"മലയാളം അച്ചടിയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: 576-ല്‍ സ്പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ഒരു അ...
(വ്യത്യാസം ഇല്ല)

07:18, 1 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

576-ല്‍ സ്പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ഒരു അച്ചടിശാല സ്ഥാപിക്കുകയും, അതിനടുത്തകൊല്ലം അവിടെനിന്നും ക്രിസ്തീയ വേദോപദേശം എന്ന ഒരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് ചില ചരിത്രപരാമര്‍ശങ്ങള്‍ കാണാനുണ്ടെങ്കിലും, ആ പുസ്തകത്തിന്റെ ഒരു പ്രതിയും കണ്ടുകിട്ടിയിട്ടില്ല. 'ഒരു സ്പാനിഷ് ബ്രദറായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ആദ്യമായി മലയാം-തമിഴ് അക്ഷരങ്ങള്‍ ഉണ്ടാക്കി അതുപയോഗിച്ച് ഒരു വേദോപദേശം അച്ചടിച്ചു' എന്നാണ് 'തിരുവിതാംകൂറിലെ ക്രൈസ്തവസഭാചരിത്രം' (History of Christianity in Travancore) എന്ന പുസ്തകമെഴുതിയ ജി.ടി. മെക്കന്‍സി അഭിപ്രായപ്പെട്ടത്. ഗൊണ്‍സാല്‍വസ്സിന്റെ ഈ പുസ്തകം കണ്ടുകിട്ടുകയാണെങ്കില്‍ കേരളത്തില്‍ മലയാളഭാഷയില്‍ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം അതാണെന്ന് ഉറപ്പിച്ചു പറയാം. ഭാരതീയ ലിപിയില്‍ അച്ചടിക്കപ്പെട്ട ആദ്യകൃതി വേദോപദേശ ഗ്രന്ഥമായ ഡോക്ട്രിനക്രിസ്റ്റ ആണ്. 1539-ല്‍ പോര്‍ത്തുഗീസ് ഭാഷയില്‍ യുവാന്‍ ബാരോസ് പ്രസിദ്ധീകരിച്ച വേദപാഠത്തിന്റെ ഏതാനും ഭാഗങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തര്‍ജുമ ചെയ്തതാണ് ഈ കൃതി. 1556-ല്‍ ഗോവയില്‍ ഇത് അച്ചടിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ കോപ്പിയോ മറ്റു തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ 1578 ഒ.-ല്‍ കൊല്ലത്ത് തങ്കശ്ശേരിയില്‍ ദിവ്യരക്ഷകന്റെ കലാലയത്തില്‍ നിന്നും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ഇതിന്റെ കോപ്പി സൂക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായി അറിയപ്പെടുന്നത് കോട്ടയത്തെ സി.എം.എസ്. പ്രസ്സില്‍നിന്ന് 1824-ല്‍ പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം വിവര്‍ത്തനം ചെയ്ത കഥകള്‍' എന്ന ബാലസാഹിത്യകൃതിയാണ്.

1579-ല്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ മറ്റൊരു വേദപുസ്തകവും 'മലയാഴ്മപ്പേച്ചി'ല്‍ അച്ചടിക്കപ്പെട്ടിട്ടുള്ളതായി പരാമര്‍ശം ഉണ്ടെങ്കിലും അതിന്റെ പ്രതികളും നഷ്ടപ്രായമായിരിക്കുന്നു. പൊതുവേ ഇത്തരത്തിലുള്ള ആദ്യകാല മുദ്രിതകൃതികള്‍ മലയാളമാണെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, അന്ന് തമിഴ് ലിപികളാണ് ഇവയ്ക്ക് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ളത്. കൊത്തിയോ വാര്‍ത്തോ അച്ചുകള്‍ നിര്‍മിക്കാന്‍ അന്ന് കേരളത്തില്‍ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നതിനാല്‍ ഇവിടെ അച്ചടി ആരംഭിച്ച് ഒരു നൂറ്റാണ്ടുകാലത്തേക്കെങ്കിലും അവ ചെന്നൈയില്‍ നിന്നാണ് തയ്യാറാക്കിക്കൊണ്ടുവന്നിരുന്നതെന്ന് വിചാരിക്കാം. ചില വിദേശപാതിരിമാരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്നുവന്ന ഈ അച്ചുനിര്‍മാണം ഏറിയകൂറും തമിഴ്ലിപികളിലും ആയിരുന്നു.

1575-ല്‍ കൊച്ചിക്കോട്ടയില്‍ പോര്‍ത്തുഗീസുകാര്‍ സ്ഥാപിച്ച ഒരു മുദ്രണാലയമാണ് കേരളത്തില്‍ ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനത്തിനു വഴിതെളിച്ചത്. ചേന്ദമംഗലത്തിനടുത്ത് വൈപ്പിന്‍കോട്ടയില്‍ പിന്നീട് സ്ഥാപിതമായ പ്രസ്സും അവരുടേതുതന്നെ ആയിരുന്നു. എന്നാല്‍ കേരളത്തില്‍ മൂന്നാമത് ആരംഭിച്ച അച്ചടിശാല കൊടുങ്ങല്ലൂരിനടുത്ത് അമ്പഴക്കാട്ടാണ് (17-ാം ശ.). ഇഗ്നേഷ്യസ് എന്നു പേരായ ഒരു കേരളീയനാണ് ഇതിന്റെ സ്ഥാപകന്‍. ഇവിടെ നിന്നു പ്രകാശിതമായിട്ടുള്ള പുസ്തകങ്ങളുടെ എണ്ണത്തെ കുറിച്ചു വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും കേരളക്കരയില്‍ ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ മുദ്രണാലയമെന്ന ബഹുമതിക്ക് ഇത് അര്‍ഹമാണ്.