"ബൗദ്ധദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. ഇന്ത്യയിൽ വികാസം പ്രാപിച്ച ശാഖകളിൽ പ്രധാനപ്പെട്ട നാല്‌ ഉപശാഖകൾ മാധ്യമികം, യോഗാചാരം, സൗത്രാന്തികം, വൈഭാഷികം എന്നിവയാണ്.
രണ്ടു പ്രധാനപ്പെട്ട ദാർശനികപ്രശ്നങ്ങളാണ് ബൗദ്ധദാർശനികരിൽ അഭിപ്രായ വ്യത്യാസത്തിനു കാരണമായത്. 'യഥാർത്ഥ വസ്തുതകൾ എന്താണ്?' എന്ന കേവലദാർശനിക(Metaphysical)പ്രശ്നം അതിൽ ഒന്ന്. ഭൗതികമോ ആശയപരമോ ആയ ഒരു ഉണ്മയും ഇല്ല എന്നു മാധ്യമികദാർശനികർ വാദിക്കുന്നു. എല്ലാം ശൂന്യമാണെന്നും അവർ പറയുന്നു. മാനസികമായ ആശയലോകകമാണു സത്യമെന്നും ഭൗതികമായത് ഒന്നും സത്യമല്ലെന്നും യോഗാചാരദാർ‍ശനികർ വാദിക്കുന്നു. തുടർന്ന് 'വാസ്തവം എങ്ങനെ അറിയാൻ കഴിയും' എന്ന വിജ്ഞാനശാസ്ത്രപരമായ (Epistemological) ചോദ്യത്തിന്, സൗത്രാന്തികർ, ബാഹ്യവസ്തുക്കളെ അനുമാനത്തിലൂടെയാണ് (Inference) അറിയാൻ കഴിയുക എന്നുത്തരം നൽകുന്നു. എന്നാൽ വൈഭാഷികർ വാസ്തവം നേരിട്ടനുഭവിച്ചറിയാൻ (Perception) കഴിയും എന്നു വാദിക്കുന്നവരാണ്.ഈ നാലു ദർ‌ശനശാഖകളെക്കുറിച്ചുള്ള വിവരണം താഴെ നൽകുന്നു.
 
== മാധ്യമികദർശനം ==
 
മാധ്യമികശാസ്ത്രം എന്ന ഗ്രന്ഥം രചിച്ച നാഗാർജ്ജുനൻ (കൃ.പി. രണ്ടാം നൂറ്റാണ്ട്), ബുദ്ധചരിതം രചിച്ച അശ്വഘോഷൻ എന്നിവരാണ് പ്രമുഖരായ ആദ്യകാലമാധ്യമികചിന്തകർ. ഈ ദാർ‌ശനിക സമ്പ്രദായമനുസരിച്ച് അറിയേണ്ട വസ്തു/കാര്യം, അത് അറിയുന്നയാൾ, ആ അറിവ് എന്നിവ പരസ്പരാശ്രിതങ്ങളായ കാര്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് ശരിയല്ലെന്നു വന്നാൽ മറ്റു രണ്ടെണ്ണവും ശരിയല്ലാതാവും. ഒരു കയറു കണ്ട്‍ അതു സർപ്പമാണെന്നു ധരിക്കുന്ന മനസും അറിവും ശരിയല്ല. അതിൽ നിന്ന് പ്രത്യക്ഷമായ എല്ലാ കാര്യങ്ങളും, അപ്രകാരമുള്ള അറിവും, അതറിയുന്ന മനസും സ്വപ്നസദൃശമായ വസ്തുക്കളാണെന്നും, വാസ്തവത്തിലുള്ളതല്ല എന്നും നിഗമനത്തിലെത്താം. അതായത്, മനസുകൊണ്ടറിയുന്ന കാര്യങ്ങളും അല്ലാത്തതും ഒന്നും സത്യമല്ല, വാസ്തവമല്ല. പ്രപഞ്ചം ശൂന്യമാണ്. (ഇക്കാരണത്താൽ, ശൂന്യവാദമെന്നും ഈ ശാഖക്കു പേരുണ്ട്.) എന്നാൽ വാസ്തവത്തിലുള്ള യാതൊന്നുമില്ല്ല എന്നല്ല അതിനർഥം. പാശ്ചാത്യരുടെ 'നിഹിലിസ'ത്തിനു സമാനമായതല്ല ഈ വാദം. വാസ്തവത്തിലുള്ള ഒന്ന്, അതിന്റെ ആരംഭത്തിനും നിലനില്പിനും മറ്റോന്നിനേ ആശ്രയിച്ചുകൂടാ. നമുക്കറിയാവുന്നതെല്ലാം മറ്റോന്നിനെ ആശ്രയിക്കുനവയാണ്. അത് വാസ്തവത്തിൽ ഉള്ളതാണെന്നു പറഞ്ഞുകൂടാ; ഇല്ലാത്തതാണെന്നും പറഞ്ഞുകൂടാ. കാരണം അവാസ്തവികമായ ഒന്നിന് നിലനില്പില്ല. ശരിയായി നിർ‌ണ്ണയിക്കാനും വിവരിക്കാനും ആവാത്ത, വസ്ത്തുക്കളുടെ യഥാർത്ഥ സ്വഭാവത്തെയാണ് ഇവിടെ ശൂന്യത എന്നു വിവക്ഷിക്കുന്നത്. വസ്തുക്കൾ ഉള്ളതായി നമുക്കനുഭവപ്പെടുന്നു എങ്കിലും അവയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കൻ കഴിയുന്നില്ല. അതുകൊണ്ട് ശൂന്യവാദികൾ, വസ്തുക്കൾ കേവലമായി നിലനിൽക്കുതാണെന്നോ, അല്ലെന്നോ പറയുന്നില്ല. പകരം, അവയുടെ സോപാധികോത്ഭവം (Dependent origination) മാത്രം അംഗീകരിക്കുന്നു. വിപരീതധ്രുവങ്ങളിൽ നിൽ‌ക്കുന്ന രണ്ടു കാഴ്ചപ്പാടുകളുടെ മധ്യമാർഗ്ഗം അവർ സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഈ ശാഖ, മാധ്യമികം എന്നറിയപ്പെടുന്നത്. കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ചുറ്റുമുള്ള പ്രപഞ്ചം അസത്യമാണെന്ന് എന്ന് മാധ്യമികർ കരുതുന്നില്ല. അതിന്റെ യഥാർ‌ത്ഥസ്വഭാവം മനസിലാക്കാൻ സാധിക്കില്ല എന്നാണ് അവരുടെ വാദം. രണ്ടു തരം സത്യങ്ങൾ ഉണ്ട്. അനുഭവിച്ചറിയാൻ കഴിയുന്ന, പ്രാതിഭാസികമായ (Phenomenal) ഒരു സം‌വൃതിസത്യം (Empirical Truth) ഉണ്ട്. അതുപോലെ അതീന്ദ്രീയമായ, പരമാർ‌ത്ഥസത്യവും (Absolute Truth) ഉണ്ട് . അനുഭവപ്രപഞ്ചത്തെക്കുറിച്ചുള്ളതാണ് ബുദ്ധന്റെ പ്രബോധനങ്ങൾ; നിർ‌വാണം ലഭിക്കുമ്പോൾ ഉണ്ടാവുന്ന അനുഭവം, സാധാരണ അനുഭവങ്ങളെ അടിസ്ഥാനമാക്കി വിവരിക്കാൻ കഴിയില്ല. അതിനാൽ തത്ത്വശാസ്ത്രപരമായി മാധ്യമികം അദ്വൈതദർശനത്തോട് അടുത്തു നിൽക്കുന്നു .
 
 
== യോഗാചാരദർശനം: ==
ചിത്തം (മനസ്സ്) മാത്രമാണു സത്യം എന്ൻ യോഗാചാരദർശനം വാദിക്കുന്നു. മനസ്സ് അസത്യമാണെന്നു കരുതിയാല് ‍യുക്തിവിചാരങ്ങൾ ശരിയല്ല എന്നു വരും. യോഗാചാരദാർശനികർക്ക് അവർ പറഞ്ഞതു തന്നെ തെറ്റാണെന്നു സമ്മതിക്കേണ്ടി വരും. അതുകൊണ്ട്, മനസ്സ് സത്യമാണ്. ബാഹ്യമായവസ്തുക്കളെല്ലാം തോന്നലുകൾ മാത്രമാണ്. ബാഹ്യവസ്തുക്കളുടെ അസ്തിത്വം തെളിയിക്കാൻ കഴിയില്ല. ബാഹ്യവസ്തുക്കളും അവയുടെ അനുഭവവും രണ്ടായി തിരിച്ചറിയാനാവില്ല. നീലനിറവും, നീലനിറം എന്ന മനസ്സിലുണ്ടാകുന്ന ബോധവും രണ്ടല്ല; ഒന്നു തന്നെയാണ്. രണ്ടായി തോന്നുന്നത് മിഥ്യയാണ്, കാഴ്ചയുടെ വൈകല്യം കൊണ്ട് ചന്ദ്രനെ രണ്ടായി കാണുന്നതു പോലെ. മാത്രവുമല്ല, ബാഹ്യവസ്തുക്കൾ സത്യമാണെങ്കിൽ, ഒന്നുകിൽ അവ ഘടകവസ്തുക്കൾ കൊണ്ടു നിർമ്മിച്ചതോ അല്ലെങ്കിൽ ഘടകങ്ങൾ ഇല്ലാത്ത അണുക്കൾ കൊണ്ടുണ്ടാക്കിയതോ ആയിരിക്കണം. അണുക്കളെ അനുഭവിച്ചറിയാനാവില്ല; സംഘടിതവസ്തുക്കളെയും മനസ്സിലാക്കാനാവില്ല. അവയുടെ എല്ലാ വശങ്ങളും ഭാഗങ്ങളും ഒരേ സമയം കാണാനാവില്ല, അനുഭവിച്ചറിയാനവില്ല; പ്രത്യേകം ഭാഗമായിമായിട്ടും കഴിയില്ല. എന്തുകൊണ്ടെന്നാൽ, ഘടകവസ്തുക്കൾ, ഒന്നുകിൽ മറ്റൂ ഘടകങ്ങൾ കൊണ്ടു നിർമ്മിച്ചതോ അണുനിർമ്മിതമോ ആയിരിക്കണം. അപ്പോഴും ആദ്യം പറഞ്ഞ പ്രശ്നം അവശേഷിക്കുന്നു. മറ്റൊരു വാദം കൂടി ഈ ദാർ‌ശനികർ ഉന്നയിക്കുന്നു. ബാഹ്യമായ വസ്തുക്കൾ ഉണ്ടങ്കിൽ, അതുണ്ടാവുന്നതിനു മുമ്പ് അതിനെക്കുറിച്ച് നമുക്ക് ഒരു ബോധം ഉണ്ടാകാൻ സാധ്യമല്ല. ഉണ്ടായതിനു ശേഷവും സാധ്യമല്ല; എന്തെന്നാൽ വസ്തുക്കൾ ക്ഷണികങ്ങളാണ്. ബോധം ജനിപ്പിക്കുന്ന അതേസമയം വസ്തു നിലനിൽക്കുന്നില്ല. 'പഴയ' വസ്തുക്കളെക്കുറിച്ചുള്ള ബോധം, തത്സമയപ്രത്യക്ഷാനുഭവം (Immediate Perception)ആണെന്നു പറയാനാവില്ല. അതായത്, ബാഹ്യമായ വസ്തുക്കളുണ്ട് എന്നു കരുതിയാൽ, അവക്കുറിച്ചുള്ള തത്സമയപ്രത്യക്ഷാനുഭവം എന്നത് വിശദീകരിക്കാൻ സാധ്യമല്ല. ബാഹ്യവസ്തുക്കൾ ബോധത്തിന്റെ ഒരു ഭാഗമായി കരുതിയാൽ ഈ വിഷമപ്രശ്നങ്ങൾ ഒന്നും ഉദിക്കുന്നതേയില്ല. എന്നാൽ, ബാഹ്യവസ്തുക്കളും ബോധവും ഒന്നാണെങ്കിൽ എന്തുകൊണ്ടാണ് ആലോചനകൊണ്ട്, നമുക്ക് യഥേഷ്ടം വസ്തുക്കളെ സൃഷ്ടിക്കാനോ, മാറ്റാനൊ, നശിപ്പിക്കനോ ആവാത്തത്? യോഗാചാരദർശനം ഇങ്ങനെ മറുപടി നൽകുന്നു: മനസ്സ്, നൈമിഷികമായ ബോധാവസ്ഥകളുടെ ഒരു പ്രവാഹമാണ്. അതിൽ മുജ്ജന്മാനുഭവങ്ങൾ ലയിച്ചുകിടക്കുന്നു. ഓരോ സാഹചര്യമനുസരിച്ചാണ് അവ ബോധതലത്തിലേക്ക് ഉയർന്നു പരി‍പാകമായി, അനുഭവമായിത്തീരുന്നത്. അപ്രകാരം സാഹചര്യങ്ങളനുസരിച്ചു ബോധം സ്വയം വെളിപ്പെടുന്നതുകൊണ്ടാണ്, വസ്തുക്കളെ നമ്മുടെ ഇഷ്ടപ്രകാരം അനുഭവിക്കാനാകാത്തത്. പൂർ‌വ്വാനുഭവങ്ങളുടെ ഒരു കലവറയായിട്ടാണ് യോഗാചാരം മനസ്സിനെ (ആല്യവിജ്ഞാനം) കാണുന്നത്. മനസിനെ നിയന്ത്രിക്കാൻ പഠിക്കുന്നതോടെ അനാവശ്യചിന്തകൾ നിരോധിക്കാനും നിർ‌വാണം പ്രാപിക്കാനും കഴിയും. അല്ലെങ്കിൽ, അയതാർത്ഥമായ ബാഹ്യലോകത്തോട് മോഹവും ആഗ്രഹചിന്തകളും ഉണ്ടാവുക. മനസ്സ് എന്ന യാഥാർത്ഥ്യത്തിനു മാത്രമാണ് സ്വർഗ്ഗ-നരകങ്ങൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് യോഗാചാരദാർശനികർ മനസ്സിനെ നിയന്ത്രിക്കാൻ യോഗയും, നല്ല ആചാരങ്ങളും ശീലിച്ചിരുന്നു. അതുകൊണ്ടാണ്, യോഗാചാരം എന്ന പേര് ഈ ശാഖയ്ക്കു കിട്ടിയത്. വിജ്ഞാനവാദം എന്നൊരു പേരു കൂടി ഈ ശാഖയ്ക്കുണ്ട്. അസംഗൻ, ദിങ്‌നാഗൻ, വസുബന്ധു തുടങ്ങിയവരാണ് ഈ ശാഖയിലെ പ്രധാനികൾ. ലങ്കാവതാരസൂത്രമാണ് പ്രധാന കൃതി.
 
== സൗത്രാന്തികദർശനം==
മനസ്സും ബാഹ്യലോകവും വാസ്തവമാണെന്നു വാദിക്കുന്നവരാണ് സൗത്രാന്തികർ. ബാഹ്യലോകത്തിന്റെ ഉണ്മ അംഗീകരിക്കാതെ, വസ്തുക്കളെക്കുറിച്ചുള്ള ബോധം വിശദീകരിക്കാൻ സാദ്ധ്യമല്ല. ബാഹ്യവസ്തുക്കളെക്കുറിച്ച് യാതൊരു മുന്നറിവുമില്ലാത്തയാളിന് 'ബാഹ്യവസ്തുക്കളെപ്പോലെ' ബോധം ഉണ്ടാവുന്നതെങ്ങനെ ? മറിച്ചുള്ള വിജ്ഞാനവാദികളുടെ (സൗത്രാന്തികരുടെ) വാദം, 'മച്ചിയുടെ മകൻ' എന്നു പറയുന്നതുപോലെ അർത്ഥരഹിതമയിരിക്കും. ബാഹ്യവസ്തുക്കളും ബോധവും ഒന്നാണെന്ന വിജ്ഞാനവാദികളുടെ വാദം പിഴച്ചതാണ്. ഒരു കുടം കാണുമ്പോൾ, അത് ഒരു ബാഹ്യവസ്തുവായിട്ടും, അതിനെക്കുറിച്ചുള്ള ബോധം മനസ്സിന്റെ ഉള്ളിലുളവാകുന്നതായിട്ടും നമുക്കു വെവ്വേറെ തിരിച്ചറിയാം. വസ്തു ബോധത്തിൽ നിന്ന് വ്യത്യസ്തമാനെന്ന് കാലങ്ങളായി അറിയാവുന്ന കാര്യമാണ്. കുടവും അതുകാണുന്ന വ്യക്തിയുടെ ബോധവും ഒന്നാണെങ്കിൽ, അയാൾ, 'ഞാൻ കുടമാണ്' എന്നു പറയുമായിരുന്നു. അതു മാത്രമല്ല, ബാഹ്യവസ്തുക്കളുടെ അസ്തിത്വം അംഗീകരിക്കാതെ, 'കുടത്തെക്കുറിച്ചുള്ള ബോധം' ' വസ്ത്രത്തെക്കുറിച്ചുള്ള ബോധം' എന്നിങ്ങനെ വെവ്വെറെ ബോധം ഉണ്ടാകുന്നത് വിശദീകരിക്കാനും ആവില്ല. അതുകൊണ്ട് ബാഹ്യവസ്തുക്കൾ സത്യമാണ്. അവയെക്കുറിച്ചുള്ള നമ്മുടെ ബോധം, അവയുടെ ഒരു 'പകർപ്പുകൾ' മാത്രമാണ്. മനസ്സിൽ, ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നതിന് ചില സാഹചര്യങ്ങൾ ആവശ്യമാണ്. ബാഹ്യമായ വസ്തു വേണം, ബോധം ഉണ്ടാവുന്ന മനസ്സ് ഉണ്ടായിരിക്കണം, വസ്തുവിനെ അറിയാൻ കഴിയുന്ന ഇന്ദ്രീയം വേണം, വേണ്ടത്ര വെളിച്ചം, സൗകര്യപ്രദമായ സ്ഥാനം എന്നു തുടങ്ങി അനുബന്ധസാഹചര്യങ്ങളും അനുകൂലമായി വേണം. ബോധം ഉണ്ടാവുന്നത് ഇവയുടെയൊക്കെ സം‌യുക്തഫലമായിട്ടാണ്. ഇപ്രകാരം മനസ്സിൽ ഉണ്ടാവുന്നത് ബാഹ്യവസ്തുവിന്റെ പകർപ്പാണ്. അതിനെയാണ്, മനസ്സ് ആദ്യം അറിയുന്നത്. അത് പ്രത്യക്ഷാനുഭവം (Perception) അല്ല; ഒരു അനുമാനമാണ് (Inference). ഇതാണ് സൗത്രാന്തികരുടെ ബാഹ്യാനുമേയവാദം (Inferability of external objects). സൗത്രാന്തികർ, യോഗാചാരരുടെ വൈയ്യക്തികാശയവാദം (Subjective Idealism) നിരാകരിക്കുന്നു. സൂത്രപിടകങ്ങളുടെ ആധികാരികതയ്ക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് സൗത്രാന്തികർ എന്ന് പേരു വന്നത്. പാശ്ചാത്യചിന്തകരായ ലോക്കെ, മൂർ എന്നിവരുടെ വാദങ്ങളുമായി സാദൃശ്യമുള്ളതാണ് സൗത്രാന്തികരുടെ വാദങ്ങൾ.
 
== വൈഭാഷികദർശനം ==
 
സൗത്രാന്തികരുടെതിൽ നിന്നു ഭിന്നമായി, ബാഹ്യവസ്തുക്കളുടെ അസ്തിത്വം പ്രത്യക്ഷമായല്ലാതെ മറ്റൊരു രീതിയിലും അറിയാനാവില്ല എന്നാണ് വൈഭാഷികർ വാദിക്കുന്നത്. മുൻപ്, തീയും പുകയും ഒന്നിച്ചു പ്രത്യക്ഷമായി കണ്ടറിഞ്ഞിട്ടുള്ളതു കൊണ്ടാണ്, പുകയുണ്ടെങ്കിൽ അവിടെ തീയുണ്ട് എന്ന് അനുമാനിക്കാൻ ‍ കഴിയുന്നത്. പ്രത്യക്ഷാനുഭവമില്ലാതെ അനുമാനം സാധ്യമല്ല. സൗത്രാന്തികർ വാദിക്കുന്നതു പോലെ ബാഹ്യവസ്തുക്കൾ പ്രത്യക്ഷമായനുഭവിച്ചറിയാൻ കഴിയില്ലെങ്കിൽ, മനസ്സിൽ അവയുണ്ടാക്കുന്ന ബോധത്തിൽ നിന്നു മാത്രം ഒരു അനുമാനവും സാധ്യമല്ല. പ്രത്യക്ഷാനുഭവമില്ലാതെ, മനസ്സിലുണ്ടാകുന്ന ബോധം ബാഹ്യവസ്തുവിന്റെ പകർപ്പായി തോന്നുകയേയില്ല. അതുകൊണ്ട്, ഒന്നുകിൽ വിജ്ഞാനവാദം അംഗീകരിക്കണം; ആ വാദം തൃപ്തികരമല്ലെങ്കിൽ, ബാഹ്യവസ്തുക്കളെ പ്രത്യക്ഷമായി അറിയാൻ കഴിയും എന്നത് അംഗീകരിക്കണം. ഇതാണ് ബാഹ്യപ്രത്യക്ഷവാദം (Theory of direct realism). അഭിധമ്മമഹാവിഭാഷ എന്ന ഭാഷ്യം (Commentary) പിന്തുടരുന്നതുകൊണ്ടാണ് വൈഭാഷികർക്ക് ആ പേരു വന്നത്. മതാനുഷ്ഠാനതലത്തിൽ, രണ്ടു വിഭാഗങ്ങൾ ബൗദ്ധപ്രസ്ഥാനത്തിലുണ്ട്: മഹായാനവും ഹീനയാനവും. മേൽ‌പ്പറഞ്ഞ ദാർശനികശാഖകളിൽ മാധ്യമികവും യോഗാചാരവും മഹായാനപ്രസ്ഥാനത്തോടും സൗത്രാന്തികവൈഭാഷികങ്ങൾ ഹീനയാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/718664" എന്ന താളിൽനിന്ന് ശേഖരിച്ചത്