"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 343:
 
(മംഗളോദയം 1966 ജൂലായ്)
 
=== കഥകൾ ===
 
==== അവസാനത്തെ കണ്ണി ====
ഇരുവശവും കരിങ്ങോട്ടച്ചെടികൾ വളർന്നു നിൽക്കുന്ന ഇടവഴിയിലൂടെ
 
മുന്നോടോടു നടന്നു.
 
<nowiki>''എവ്ടക്യാ കുട്ട്യേ''</nowiki> മെയിൻ റോഡു വിട്ട് ഇടവഴിയിലേയ്ക്കു നീങ്ങുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം കേട്ടു. ചായക്കടക്കാരൻ ഗോവിന്ദൻ നായരാണ്.
 
<nowiki>''വീട്ടിലേയ്ക്ക്. അമ്മയ്ക്കു സുഖക്കേടു കൂടുതലാണ്.''</nowiki>
 
അയാൾ കേട്ടോ എന്നറിഞ്ഞുകൂടാ. കാലുകൾ വലിച്ചു വെച്ചു നടന്നു.
 
ദിവസത്തിൽ ചുരുങ്ങിയതു രണ്ടുവട്ടമെങ്കിലും നടക്കാറുള്ള ഇടവഴി ആഫ്രിക്കൻ വനാന്തരങ്ങളെപ്പോലെ അപരിചിതമായിത്തോന്നി അവൾക്ക്.
 
വർഷങ്ങൾക്കുമുമ്പ് ഏടത്തിയുടെ കയ്യുംപിടിച്ചു പുഴയ്ക്കക്കരെയുള്ള ശ്രീരാമക്ഷേത്രത്തിൽ തൊഴാൻ വന്നുതുടങ്ങിയ കാലംമുതൽ ഈ വഴിയിലെ ഓരോ മണൽത്തരിയെയും പരിചയപ്പെടാൻ തുടങ്ങിയതാണ്.
 
വഴി ഇപ്പോൾ ജനശൂന്യമാണ്. തുരുമ്പിക്കാൻ തുടങ്ങിയ വിളക്കുകാലുകൾ മാത്രം വഴിവക്കിൽ നിശ്ശബ്ദം തലകുനിച്ചു നിൽപുണ്ട്.
 
ചുമലിൽ തളർന്നുകിടക്കുന്ന കുഞ്ഞുമോൻ പൊരിവെയിലിലും ശാന്തനായുറങ്ങുകയാണ്. അവൾ മോനെ വലത്തേച്ചുമലിലേയ്ക്കു മാറ്റിക്കിടത്തി. പോരുമ്പോൾ ഒരു കുടകൂടി എടുക്കാൻ കഴിഞ്ഞില്ല.
 
മനപ്പറമ്പ് അടുത്തു വരുന്നതേ ഉള്ളൂ. ഇടിഞ്ഞുപൊളിഞ്ഞ ആൽത്തറയും അമ്പലവും കഴിഞ്ഞ് അരമൈൽ നടക്കണം, വീട്ടിലെത്താൻ.
 
കരിങ്ങോട്ടച്ചെടികൾക്കിടയിലൂടെ മീനച്ചൂടിൽ വരണ്ടു ശോഷിച്ച പുഴയും പുഴയ്ക്കപ്പുറം സ്വർണ്ണത്താഴികക്കുടമുള്ള ശ്രീരാമക്ഷേത്രവും കാണാം.
 
ബോട്ടുചാലിലെ പുളിവെള്ളത്തിൽ മുങ്ങി കുട്ടികൾ കക്കയെടുക്കുന്നുണ്ട്.
 
പുഴയോരത്തുനിന്നു ചകിരിക്കുഴിയുടെ അസുഖകരമായ മണം പുരണ്ട കാറ്റടിച്ചു.
 
എല്ലാം പുതുമയായിത്തോന്നി അവൾക്ക്. മൂന്നു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് ഈ വഴി വരുന്നത്.
 
പുഴവക്കത്തെ പഞ്ചാരമണലിൽ ചിതറിക്കിടക്കുന്ന കൗമാരസ്മൃതികളുടെ വർണ്ണരേണുക്കൾ വർഷങ്ങളുടെ പൊടിമണൽ വീണു മാഞ്ഞുപോയിട്ടുണ്ടായിരിക്കണം.
 
ഒരു നിമിഷം കൊണ്ടു തന്റേതല്ലാതായിത്തീർന്ന സൗഭാഗ്യങ്ങളെക്കുറിച്ചോർത്തു നൊമ്പരപ്പെടാൻ നേരമില്ല. വേഗം നടന്നു.
 
ചകിരിക്കുഴിയിലെ ചളിവെള്ളത്തിൽ കാക്ക കുളിച്ചു കുടയുന്നുണ്ട്.
 
<nowiki>''ദൈവമേ, അമ്മയ്‌ക്കെന്തൊക്കെയാണ് സംഭവിച്ചിരിക്കുക,''</nowiki> മനസ്സിൽ സംശയങ്ങളുടെ കടന്നൽകൂട് ആർത്തിരമ്പാൻ തുടങ്ങിയിട്ടുണ്ട്.
 
അമ്മ ആസ്പത്രിയിലാണെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നു. ഒന്നു പോയിക്കാണാൻ കൊതിച്ചതാണ്. ചോദിച്ചപ്പോൾ മോന്റെ അച്ഛൻ കുരച്ചു ചാടി.
 
തറവാട്ടുകാർ ഇരിക്കശ്രാദ്ധമൂട്ടിയ മകളുടെ നേരെ തളർന്നുവീഴുന്നുതുവരെ വാത്സല്യത്തിന്റെ നീരുറവ വീഴ്ത്തിയ അമ്മ-
 
ആ നീരുറവ ഇപ്പോൾ വരണ്ടുപോയിരിക്കുന്നു.
 
മകനെ പ്രസവിച്ചുകിടക്കുന്ന കാലം. എതിർപ്പുകളുടെ കൂറ്റൻകൊടുങ്കാറ്റ് അവഗണിച്ചു കൊണ്ടാണ് അമ്മ മകളെ കാണാൻ വന്നത്.
 
<nowiki>''അവളെ കാണാൻ പോയാൽ ജാനകി പിന്നെ ഈ പടി കയറില്ല.''</nowiki> പിടിവാശിക്കാരനായ അമ്മാവൻ സുഗ്രീവാജ്ഞ നല്കി.
 
<nowiki>''അന്യജാതിക്കാരന്റെ കൂടെ ഇറങ്ങിപ്പോയാലും ശ്രീലത എന്റെ മകളല്ലേ?''</nowiki> അമ്മയുടെ ശാന്തമായ മറുപടി.
 
സ്വന്തക്കാരാരും അടുത്തില്ലാതെ അനാഥപ്പെണ്ണുങ്ങളുടെ മാതിരി ആസ്പത്രയിൽ പ്രസവിച്ചുകിടക്കുന്ന മകളെക്കണ്ട് അമ്മയുടെ കരളുരുകി. ആസ്പത്രിയിൽ നിന്നു പോകുന്നതുവരെ അവളുടെ കൂടെ നിൽക്കാമെന്നു പറഞ്ഞതാണ്.
 
മരുഭൂമിയിൽ വീണ മഴത്തുള്ളിപോലെയായിരുന്നു അമ്മയുടെ വാക്കുകൾ.
 
ക്ലാസു കഴിഞ്ഞ് അദ്ദേഹം വന്നപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചു. എന്തു സംഭവിക്കുമെന്ന ഭയം മനസ്സിലുണ്ടായിരുന്നു.
 
<nowiki>''മരിച്ചുപോയ മകളുടെ പ്രസവത്തിന് ആരുടേയും സഹായം വേണമെന്നില്ല.''</nowiki> വിചാരിച്ചതുതന്നെ സംഭവിച്ചു. അമ്മയോടൊക്ഷരം പോലും സംസാരിക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി. തൊണ്ടയിൽ തിങ്ങിവരുന്ന തേങ്ങൽ കടിച്ചമർത്തിക്കൊണ്ടു കിടയ്ക്കയിൽ ചരിഞ്ഞുകിടന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
 
ഒരിക്കലും പിന്തിരിഞ്ഞു നോക്കരുതെന്നു കൂടെകൂടെ ഉപദേശിക്കാറുള്ള അദ്ദേഹം അമ്മയുടെ മുന്നിൽ വെച്ചു ഭൂതകാലത്തിന്റെ വെടിമരുന്നറയ്ക്കു തീ കൊളുത്തുകയാണ് ചെയ്തത്.
 
കുഞ്ഞിന്നു കുട്ടിക്കുപ്പായവും പൗഡർടിന്നും സമ്മാനിച്ചു കൊണ്ട് അന്നുതന്നെ അമ്മ സ്ഥലം വിട്ടു.
 
ദുരഭിമാനത്തിന്റെ പേക്കൂത്തുകളിലും നിശ്ശബ്ദമായി നോക്കിനിന്ന നിരപരാധിയായ അമ്മ.
 
ആസ്പത്രയിൽ നിന്നു മടങ്ങിയതിന്നുശേഷം പുളികുറുക്കിയതും കോഴിമരുന്നും അമ്മ ചകിരിപ്പണിക്കാരി ഭാർഗ്ഗവിയുടെ കയ്യിൽക്കൊടുത്തയച്ചു. അദ്ദേഹത്തിനോടു പറയാനുള്ള ധൈര്യം കിട്ടിയില്ല. അയൽപക്കത്തെ പെണ്ണിനെക്കൊണ്ടു പ്രത്യേകം ഉണ്ടാക്കിച്ചതാണെന്നു നുണ പറഞ്ഞു.
 
അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മകൾ അവളായിരുന്നു. <nowiki>''ശ്രീലത അമ്മയുടെ തനിപ്പകർപ്പാ.''</nowiki> അമ്മായി കൂടെക്കൂടെ പറയാറുണ്ട്.
 
നാൽപത്തഞ്ചാം വയസ്സിലും സൗന്ദര്യം വാടിക്കരിയാതെ നിൽക്കുന്ന അമ്മയുടെ 'തൽസ്വരൂപ' മായതിൽ അവൾ ഗൂഢമായി അഭിമാനം കൊണ്ടു.
 
ഓപ്പറേഷന്നു ശേഷം അമ്മയെ ആസ്പത്രിയിൽ നിന്നു മടക്കിയ വിവരം അറിഞ്ഞിരുന്നു. കുടലിൽ ക്യാൻസറാണത്രേ.
 
ഒന്നു പോയിക്കാണാൻ ആ വീട്ടിൽ താനിപ്പോൾ ആരുമല്ലാതായിത്തീർന്നിരിക്കുന്നു.
 
ചകിരിപ്പോളയും ചുമന്ന് എതിരേ വരുന്ന പണിക്കാരിപ്പെണ്ണുങ്ങൾ സൂക്ഷിച്ചുനോക്കി എന്‌തോ അടക്കം പറയുന്നുണ്ട്. കാണാത്ത ഭാവത്തിൽ വേഗം നടന്നു.
 
അമ്മയുടെ അസുഖത്തെക്കുറിച്ചുള്ള സംശയങ്ങൾക്കു കനം വർദ്ധിക്കുകയാണ്.
 
<nowiki>''അമ്മയ്ക്കു സുഖക്കേടു കൂടുതലാണ്. ജീവനോടെ കാണണമെങ്കിൽ വേഗം പൊയ്‌ക്കോളൂ.''</nowiki>
 
വടക്കേതിലെ മണിയാണ് വന്നു പറഞ്ഞത്. അദ്ദേഹത്തോടു ചോദിച്ചപ്പോൾ വേഗം അനുവാദം തന്നു.
 
ജീവനുള്ള കാലം വീട്ടിലേയ്ക്കു പറഞ്ഞയയ്ക്കില്ലെന്നു പറഞ്ഞ ആളാണ്.
 
'അമ്മ മരിച്ചിരിക്കുമോ? ദൈവമേ, അവസാനമായെങ്കിലും ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ'-
 
ആരോടെങ്കിലും ഒന്നു ചോദിക്കമെന്നുണ്ടായിരുന്നു. ആരോടു ചോദിക്കാൻ? ചകിരിപ്പണിക്കാരി പെണ്ണുങ്ങളോടോ? പരിചയമുള്ള ആ മുഖങ്ങളെ നേരിടാൻ വേണ്ട ശക്തി ഇപ്പോളില്ല.
 
'ജനിച്ചുവളർന്ന ഈ നാടു തനിക്കുപരിചിതമാണ്.
 
എന്തിന്റെ പേരിലായിരുന്നു ഇതെല്ലാം?
 
~ഒരു നിലയ്ക്കു കഴിഞ്ഞതെല്ലാം ചോരത്തിളപ്പുകൊണ്ടു നില തെറ്റിയ മനസ്സിന്റെ ജൈത്രപടഹമായിരുന്നില്ലേ?
 
<nowiki>''ലതയ്ക്കു അഹമ്മതി ഇത്തിരി കൂടുതലാ''</nowiki>. പണ്ട് അമ്മായി പറയാറുള്ള വാക്യം ഓർമ്മ വന്നു.
 
<nowiki>''ഇഷ്ടപ്പെട്ടവരെ സ്‌നേഹിക്കുന്നതും വിവാഹം ചെയ്യുന്നതും അഹമ്മതിയാണോ?''</nowiki>
 
ആചാര്യൻ അയൽപക്കക്കാരനായപ്പോൾ ഗുരുശിഷ്യ ബന്ധത്തിന്റെ ഗതി മാറിയൊഴുകാൻ തുടങ്ങുകയായിരുന്നു.
 
ആരാധന വേഷം മാറിയ ഹൃദയബന്ധമായിരുന്നുവെന്നു മനസ്സിലാക്കാത്ത താനായിരുന്നില്ലേ അതിൽ കൂടുതലും ഉത്തരവാദി? എന്തെങ്കിലും കാരണമുണ്ടാക്കി അയൽപക്കക്കാരനായ അധ്യാപകന്റെ വീട്ടിൽ ചെന്നു.
 
തേന്മാവിൽ ആവേശപൂർവ്വം പടർന്നുകയറുമ്പോൾ അതിന്റെ വേരിൽ മുളച്ച മണ്ണിൽ നിന്ന് എന്നെന്നേയ്ക്കുമായി പിഴുതെറിയപ്പെടുമെന്നു ധരിച്ചിരുന്നില്ല.
 
പ്രൈമറി സ്‌ക്കൂൾ അധ്യാപികയായ അമ്മയുടെ പൂർവ്വപുണ്യം കൊണ്ടു ഭക്ഷണം കഴിച്ചു ജീവിക്കുന്ന മരുമക്കളുടെ മുന്നിൽ അമ്മാവൻ പുലിയായിരുന്നു.
 
മനപ്പറമ്പിലെ കൊന്നത്തെങ്ങുകൾക്കു തടമിടുന്ന വേട്ടുവരിൽ നിന്നു പുകയിലഞെട്ടി ഇരന്നുവാങ്ങി അവരോടു നഷ്ടപ്പെട്ടുപോയ ഐശ്വര്യങ്ങളെക്കുറിച്ചു സവിസ്തരം പ്രസംഗിക്കാറുള്ള അമ്മാവനെ ബഹുമാനമില്ലെങ്കിലും ഭയമായിരുന്നു.
 
<nowiki>''തറവാടിന്റെ മാനം വിൽക്കാൻ പിറന്ന മൂശേട്ടകള്''</nowiki> മരുമക്കളെ അമ്മാവൻ വാത്സല്യപൂർവ്വം സംബോധന ചെയ്തു.
 
ഹിന്ദി പഠിക്കാൻ പോയ അനന്തിരവൾ ഒരു താഴ്ന്ന ജാതിക്കാരനെക്കയറി പ്രേമിച്ചതു തറവാടിന്റെ മാനം വിൽക്കലായിട്ടല്ലാതെ മറ്റെന്തായിട്ടാണദ്ദേഹം കാണുക?
 
<nowiki>'അരിയും ഞാനവളെ.....എന്റെ ആയുസ്സുള്ളപ്പോൾ ഇതൊന്നും നടപ്പില്ല.''</nowiki>
 
പകൽപോലും പരസ്യമായി കള്ളുഷാപ്പുകളുടെ തിണ്ണനിരങ്ങുന്ന മൂത്ത അനന്തിരവളുടെ ഭർത്താവിനെക്കുറിച്ച് അദ്ദേഹത്തിന്നു വലിയ മതിപ്പാണ്.
 
<nowiki>''</nowiki>കുടിയാനാണെങ്കിലും അവൻ നല്ല നായരാ-<nowiki>''</nowiki> അമ്മാവൻ പറയും.
 
സ്വർഗ്ഗവും നരകവുമെല്ലാം ജാതിയുടെയും തറവാട്ടുമഹിമയുടെ വൈക്കോൽത്തുരുമ്പിൽ തൂങ്ങിനിൽക്കുന്നുവെന്നു ദൃഢമായി വിശ്വസിച്ച അമ്മാവൻ-
 
മകൾ അന്യജാതിക്കാരനെ കല്യാണം കഴിച്ചാൽ പുരനിറഞ്ഞുനിൽകകുന്ന അവളുടെ അനുജത്തിക്ക് അന്തിത്തുണയ്ക്കാളില്ലാതെവരുമെന്നു ഭയന്ന അമ്മ-അപവാദങ്ങളുടെ അസ്ഥിമാലകളുമായി അകത്തും പുറത്തും സ്വീകരിക്കാൻ തയ്യാറായിനിൽക്കുന്ന ബന്ധുക്കൾ-ഇവയ്‌ക്കെതിരെ അശരണയായ ഒരു പെൺകുട്ടിക്കെന്തു ചെയ്യാൻ കഴിയും?
 
ഹൃദയബന്ധങ്ങളോ അവയെ കള്ളറകളിട്ടു ഞെരിച്ചു കൊല്ലുന്ന സാമുദായികനിയമങ്ങളോ ആദ്യമുണ്ടായതെന്നറിഞ്ഞുകൂടാ.
 
എല്ലാം സഹിച്ചുകൊണ്ട് ഉറച്ചുനിൽക്കാനും വിശ്വസിക്കാനും ശ്രമിച്ചു.
 
സർപ്പക്കാടിന്നടുത്തു കടിഞ്ഞൂൽപൂത്ത എലഞ്ഞിയുടെ പൂക്കൾ വാടി വീഴുകയായിരുന്നു.
 
കൽത്തൂണുകൾപോലും രാപ്പകൽ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ആ പഴയ നാലുകെട്ടിന്റെ വെളിച്ചം കടക്കാത്ത മുറിക്കകത്തുനിന്ന് അവളൊരു ദിവസം ഇറങ്ങിപ്പോന്നു-അയാളുടെ കൂടെ ജീവിക്കാൻ. അവൾ അദ്ദേഹത്തിന്റെ കൂടെ ഒളിച്ചോടിയപ്പോൾ ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മാവൻ അട്ടഹസിച്ചു: <nowiki>''</nowiki>ഇങ്ങനെ ഒരാൾ ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ അവൾ മരിച്ചുപോയി.<nowiki>''</nowiki>
 
അമ്മയുടെ സഹോദരിമാരും വീടുവിട്ടുപോയ അവളെച്ചൊല്ലി കണ്ണീർ വാർത്തു.
 
കൈയിൽക്കിട്ടിയാൽ കൊന്നുകളയാൻ തയ്യാറായി നിൽക്കുന്ന വീട്ടിലേയ്ക്കാണ് കയറിച്ചെല്ലുന്നത്. എന്തു സംഭവിക്കുമെന്നറിഞ്ഞുകൂടാ. എന്തും വരട്ടെ.
 
വർഷങ്ങളുടെ പ്രയാണത്തിൽ രക്തത്തിന്റെ ചൂടാറി ആവേശം തണുത്തുറഞ്ഞപ്പോൾ കഴിഞ്ഞതെല്ലാം ഒരു വെറുങ്ങലിച്ച നിസ്സംഗതയോടെ നോക്കിക്കാണാൻ ശ്രമിക്കുകയാണ്.
 
ന്യായവാദത്തിന്റെ കുന്തമുന കോർത്ത് ഇടയ്ക്കിടെ മനസ്സമാധാനം നഷ്ടപ്പെടാറുണ്ട്.
 
വാസ്തവത്തിൽ ഒരു കുടുംബം കലക്കിയിട്ടല്ലേ അവിടുന്നിറങ്ങിപ്പോന്നത്?
 
തകർന്നതാണെങ്കിലും പാരമ്പര്യമുള്ള ഒരു തറവാടിന്റെ അഭിമാനം. രണ്ടു പെൺകുട്ടികളുടെ ഭാവി-
 
ഇന്നാണെങ്കിൽ ഇതെല്ലാം സംഭവിക്കുമോ?
 
സ്വയം പഴിക്കാനുള്ള മനസ്സിന്റെ വാസന വർദ്ധിച്ചു വരികയാണ്. അമ്മയെക്കുറിച്ചും അനുജത്തിമാരെക്കുറിച്ചും ആലോചിച്ചതുകൊണ്ടാവാം.
 
മനസ്സിലെവിടെയോ കുറ്റബോധത്തിന്റെ അവ്യക്ത രൂപങ്ങൾ അലഞ്ഞുനടക്കുന്നുണ്ട്. (ഈ വിലയിരുത്തലിന്റെ സ്വരം തനിക്കുപരിചിതമാണ്.)
 
എന്തായാലും എല്ലാം പൊറുക്കാനും മറക്കാനും കഴിവുള്ള അമ്മയെക്കണ്ട് അവസാനനിമിഷത്തിലെങ്കിലും മാപ്പുപറയണം.......
 
മനപ്പറമ്പും അമ്പലവും പിന്നിട്ടതറിഞ്ഞില്ല. നടന്നു നടന്നു മരയ്ക്കാരിന്റെ പലചരക്കുപീടികയുടെ മുന്നിലെത്തിയിരിക്കുന്നു. കട അടച്ചിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയായതു കൊണ്ടാവാം. പീടികയുടെ മുന്നിൽ നിന്നാൽ ചെങ്കല്ലുകൊണ്ടു പടികെട്ടിയ വീടു കാണാം.
 
നടപടികൾ ശ്രമപ്പെട്ടു കയറി മുറ്റത്തേയ്ക്കു നടന്നു.
 
മുറ്റത്തും കോലായിലും ആളുകൾ കൂടിനിന്ന് അടക്കം പറയുന്നുണ്ട്. ചിലർ തിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്നു.
 
തെക്കേപ്പറമ്പിൽ മാവു വെട്ടുന്ന ശബ്ദം!
 
അവൾക്കെല്ലാം മനസ്സിലായി.
 
കാലുകൾക്കു ബലം നഷ്ടപ്പെടുകയായിരുന്നു.
 
<nowiki>''എന്റമ്മേ......''</nowiki> അവൾ കരഞ്ഞു കൊണ്ട് അകത്തേയ്‌ക്കോടി. മുൻവശത്തെ മുറിയിൽ തെക്കുവടക്കു നിവർത്തിയിട്ടിരിക്കുന്ന പായിൽ അമ്മ കിടക്കുന്നുണ്ട്. അമ്മയാണെന്നു തിരിച്ചറിയാൻ പ്രയാസമാണ്. വരണ്ടുണങ്ങിയ ആ രൂപത്തിന്നു കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ഗുഹകളായിരുന്നു.
 
തലയ്ക്കൽ നിലവിളക്കം നിറയും വെച്ചിട്ടുണ്ട്.
 
കോലായിലും മുറ്റത്തും കൂടിയിരുന്നവർ നിഴലുകൾ പോലെ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരുന്നു. ആരും സംസാരിച്ചിരുന്നില്ല. എന്തെങ്കിലും പറയാനുള്ളവർ അടക്കിപ്പിടിച്ച സ്വരത്തിൽ ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറഞ്ഞു. ആശ്ചര്യം കൊണ്ടുണ്ടായ ഒരുതരം വെറുങ്ങലിപ്പ് അവരിൽ പ്രകടമായിരുന്നു. ഒരു പ്രേതത്തെ ക്കാണുന്നതുപോലെ ആളുകൾ അവളെ തുറിച്ചു നോക്കി.
 
ഒന്നും അവൾ ശ്രദ്ധിച്ചില്ല. കോടിത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ആ രൂപം മാത്രമേ അവളുടെ മുന്നിലുണ്ടായിരുന്നുള്ളൂ.
 
അമ്മയുടെ കാൽക്കലായി കരഞ്ഞുവീർത്ത കണ്ണുകളോടെ ഉണങ്ങിയ പടവലത്തണ്ടുപോലെ ശോഷിച്ച ശരീരമുള്ള ഏടത്തി ചുമരുംചാരി ഇരുന്നിരുന്നു.
 
തെക്കിനിപ്പുരയിൽ നിന്ന് അനുജത്തിമാരുടെ ക്ഷീണസ്വരത്തിലുളള തേങ്ങൽ കേൾക്കും.
 
അതിലെ കടന്നുപോയ ഏടത്തിയുടെ ഭർത്താവ് അവളെ സൂക്ഷിച്ചുനോക്കി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരാളെ നോക്കുമ്പോലെ. കടത്തിണ്ണകളിലും കള്ളുഷാപ്പിലും കയറിനിന്ന് അനുജത്തിയെക്കുറിച്ചും അവളുടെ ഭർത്താവിനെക്കുറിച്ചും പുലഭ്യംപറയലായിരുന്നു കുറിയ ഉടലും കോലൻമുടിയുമുള്ള ആ മനുഷ്യന്റെ സ്ഥിരം ജോലി. ഏറെനേരം അവളെ മിഴിച്ചുനോക്കിനിന്നതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല. മരണത്തിന്റെ മുന്നിൽ എല്ലാ വകതിരിവുകളും നിരർത്ഥകമാണെന്ന് അയാൾക്കു തോന്നിയിരിക്കാം.
 
അന്തരീക്ഷത്തിൽ തങ്ങിനിന്ന നിശ്ശബ്ദതയ്ക്കു കനം വർദ്ധിക്കുകയായിരുന്നു.
 
കുറ്റബോധത്തിന്റെ ഉരുക്കുമുനകൾ കരളിൽ ആഴ്ന്നിറങ്ങുകയാണ്.
 
'ഒരു ദിവസം മുമ്പെ അറിഞ്ഞിരുന്നെങ്കിൽ....!
 
ദൈവമേ, ഒരിറ്റുവെള്ളം പോലും കൊടുക്കാൻ കഴിയാതെ.....
 
എല്ലാം കഴിഞ്ഞു. അമ്മയ്ക്കിനി ഒന്നിനെക്കുറിച്ചും വേദനയില്ല. എല്ലാ ദുഃഖങ്ങളോടും അവർ യാത്രപറയുകയാണ്.
 
അന്ത്യകർമ്മങ്ങൾക്കുശേഷം മൃതദേഹം ചിതയിലേയ്‌ക്കെടുക്കാറായി. കുട്ടനും ഏടത്തിയും അനുജത്തിമാരും അമ്മയെ അവസാനമായി നമസ്‌കരിച്ചു.
 
സഹതാപം പങ്കിടാനെത്തി, മുറ്റത്തും കോലായിലും കൂടിനിന്നിരുന്ന ബന്ധുക്കളുടെ കണ്ണുകൾ ഈറനാവുകയായിരുന്നു.
 
<nowiki>''</nowiki>എന്റമ്മേ........എന്നോടു പൊറുക്കണേ!<nowiki>''</nowiki> എന്നു പുലമ്പിക്കൊണ്ട് അവൾ അമ്മയുടെ കാൽക്കൽ വീണു.
 
<nowiki>''ശ്രീലത അമ്മയെക്കണ്ടില്ലേ?''</nowiki> പിന്നിൽനിന്നുയർന്ന ഇടിനാദം പോലുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. അമ്മാവനാണ്.
 
<nowiki>''നീ അമ്മയെ കാണാനല്ലേ വന്നത്?''</nowiki>
 
അവൾ ഒന്നും മിണ്ടിയില്ല. കാണാനെത്തുമ്പോഴേയ്ക്കും
 
അമ്മ പൊയ്ക്കഴിഞ്ഞിരുന്നു.
 
<nowiki>''അമ്മയെക്കണ്ടില്ലേ?........''</nowiki>
 
<nowiki>''</nowiki>കണ്ടു<nowiki>''</nowiki>-എങ്ങനെയാ വാക്കുകൾ പുറത്തുവന്നു.
 
<nowiki>''അമ്മയെ പ്രദക്ഷിണം വെച്ചു തൊഴുതോളൂ.''</nowiki> യന്ത്രത്തെപ്പോലെ അവൾ അനുസരിച്ചു.  
 
<nowiki>''</nowiki>ശരി, ഇനി പൊയ്‌ക്കോളൂ<nowiki>''</nowiki>-ഇടിനാദം പോലുള്ള ശബ്ദം വീണ്ടും.
 
അവൾക്ക് ഒന്നും മനസ്സിലായില്ല. ബോധം നഷ്ടപ്പെടുന്നതുപോലെ   തോന്നി.
 
<nowiki>''പോകാനാണ് പറഞ്ഞത്.''</nowiki> അമ്മാവന്റെ ശബ്ദം കൂടുതൽ കനക്കുകയായിരുന്നു.
 
അമ്മായിയുടെ കൈയിലനിന്നു കുഞ്ഞിനെയും വാങ്ങി പൊളിഞ്ഞുകിടക്കുന്ന നടപ്പടികളും ഇറങ്ങി അവൾ നടന്നു. മാസ്മരനിദ്രയിൽപ്പെട്ടവർ ഹിപ്‌നോട്ടിസക്കാരനെ അനുസരിച്ചു നടക്കുന്നതുപോലെ.
 
കാലു കുഴഞ്ഞ് ഇടവഴിയിൽ വീണുപോകാതിരിക്കാൻ അവൾ ശ്രമപ്പെടുമ്പോൾ ജനിച്ചുവളർന്ന വീടുമായി അവളെ ബന്ധിക്കുന്ന അവസാനത്തെക്കണ്ണി ചിതയിലിരുന്നു കത്തിയെരിയുകയായിരുന്നു.
 
(മംഗളോദയം 1967 ജൂൺ)
 
==അവലംബം==
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്