അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ചുരങ്ങൾക്ക് വടക്കുള്ള ഒരു പുരാവസ്തുകേന്ദ്രമാണ്‌ സുർഖ് കോട്ടൽ. കുശാനരുടെ കാലത്തുള്ള ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു[1]‌. പഴയകാല ബാക്ട്രിയയുടെ തെക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ അഫ്ഘാനിസ്താനിലെ ബാഘ്ലാൻ പ്രവിശ്യയുടെ ആസ്ഥാനമായ പുലി ഖുമ്രിക്കടുത്താണ് ഈ പ്രദേശം.

ബാക്ട്രിയയുടെ ഭൂപടം

സമുച്ചയം തിരുത്തുക

55 മീറ്റർ ഉയരമുള്ള ഒരു കുന്നിനു മുകളിലുള്ള ക്ഷേത്രമാണിത്. കുന്നിന്‌ മുകളിലേക്കെത്താൻ ചവിട്ടുപടികളുണ്ട്. ഈ ചവിട്ടുപടികൾക്ക് താഴെ ഒരു വലിയ കിണറുമുണ്ട്. കുശാനസാമ്രാജ്യകാലത്ത് നിർമ്മിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗ്രീക്ക് രീതിയിലുള്ള ചതുരാകൃതിയിലുള്ള തൂണുകളൂം മറ്റും ഒഴിച്ചു നിർത്തിയാൽ ഇതിന്റെ നിർമ്മാണം ഇറാനിയൻ ശൈലിയിലാണ്‌[1].

ക്ഷേത്രത്തിനുള്ളിൽ നിലനിന്നിരുന്ന മൂന്നു പ്രതിമകളുടെ അവശിഷ്ടവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് കുശാനരാജാക്കന്മാരുടെ രൂപങ്ങളാണെന്ന് കരുതുന്നു. ഈ പ്രതിമകൾക്ക്, മഥുരയിൽ നിന്നും ലഭിച്ചിട്ടുള്ള കനിഷ്കന്റെ പ്രശസ്തമായ പ്രതിമയുമായി സാമ്യമുണ്ട്. ‘’മഹാനായ രാജാവ്, രാജാക്കന്മാരുടെ രാജാവ്, കനിഷ്കൻ’‘ എന്ന് പ്രതിമയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്.

മുകളിലേക്കുള്ള പടിക്കെട്ടുകൾക്കടുത്തായുള്ള ശിലാലിഖിതങ്ങളിൽ നിന്ന് ക്ഷേത്രം പണീയിച്ചത് കനിഷ്കനാണെന്നും പിൽക്കാലത്ത് ക്ഷേത്രത്തിലേക്കുള്ള ജലവിതരണം നിലച്ച് വരണ്ട് ശുഷ്കമായ ഒരു കാലഘട്ടത്തിനു ശേഷം, തദ്ദേശീയനായ നുകുൻസുക് എന്ന ഒരാൾ പുനരുദ്ധരിച്ചെന്നും കാണാം.

റബാതാക് തിരുത്തുക

ഈ ക്ഷേത്രസമുച്ചയത്തിന്‌ തൊട്ടു വടക്കുള്ള റബാതാക്ക് പ്രദേശത്തു നിന്നും കുശാനരുടെ കാലത്തുള്ള ചില ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുശാനരുടെ വംശാവലിയെക്കുറിച്ച് ഒരു വിലപ്പെട്ട രേഖയാണത്[1].

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Voglesang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 148–150. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സുർഖ്_കോട്ടൽ&oldid=3650664" എന്ന താളിൽനിന്ന് ശേഖരിച്ചത്