"ടൈഗർ വരദാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കർണാടക സംഗീതജ്ഞനും വാഗ്ഗേയകാരനും. തമിഴ്നാട്ടിൽ തിരുവൊറ്റിയൂരിനു സമീപമുള്ള കോലാറ്റുപേട്ടയിൽ 1876-ൽ ജനിച്ചു. പിതാവ് രാമാനുജാചാര്യർ കഥാകാലക്ഷേപ വിദഗ്ധനായിരുന്നുവെങ്കിലും മകനെ സംഗീതം പഠിപ്പിക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാൽ സംഗീതത്തോടുള്ള ജന്മസിദ്ധമായ അഭിനിവേശം കാരണം വരദാചാര്യർ രഹസ്യമായി സംഗീതപഠനം നടത്തി. പ്രസിദ്ധ സംഗീതജ്ഞനായ രാഘവയ്യരുടെ ശിഷ്യനായ മാസിലാമണി മുതലിയാരും തച്ചൂർ ശിങ്കാരാചാരിയും പല തരത്തിലും അതിനു സഹായിച്ചു. ഒടുവിൽ പട്ടണം സുബ്രഹ്മണ്യയ്യരുടെ ശിഷ്യനായി മാറിയ വരദാചാര്യർ ചെറുപ്പത്തിൽത്തന്നെ മികച്ച ഗായകനും സംഗീതലക്ഷണജ്ഞനും ആയിത്തീർന്നു. ഇത്രയുമായിട്ടും സംഗീതം ജീവനോപാധിയാക്കുന്നതിന് പിതാവ് തടസ്സം നിന്നു. അങ്ങനെ ഇദ്ദേഹം സർക്കാരുദ്യോഗം തേടി. 1899-ൽ കോഴിക്കോട് സർവേയറോഫീസിൽ ഗുമസ്തനായിട്ടായിരുന്നു നിയമനം. അവിടെ താമസിക്കവേ വീട്ടിൽ ഭജന സംഘം നടത്തുകയും അതിലൂടെ തന്റെ സംഗീതപാടവം വെളിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രതിഭാപ്രഭാവം തിരിച്ചറിഞ്ഞ ആസ്വാദകർ നിരവധി അവസരങ്ങൾ തുടരെത്തുടരെ നൽകിയതോടെ മലബാറിലും തമിഴകത്തുമെല്ലാം ഇദ്ദേഹം പ്രശസ്തനായി. അതോടെ ജോലി രാജിവച്ച് പരിപൂർണ സംഗീതോപാസകനായി മാറി. വൈകാതെ പ്രശസ്തി ഇതരദേശങ്ങളിലേക്കും വ്യാപിച്ചു. മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ ഉടയാർ ഇദ്ദേഹത്തെ 'ശാർദൂലം' എന്ന ശ്രേഷ്ഠാർഥവാചകത്തിനു തുല്യമായ 'ടൈഗർ' എന്ന വിശേഷണം നൽകി ആദരിച്ചു. അങ്ങനെ വരദാചാര്യർ, 'ടൈഗർ വരദാചാര്യ'രായി. പിന്നീട് മദ്രാസിലെ സംഗീതവിദ്വത്സഭ ഇദ്ദേഹത്തിന് 'സംഗീതകലാനിധി' ബിരുദവും നൽകുകയുണ്ടായി.
സംഗീതാധ്യാപകർക്കായി മദ്രാസിൽ സ്ഥാപിച്ച കലാശാലയിലെ പ്രഥമ പ്രിൻസിപ്പൽ ഇദ്ദേഹമായിരുന്നു. മദിരാശി സർവകലാശാല സംഗീതവിഭാഗം മേധാവി, അണ്ണാമല സർവകലാശാല സംഗീതവിഭാഗത്തിൽ പ്രൊഫസർ, അഡയാർ കലാക്ഷേത്രത്തിൽ സംഗീതാചാര്യൻ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കർണാടക സംഗീതത്തിലെ സാമ്പ്രദായികശൈലി കൃത്യമായും പാലിച്ചുകൊണ്ടുള്ള ആലാപനശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. അതുകൊണ്ട് സാധാരണ ജനങ്ങളെക്കാളേറെ പണ്ഡിതവര്യന്മാരാണ് ഇദ്ദേഹത്തെ ഏറെ പ്രകീർത്തിച്ചിട്ടുള്ളത്. സാമ്പ്രദായികശൈലിയിലെ കടുംപിടിത്തം നിലനിർത്തിക്കൊണ്ടുതന്നെ അതിനു സമാന്തരമായി മനോധർമ പ്രയോഗത്തിന്റെ ചാരുതകൂടി വെളിപ്പെടുത്തുവാൻ സാധിച്ചു എന്നതാണ് വരദാചാര്യശൈലിയുടെ സവിശേഷത.
"https://ml.wikipedia.org/wiki/ടൈഗർ_വരദാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്