"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'Dominic,Saint സ്പാനിഷ് വൈദികൻ. ഡൊമിനിക്കൻസ് എന്ന പേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:12, 25 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Dominic,Saint സ്പാനിഷ് വൈദികൻ. ഡൊമിനിക്കൻസ് എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്തീയ സന്ന്യാസസംഘത്തിന്റെ സ്ഥാപകൻ. 1171-ൽ (വർഷത്തെക്കുറിച്ച് തർക്കം നിലനില്ക്കുന്നു) സ്പെയിനിലെ കലെറ്യൂഗയിൽ ഡോൺ ഫെലിക്സ് ഒഫ് ഗുസ്മന്റേയും ജുവാനാ ഒഫ് അസയുടേയും പുത്രനായി ജനിച്ചു. പലെൻഷ്യ സർവകലാശാലയിൽ ദൈവശാസ്ത്രത്തിലും ലളിതകലകളിലും പരിശീലനം നേടി. 1194-ൽ ഇദ്ദേഹത്തിന് വൈദികപ്പട്ടം ലഭിച്ചു. 1203-ലും 1204-ലും ഡൊമിനിക് ബിഷപ്പായ ഡോൺ ഡീ ഗോഡി അസവെദൊയോടൊപ്പം ഡെൻമാർക്ക് യാത്ര നടത്തി. കസ്റ്റൈലിലെ ഫെർഡിനൻഡ് VIII-നു വേണ്ടിയുള്ള നയതന്ത്ര പര്യടനങ്ങളായിരുന്നു അവ. ഒരിക്കൽ ഫ്രാൻസ് സന്ദർശിച്ച വേളയിൽ ഡൊമിനിക്കിന് ലാംഗ്വഡോക് പ്രവിശ്യയിലൂടെ കടന്നുപോകേണ്ടിവന്നു. ഇക്കാലത്ത് 'അൽബിഗെൻസുകൾ' (Albigenses) എന്ന പേരിൽ അറിയപ്പെട്ടിരുന്ന നാസ്തികവാദികളായ ഒരു സംഘത്തിന്റെ ഇടപെടലുകൾ മൂലം ലാംഗ്വഡോക്കിലെ ക്രിസ്തുമതവിശ്വാസികൾ വളരെയധികം കഷ്ടതകൾ അനുഭവിച്ചുവന്നിരുന്നു. നാസ്തികരെ ക്രിസ്തുമതാനുഭാവികളാക്കി മാറ്റുന്നതിനുവേണ്ടി മത പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കണമെന്ന ആശയം ഡൊമിനിക്കിന് ലഭിച്ചത് ഇവിടെവച്ചാണ്.


ഫ്രാ എൻജലികോ രചിച്ച വിശുദ്ധ ഡൊമിനിക്കിന്റെ ഫ്രസ്കൊ പെയിന്റിങ് ഫ്രാൻസ് പര്യടനത്തിനുശേഷം ഡൊമിനിക്കും ബിഷപ്പും റോമിലെത്തിയെങ്കിലും പോപ് ഇന്നസെന്റ് III അൽബിഗെൻസുകളെ നേരിടുന്നതിൽ, സിസ്റ്റേർഷ്യൻ സന്ന്യാസിമാരെ സഹായിക്കുവാനായി അവരെ ലാംഗ്വഡോക്കിലേക്ക് മടക്കി അയച്ചു. ഇവിടെയും അവർ സന്ന്യാസജീവിതമാണ് നയിച്ചത്. രണ്ടു പേർ വീതം ഓരോ പ്രദേശത്തിലേക്ക് കാൽനടയായി ചെല്ലുകയും മത പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. അവർ പണം ഉപയോഗിച്ചിരുന്നില്ല. ആഹാരം ഭിക്ഷയായി സ്വീകരിച്ചു പോന്നു. ഈ കാലഘട്ടത്തിൽ ഡൊമിനിക്കിന് കന്യാമറിയത്തിന്റെ ദർശനമുണ്ടായി എന്നാണ് ഐതിഹ്യം. കൊന്തയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ ഡൊമിനിക്കിന് പ്രചോദനം ലഭിച്ചത് ഈ ദിവ്യദർശനത്തിൽ നിന്നാണ് എന്ന വിശ്വാസവും നിലവിലുണ്ട്. മൗനപ്രാർഥനയിലും ഡൊമിനിക് കൊന്ത ഉപയോഗിച്ചിരുന്നു. 1207-ൽ ബിഷപ്പ് അന്തരിച്ചതിനുശേഷവും ഡൊമിനിക് തന്റെ പ്രവർത്തനം തുടർന്നു. 1215-ഓടു കൂടി ഡൊമിനിക് ഒരു ചെറിയ സന്ന്യാസി സംഘം രൂപീകരിച്ചു. സ്ത്രീകൾക്കായി പ്രൗലിൽ ഒരു മഠവും ഇദ്ദേഹം സ്ഥാപിച്ചു. പട്ടണപ്രദേശങ്ങളിലും വിദ്യാസമ്പന്നരുടെ ഇടയിലും മതപ്രഭാഷണം നടത്താൻ പ്രാപ്തരായിരിക്കണം തന്റെ സംഘാംഗങ്ങൾ എന്ന് ഡൊമിനിക്കിന് നിർബന്ധമുണ്ടായിരുന്നു. ധർമോപദേശം നൽകുക, സർവകലാശാലകളിൽ ചേർന്ന് അധ്യയനം നടത്തുക എന്നിവയെല്ലാം സന്ന്യാസിമാരുടെ ദിനചര്യകളിൽപ്പെട്ടിരുന്നു. 1216-ൽ പോപ് ഹൊണൊറിയസ് III ഈ സഭയ്ക്ക് അംഗീകാരം നല്കി. സഭയ്ക്ക് അംഗീകാരം ലഭിച്ചതിനുശേഷം ഡൊമിനിക് ലോകമെമ്പാടും സന്ന്യാസമഠങ്ങൾ സ്ഥാപിക്കുവാൻ സന്ന്യാസിമാരെ അയച്ചു. സ്പെയിൻ, പാരിസ്, ഇംഗ്ളണ്ട്, കിഴക്കൻ യൂറോപ്പ്, ഗ്രീസ്, പലസ്തീൻ മുതലായ പ്രദേശങ്ങളിലെല്ലാം ഡൊമിനിക്കൻ സന്ന്യാസിമാർ എത്തിച്ചേരുകയും തങ്ങളുടെ സഭാതത്ത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ സന്ന്യാസിമാർ സാമാന്യ സാമൂഹിക ജീവി തത്തിൽ നിന്ന് വിട്ടുനിൽക്കുന്നില്ല. സാമൂഹിക മേഖലയാണ് അവ രുടെ മുഖ്യ പ്രവർത്തനരംഗം. അവർ ധർമോപദേശവും അധ്യാ പനവും ഒരുമിച്ച് നടത്തിയിരുന്നു. ഇറ്റലിയിലെ ബൊളൊണയിലാണ് ഡൊമിനിക് തന്റെ പ്രധാന മഠം സ്ഥാപിച്ചത്. 1221 ആഗസ്റ്റ് 6-ന് ബൊളൊണയിൽ ഇദ്ദേഹം അന്തരിച്ചു. 1234-ൽ ഇദ്ദേഹത്തെ പോപ് ഗ്രിഗറി IX വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ തിരുനാൾ ആഗസ്റ്റ് എട്ടിന് ആചരിച്ചുവരുന്നു. ക്രൈസ്തവരുടേയും ക്രൈസ്തവേതരരുടേയും മോക്ഷത്തിനായി പ്രവർത്തിച്ച വിശുദ്ധ ഡൊമിനിക്കിന് ലോകമെമ്പാടും അനുയായികളുണ്ട്.

"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ഡൊമിനിക്&oldid=1459478" എന്ന താളിൽനിന്ന് ശേഖരിച്ചത്