ശോഭന ഭാരതീയ

ഇന്ത്യൻ ബിസിനസ്സുകാരി

ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമശൃംഖലയായ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റോറിയൽ ഡയറക്റ്ററും ചെയർപെഴ്സസണുമാണ് ശോഭന ഭാരതീയ (ജനനം: 1957). ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ (ബിറ്റ്സ്, പിലാനി) പ്രോ ചാൻസലറായും പ്രവർത്തിക്കുന്നു. ഒരു കോൺഗ്രസ് അനുഭാവിയായ ശോഭന 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2016-ൽ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച കരുത്തരായ വനിതകളുടെ പട്ടികയിൽ 93-ആമതെത്തിയിരുന്നു[1].

ശോഭന ഭാരതീയ
Shobhana Bhartia in 2013
ജനനം1957
തൊഴിൽവ്യവസായ സംരംഭക
കാലാവധി2006 - 2012
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മാതാപിതാക്ക(ൾ)കൃഷ്ണ കുമാർ ബിർള

ആദ്യകാല ജീവിതം തിരുത്തുക

പ്രമുഖ വ്യവസായിയായ കൃഷ്ണകുമാർ ബിർളയുടെയും മനോരമാ ദേവിയുടെയും മകളായി 1957-ൽ ജനിച്ചു. കൊൽക്കത്തയിലെ ലൊറെറ്റോ ഹൗസിലായിരുന്നു സ്കൂൾ വിദ്യഭ്യാസം.[2] കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തു[3].

മാധ്യമരംഗത്ത് തിരുത്തുക

1986-ൽ ഹിന്ദുസ്ഥാൻ ടൈംസിൽ എക്സിക്യൂട്ടീവ് ഡയറക്റ്ററായി പ്രവേശിച്ചു. ഒരു ദേശീയ ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യൻ വനിതയായിരുന്നു ശോഭന, ഒരുപക്ഷേ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. പത്രത്തിന്റെ രൂപമാറ്റത്തിലും പുതുമ നിലനിർത്തുന്നതിലും അവർ ക്രിയാത്മകമായ പങ്ക് വഹിച്ചു. .[4] ശോഭനയുടെ നേതൃത്വത്തിൽ 2005 സെപ്റ്റംബറിൽ എച്ച്.ടി ഗ്രൂപ്പ് ഓഹരിവിപണിയിൽ പബ്ലിക് ഇക്വിറ്റി വിതരണത്തിലൂടെ 4 ബില്യൺ രൂപയോളം സമാഹരിച്ചു [5]. 1996-ലെ വേൾഡ് എക്കണോമിക് ഫോറം ശോഭനയെ ‘’ഗ്ലോബൽ ലീഡർ ഓഫ് ടുമോറോ’’ എന്ന ബഹുമതി നൽകി ആദരിച്ചു. 2001-ലെ ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ്സ് വുമൺ, 1992-ലെ നാഷണൽ പ്രസ്സ് ഇന്ത്യ അവാർഡ്, 2007-ൽ കോർപ്പറേറ്റ് എക്സലൻസ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. 2005-ൽ പദ്മശ്രീ പുരസ്ക്കാരം നൽകി രാജ്യം ഇവരെ ആദരിച്ചു.[6] 2016-ൽ ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഡി ഓണർ (Officer of the National Order of the Legion of Honour) നേടി.[7]

രാഷ്ട്രീയത്തിൽ തിരുത്തുക

2006-ൽ യു.പി.എ-യുടെ നാമനിർദ്ദേശം വഴി രാജ്യസഭയിലെത്തി.[8] എന്നാൽ ശോഭന ഭാരതീയ ഒരു പത്രപ്രവർത്തകയല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയോട് അടുപ്പം പുലർത്തുന്ന ഒരു മാധ്യമ മുതലാളി മാത്രമാണെന്നും അതിനാൽ രാജ്യസഭാ സീറ്റിന് അർഹയല്ലെന്നും കാണിച്ച് നൽകപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി.[9] 2006-ൽ ശൈശവ വിവാഹത്തിനെതിരേ പാർലമെന്റിൽ അവർ ബില്ലവതരിപ്പിച്ചു.[10]

വ്യക്തി ജീവിതം തിരുത്തുക

ഭർത്താവ് ശ്യാംസുന്ദർ ഭാരതീയ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജൂബിലന്റ് ലൈഫ് സയൻസ് ലിമിറ്റഡിന്റെ ചെയർമാനാണ്.[11]. ഇവരുടെ മകനായ ഷമിത് ഭാരതീയ, ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു ഡയറക്റ്ററാണ്. ധീരുഭായി അംബാനിയുടെ ചെറുമകളായ നയൻതാരാ കോത്താരിയാണ് മരുമകൾ.

അവലംബം തിരുത്തുക

  1. "World's Most Powerful Women". Forbes. Retrieved 2016-06-07.
  2. Naazneen Karmali (28 August 2008). "Paper Tigress". Forbes. Retrieved 6 March 2012.
  3. HT Media Group Prospectus Archived 2016-08-04 at the Wayback Machine. 2005-08-12
  4. Pradyuman Maheshwari (20 April 2003). "Top 50 power points in the media". Mid Day.
  5. "HT Media debuts on BSE at Rs 685". The Hindu Business Line. 2 September 2005. Retrieved 19 June 2007.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
  7. ഹിന്ദുസ്ഥാൻ ടൈംസ്, ഡിസംബർ 15, 2016
  8. "Nominated to Rajya Sabha". The Hindu. 18 February 2006. Archived from the original on 2006-03-24. Retrieved 19 June 2007.
  9. Legal Correspondent (29 April 2006). "Plea against nomination to Rajya Sabha rejected". The Hindu. Archived from the original on 2008-09-27. Retrieved 19 June 2007.
  10. "The Child Marriage (Abolition) and Miscellaneous Provisions Bill, 2006" (PDF). Parliament of India, Rajya Sabha. December 2006. Archived from the original (PDF) on 2016-08-21. Retrieved 2017-03-22.
  11. Bhupesh Bhandari (27 December 2005). "Hari Bhartia's mantra for success: The Rediff Interview/Hari Bhartia, MD, Jubilant Organosys". rediff.com. Retrieved 19 June 2006.
"https://ml.wikipedia.org/w/index.php?title=ശോഭന_ഭാരതീയ&oldid=3792081" എന്ന താളിൽനിന്ന് ശേഖരിച്ചത്