"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
 
ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അരക്ഷിതാവസ്ഥയുമാണ്. 1989-98 കാലത്ത് ലോകത്ത് ഏതാണ്ട് 61 വലിയ സായുധസംഘട്ടനങ്ങൾ/യുദ്ധങ്ങൾ ഉണ്ടായതായി യു.എൻ.ഡി.പി. റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമേയാണ് 58 സമൂഹ-സാമുദായിക സംഘട്ടനങ്ങൾ.
 
==ആഗോളവത്കരണവും തൊഴിൽമേഖലയും==
ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്ന അവസരത്തിൽ തൊഴിൽ മേഖലയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രത്യേകം വിവരിക്കേണ്ടതുണ്ട്.
 
ആഗോളവത്കരണത്തിന്റെയും അതിന്റെ ചുക്കാൻ പിടിക്കുന്ന ആഗോള കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും അഭൂതപൂർവമായ വളർച്ചക്കൊപ്പം തൊഴിലാളിവർഗവർഗീകരണവും വളർച്ചയും സമാനമായിട്ടു രൂപപ്പെട്ടിട്ടുണ്ടോ എന്നുള്ളത് കാതലായ ഒരു ചോദ്യമാണ്. പൊതുവേ പറഞ്ഞാൽ തെളിവുകൾ ചുണ്ടിക്കാണിക്കുന്നത് അത്തരത്തിലുള്ള ഒരു മുന്നേറ്റം തൊഴിലാളിവർഗത്തിന് ഉണ്ടായിട്ടില്ല എന്നതാണ്. ഉത്പാദനത്തിന്റെ അന്താരാഷ്ട്രവത്കരണവും ലോക കമ്പോളതലങ്ങളും യഥാർഥത്തിൽ തൊഴിലാളിവർഗമുന്നേറ്റങ്ങളെ എമ്പാടും ഒരു പ്രശ്നഭൂമിക ആക്കുകയാണു ചെയ്യുന്നത്. ലോകത്തിന്റെ പലകോണുകളിലും മുതലാളിത്തവ്യവസ്ഥിതിയെ മാനവീയവത്കരിച്ചു വീക്ഷിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ശ്രമം അതതു രാജ്യങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നുകൊണ്ടു മിക്കപ്പോഴും തൊഴിലാളിസംഘടനകൾ നടത്തിവരുന്നുണ്ട്. സംഘടിതശക്തിവഴി നേടിയെടുത്ത സാമ്പത്തികനേട്ടങ്ങളും വ്യാവസായികവളർച്ചയിൽനിന്നും ലഭ്യമായ ഭൌതികസമൃദ്ധിയുമൊക്കെ ശക്തമായ ഒരു തൊഴിലാളിവർഗം ഉണ്ടാകുന്നതിന് തടസ്സമായിരിക്കുന്നു. ആഗോളവത്കരണപ്രതിഭാസവും തൊഴിലാളിവർഗമുന്നേറ്റങ്ങളെ പലപ്പോഴും തളർത്തുകയാണ്. സാർവലൌകിക തൊഴിലാളിവർഗസഹാനുഭാവം പലപ്പോഴും ഉണ്ടാക്കുന്നതിൽ തൊഴിലാളിവർഗം പരാജയപ്പെടുന്നു.
 
മൂലധനം ആഗോളവത്കരിക്കപ്പെട്ടെങ്കിലും തൊഴിലിന് ആ അവസരം നൽകിയിട്ടില്ല. മൂലധനത്തിന് സ്വതന്ത്രചലനം ആകാമെങ്കിലും തൊഴിൽസേവനം നൽകുന്നവർക്ക് അത് നിഷേധിക്കപ്പെട്ടു. ലോകവ്യാപാരസംഘടനയുടെ സാമൂഹികനിയന്ത്രണങ്ങളും തൊഴിൽ മാനദണ്ഡങ്ങളും അവയൊക്കെ വ്യാപാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള നിലപാടുകളും തൊഴിലാളിവർഗതാത്പര്യങ്ങളെ ഹനിക്കുന്നതായി കാണാം. അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും ലോകവ്യാപാരസംഘടനയും ആഗോളവത്കരണ ആശയത്തെ ശക്തമായി പിന്താങ്ങുമ്പോൾ അതിന്റെ എതിർഭാഗത്തു ശക്തമായ നിലപാടാണ് അന്താരാഷ്ട്രതൊഴിൽ സംഘടന (International Labour Organisation-ILO) എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സമ്പന്നരാഷ്ട്രങ്ങളുടെ പിന്തുണ ഐ.എൽ.ഓ.യ്ക്കു കിട്ടുന്നില്ല.
 
ആഗോളവത്കരണത്തിന്റെ മുന്നേറ്റത്തിൽ തൊഴിലാളിവർഗമെന്ന സങ്കല്പത്തിനും അതിന്റെ സ്വഭാവത്തിനും അഭൂതപൂർവമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. വർധിതമായ തൊഴിലില്ലായ്മ, തൊഴിലിന്റെ താത്കാലികവത്കരണം (Casualisation), തൊഴിലിന്റെ സ്ത്രീത്വവത്കരണം (Feminisation) കൂലിവെട്ടിക്കുറയ്ക്കൽ, തൊഴിലാളിസംഘടനകളെ ഉന്മൂലനം ചെയ്യൽ, സാമൂഹിക സുരക്ഷാപദ്ധതികളെ ഇല്ലായ്മ ചെയ്യൽ തുടങ്ങിയ അനവധി രൂക്ഷമായ പ്രശ്നങ്ങളാണ് തൊഴിലാളി സമൂഹം ആഗോളവത്കരണപ്രക്രിയയിൽ നിന്നും അഭിമുഖീകരിക്കേണ്ടിവരുന്നത്.
 
തൊഴിലാളിസംഘടനകൾക്ക് അതിന്റെ അംഗങ്ങളുടെമേലുള്ള സ്വാധീനവും നിയന്ത്രണവും വളരെ വേഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വർധിതമായ വേതനവും മറ്റു സാമ്പത്തികമായ ആനുകൂല്യങ്ങളും ചിലരെയെങ്കിലും തൊഴിലാളിവർഗസമൂഹത്തിൽനിന്നും വ്യത്യസ്തരാക്കുന്നുണ്ട്. ഇടതുപക്ഷ സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിനോട് ആഭിമുഖ്യമുള്ള സർക്കാരുകളും ആഗോളവത്കരണനയങ്ങൾ വളരെ ഉത്സാഹപൂർവം നടപ്പാക്കിവരുന്നതായി കാണുന്നു. ആഗോളവത്കരണത്തിന്റെ നയപരിപാടികളായ ഉദാരവത്കരണം, സ്വകാര്യവത്കരണം, നിക്ഷേപം പിൻവലിക്കൽ, നിയന്ത്രണങ്ങൾ പിൻവലിക്കൽ തുടങ്ങി പൊതുമേഖലയുടെ പങ്ക് ചുരുക്കൽ, സാമൂഹികസുരക്ഷാക്രമങ്ങളിൽ നിന്നും പിൻതിരിയൽ, ആഗോളവത്കരണത്തിന് പര്യാപ്തമായ തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്തു തുടങ്ങിയ കാര്യങ്ങളാണ് പലപ്പോഴും ഇവരും നടപ്പാക്കുന്നത്. ദേശീയ സർക്കാരുകൾ പലതും അവരുടെ വിവേചനാധികാരവും നിയന്ത്രണാവകാശവുമൊക്കെ സ്വമേധയായോ മറ്റു നിർബന്ധങ്ങൾക്ക് വഴങ്ങിയോ കൈവിട്ടുകളയുന്നു.
 
ചുരുക്കത്തിൽ, മുതലാളിത്ത ആഗോളവത്കരണത്തിന്റെ ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ നഷ്ടം പേറേണ്ടിവരുന്നത് തൊഴിലാളിസമൂഹമാണ്. ആഗോള ദേശീയതലങ്ങളിൽ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങൾ തുലോം ശക്തികുറഞ്ഞവരായി ഭവിച്ചിരിക്കുന്നു.
 
==മറ്റ് ചില പ്രത്യാഘാതങ്ങൾ==
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്