കൗണ്ടസ് സോഫിയ ആൻഡ്രിയേവ്ന ടോൾസ്റ്റായ (മുമ്പ്, ബെഹർസ്; Russian: Со́фья Андре́евна Толста́я, മറ്റു ചിലപ്പോൾ സോഫിയ ടോൾസ്റ്റോയി എന്ന് ആംഗലേയവൽക്കരിക്കപ്പെടുന്നു; ജീവിതകാലം 22 ഓഗസ്റ്റ് 1844 - 4 നവംബർ 1919), ഒരു റഷ്യൻ ദിനക്കുറിപ്പെഴുത്തുകാരിയും പ്രസിദ്ധ റഷ്യൻ സാഹിത്യകാരനായിരുന്ന ലിയോ ടോൾസ്റ്റോയിയുടെ പത്നിയുമായിരുന്നു.

സോഫിയ ആൻഡ്രിയേവ്ന ടോൾസ്റ്റായ
Со́фья Андре́евна Толста́я
ജനനം
സോഫിയ ആൻഡ്രിയേവ്ന ബെഹർസ്

(1844-08-22)22 ഓഗസ്റ്റ് 1844
മരണം4 നവംബർ 1919(1919-11-04) (പ്രായം 75)
ദേശീയതറഷ്യൻ
മറ്റ് പേരുകൾSophia Tolstoy, Sonya Tolstoy
തൊഴിൽദിനക്കുറിപ്പുകാരി, പകർത്തിയെഴുത്തുകാരി
ജീവിതപങ്കാളി(കൾ)
(m. 1862; died 1910)

ജീവിതരേഖ തിരുത്തുക

 
സോഫിയ ടോൾസ്റ്റോയിയും മകൾ അലക്സാണ്ട്ര ടോൾസ്റ്റോയിയും
 
ലിയോ ടോൾസ്റ്റോയിയുടെ കുടുംബം, 1887.

ഒരു ജർമ്മൻ ഭിഷഗ്വരനായിരുന്ന ആൻഡ്രി എവ്സ്റ്റാഫിവിച്ച് ബെഹർസിന്റെയും (ജീവിതകാലം:1808–1868) ആദ്ദേഹത്തിന്റെ റഷ്യൻ പത്നി ലിയുബോവ് അലക്സാണ്ട്രോവ്നയുടേയും (മുമ്പ്, ഇസ്ലാവിന; ജീവിതകാലം 1826–1886) മൂന്ന് പെൺമക്കളിലൊരാളായിരുന്നു സോഫിയ ബെഹർസ്. റഷ്യയുടെ ചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അവളുടെ മാതൃ മുതുമുത്തച്ഛനായിരുന്ന കൌണ്ട് പ്യോട്ടർ സാവഡോവ്സ്കി. 1862 ൽ സോഫിയയ്ക്ക് 18 വയസ്സുള്ളപ്പോൾ ആദ്യമായി അവർ ലിയോ ടോൾസ്റ്റോയിയെ പരിചയപ്പെട്ടു. 34 വയസ്സുണ്ടായിരുന്ന ലിയോ ടോൾസ്റ്റോയി അവളേക്കാൾ 16 വയസിനു മുതിർന്നയാളായിരുന്നു. 1862 സെപ്റ്റംബർ 17 ന് ടോൾസ്റ്റോയ് സോഫിയയ്ക്ക് വിവാഹത്തെക്കുറിച്ച് ഒരു രേഖാമൂലമുള്ള നിർദ്ദേശം[1] നൽകിയതിനെത്തുടർന്ന് അവരുടെ വിവാഹനിശ്ചയം കഴിയുകയും ഒരാഴ്ചയ്ക്ക് ശേഷം മോസ്കോയിൽ വച്ച് അവർ വിവാഹിതരാകുകയും ചെയ്തു. വിവാഹസമയത്ത്, ഇതിനകം ‘ദ കോസാക്ക്സ്’ എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ടോൾസ്റ്റോയി ഒരു നോവലിസ്റ്റായി അറിയപ്പെട്ടിരുന്നു. വിവാഹത്തിന്റെ തലേദിവസം, ടോൾസ്റ്റോയ് സോഫിയയ്ക്ക് ദാസിമാരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഡയറിക്കുറിപ്പുകൾ നൽകി. അന്നാ കരേനിന എന്ന അദ്ദേഹത്തിന്റെ അർദ്ധ-ആത്മകഥാപരമായ കഥാപാത്രവും നോവലിൽ സമാനമായി പ്രവർത്തിക്കുന്നുണ്ട്. കൃതിയിലെ നായകനായ 34 വയസുകാരൻ കോൺസ്റ്റാന്റിൻ ലെവിൻ തന്റെ പ്രതിശ്രുത വധുവായ കിറ്റിയോട് തന്റെ ഡയറിക്കുറിപ്പുകൾ വായിക്കാനും തന്റെ മുൻകാല ചെയ്തികളെക്കുറിച്ച്  മനസ്സിലാക്കാനും പറയുന്നു. യസ്നായ പോള്യാന എസ്റ്റേറ്റിൽ താമസിച്ചിരുന്ന ഒരു സ്ത്രീയിൽ ടോൾസ്റ്റോയ്ക്ക് ഒരു കുട്ടിയുണ്ടായിരുന്ന വസ്തുതയും ഈ ഡയറിയിൽ പ്രതിപാദിച്ചിരുന്നു. ആൻ എഡ്വേർഡിന്റെ ‘സോന്യ: ദി ലൈഫ് ഓഫ് കൗണ്ടസ് ടോൾസ്റ്റോയിയിൽ’, ടോൾസ്റ്റോയ് എങ്ങനെയെങ്കിലും മറ്റ് സ്ത്രീകളുമായി വീണ്ടും ബന്ധപ്പെടാനിയുണ്ടെന്ന് സോഫിയ ഭയപ്പെട്ടിരുന്നതായും അവർ വിവരിക്കുന്നു.

13 കുട്ടികളുണ്ടായിരുന്ന ടോൾസ്റ്റോയ് ദമ്പതിമാരുടെ കുട്ടികളിൽ എട്ട് പേർ ബാലാരിഷ്ടതകളെ അതിജീവിച്ചു.[2] ടോൾസ്റ്റോയിയുടെ എസ്റ്റേറ്റുകളുടെ കാര്യക്ഷമമായ നടത്തിപ്പും അദ്ദേഹത്തിന്റെ കൃതികളുടെ വിൽപ്പനയും കാരണം കുടുംബത്തിന് സമൃദ്ധമായി ജീവിക്കുന്നതിനുള്ള അവസരമൊരുക്കി. വാർ ആന്റ് പീസ് എന്ന കൃതിയുടെ രചനാകാലത്ത് സോഫിയ വീട്ടിലിരുന്ന് ഒരു പകർത്തിയെഴുത്തുകാരിയുടെ ചുമതല വഹിക്കുകയും കുട്ടികളും വീട്ടു ജോലിക്കാരും ഉറങ്ങാൻ കിടന്നതിന് ശേഷം രാത്രി മെഴുകുതിരി വെളിച്ചത്തിൽ ഈ  കൃതിയുടെ കൈയെഴുത്തു പ്രതി തുടക്കം മുതൽ ഒടുക്കം വരെ ഭർത്താവിനുവേണ്ടി ഏഴു തവണവരെ പകർത്തിയെഴുതുകയും ചെയ്തിരുന്നു. ഒരു മഷിപ്പേന ഉപയോഗിച്ച് പകർത്തിയെഴുതിയിരുന്ന അവർക്ക് ചിലപ്പോഴൊക്കെ ഭർത്താവിന്റെ കൈയക്ഷരം വായിക്കാൻ ഒരു ഭൂതക്കണ്ണാടി പോലും ഉപയോഗിക്കേണ്ടിവന്നു.

1887-ൽ മിസിസ് ടോൾസ്റ്റായി താരതമ്യേന ഒരു പുതിയ കലയായ ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയായി.[3] ടോൾസ്റ്റോയിയുൾപ്പെടെയുള്ളവരോടൊപ്പമുള്ള അവളുടെ ജീവിതവും സോവിയറ്റ് കാലഘട്ടത്തിനു മുമ്പുള്ള റഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയും ഉൾപ്പെടെ ആയിരക്കണക്കിനു ഫോട്ടോഗ്രാഫുകൾ അവർ സമ്പാദിച്ചു.[4] ഒരു ദിനക്കുറിപ്പുകാരിയായ അവർ ലിയോ ടോൾസ്റ്റോയിയ്‌ക്കൊപ്പമുള്ള തന്റെ ജീവിതം ഡയറിക്കുറിപ്പുകളിലൂടെ രേഖപ്പെടുത്തിയിരുന്നു.  1980 കളിൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ  പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[5] തന്റെ ഓർമ്മക്കുറിപ്പുകളും എഴുതിയിരുന്ന ടോൾസ്റ്റായി, അതിന് ‘മൈ ലൈഫ്’ എന്ന് പേരിട്ടിരുന്നു.[6]

വളരെയധികം പ്രതിസന്ധിയിലായിരുന്ന ഒരു ദാമ്പത്യത്തിന് ശേഷം, ടോൾസ്റ്റോയിയുടെ സ്വകാര്യ സ്വത്തുക്കൾ എല്ലാം ഉപേക്ഷിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നു[7] ലിയോ 1910 ൽ 82 വയസ്സുള്ള സോഫിയയെയും അവരുടെ മകൾ അലക്സാണ്ട്രയോടും ഡോക്ടർ ദുഷാൻ മക്കോവിക്കിയോടും (ഡുവാൻ മക്കോവിക്കി) ഒപ്പം വിട്ടുകൊണ്ട് പൊടുന്നനവേ വീടുവിട്ടു പോയി. ടോൾസ്റ്റോയ് 10 ദിവസത്തിനുശേഷം ഒരു റെയിൽ‌വേ സ്റ്റേഷനിൽ വച്ച് മരണമടയുകയും, അതേസമയം സോഫിയ അകറ്റി നിർത്തപ്പെടുകയും ചെയ്തു (ദി ലാസ്റ്റ് സ്റ്റേഷൻ എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ). ഭർത്താവിന്റെ മരണത്തെത്തുടർന്ന്, സോഫിയ യസ്നയ പോള്യാനയിൽത്തന്നെ തുടരുകയും റഷ്യൻ വിപ്ലവത്തെ അതിജീവിക്കുകയും ചെയ്തു. 1919 ൽ അവർ ഇഹലോകവാസം വെടിഞ്ഞു.

അവലംബം തിരുത്തുക

  1. "The autobiography of Countess Sophie Tolstoi". archive.org. Retrieved 8 October 2010.
  2. Feuer, Kathryn B. (1996). Tolstoy and the Genesis of War and Peace. Cornell University PressEdit summary. ISBN 0-8014-1902-6.
  3. Shonk, Catherine (21 December 2007). "What Mrs Tolstoy Saw". The St. Petersburg Times.
  4. Bendavid-Val, Leah (2007). "Song Without Words: The Photographs & Diaries of Countess Sophia Tolstoy". National Geographic.
  5. The latest condensed version, The Diaries of Sofia Tolstoy, translated by Cathy Porter, was published by Alma Books, London, in 2009 (ISBN 9781846880803).
  6. Tolstaya, Sophia (2010), Donskov, Andrew (ed.), My Life, University of Ottawa Press, ISBN 978-0-7766-3042-7
  7. "Infobase Learning". Retrieved 31 May 2013. (subscription required)
"https://ml.wikipedia.org/w/index.php?title=സോഫിയ_ടോൾസ്റ്റായ&oldid=3779237" എന്ന താളിൽനിന്ന് ശേഖരിച്ചത്