സീബെക്ക് പ്രഭാവം

ഒരുതരം താപവിദ്യുത്പ്രഭാവമാണ് സീബെക്ക് പ്രഭാവം

ഒരുതരം താപവിദ്യുത്പ്രഭാവമാണ് സീബെക്ക് പ്രഭാവം. രണ്ട് വ്യത്യസ്ത ലോഹങ്ങൾ ചേർത്തുകൊണ്ട് ഒരു വലയം സൃഷ്ടിച്ചാൽ വലയത്തിൽ രണ്ടു ലോഹങ്ങളും ചേരുന്ന ജങ്ഷനുകൾ വ്യത്യസ്ത താപനിലകളിലാണെങ്കിൽ വലയത്തിലൂടെ വൈദ്യുതി പ്രവഹിക്കും, ഇതാണ് സീബെക്ക് പ്രഭാവം. 1821-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ തോമസ് ജൊഹാൻ സീബെക്കാണ് ഈ പ്രഭാവം കണ്ടുപിടിച്ചത്. തെർമോകപ്പിളുകൾ താപനിലയളക്കുന്നത് ഈ പ്രഭാവത്തിന്റെ സഹായത്തോടെയാണ്

സീബെക്ക് പ്രഭാവം നിരീക്ഷിക്കാൻ സാധിക്കുന്ന സർക്യൂട്ടിന്റെ രൂപം. ഇവിടെ A,B എന്നിവ വ്യത്യസ്ത ലോഹങ്ങളാണ്

ചിത്രത്തിലേതുപോലെ രണ്ടു ലോഹങ്ങൾ ചേർത്തുവച്ചുണ്ടാക്കിയ സർക്യൂട്ടിൽ ജങ്ഷനുകൾ വ്യത്യസ്ത താപനിലയിലാകുമ്പോൾ സർക്യൂട്ടിനടുത്തുള്ള കാന്തികസൂചി ചലിക്കുമെന്നാണ് സീബെക്ക് കണ്ടെത്തിയത്. സർക്യൂട്ടിൽ ഉണ്ടാകുന്ന വൈദ്യുതി ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതാണ് ഇതിനു കാരണം. എന്നാൽ വിദ്യുത്കാന്തികപ്രഭാവത്തെക്കുറിച്ച് അറിവില്ലാതിരുന്ന സീബെക്ക് ഇതിനെ താപകാന്തികപ്രഭാവം എന്നാണ് വിളിച്ചത്. വൈദ്യുതിയുടെ കാന്തികപ്രഭാവങ്ങൾ ആദ്യമായി നിരീക്ഷിച്ച ഡാനിഷ് ഭൗതികശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്റ്റ്യൻ ഏർ‌സ്റ്റെഡാണ് ഈ തെറ്റ് തിരുത്തി ഇതിനെ താപവൈദ്യുതി എന്ന് വിളിച്ചത്.

വളരെ ശക്തികുറഞ്ഞ ഒരു പ്രഭാവമാണ് സീബെക്ക് പ്രഭാവം. ജങ്ഷനുകളുടെ താപനിലവ്യത്യാസം ഒരു കെല്വിനാകുമ്പോൾ സർക്യൂട്ടിലുണ്ടാകുന്ന പൊട്ടൻഷ്യൽ വ്യത്യാസം ഏതാനും മൈക്രോകെൽവിനുകൾ മാത്രമാണ്. ഉദാഹരണമായി, ഒരു ചെമ്പ്-കോൺസ്റ്റന്റാൻ തെർമോകപ്പിളിൽ ഒരു കെൽവിൻ താപനിലാവ്യത്യാസം മൂലമുണ്ടാകുന്ന പൊട്ടൻഷ്യൽ വ്യത്യാസം 41 മൈക്രോവോൾട്ടാണ്.

"https://ml.wikipedia.org/w/index.php?title=സീബെക്ക്_പ്രഭാവം&oldid=1044242" എന്ന താളിൽനിന്ന് ശേഖരിച്ചത്