ഏകീകൃത ചൈനയുടെ ആദ്യ ചക്രവർത്തിയായ ചിൻ ഷി ഹ്വാങ്ങ് ഡിയെ വധിക്കാൻ ശ്രമിച്ച ജിങ് കെയുടെ കഥ ആസ്പദമാക്കിയുള്ള ഒരു ചൈനീസ് വുക്സിയാ ചലച്ചിത്രമാണ് ഹീറോ. പ്രശസ്ത അഭിനേതാവും വുഷു അഭ്യാസിയുമായ ജെറ്റ് ലീയാണ് ജിങ് കെയായി അഭിനയിച്ചത്.[2]

ഹീറോ
സംവിധാനംസാങ് യിമൗ
നിർമ്മാണംസാങ് യിമൗ
രചന
  • ഫെങ് ലീ
  • ബിൻ വാങ്
  • സാങ് യിമൗ
അഭിനേതാക്കൾ
  • ജെറ്റ് ലീ
  • ടോണീ ല്യൂങ്
  • മാഗീ ച്യൂങ്
  • ചെൻ ഡാവോമിങ്
  • സാങ് സിയി
  • ഡോണീ യെൻ
സംഗീതംടാൻ ഡൺ
ഛായാഗ്രഹണംക്രിസ്റ്റഫർ ഡോയ്ൽ
ചിത്രസംയോജനംആങ്കീ ലാം
റിലീസിങ് തീയതി
  • ഒക്ടോബർ 24, 2002 (2002-10-24)
രാജ്യംചൈന
ഭാഷചൈനീസ്
ബജറ്റ്$310 ലക്ഷം[1]
സമയദൈർഘ്യം99 മിനിട്ട്
ആകെ$1774 ലക്ഷം [1]

കഥാസാരം തിരുത്തുക

ചിൻ രാജവംശം ചൈന ഭരിക്കുന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ഒരു സർക്കാരുദ്യോഗസ്ഥൻ തലസ്ഥാന നഗരമായ സിയാന്യാങ്ങിൽ എത്തുന്നു. ചക്രവർത്തിയെ വകവരുത്താൻ ശ്രമിച്ച മൂന്നു കൊലയാളികളെ താൻ വധിച്ചതായി അവകാശപ്പെടുന്ന അയാൾ തനിക്ക് ചക്രവർത്തിയെ കാണണമെന്ന് ആവശ്യപ്പെടുന്നു. സാധാരണ, ചക്രവർത്തിയുടെ സുരക്ഷയ്ക്കായി, അദ്ദേഹത്തെ കാണാൻ വരുന്നവർ നൂറടി ദൂരെ നിൽക്കണം എന്നാണ് നിയമം. എന്നാൽ ഈ ഉദ്യോഗസ്ഥനെ തന്റെ പത്തടി അടുത്തു വരെ വരാനും കൊലയാളികളുടെ വാളുകൾ തന്നെ കാണിക്കുവാനും ചക്രവർത്തി അനുവദിക്കുന്നു. ലോങ്ങ് സ്കൈ, ഫ്ലൈയിങ്ങ് സ്നോ, ബ്രോക്കൺ സ്വോർഡ് എന്ന വാൾപയറ്റുകാരെ താൻ വധിച്ച കഥ ഉദ്യോഗസ്ഥൻ വിവരിക്കുന്നു. ചക്രവർത്തി പിടിച്ചടക്കിയ സാവോ രാജ്യത്തിലെ ഒരു പട്ടാള ഉദ്യോഗസ്ഥന്റെ മകളാണ് ഫ്ലൈയിങ്ങ് സ്നോ.

ഉദ്യോദസ്ഥന്റെ കഥയിൽ ചില സംശയങ്ങൾ തോന്നിയ ചക്രവർത്തി അയാളെ ചോദ്യം ചെയ്യുന്നു. ഉദ്യോദസ്ഥൻ തന്നെ കൊല്ലാൻ വന്നതാണെന്നും, അയാളും മുൻപ് വന്ന കൊലയാളികളും സുഹൃത്തുക്കളാണെന്നും ചക്രവർത്തി പറയുന്നു. തങ്ങളിലൊരാൾക്ക് ചക്രവർത്തിയുടെ വിശ്വാസം പിടിച്ചുപറ്റാനും ചക്രവർത്തിയെ ആക്രമിക്കാൻ പറ്റുന്നത്ര അടുത്ത് എത്താനുമായി മറ്റ് മൂന്ന് കൊലയാളികളും ഉദ്യോദസ്ഥനെ തങ്ങളെ കൊല്ലാൻ അനുവദിക്കുകയായിരുന്നുവെന്നും ചക്രവർത്തി സംശയിക്കുന്നു.

പത്തടി ദൂരെനിന്നും ഒരു നിമിഷംകൊണ്ട് ഒരാളെ കൊല്ലാൻ കഴിയുന്ന ഒരു രഹസ്യമുറ താൻ അഭ്യസിച്ചിട്ടുണ്ടെന്ന് ഉദ്യോദസ്ഥൻ വെളിപ്പെടുത്തുന്നു. താനും ചക്രവർത്തിയെ കൊല്ലാൻ പദ്ധതിയിട്ട സംഘത്തിലെ ഒരംഗമാണെന്നും അയാൾ സമ്മതിക്കുന്നു. എന്നാൽ ചക്രവർത്തിയുടെ സംശയങ്ങൾ പൂർണ്ണമായും ശരിയല്ലെന്ന് അയാൾ പറയുന്നു. താൻ ലോങ്ങ് സ്കൈയെ തോൽപ്പിക്കുകയും സ്കൈയുടെ വാൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്നോയേയും സ്വോർഡിനേയും പിന്തുടർന്ന് താൻ ഒരു ആശ്രമത്തിലെത്തി. രാജഭടന്മാരുടെ മുന്നിൽ തന്നെ ആക്രമിക്കാനും തന്നോട് തോൽക്കാനും സ്നോ സമ്മതിക്കുന്നു. എന്നാൽ സ്വോർഡ് ഇവരുടെ പദ്ധതിയെ എതിർക്കുന്നു. കാരണമന്വേഷിക്കുന്ന ഉദ്യോദസ്ഥനോടും സ്കൈയോടും 'ടയാൻസിയാ' എന്ന ഒറ്റ വാക്ക് മാത്രം സ്വോർഡ് മണലിൽ എഴുതി കാണിക്കുന്നു.

'സ്വർഗ്ഗത്തിനു കീഴിലുള്ളതെല്ലാം' എന്നാണ് 'ടയാൻസിയാ' എന്ന വാക്കിന്റെ അർത്ഥം. ചിൻ ചക്രവർത്തി തങ്ങളുടെ ശത്രുവാണെങ്കിലും ചൈനയെ ഏകീകരിക്കുകയും അങ്ങനെ വിവിധ ദേശങ്ങൾ തമ്മിൽ സമാധാനം സൃഷ്ടിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നാണ് സ്വോർഡ് എഴുതിയ വാക്കിന്റെ അർത്ഥം. ചൈനയിൽ സമാധാനം നിലനിർത്താനായി താൻ തന്നെ ഉണ്ടാക്കിയ നിയമങ്ങൾ താൻ ഉയർത്തിപ്പിടിക്കണമെന്നും ആ നിയമങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥനെയും കൂട്ടാളികളെയും താൻ വധശിക്ഷയ്ക്ക് വിധിക്കേണ്ടിവരുമെന്നും, എന്നാൽ സ്വോർഡിന്റെ വിവേകത്തോട് തനിക്കു് വളരെയധികം ബഹുമാനമുണ്ടെന്നും ചക്രവർത്തി പറയുന്നു. ചക്രവർത്തിയെ തങ്ങൾ കൊല്ലുകയാണെങ്കിൽ ചൈനയിൽ അഭ്യന്തര യുദ്ധമുണ്ടാകുകയും ചു ദേശക്കാർ ഉൾപ്പെടെ എല്ലാ ജനങ്ങളും കഷ്ടപ്പെടുകയും ചെയ്യുമെന്ന് മനസ്സിലാക്കുന്ന ഉദ്യോഗസ്ഥൻ ചക്രവർത്തിയെ ആക്രമിക്കാതിരിക്കുകയും തന്നെ ശിക്ഷിക്കാൻ പട്ടാളക്കാരെ അനുവദിക്കുകയും ചെയ്യുന്നു.

പ്രമേയങ്ങൾ തിരുത്തുക

ഒരു വ്യക്തിയുടെ ആഗ്രഹങ്ങളെക്കാൾ വലുതാണ് ആയിരക്കണക്കിനാളുകളുടെ നന്മ എന്നതാണ് ഹീറോയുടെ പ്രമേയം. സാവോ ദേശക്കാരായ സ്നോയുടേയും സ്വോർഡിന്റെയും ഉദ്യോഗസ്ഥന്റെയും ഏറ്റവും വലിയ ശത്രുവാണ് ചിൻ ചക്രവർത്തി. എന്നാൽ ചക്രവർത്തിയെ കൊല്ലുന്നത് ചൈനയെ മുഴുവൻ പിടിച്ചുകുലുക്കുകയും എല്ലാ ദേശക്കാർക്കും ദുരിതമുണ്ടാക്കുകയും ചെയ്യും. ഇവരോരോരുത്തരായി ഈ സത്യം മനസ്സിലാക്കുന്നു.

നിറങ്ങൾ തിരുത്തുക

ഹീറോ എന്ന ചലച്ചിത്രം അഞ്ച് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഭാഗത്തിലും ഓരോ നിറം മുന്നിട്ടുനിൽക്കുന്നു. ഓരോ നിറവും ഒരു ഗുണത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ആദ്യം മുതൽ അവസാനം വരെ നിറങ്ങളും ഗ്ണങ്ങളും ഇവയാണ്:-

  • കറുപ്പ് - അജ്ഞത
  • ചുവപ്പ് - ചതി
  • നീല - സ്നേഹം
  • പച്ച - ഓർമ്മ
  • വെള്ള - സത്യം

റാഷമോണുമായുള്ള സാദൃശ്യം തിരുത്തുക

അകിര കുറൊസാവയുടെ റാഷമോൺ എന്ന ചിത്രവുമായുള്ള സാദൃശ്യം ഹീറോയുടെ ഛായാഗ്രാഹകനായ ക്രിസ്റ്റഫർ ഡോയൽ ഉൾപ്പെടെ പലരും എടുത്തുപറഞ്ഞിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലും വാസ്ത്തവത്തിൽ സംഭവിച്ചത് എന്താണെന്ന് കാണിക്കുന്നില്ല; ഓരോ കഥാപാത്രങ്ങളുടെ വിവരണങ്ങൾ മാത്രമാണ് ഉള്ളത്. [3][4]

സർവാധിപത്യം തിരുത്തുക

ഹീറോ സർവാധിപത്യത്തെ അനുകൂലിക്കുന്നുവെന്ന് ചില നിരൂപകർ കുറ്റപ്പെടുത്തിയിട്ടുണ്ട്.[5][6][7][8] എന്നാൽ അത്തരത്തിലുള്ള ഒരു രാഷ്ട്രീയ നിലപാടും താൻ സ്വീകരിക്കുനില്ല എന്ന് സംവിധായകൻ സാങ് യിമൗ പറഞ്ഞിട്ടുണ്ട്.[9]

അവലംബം തിരുത്തുക

  1. 1.0 1.1 "Hero (2004)". Box Office Mojo. IMDb. Retrieved June 6, 2019.
  2. "Hero". Turner Classic Movies. United States: Turner Broadcasting System. Retrieved 26 May 2018.
  3. Corliss, Richard (15 August 2004). "Men, Women and Fighting". Time. Archived from the original on 2012-11-05. Retrieved 4 May 2010.
  4. Mackey, Robert (August 15, 2004). "FILM; Cracking the Color Code of 'Hero'". The New York Times. Archived from the original on 2009-08-30. Retrieved 2019-11-01.
  5. Tobias, Scott (2004-08-17). "Hero". The A.V. Club. Archived from the original on 2019-06-10. Retrieved 2019-11-01. its state-approved story of unification feels like a sellout, no matter how ravishing it is.
  6. Elley, Derek (January 3, 2003). "Hero". Variety. finale can be read either as a triumph of unity over chaos or as a victory by militarism over pacifism.
  7. J. Hoberman (17 August 2004). "Man With No Name Tells a Story of Heroics, Color Coordination". Village Voice. Archived from the original on 2018-10-01. Retrieved 2016-11-27.{{cite news}}: CS1 maint: bot: original URL status unknown (link)
  8. Stephen Hunter (August 27, 2004). "'Hero': An Ending That Falls on Its Own Sword (washingtonpost.com)". Washington Post. Archived from the original on 2012-10-24. Retrieved 2019-11-01.
  9. MacNab, Geoffrey (December 17, 2004). "I'm not interested in politics". The Guardian. London. Retrieved August 12, 2019.
"https://ml.wikipedia.org/w/index.php?title=ഹീറോ_(2002_ചലച്ചിത്രം)&oldid=3793369" എന്ന താളിൽനിന്ന് ശേഖരിച്ചത്