"വെട്ടം മാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേജ് തുടങ്ങുന്നു.
(വ്യത്യാസം ഇല്ല)

11:03, 21 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കർഷക കുടുംബത്തിൽ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാൻ. മാതാവ് അന്നമ്മ. അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് അംഗീകൃത സ്‌കൂളിലെ അധ്യാപകവൃത്തി ഉപേക്ഷിക്കുകയും ഹിന്ദി വിദ്യാലയം വികസിപ്പിച്ച് എല്ലാ പരീക്ഷകൾക്കും ട്യൂഷൻ കൊടുക്കുന്ന പ്രകാശ് ട്യൂട്ടോറിയൽ എന്ന ഒരു ട്യൂട്ടോറിയൽ കോളജ് വളർത്തിയെടുക്കുകയും ചെയ്തു.

ട്യൂട്ടോറിയൽ ജീവിതഘട്ടത്തിലാണ് വെട്ടം മാണി പുരാണിക് എൻസൈക്ലോപീഡിയയുടെ നിർമ്മാണം തുടങ്ങിയത്. പകൽ അദ്ധ്യാപനവും രാത്രി വിജ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വർഷങ്ങളോളം അധ്വാനിച്ചു. ഭാരതീയ പുരാണേതിഹാസങ്ങളിലെ പ്രധാന സംഭവങ്ങളും കഥാപാത്രങ്ങളും ആകാരാദി ക്രമത്തിൽ അവതരിപ്പിക്കുന്ന പുരാണിക് എൻസൈക്ലോപീഡിയ എന്ന തന്റെ ഏറ്റവും പ്രമുഖ കൃതിയുടെ ഒന്നാം പതിപ്പ് 1964ലാണ് നാലു വാല്യങ്ങളായി പുത്തേഴത്ത് രാമൻ മേനോൻറെ അവതാരികയോടെ പുരാണ നിഘണ്ടു എന്നപേരിൽ പ്രസിദ്ധീകരിച്ചത്. 1967ൽ രണ്ടു വാല്യങ്ങളായി രണ്ടാം പതിപ്പും പ്രകാശിപ്പിച്ചു. മറ്റൊരു ഇന്ത്യൻ ഭാഷയിലും അതിന് സമാനമായൊരു കൃതിയില്ല. ഭാരതീയ ഭാഷകളിൽ ആദ്യത്തേതായിരുന്നു ഇത്തരമൊരു പുരാണ നിഘണ്ടു. ദില്ലിയിലെ മോട്ടിലാൽ ബനാറസി ദാസ് എന്ന അന്തർദേശീയ പ്രസിദ്ധീകരണ ശാല അതിൻറെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധപ്പെടുത്തി.

1971-ൽ ഭാവന എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് തുടങ്ങിയെങ്കിലും 20 ലക്കങ്ങൾക്കു ശേഷം അത് നിർത്തേണ്ടിവന്നു. ലഘുപുരാണ നിഘണ്ടു, ഇംഗ്ലീഷ് ഗുരുനാഥൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ. 1987 മെയ് 29-ന് അറുപത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=വെട്ടം_മാണി&oldid=3338993" എന്ന താളിൽനിന്ന് ശേഖരിച്ചത്