വൈപ്പിൻ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

9°58′33″N 76°14′30″E / 9.9757401°N 76.2417054°E / 9.9757401; 76.2417054

വയ്പിൻ ദ്വീപ് ഒരു ദൂരക്കാഴ്ച്ച
വൈപ്പിൻ വിളക്കുമാടം

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 2.5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്.[അവലംബം ആവശ്യമാണ്] കടൽ വെച്ചുണ്ടായത് കൊണ്ടാണ് വയ്പ് എന്ന് വിളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.[അവലംബം ആവശ്യമാണ്] തെക്ക് കൊച്ചി അഴി, വടക്കു് മുനമ്പം അഴി, കിഴക്ക് കൊച്ചി കായൽ, പടിഞ്ഞാറ് അറബിക്കടൽ എന്നിങ്ങനെയാണ് വൈപ്പിൻ കരയുടെ അതിരുകൾ. കൊച്ചിൻ കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പരിധിയിൽപെടുന്ന "വൈപ്പിൻ" എന്ന പേരിൽ തന്നെ അറിയപ്പെടുന്ന ദ്വീപിന്റെ തെക്കേ അറ്റവും എളംകുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ ആറു ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണു് വൈപ്പിൻകര. വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മുനമ്പം അഴിയാണ് ചരിത്രത്തിൽ മുസിരിസ് അഥവാ മുചിറി എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖം. (1341ലെ പ്രളയത്തിൽ ഈ തുറമുഖത്തിന് ആഴം കുറഞ്ഞ് പോയി) ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ് ബീച്ച്, ചെറായി ബീച്ച് എന്നിവ വൈപ്പിൻകരയുടെ പടിഞ്ഞാറേ തീരത്താണ്. കിഴക്കൻ അതിർത്തിയായ കൊച്ചീക്കായലിന്റെ തീരത്തു നിന്നു നോക്കിയാൽ വല്ലാർപാടം, പനമ്പുകാട്, കടമക്കുടി, ചാത്തനാട്, ഏഴിക്കര എന്നീ ദ്വീപുകൾ ദൃശ്യമാണു്. കടലും കായലും ചുറ്റപ്പെട്ട കരയായതിനാൽ മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള തൊഴിലുകളും, ഫിഷിംഗ്ഹാർബറുകൾ വഴിയുള്ള വ്യവസായങ്ങളുമാണു് ഇവിടത്തെ പരമ്പരാഗത തൊഴിലുകൾ. ദ്വീപിലെ കായലോരങ്ങളിലും അഴിമുഖങ്ങൾക്കരികിലും ഇന്നും ധാരാളം ചീനവലകൾ കാണാം. പുതുവൈപ്പിന്റെ പടിഞ്ഞാറ് കടൽത്തീരമേഖലയിൽ എൽ.എൻ.ജി, എസ്.പി.എം, ഐ.ഒ.സി എന്നി ബൃഹദ്പദ്ധതികളും പ്രവർത്തിക്കുന്നു.

ചരിത്ര പ്രാധാന്യം ഏറെയുളള ഇടമാണ് വൈപ്പിൻകര. ഇന്ത്യയിൽ യൂറോപ്യർ ഏറ്റവും ആദ്യമുണ്ടാക്കിയ കോട്ട എന്ന പദവി ദ്വീപിലെ പള്ളിപ്പുറം കോട്ടയ്ക്കാണ്. രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് 1503ൽ ഇത് പണിതത്. വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്. കേരള നവോത്ഥാനചരിത്രത്തിലും വൈപ്പിൻ കരയ്ക്ക് പ്രാധാന്യമുണ്ട്. ദ്വീപ് നിവാസി കൂടിയായ നവോത്ഥാന നായകൻ സഹോദരൻ അയ്യപ്പൻ പന്തിഭോജനം സംഘടിപ്പിച്ച തുണ്ടിപറമ്പ് ചെറായിയിലാണ്.

വൈപ്പിൻകരയിലെ പഞ്ചായത്തുകൾ തിരുത്തുക

വൈപ്പിൻകരയിലെ ഗ്രാമ പഞ്ചായത്തുകളും അനുബന്ധവിവരങ്ങളും
ക്രമനമ്പർ ! പഞ്ചായത്തിന്റെ പേരു് ! ച.കി.മീ ! വാർഡുകൾ[1] ! ആകെ ജനസംഖ്യ ജനസാന്ദ്രത ആകെ വീടുകൾ
1 ഞാറയ്ക്കൽ 8.6 16 24166 2810/ച.കി.മീ. 6408
2 നായരമ്പലം 12.32 16 24127 2376/ച.കി.മീ. 6358
3 എടവനക്കാട് 10.17 15 26784 2115/ച.കി.മീ. 5598
4 കുഴുപ്പിള്ളി 5.76 13 12137 995/ച.കി.മീ. 3282
5 പള്ളിപ്പുറം 16.5 23 44042 3112/ച.കി.മീ. 13453
6 എളങ്കുന്നപ്പുഴ 11.52 23 50533 3032/ച.കി.മീ. 18345
ആകെ 64.87 106 181789 14440/ച.കി.മീ. 53444

ഗോശ്രീ പാലങ്ങൾ തിരുത്തുക

 
മുളവുകാടിനെയും വല്ലാർപാടത്തെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. തെക്കു കിഴക്കു നിന്നുള്ള കാഴ്ച്ച.

ഗോശ്രീ ജംഗഷനിൽ (വൈപ്പിൻ) നിന്നുള്ള മൂന്ന് പാലങ്ങൾ വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്നു. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സ്ഥിരമായി ഗതാഗത ബോട്ടുകൾ ലഭിക്കും. 2005-ൽ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഒരു പാലം നിർമ്മിച്ച് ദ്വീപിനെ കരയുമായി ബന്ധിച്ചു.സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത ഗോശ്രീ പാലം എന്ന് അറിയപ്പെടുന്ന ഈ പാലം വൈപ്പിനെ കൂടാതെ മുളവുകാട്(ബോൾഗാട്ടി) ,വല്ലാർപാടം ദ്വീപുകളെയും ബന്ധിപ്പിക്കുന്നു. ഇന്ന് കൊച്ചി നഗരത്തിലെ അതിവേഗം വികസിക്കുന്ന ഒരു പ്രാന്തപ്രദേശമാണ് വൈപ്പിൻ. ആധുനിക ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ഇന്ന് വൈപ്പിനിൽ ലഭ്യമാണ്.ഒരുപാടു ചരിത്രം നിറഞ്ഞു നിൽക്കുന്ന ഒരു ദ്വീപാണിത് . 600 - വർഷം മുൻപ് രൂപം കൊണ്ടതാണ് ഈ ദ്വീപ്. അറബിക്കടൽ അൽപ്പം പിന്നിലേക്ക്‌ മാറിയപ്പോൾ ഇത്തരം ഒരു ദ്വീപു രൂപം കൊണ്ടു [അവലംബം ആവശ്യമാണ്]. കടൽ വച്ച് ഉണ്ടായ കര എന്ന അർത്ഥമാണ് വൈപ്പിൻ കര എന്നത് .

"വൈപ്പിൻ" ദുരിതങ്ങളും,സമരങ്ങളും തിരുത്തുക

ഏറെ ജനകീയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് വൈപ്പിൻദ്വീപ്. 1982-ലെ തിരുവോണ നാളിൽ സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ചാരായഷാപ്പുകളിൽ നിന്നും വില്പന നടത്തിയ വിഷമദ്യം കുടിച്ച് 78 പേർ മരിക്കുകയും അനവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തതോടെ വൈപ്പിൻകര വിഷമദ്യദുരന്തത്തിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് ജനങ്ങൾ സംഘടിച്ചതിന്റെ ഫലമായി ഇന്നും സർക്കാർ അനുമതിയുണ്ടെങ്കിലും മദ്യശാലകൾ തുറക്കാൻ കഴിയാത്തത് വേദനിക്കപ്പെട്ട വൈപ്പിൻ നിവാസികളുടെ പ്രതിഷേധഫലമാണ്. കൊതുകുശല്യം രൂക്ഷമായപ്പോൾ അതിനെതിരെ പ്രതിഷേധവുമായി ബന്ദ് നടത്തിയതും, സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത ഗോശ്രീപാലങ്ങൾ യാഥാർത്ഥ്യമാക്കുവാൻ കഴിഞ്ഞതും നിരവധി സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഫലമായിട്ടായിരുന്നു.

 
കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ചു നടത്തുന്ന റോഡുപരോധം

കുടിവെള്ളത്തിനു വേണ്ടി നടത്തിയിട്ടുള്ള പോരാട്ടമാണ് വൈപ്പിൻ കരയുടെ സമരമുഖങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ജാതിമത, സ്ത്രീപുരുഷ കക്ഷിഭേദങ്ങളൊന്നുമില്ലാതെ മതസംഘടനകളും, രാഷ്ട്രീയ സംഘടനകളും, പല സ്വതന്ത്ര സംഘടനകളും സമരം ചെയ്തതു മൂലം പരിഹാരമായി ഹഡ്കോയുടെ ടാങ്കുകൾ വന്നെങ്കിലും ഇപ്പോഴും പലപ്രദേശങ്ങളിലും ടാങ്കർലോറിക്കാണ് വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്.

ദ്വീപിലെ ഗ്രാമങ്ങൾ തിരുത്തുക

 
വൈപ്പിൻപാലം
 
വൈപ്പിനിലെ റോഡുകളിലെ സായാഹ്ന കാഴ്ച

വിനോദസഞ്ചാര ആകർഷണങ്ങൾ തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക


  1. https://lsgkerala.gov.in/electionupdates/deStatusLB.php?distID=7
"https://ml.wikipedia.org/w/index.php?title=വൈപ്പിൻ&oldid=3987027" എന്ന താളിൽനിന്ന് ശേഖരിച്ചത്