"വിക്കിപീഡിയ:കൈപ്പുസ്തകം/രണ്ടാം പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ തന്നെ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമമായിരുന്നു റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ. എന്നാൽ അതു് ആസൂത്രണ ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. ഓരോ വിഷയങ്ങളിലേയും വിദഗ്ധരുടെ ലേഖനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്ത പദ്ധതി. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ. ന്യൂപീഡിയക്കു് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷെ ലേഖനങ്ങൾ എഴുതപ്പെടുന്നത് വളരെ പതുക്കെ ആയിരുന്നു. 2000-ൽ ന്യൂപീഡിയ സ്ഥാപകൻ ആയിരുന്ന ജിമ്മി വെയിൽസും അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാങറും ന്യൂപീഡിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച്‌ ഏറെ ആലോചിച്ചു. ഇതിന്റെ ഫലമായാണു് വിക്കിപീഡിയ പിറന്നത്. വിക്കിപീഡിയ വമ്പിച്ച പ്രചാരം നേടിയതോടെ ന്യൂപീഡിയ പിന്നീടു് പിൻവലിക്കപ്പെട്ടു.
 
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരുഒരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് ഈ സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി.
വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന അമേരിക്കക്കാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.