"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ദേവന്മാര്‍ എന്നാല്‍ അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളാ…
 
No edit summary
വരി 1:
ദേവന്മാര്‍ എന്നാല്‍ അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താല്‍ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗം. പ്രീണിപ്പിക്കുന്നവര്‍ എന്നോ തേജസ്സുള്ളവര്‍ എന്നോ ദേവന്മാര്‍ക്ക് അര്‍ഥം.
 
==ഹിന്ദുമതത്തില്‍==
സ്വര്‍ഗത്തിനും ദേവന്മാര്‍ക്കും പര്യായങ്ങള്‍ പറഞ്ഞുകൊണ്ടാണ് അമരകോശം തുടങ്ങുന്നത്. 'അമരാ നിര്‍ജ്ജരാ ദേവാ- സ്ത്രിദശാ വിബുധാസ്സുരാഃ സുപര്‍വാണസ്സുമനസഃ ത്രിദിവേശാ ദിവൌകസഃ ആദിതേയാ ദിവിഷദോ ലേഖാ അദിതിനന്ദനാഃ ആദിത്യാ ഋഭവോ സ്വപ്നാ അമര്‍ത്യാ അമൃതാന്ധസഃ ബര്‍ഹിര്‍മുഖാഃ ക്രതുഭുജോ ഗീര്‍വാണാ ദാനവാരയഃ വൃന്ദാരകാ ദൈവതാനി പുംസി വാ ദേവതാ സ്ത്രിയാം.'
 
ദേവന്മാരുടെ അടുത്ത സ്ഥാനമുള്ളവരാണ് ഗണദേവതകള്‍ അഥവാ സംഘദേവതകള്‍. ഇവരുടെ സംഘനാമങ്ങളും സംഖ്യകളും മഹേശ്വരടീകയില്‍ വിവരിക്കുന്നുണ്ട്: ആദിത്യന്മാര്‍ 12, വിശ്വദേവന്മാര്‍ 10, വസുക്കള്‍ 8, തുഷിതന്മാര്‍ 36, ആഭാസ്വരന്മാര്‍ 64, അനിലന്മാര്‍ 49, മഹാരാജികന്മാര്‍ 220, സാധ്യന്മാര്‍ 12, രുദ്രന്മാര്‍ 11 എന്നിങ്ങനെ. ദേവയോനികളെങ്കിലും ദേവത്വത്തിന്റെ താഴേത്തട്ടില്‍ മാത്രം സ്ഥാനം കിട്ടിയ പത്തുകൂട്ടര്‍ ഉണ്ട്. വിദ്യാധരന്മാര്‍, അപ്സരസ്സുകള്‍, യക്ഷന്മാര്‍, രക്ഷസ്സുകള്‍, ഗന്ധര്‍വന്മാര്‍, കിന്നരന്മാര്‍, പിശാചന്മാര്‍, ഗുഹ്യകന്മാര്‍, സിദ്ധന്മാര്‍, ഭൂതങ്ങള്‍ എന്നിവരാണ് ആ പത്തുകൂട്ടര്‍.
 
സ്വര്‍ഗത്തിന്റെ ആധിപത്യം നേടാനായി ദേവന്മാരും അസുരന്മാരും നിരന്തരം മത്സരിച്ചിരുന്നതായി പുരാണങ്ങള്‍ രേഖപ്പെടുത്തുന്നു. ബ്രഹ്മപുത്രനായ കശ്യപന് ദക്ഷപുത്രികളായ ദിതിയിലും അദിതിയിലും ഉണ്ടായ പുത്രന്മാരാണ് അസുരന്മാരും ദേവന്മാരും. ശുക്രാചാര്യനാണ് അസുരഗുരു; ബൃഹസ്പതി ദേവഗുരുവും. അഷ്ടദിക്പാലകന്മാരായി നിയോഗിക്കപ്പെട്ട എട്ട് ദേവന്മാരുണ്ട്. കിഴക്ക്-ഇന്ദ്രന്‍, തെക്കു കിഴക്ക്-അഗ്നി, തെക്ക്-യമന്‍, തെക്കുപടിഞ്ഞാറ്-നിരൃതി, പടിഞ്ഞാറ്-വരുണന്‍, വടക്കു പടിഞ്ഞാറ്-വായുദേവന്‍, വടക്ക്-കുബേരന്‍, വടക്കുകിഴക്ക്-ശ്രീപരമേശ്വരന്‍ എന്നിവരാണ് അവര്‍. ഒടുവില്‍ പരാമൃഷ്ടനായ ശ്രീപരമേശ്വരനെ ഒരു ദിക്കിന്റെ അധിപതി മാത്രമായിക്കരുതിയത് ശരിയാണോ എന്ന് ചിലര്‍ സംശയിക്കുന്നു. എന്നാല്‍ ഈ സ്ഥാന നിര്‍ണയം കേവലം സാങ്കല്പികമാകയാല്‍ ഇവിടെ സംശയത്തിന് പ്രസക്തിയില്ല എന്ന വാദം ഉണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് ഉത്തരവാദികളായ ലോകനാഥന്മാരായി പുരാണങ്ങളില്‍ മാനിക്കപ്പെടുന്നവരാണ്. സര്‍വവ്യാപിയും പരമചൈതന്യസ്വരൂപനും ഏകനും അദ്വയനുമായ വിരാട്പുരുഷനെ മൂന്ന് കര്‍മങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ മൂന്നായി സങ്കല്പിച്ച് ഭക്തന്മാര്‍ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.
 
മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൗരാണിക സങ്കല്പം. ഇവര്‍ക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവര്‍ക്ക് സാധിക്കുമത്രെ. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാര്‍ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തില്‍ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്