"ചെറുശ്ശേരി അഹ്‌മദ്‌ കുട്ടി മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1873 -1930 കാലഘട്ടത്തിൽ മലബാറിൽ അറിയപ്പെട്ട ഇസ്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:21, 2 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

1873 -1930 കാലഘട്ടത്തിൽ മലബാറിൽ അറിയപ്പെട്ട ഇസ്ലാം മത പണ്ഡിതനും, [സൂഫി]] യതിയുമാണ് ചെറുശ്ശേരി ആഹ്മദ് കുട്ടി മുസ്ലിയാർ. മുഫ്തി, എഴുത്തുകാരൻ, പ്രഭാഷകൻ, സ്വാതന്ത്ര്യ സമരസേനാനി, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ ഇദ്ദേഹം കേരളത്തിലെ പാരമ്പര്യ ഇസ്ലാമിക സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥപക നേതാക്കളിൽ പ്രമുഖനാണ്. [1] [2]

ജീവചരിത്രം

ഖാദിയാരകത്ത് തുറക്കൽ കുഞ്ഞറമു മുസ്ലിയാരുടെയും, മുസ്ലിയാരകത്ത് ഫാത്തിമയുടെയും മകനായി 1873 ൽ ജനനം. മാതാമഹനായിരുന്ന 'മുസ്ലിയാരകത്ത് ഖാദി അലി ഹസൻ' ഖാദി എന്ന നിലയിൽ പ്രശസ്തനാണ്. മാതാപിതാക്കളിൽ പ്രാഥമിക അറിവുകൾ കരസ്ഥമാക്കിയതിനു ശേഷം ജ്യേഷ്ഠനും പ്രശസ്ത പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ ദർസിൽ ചേർന്ന് പഠനം നടത്തി തുടർന്ന് താനൂർ മുഹമ്മദ് മുസ്ലിയാർ, അല്ഹാജ് അലിയ്യുത്തൂരി, ചാലിലകത്ത് കുഞ്ഞഹമ്മദാജി എന്നീ പണ്ഡിതന്മാരുടെ കീഴിൽ ഉപരിപഠനവും നടത്തി. സ്വപിതാവ് , താനൂർ മുഹമ്മദ് മുസ്ലിയാർ എന്നിവരിൽ നിന്നും ഥരീഖകൾ സ്വീകരിച്ചു സൂഫിസത്തിലും അറിവാർജ്ജിച്ചു. 1906 ല് കൊടിയത്തൂര് പള്ളി ദർസിൽ മതാധ്യാപനത്തിലൂടെ ഔദ്യോഗിക ജീവിതത്തിന് ആരംഭം. തുടർന്ന് വാഴക്കാട് ദാറുൽ ഉലും ദർസിൽ പ്രധാന അധ്യാപകനായെങ്കിലും ഗുരുവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ക്ഷണിച്ചു കൊണ്ട് വന്നു പ്രധാന അധ്യാപക സ്ഥാനം കൈമാറുകയും സഹ മുദരിസ് തസ്തികയിലേക്ക് ചുമതല മാറുകയും ചെയ്തു. [3] 1918 ല് ഗുരു അധ്യാപകവൃത്തി അവസാനിപ്പിച്ചതോടെ വാഴക്കാടിൽ നിന്നും മൊറയൂർ ദർസിൽ പ്രധാന അധ്യാപകനായി ചുമതലയേറ്റെടുത്തു.

മൊറയൂരിൽ അധ്യാപക വൃത്തി നടത്തുന്നതിനിടെയാണ് സ്വത സിദ്ധമായി പുലർത്തി കൊണ്ടിരുന്ന ബ്രിട്ടീഷ് വിരുദ്ധത സ്വതന്ത്ര സമര പ്രവർത്തനങ്ങളിലേക്ക് അഹ്മദ് കുട്ടി മുസ്ലിയാരെ കൊണ്ട് ചെന്നെത്തിച്ചു. മികച്ച പ്രഭാഷകനായ ചെറുശ്ശേരി മുസ്ലിയാർ തൻറെ വഅള് പ്രഭാഷണങ്ങൾ ബ്രിട്ടീഷ് വിരുദ്ധതയ്ക്ക് മറയാക്കി മാറ്റി. ബ്രിട്ടീഷുക്കാർക്ക് എതിരെ പോരാടാനായി താനൂർ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാർ രചിച്ച മുഹിമ്മാത്തുല് മുസ്ലിമീന് എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതുകയും ഫത്വ നൽകുകയും ചെയ്തതോടെ ബ്രിട്ടീഷ് സർക്കാരിൻറെ നോട്ടപ്പുള്ളിയായി മാറി.[4] ഈ ഗ്രന്ഥം ബ്രിട്ടീഷ് കളക്ടർ കണ്ട് കെട്ടുകയും നിരോധിക്കുകയും ചെയ്തു. [5] [6] പൂക്കോട്ടൂർ കുഞ്ഞി തങ്ങളുമായുള്ള സൗഹൃദം ഖിലാഫത്ത് കൂടിയാൻ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ചെറുശ്ശേരിയെ പ്രേരിതമാക്കി.

എന്നാൽ 1921 മലബാർ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ എടുത്ത് ചാടി സായുധകലാപം നടത്തരുത് എന്ന നിലപാടാണ് ചെറുശ്ശേരി പുലർത്തിയത്. മലബാർ കലാപം പൊട്ടി പുറപ്പെടാനിടയാക്കിയ കളക്ടർ കൊല്ലപ്പെട്ടു, മമ്പുറം പള്ളി പൊളിച്ചു പോലുള്ള കിംവദന്തികൾ ഏറനാടും വള്ളുവനാടും പടർന്നു പിടിച്ചത് ഒരേ സമയത്തായിരുന്നു. മാപ്പിളമാരെ കൊന്നൊടുക്കാൻ ബ്രിട്ടീഷുകാരാണ് ഈ കിംവദന്തി പ്രചരിപ്പിച്ചതെന്ന് ഖിലാഫത്ത് അനുകൂലികളും, സർക്കാർ വിരുദ്ധ ലഹള നടത്താൻ ലഹളക്കാരാണ് കിംവദന്തി സൃഷ്ടിച്ചതെന്ന് ബ്രിട്ടീഷ് സർക്കാരും, ബ്രിട്ടീഷ് തോക്കിനാൽ മാപ്പിളമാരെ കൊലപ്പെടുത്താൻ ജന്മിമാർ പടർത്തിയതാണ് ഇത്തരം ഊഹാപോഹങ്ങളെന്നുമുള്ള പലവിധ നിഗമനങ്ങൾ പിൽകാലത്ത് ഇതിനെ കുറിച്ചുണ്ടായിട്ടുണ്ട്.

ഇത്തരം കിംവദന്തികൾ ഒരേ സമയം പടർന്നു പിടിച്ചത് ഗൂഡാലോചനയുടെ ഫലമാണെന്നും ആയുധ ശക്തിയുള്ള ബ്രിട്ടനോട് തയ്യാറെടുപ്പുകൾ ഇല്ലാതെ യുദ്ധം നടത്തിയാൽ വിപരീതഫലം ചെയ്യുമെന്നുമുള്ള ആശങ്ക ഇദ്ദേഹം ഖിലാഫത്ത് നേതാക്കളുമായി പങ്ക് വെച്ചു. പൂക്കോട്ടൂർ ആക്രമിക്കാൻ പട്ടാള സംഘം വരുന്നെന്ന വാർത്തയുടെ നിജസ്ഥിതി അറിയാതെ യുദ്ധം നയിക്കരുതെന്ന അഭിപ്രായമായിരുന്നു പൂക്കോട്ടൂർ കുഞ്ഞിതങ്ങൾക്കും ഉണ്ടായിരുന്നത്. അധികാര കേന്ദ്രങ്ങൾ പിന്തിരിഞ്ഞോടുകയും ഖിലാഫത്ത് ഭരണം സ്ഥാപിതമാവുകയും , സമരത്തിൻറെ തീച്ചൂളയിൽ ഏറനാട് വീഴുകയുമുണ്ടായതോടെ ഇത്തരം അഭിപ്രായപ്രകടനങ്ങൾ അപ്രസക്തമായി. മാപ്പിളമാരെ വേട്ടയാടുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരത ചെറുശ്ശേരി ആഹ്മെദ് മുസ്ലിയാരെയും തേടിയെത്തി. ഇദ്ദേഹത്തിൻറെ മതപാഠശാല ആക്രമിച്ച പട്ടാളം ഗ്രന്ഥശാലയ്ക്ക് തീകൊളുത്തി നിരവധി പുസ്തകങ്ങൾ നശിപ്പിക്കപ്പെട്ടു.

കുഞ്ഞി തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ, ആലി മുസ്ലിയാർ തുടങ്ങിയവരുടെ കൊലകൾ മുസ്ലിയാർക്ക് കനത്ത ആഖാതമായി. മലബാർ കലാപം ടിയാനെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചു. ഇതോടെ കലാപാനന്തരം കോൺഗ്രെസ്സുമായി അകലം വെക്കുകയും, സ്വാതന്ത്ര പോരാട്ടത്തിന് അറുതി വരുത്തുകയും മത മണ്ഡലത്തിൽ മാത്രമായി പ്രവർത്തമൊതുക്കുകയും ചെയ്തു. നല്ലളം, മണ്ണാർക്കാട് എന്നിവിടങ്ങളിലെ അധ്യാപനത്തിനു ശേഷം 1925 ഇൽ വാഴക്കാട് പ്രധാന അധ്യാപകനായി വീണ്ടും ചുമതലയേറ്റെടുത്തു. അവിടെ വെച്ചായിരുന്നു മരണവും

സമസ്ത രൂപീകരണം

മലബാർ കലാപത്തിനിടെ അഹ്മദ് മുസ്ലിയാരുടെ സ്നേഹിതനും സഹപാഠിയുമായ തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ കൊച്ചി രാജ്യത്തിലെ കൊടുങ്ങലൂരിലേക്ക് നാട് കടക്കുകയും പിന്നീട് പുരോഗമന ചിന്താഗതികളിൽ ആകൃഷ്ടനായി യാഥാസ്ഥിതിക ആചാരങ്ങളിൽ നിന്നും മുക്തമായി കെ എം മൗലവി എന്ന പേരിൽ പുരോഗമന വാദിയായി മലബാറിലേക്ക് വീണ്ടും രംഗ പ്രവേശനം ചെയ്യുകയുമുണ്ടായി.[7] കെ എം മൗലവി അടക്കമുള്ള പുരോഗമന വാദികൾ യാഥാസ്ഥിതിക പിന്തിരിപ്പൻ അനുഷ്ഠാനങ്ങളെ നിശിതമായി വിമർശിക്കാനും അറേബ്യാ പണ്ഡിതൻ ഇബ്നു വഹാബിൻറെ ചിന്താഗതികൾ പ്രസരണം ചെയ്യുവാനും തുടങ്ങിയതോടെ യാഥാസ്ഥിക പണ്ഡിതർക്ക് ഇരുപ്പുറക്കാതെ വന്നു.[8] ബ്രിട്ടീഷ് വിരുദ്ധർ , ബ്രിട്ടീഷ് അനുകൂലികൾ , നിക്ഷ്പക്ഷർ എന്നിങ്ങനെ വിവിധ തട്ടുകളിൽ കലഹിച്ചിരുന്ന പാരമ്പര്യ പണ്ഡിതർക്ക് പുരോഗമനക്കാരുടെ കടന്നു വരവ് തങ്ങളുടെ മേധാവിത്യത്തിനു കോട്ടം തട്ടുമെന്ന ഭയം സൃഷ്ടിച്ചു. ഇതോടെയാണ് അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റിവെച്ചുകൊണ്ട് അവരൊരുമിച്ചു യാഥാസ്ഥിതിക കൂട്ടായ്മയ്ക്ക് രൂപം നൽകുന്നത്. 1925 ഇൽ രൂപം നൽകിയ കൂട്ടായ്മ 1926 ഇൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ രെജിസ്റ്റർ ചെയ്തു. മുശാവറ കമ്മിറ്റി അംഗമായി ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാർ പ്രവർത്തിച്ചു. [9]

1930-ൽ നിര്യാതനായി. ഖാദിയാരകം ജുമുഅത്ത് പള്ളിൽ ഖബറടക്കം. പാലക്കാം തൊടി അബൂബക്കർ മുസ്‌ലിയാർ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, കുഞ്ഞ് മാഹിൻ കോയ മുസ്ലിയാർ മണ്ണുങ്ങൽ അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാർ എന്നിവർ ശിഷ്യരിൽ പ്രധാനികളാണ്

  1. ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ ലളിതമായിരുന്നു ആ ജീവിതം' ശൈഖ് മുഹമ്മദ് കാരകുന്ന്' പ്രബോധനം 2016 മാർച്ച്‌ 04
  2. മലയാളക്കരയിലെ പൈതൃകവും സംഭാവനകളും സദ്‌റുദ്ദീൻ വാഴക്കാട്'2016 ഇമാം ഷാഫിഈ വിശേഷാൽ പതിപ്പ് പ്രബോധനം
  3. പ്രബോധനം കേരള മുസ്ലിം നവോത്ഥാന ചരിത്രം 65
  4. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം. പ്രബോധനം 1998 സ്‌പെഷ്യൽ പതിപ്പ്
  5. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പുറം: 72
  6. അധിനിവേശ വിരുദ്ധ സാഹിത്യങ്ങൾ സി ഹംസ
  7. R.E. Miller. Encyclopaedia Dictionary Islam Muslim World . p. 462.
  8. കെ.എം.മൗലവി സാഹിബ്(ജീവചരിത്രം) -കെ.കെ. മുഹമ്മദ് അബ്ദുൽ കരീം
  9. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 1978- പു, 77