എ.ഡി 15-16 നൂറ്റാണ്ടുകളിൽ മലബാറിൽ ജീവിച്ചിരുന്ന സൂഫി വര്യനും , ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഅ്ബരി.[1] മഖ്ദൂം കബീർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രസിദ്ധ മതപണ്ഡിതനും തുഹ്ഫത്തുൽ മുജാഹിദീൻ, ഫത്ഹുൽ മുഈൻ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ പേരമകനാണ്.

സൈനുദ്ദീൻ ഇബ്നു അലി മഖ്ദൂം
മതംഇസ് ലാം,
Orderഅശ്അരി , ശാഫിഇ , ഖാദിരിയ്യ , ചിശ്തിയ്യ
Personal
ജനനം1467
കൊച്ചങ്ങാടി കൊച്ചി
മരണം1522
പൊന്നാനി
Senior posting
Based inപൊന്നാനി

പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകി. 1467 ൽ കൊച്ചിയിൽ ജനിച്ച് 1522 ൽ പൊന്നാനിയിൽ മരണം. ശൈഖുൽ ഇസ്ളാം അബൂ യഹ്യാ സൈനുദ്ദീനുബ്നു അലി എന്നാണ് യഥാർത്ഥ പേര്. ഇദ്ദേഹത്തിന്റെ പൂർവ്വ പിതാക്കൾ ദക്ഷിണ യമനിൽ നിന്ന് കൊച്ചിയിലെത്തുകയും പിന്നീട് കൊച്ചി ഖാസിമാരായി മാറുകയും ചെയ്തവരാണ്. പ്രവാചകാനുചരനായ അബൂബക്കറിന്റെ പരമ്പരയിൽ പെട്ടവരാണിവരെന്നു വിശ്വസിക്കപ്പെടുന്നു .ചെറു പ്രായത്തിലെ ഖുർആൻ മനഃപാഠമാക്കിയ മഖ്ദൂം കബീർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കൊച്ചിയിൽ വെച്ച് സ്വ പിതാവായ അലിയ്യുൽ മഅബരിയിൽ നിന്നായിരുന്നു. പൊന്നാനി , കോഴിക്കോട് മക്ക എന്നിവിടങ്ങളിലെ ഉപരിപഠനത്തിനു ശേഷം ഈജിപ്തിലെ അല് അസ്ഹറിൽ വെച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി.

ഖുർആൻ വ്യാകരണം,പാരായണ ശാസ്ത്രം, നബിചര്യ, കർമ്മ ശാസ്ത്രം , നിദാന ശാസ്ത്രം, എന്നിവയിലെല്ലാം മഖ്ദൂം കബീർ നൈപുണ്യം നേടി. ഖാദി ഇബ്റാഹിം മഖ്ദൂം , അബൂബക്കര് ഫഖ്റുദ്ദീനു ബ്നു റമദാനുശ്ശാലിയാതി , അല്ലാമാ അഹ്മദ് ശിഹാബുദ്ദീന് ബ്നു ഉസ്മാനുല് യമനി, ഖാദി ശൈഖ് അബ്ദുറഹ്മാനുല്അദമി ശൈഖുല്ഇസ്ലാം സകരിയ്യല് അന്സാരി എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. [2] ഖാദിരിയ്യ , ചിശ്തിയ്യ ,സുഹ്റവര്ദ്ദിയ്യ , ശതാരിയ്യ തുടങ്ങി വിവിധ ത്വരീഖത്തുകളുടെ ശൈഖുമാരിൽ നിന്നും ആത്മീയ സരണി കരസ്ഥമാക്കിയ [3]മഖ്ദൂം കബീറിൻറെ പ്രാധാന ആത്മീയ ഗുരു ശൈഖ് ഖുതുബുദ്ധീൻ ആണ്. ഖാദിരി-ചിശ്തി ത്വരീഖത്തുകളുടെ ഇന്ത്യയിലെ പ്രതിനിധിയായി മഖ്ദൂമിനെ നിയമിച്ചത് ഇദ്ദേഹമാണ്. ശൈഖ് സാബിത് ഐൻ ആണ് മഖ്ദൂം കബീറിൻറെ ആത്മീയ ഗുരുക്കന്മാരിൽ മറ്റൊരു പ്രധാനി. ഈജിപ്തിലെ പഠനങ്ങൾക്ക് ശേഷം പൊന്നാനി കേന്ദ്രീകരിച്ച് മുസ്ളീംകളെ ധാർമികമായും സാംസ്കാരികമായും സമുദ്ധരിക്കാൻ നേതൃത്വം നൽകി. പൊന്നാനിയിലെ പ്രസിദ്ധമായ വലിയ ജുമുഅത്ത് പള്ളി ഇദ്ദേഹം ക്രി. 1519-ൽ പണികഴിപ്പിച്ചതാണ്. ഒറ്റത്തടിയിൽ പണിതുവെന്ന് പറയപ്പെടുന്ന ഈ മസ്ജിദ്, കേരളീയ തച്ചുശാസ്ത്രകലാവൈദഗ്ദ്ധ്യം വിളിച്ചോതുന്ന സൃഷ്ടിയാണ്.[4] പൊന്നാനിയിൽ ആരംഭിച്ച ദർസ് (മതപഠന കേന്ദ്രം) കേരളത്തിനകത്തും പുറത്തും മലബാറിലെ മക്ക എന്നപേരിൽ ഖ്യാതി നേടി. വിദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടെ പഠനം ലക്ഷ്യമാക്കി എത്താറുണ്ടായിരുന്നു. മതപരമെന്നോ ഭൗതികമെന്നോ വേർതിരിവില്ലാതെ മുസ്ലിം ലോകത്തുണ്ടായിരുന്ന എല്ലാ തത്ത്വചിന്തകളും കര്മ്മശാസ്ത്ര ഗ്രന്ഥങ്ങളും പൊന്നാനിയിൽ പഠിപ്പിക്കപ്പെട്ടിരുന്നു. പൊന്നാനിയിൽ വിളക്കത്തിരിക്കൽ എന്നത് ലോക പ്രശസ്തമായ ബിരുദമായിരുന്നു. [5]

പ്രധാന സംഭവങ്ങൾ തിരുത്തുക

പറങ്കികളുടെ ആധിപത്യശ്രമങ്ങൾ കൊടുമ്പിരികൊള്ളുകയും വംശീയ ഉൻമൂലന ലക്ഷ്യങ്ങളോടെ മുസ്ളീംകളെയും മുസ്ളീം അനുകൂല നിലപാട് സ്വീകരിച്ച സാമൂതിരിയെയും തീവ്രമായി ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണ്ണായക സന്ധിയിൽ അദ്ദേഹം അറബിയിൽ രചിച്ച സമരകാവ്യമായണ് തഹരീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ. കേരളത്തിൽ അന്നു നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ടു സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ഉൽബോധിപ്പിച്ചു. അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് ആത്മീയ ബന്ധമുണ്ടായിരുന്ന കുഞ്ഞാലിമരക്കാർ കുടംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിയതെന്നും നിരീക്ഷീക്കപ്പെടുന്നു[6] പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം പ്രമുഖ പങ്കുവഹിച്ചു. സംഭവ ബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാസി (മത സ്ഥാനപ്പേര്) കൂടിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആയിരുന്നു. ഹിജ്റ 928 ശഅ്ബാൻ 16 നാണ് (1522 ജൂലൈ 10 വെള്ളിയാഴ്ച) സൈനുദ്ദീൻ മഖ്ദൂമിന്റെ വിയോഗം. കിഫായതുല് ഫറാഇള് , ,ഖസീദതുല് ജിഹാദിയ്യ, ഖസസുൽ അമ്പിയാ , സീറതുന്നബവി തുടങ്ങിയ ഇരുപത്തിയഞ്ചിലേറെ രചനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ തിരുത്തുക

  1. മുർശിദുത്തുല്ലാബ്
  2. മൻഖൂസ് മൗലിദ്
  3. ഖസീദ ഫീമാ യൂരിസുൽ ബറകതി
  4. സിറാജുൽ ഖുലൂബ്
  5. ശംസുൽ ഹുദാ
  6. തുഹ്ഫത്തുൽ അഹിബ്ബാഹ്
  7. ഇർശാദുൽ ഖാസ്വിദീൻ
  8. ശുഹ്ബുൽ ഈമാൻ
  9. ഹിദായത്തുൽ അദ്കിയാ
  10. Tahrid: Ahlil Iman Ala Jihadi Abdati Sulban

അവലംബം തിരുത്തുക

  1. കേരള മുസ്ലിംകൾ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യായശാസ്ത്രം - കെ.ടി.ഹുസൈൻ (ഐ.പി.എച്ച് കോഴിക്കോട്‌)
  2. സൈനുദ്ദീന് മഖ്ദൂം ഒന്നാമന്, പൊന്നാനി സത്യസരണി
  3. സൈനുദ്ദീന് മഖ്ദൂം ധൈഷണിക മുന്നേറ്റത്തിലെ കേരളീയ താവഴി -ഇസ്മാഈല് അരിമ്പ്ര (സുപ്രഭാതം ദിനപത്രം)
  4. ശൈഖ് സൈനുദ്ദീന് മഖ്ദൂംഡോ. അലി അക്ബര് (പ്രബോധനം വാരിക )
  5. മഖ്ദൂമുമാരുടെ പണ്ഡിതമാതൃക രിസാല വാരിക
  6. .മഖ്ദൂമുമാരുടെ പണ്ഡിതമാതൃക Risala Weekly on September 11, 2015