, comedy (performed Feb. 1626; printed 1631)
  • The New Inn, or The Light Heart, comedy (licensed Jan. 19, 1629; printed 1631)
  • The Magnetic Lady, or Humors Reconciled, comedy (licensed Oct. 12, 1632; printed 1641)
  • The Sad Shepherd, pastoral (ca. 1637, printed 1641), unfinished
  • Mortimer his Fall, history (printed 1641), a fragment

മാസ്ക്കുകൾ

തിരുത്തുക
  • The Coronation Triumph, or The King's Entertainment (performed March 15, 1604; printed 1604); with Thomas Dekker
  • A Private Entertainment of the King and Queen on May-Day (The Penates) (May 1, 1604; printed 1616)
  • The Entertainment at Althorp (The Satyr) (June 25, 1603; printed 1604)
  • The Masque of Blackness (Jan. 6, 1605; printed 1608)
  • Hymenaei (Jan. 5, 1606; printed 1606)
  • The Entertainment of the Kings of Great Britain and Denmark (The Hours) (July 24, 1606; printed 1616)
  • The Masque of Beauty (Jan. 10, 1608; printed 1608)
  • The Masque of Queens (Feb. 2, 1609; printed 1609)
  • The Hue and Cry after Cupid, or The Masque at Lord Haddington's Marriage (Feb. 9, 1608; printed ca. 1608)
  • The Speeches at Prince Henry's Barriers, or The Lady of the Lake (Jan. 6, 1610; printed 1616)
  • Oberon, the Faery Prince (Jan. 1, 1611; printed 1616)
  • Love Freed from Ignorance and Folly (Feb. 3, 1611; printed 1616)
  • Love Restored (Jan. 6, 1612; printed 1616)
  • A Challenge at Tilt, at a Marriage (Dec. 27, 1613/Jan. 1, 1614; printed 1616)
  • The Irish Masque at Court (Dec. 29, 1613; printed 1616)
  • Mercury Vindicated from the Alchemists (Jan. 6, 1615; printed 1616)
  • The Golden Age Restored (Jan. 1, 1616; printed 1616)
  • Christmas, His Masque (Christmas 1616; printed 1641)
  • The Vision of Delight (Jan. 6, 1617; printed 1641)
  • Lovers Made Men, or The Masque of Lethe, or The Masque at Lord Hay's (Feb. 22, 1617; printed 1617)
  • Pleasure Reconciled to Virtue (Jan. 6, 1618; printed 1641) The masque was a failure; Jonson revised it by placing the anti-masque first, turning it into:
  • For the Honour of Wales (Feb. 17, 1618; printed 1641)
  • News from the New World Discovered in the Moon (Jan. 7, 1620: printed 1641)
  • The Entertainment at Blackfriars, or The Newcastle Entertainment (May 1620?; MS)
  • Pan's Anniversary|Pan's Anniversary, or The Shepherd's Holy-Day (June 19, 1620?; printed 1641)
  • The Gypsies Metamorphosed (Aug 3 and 5, 1621; printed 1640)
  • The Masque of Augurs (Jan. 6, 1622; printed 1622)
  • Time Vindicated to Himself and to His Honours (Jan. 19, 1623; printed 1623)
  • Neptune's Triumph for the Return of Albion (Jan. 26, 1624; printed 1624)
  • The Masque of Owls at Kenilworth (Aug. 19, 1624; printed 1641)
  • The Fortunate Isles and Their Union (Jan. 9, 1625; printed 1625)
  • Love's Triumph Through Callipolis (Jan. 9, 1631; printed 1631)
  • Chloridia|Chloridia: Rites to Chloris and Her Nymphs (Feb. 22, 1631; printed 1631)
  • The King's Entertainment at Welbeck in Nottinghamshire (May 21, 1633; printed 1641)
  • Love's Welcome at Bolsover ( July 30, 1634; printed 1641)

മറ്റുരചനകൾ

തിരുത്തുക
  • Epigrams (1612)
  • The Forest (1616), including To Penshurst
  • A Discourse of Love (1618)
  • John Barclay's Argenis, translated by Jonson (1623)
  • The Execration against Vulcan (1640)
  • Ars Poetica,Horace's Art of Poetry, translated by Jonson (1640), with a commendatory verse by [[Edward Herbert, 1st Baron Herbert of Cherbury|Edward Herbert
  • Underwoods (1640)
  • Timber, or Discoveries, a commonplace book.
  • On My First Sonne (1616), elegy
  • To Celia, poem
  • Drink to Me Only With Thine Eyes, poem
കുറിപ്പ്
തിരുത്തുക

നവോത്ഥാനകാലത്തെ മറ്റ് ഇംഗ്ലീഷ് നാടകകൃത്തുക്കളുടെയെന്നപോലെ, ജോൺസന്റേയും എല്ലാ രചനകളും ലഭ്യമായിട്ടില്ല. രേഖകളിൽ നിന്ന് മനസ്സിലാകുന്നത് 1597-ലെഴുതിയ "നായ്ക്കളുടെ ദ്വീപിനു" പുറമേ, ഇന്ന് ലഭ്യമല്ലാത്തെ ഈ നാടകങ്ങൾ ഭാഗികമായോ മുഴുവനായോ, ജോൺസന്റെ രചനകളാണെന്നാണ്: 1602-ൽ എഴുതിയ "റിച്ചാർഡ് ക്രൂക്ക്‌ബുക്ക്"; 1598-ൽ പോർട്ടറും ഹെന്റി ചെറ്റിലുമായി ചേർന്ന് എഴുതിയ "ചൂട് ദേഷ്യം ഉടൻ തണുക്കുന്നു"; 1599-ൽ ഡെക്കറുമായി ചേർന്നെഴുതിയ "പ്ലിമത്തിലെ പയ്യൻ"; ചെറ്റിലും ഡെക്കറുമായി ചേർന്ന് 1599-ൽ എഴുതിയ "സ്കോട്ട്ലൻഡുകാരുടെ രാജാവ് റോബർട്ട് രണ്ടാമൻ". ജോൺസന്റെ മാസ്ക്കുകൾ മറ്റ് വിനോദരചനകൾ എന്നിവയിലും പലതും ലഭ്യമല്ല. 1607-ൽ കച്ചവടക്കാരൻ ടെയ്‌ലറുടെ വീട്ടിലും, 1608-ൽ ജെയിംസ് ഒന്നാമനുവേണ്ട് സാലിസ്ബറിയുടെ വീട്ടിലും, 1609-ൽ ബ്രിട്ടൺസ് ബർസിലും നടത്തിയ വിനോദപരിപാടികൾക്കുവേണ്ടിയുള്ള രചനകളും ലഭ്യമല്ല.

അവസാനമായി ജോൺസന്റെ രചനകളെന്ന ഉറപ്പില്ലാത്ത ചില അവകാശവാദങ്ങളുമുണ്ട്. ജോൺ ഫ്ലെച്ചറുടേയും സഹായികളുടേയും പേരിൽ അറിയപ്പെടുന്ന "നോർമൻഡിയിലെ പ്രഭ്യ് റോള്ളൊ" യുടെ രചനയിൽ ജോൺസന് പങ്കുണ്ടെന്ന് വരാം. 'വിധവ' എന്ന 1652-ലെ കോമഡി ആദ്യം അച്ചടിച്ച ഫ്ലെച്ചറുടേയും തോമസ് മിഡിൽട്ടന്റേയും ജോൺസന്റേയും പേരിലാണെങ്കിലും, ജോൺസന് അതിലുള്ള പങ്കിനെക്കുറിച്ച് പണ്ഡിതന്മാർക്ക് വലിയ സംശയമാണ്. അജ്ഞാതരചനകളായ ലന്ടണിലെ ധൂർത്തൻ തുടങ്ങിയവപോലുള്ള രചനകളെ ചില ഗവേഷകർ ജോൺസനുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരം ശ്രമങ്ങൾക്ക് വലിയ പിന്തുണ കിട്ടിയിട്ടില്ല.

  1. 1.0 1.1 1.2 1.3 1.4 1.5 Drummond, William (1619). Heads of a conversation betwixt the famous poet Ben Johnson and William Drummond of Hawthornden, January 1619.
  2. Luminarium Encyclopedia Project - William Camden - http://www.luminarium.org/encyclopedia/camden.htm
  3. The Life of Ben Jonson - Luminarium.org - http://www.luminarium.org/sevenlit/jonson/benbio.htm
  4. "Here doth life Ben Jonson his best piece of Poetry" "On my first Son" - Ben Jonson - http://www.luminarium.org/sevenlit/jonson/son.htm
  5. pbs.org - In search of Shakespeare, the Player - Ben Jonson "By all accounts, he was not a very good actor." - http://www.pbs.org/shakespeare/players/player30.html Archived 2008-07-25 at the Wayback Machine.
  6. Ben Jonson - Theatre History.com - http://www.theatrehistory.com/british/jonson001.html
  7. Chronology of Ben Jonson - Details from David Riggs, Ben Jonson: A Life (Camb, Mass, 1989), D Heyward Brock, A Ben Jonson Companion (Brighton, 1983), and Martin Gray, A Chronology of English Literature (1989) - http://www.arts.gla.ac.uk/SESLL/EngLit/ugrad/hons/materials/Chronology%20of%20Ben%20Jonson.doc Archived 2005-05-12 at the Wayback Machine.
  8. Incompetech - Ben 'Origin Unknown' Jonson - http://incompetech.com/authors/jonson/
  9. 1911 Encyclopedia biography
  10. e notes - Every Man in His Humour, Ben Jonson - Introduction - http://www.enotes.com/literary-criticism/every-man-his-humour-ben-jonson Archived 2008-12-08 at the Wayback Machine.
  11. Ben Jonson - MSN Encarta
  12. Chronology of Ben Jonson - Details from David Riggs etc. - ലിങ്ക് മുകളിൽ
  13. Ben Jonson, NNDB Tracking the Entire World - http://www.nndb.com/people/168/000025093/
  14. Ben Jonson, A biography of the most famous poets and playwrights in British history - Bitain Express - http://www.britainexpress.com/History/bio/jonson.htm
  15. Ben Jonson, NNDB Tracking the Entire World - ലിങ്ക് മുകളിൽ
  16. The Swineburne Project - A Study of Ben Jonson - http://www.letrs.indiana.edu/cgi-bin/acs-idx.pl?type=section&rgn=level1&byte=1997021 Archived 2007-02-22 at the Wayback Machine.
  17. Poets' Graves - http://www.poetsgraves.co.uk/jonson.htm
  18. The Holloway Pages - Ben Jonson Page - http://thehollowaypages.com/Jonson.htm
  19. Ben Jonson - Encyclopedia Britanica - http://www.britannica.com/EBchecked/topic/306058/Ben-Jonson/3749/His-prime-and-later-life
  20. Luminarium.org - The Life of Ben Jonson(1572-1637)
  21. Justor.org - Ben Jonson's "To Sir William Sidney on his Birthday"
  22. Jonson, Ben - Infoplease Encyclopedia - http://www.infoplease.com/ce6/people/A0826587.html
  23. "With the unsuccessful production of The Devil Is an Ass in 1616 Jonson's good fortune declined rapidly. His final plays were failures" - Ben Jonson, Columbia Encyclopedia - http://www.encyclopedia.com/doc/1E1-Jonson-B.html
  24. Maclean, പുറം 88.
  25. Jonson, Ben - Infoplease Encyclopedia - ലിങ്ക് മുകളിൽ
  26. "The king increased the allowance of 100 Marks which his father had made to Jonson to 100 Pounds and added also a tierce of canary wine" - Gifford, Memoirs of Ben Jonson - Quoted by Harvey Whitefield Peck in the 1914 edition of Ben Jonson's Magnetic Lady http://books.google.com/books?id=AR8OAAAAMAAJ&pg=PA138&lpg=PA138&dq=King+Charles+Allowance+of+Wine+to+Ben+Jonson&source=bl&ots=scX_Imgehy&sig=vW-bPMiLvzTFaGSkWHYdAS1a6cs&hl=en&sa=X&oi=book_result&resnum=1&ct=result#PPA138,M1
  27. "Monuments & Gravestones: Ben Jonson". Westminster Abbey 1065 to today. Dean and Chapter of Westminster Abbey. Archived from the original on 2008-01-07. Retrieved 2008-05-26. {{cite web}}: Cite has empty unknown parameter: |coauthors= (help)
  28. Adams, J. Q. The Jonson Allusion Book. New Haven: Yale University Press, 1922: 195-6.
  29. "We shall find (Ben Jonson's) plays representative of carefully considered views which imply a close criticism of much in Shakespeare and the contemporary drama. His criticism of Shakespeare was based on a definite literary creed and methods." Bartleby.com - Ben Jonson's character and friendship
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-18. Retrieved 2008-10-16.
  31. Curiosities of Literature - Spenser Jonson and Shakespeare - http://www.spamula.net/col/archives/2005/05/spenser_jonson_and_shakespeare.html
  32. W.T. Baldwin 's William Shakspere's Smalle Latine and Lesse Greeke, 1944 Archived 2006-09-04 at the Wayback Machine.
  33. Ben Jonson - http://www.sirbacon.org/links/jonson.html "Ben Jonson, the Editor of the Shake-speare folio"
  34. Alexander Pope, ed. Works of Shakespeare (London, 1725), 1.
  35. Quoted in Craig, D. H., ed. Jonson: The Critical Heritage (London: Routledge, 1995): 499.
  36. The Swineburne Project - A Study of Ben Jonson - http://www.letrs.indiana.edu/cgi-bin/acs-idx.pl?type=section&rgn=level1&byte=1997021 Archived 2007-02-22 at the Wayback Machine. - ജോൺസന്റെ കവിതയിൽ ഇല്ലാത്തത് "The note of apparently spontaneous, inevitable, irrepressible and impeccable music" ആണെന്ന് സ്വൈൻബേൺ ഇവിടെ പറയുന്നു.
  37. Victorian Web - Noclassicism, An Introduction - http://www.victorianweb.org/previctorian/nc/ncintro.html

ജോൺസന്റെ ജീവചരിത്രങ്ങൾ

തിരുത്തുക
  • Ben Jonson: His Life and Work by Rosalind Miles
  • Ben Jonson: His Craft and Art by Rosalind Miles
  • Ben Jonson: A Literary Life by W. David Kay
  • Ben Jonson: A Life by David Riggs
  • Bentley, G. E. Shakespeare and Jonson: Their Reputations in the Seventeenth Century Compared. Chicago: University of Chicago Press, 1945.
  • Bush, Douglas. English Literature in the Earlier Seventeenth Century, 1600-1660. Oxford History of English Literature. Oxford: Clarendon Press, 1945.
  • Butler, Martin. "Jonson's Folio and the Politics of Patronage." Criticism 35 (1993).
  • Chute, Marchette. "Ben Jonson of Westminster." New York: E.P. Dutton, 1953.
  • Doran, Madeline. Endeavors of Art. Madison, Wis.: University of Wisconsin Press, 1954.
  • Eccles, Mark. "Jonson's Marriage." Review of English Studies 12 (1936).
  • Eliot, T.S. "Ben Jonson." The Sacred Wood. London: Methuen, 1920.
  • Jonson, Ben. Discoveries 1641, ed. G. B. Harrison. New York: Barnes & Noble, 1966.
  • Knights, L. C. Drama and Society in the Age of Jonson. London: Chatto and Windus, 1968.
  • Logan, Terence P., and Denzell S. Smith. The New Intellectuals: A Survey and Bibliography of Recent Studies in English Renaissance Drama. Lincoln, Nebraska, University of Nebraska Press, 1975.
  • MacLean, Hugh, editor. Ben Jonson and the Cavalier Poets. New York: Norton Press, 1974.
  • Ceri Sullivan, The Rhetoric of Credit. Merchants in Early Modern Writing (Madison/London: Associated University Press, 2002).
  • Teague, Frances. "Ben Jonson and the Gunpowder Plot." Ben Jonson Journal 5 (1998), 249-52.
  • Thorndike, Ashley. "Ben Jonson." The Cambridge History of English and American Literature. New York: Putnam, 1907-1921.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെൻ_ജോൺസൻ_(സാഹിത്യകാരൻ)&oldid=4108913" എന്ന താളിൽനിന്ന് ശേഖരിച്ചത്