"നാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
അനുകരണവാസനയിൽ നിന്നാണ് നാടകത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതുപോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു. ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാടകചിന്തയിൽ ഒരു നിർണായകഘടകമാണ്. മനുഷ്യരുടെ വിഭിന്ന പ്രകൃതങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവിഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ്. ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടനങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ്. സംഘട്ടനം നാടകത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു.
===ഉദ്ഭവം===
വികസിതമായ നാടകകല ആദ്യമായി നിലവിൽ വന്ന രാജ്യം പ്രാചീന ഗ്രീസ് ആയിരുന്നു എന്ന് ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അതിനെത്തുടർന്ന് അധികകാലം കഴിയുന്നതിനു മുമ്പുതന്നെ ഇന്ത്യയിലും നാടകകല രൂപംകൊണ്ടു. പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ ദേവതാ പ്രതിഷ്ഠകൾക്കു ചുറ്റും അണിനിരന്ന് ആരാധനാപരമായ പാട്ടുകൾ പാടുകയും താളാത്മകമായി ചുവടുവച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷ്ഠയെ വലംവയ്ക്കുകയും ചെയ്തുവന്നു. ആ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ ആരാധകർ പാടിയിരുന്ന ഗീതങ്ങളിൽ ഓരോ ഭാഗവും ഓരോരുത്തർ മാറിമാറിപാടുന്ന സമ്പ്രദായം നിലവിൽവന്നു. അചിരേണ, ഗീതത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പാടുന്നയാൾ പ്രത്യേക കഥാപാത്രത്തിന്റെ ഭാവരൂപങ്ങൾ കൈക്കൊള്ളാൻ തുടങ്ങി. ഇങ്ങനെ നൃത്തം ചെയ്യുന്നവരെല്ലാം വിഭിന്ന കഥാപാത്രങ്ങളായിത്തീരുകയും ഓരോരുത്തരുടെയും നൃത്തരംഗങ്ങൾ അവരവർ പാടുന്ന ഗീതഭാഗത്തിന്റെ അഭിനയമായി രൂപാന്തരപ്പെടുകയും എല്ലാവരുടെയും അഭിനയം കൂടിച്ചേർന്ന് നിയതമായ ഒരു ഇതിവൃത്തത്തിന്റെ ആവിഷ്കരണമായിത്തീരുകയും ചെയ്തു. അതോടുകൂടി അനുഷ്ഠാനം നാടകമായിത്തീർന്നു. കാലാന്തരത്തിൽ ഇപ്രകാരം ഒരു സംഘം കലാകാരന്മാർ കൂടിച്ചേർന്ന് പാട്ടിലും സംഭാഷണത്തിലും രംഗചലനങ്ങളിലും കൂടി ഇതിവൃത്തം അവതരിപ്പിക്കുന്ന നാടകകല രൂപംപ്രാപിച്ചു.
 
പ്രാചീനകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി അഗ്നികുണ്ഠം തയ്യാറാക്കുകയും അന്നന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ആ അഗ്നിയിലിട്ട് വേവിച്ചു ഭക്ഷിക്കുകയും ചെയ്തതിനുശേഷം അഗ്നികുണ്ഠത്തെ വലംവച്ചുകൊണ്ടു പാടി ആടുക പതിവായിരുന്നു. ദേവതാസ്തുതിപരങ്ങളും പ്രാർഥനാരൂപത്തിലുള്ളവയുമായ ആ പാട്ടുകളുടെ ആലാപനം, ക്രമേണ നാടകീയ ഭാഷണങ്ങളായി മാറിയെന്നും വിവിധ സംഘാംഗങ്ങൾ വ്യത്യസ്തങ്ങളായ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്ന ഗാനഭാഗങ്ങൾ ചൊല്ലിക്കൊണ്ട് നടത്തുന്ന നൃത്തം കാലാന്തരത്തിൽ വിഭിന്ന കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയ നാടകം ഉദ്ഭവിച്ചതെന്നും പ്രമുഖ ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇതുപോലെ പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽ നിന്നു നാടകമുണ്ടായതായി ചില ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ഉണ്ടായ ജാപ്പനീസ് നാടകങ്ങളുടെ പരിണതരൂപങ്ങളാണ് ജപ്പാനിൽ നിലനിൽക്കുന്ന 'നോ', 'കബൂക്കി' എന്നീ പരമ്പരാഗത നാടകങ്ങൾ എന്ന് അവർ അനുമാനിക്കുന്നു.
 
===പ്രാചീനകാലം===
ബി.സി. 1500-നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ (Abydos Passion Play) എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു. നാലും അഞ്ചും ശതകങ്ങളിൽ അവിടുത്തെ നാടകം പൂർണ വളർച്ച പ്രാപിച്ചിരുന്നു. നാടകരചനയും രംഗവേദിയിലെ നാടകാവതരണവും നാടകമത്സരവും വിപുലമായ പ്രചാരം നേടിയ കാലഘട്ടമായിരുന്നു അത്. അക്കാലത്ത് ഗ്രീസിൽ പ്രതിഭാശാലികളായ പല നാടകകൃത്തുക്കളും ജീവിച്ചിരുന്നു. നാടകങ്ങളുടെ അവതരണം കണ്ടാസ്വദിക്കാൻ ജനസാമാന്യം തടിച്ചുകൂടാറുണ്ടായിരുന്നു. അവതരണം നടന്നിരുന്നത് സ്റ്റേഡിയത്തിനു സദൃശവും വൃത്താകാരവുമായ സ്ഥലത്ത് (Amphitheatre) ആണ്. അതിന്റെ മൂന്നുവശത്തും സദസ്യർക്ക് നാടകം ഇരുന്നുകാണാനായി പടവുകൾ പോലുള്ള ഇരിപ്പിടങ്ങൾ നിർമിച്ചുവന്നു. ഈ സ്ഥലത്തിന് മേൽക്കൂരയോ അടച്ചുകെട്ടോ ഉണ്ടായിരുന്നില്ല. ആളുകൾക്കുള്ള ഇരിപ്പിടങ്ങളുടെ എതിർവശത്ത് പൊക്കമേറിയ ഒരു രംഗവേദി നിർമ്മിക്കപ്പെട്ടിരുന്നു. ആ വേദിയിൽ നിന്നാണ് നടന്മാർ അഭിനയം നടത്തിവന്നത്. രംഗവേദിയുടെ മുൻവശത്ത് താഴെ ഒരു ഗായകസംഘം നാടകാവതരണവേളയിൽ നിലയുറപ്പിച്ചുവന്നു. നാടകത്തിലെ ഓരോ രംഗവും അവസാനിക്കുമ്പോൾ അതിലെ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗായകസംഘം വികാരനിർഭരമായ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. ഈ സംഘത്തെ കോറസ് (Chorus)എന്നാണ് പറഞ്ഞുവന്നത്. നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താനുള്ള ഉപാധി ആയിരുന്നു കോറസിന്റെ ഗാനാലാപം.
"https://ml.wikipedia.org/wiki/നാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്