വില്ലുപാട്ട്

കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഒരു നാടോടികലാരൂപം

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻപാട്ടുകൾ എന്ന പണ്ഡിതന്മാർക്കുപോലുമുണ്ടായത്.[1] അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു.

Villu Paatu (English: Bow Song,Tamil: வில்லுப்பாட்டு), also known as Villadichampaatu, is an ancient form of musical story-telling in India where narration is interspersed with music.

ചരിത്രം തിരുത്തുക

തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി മാറി.

ഉപകരണങ്ങൾ തിരുത്തുക

 
വില്ലുപാട്ട് അവതരിപ്പിക്കുന്ന സംഘം

വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കിയിരിക്കും.

വില്ല് തിരുത്തുക

വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. ഇതിന്‌ മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.

വീയൽ തിരുത്തുക

വീയൽ അഥവാ വീശുകോൽ ഞാണിന്മേൽ തട്ടി ശബ്ദമുണ്ടാക്കിയാണ്‌ പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാൻ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയിൽ വീയൽ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങൾ പാട്ടുകാരുടെ സാമർത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്‌.

കുടം തിരുത്തുക

കുടത്തിന്റെ കഴുത്തിൽ വില്ലിന്റെ അറ്റം ഞാൺ മുകളിൽ വരത്തക്ക വിധമാണ്‌ അനുഷ്ഠാന വില്പാട്ടുകളിൽ കുടത്തിന്റെ സ്ഥാനം. കളിമൺകുടമാണ്‌ ഉപയോഗിക്കുന്നത്. വയ്ക്കോൽ ചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയ കമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.

ജാലർ തിരുത്തുക

ഇലത്താളത്തിന്റെ ചെറിയ രൂപമാണ്‌ ജാലർ. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.

ഉടുക്ക് തിരുത്തുക

വില്ലുപാട്ടിന്‌ ജീവൻ നൽകുന്ന വാദ്യോപകരണമാണ്‌ ഉടുക്ക് എന്നുപറയാം.

താളക്കട്ടകൾ തിരുത്തുക

ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ്‌ വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകൾ. തപ്പളാംകട്ട എന്ന് നാട്ടുരീതിയിൽ ഇതിനെ പറഞ്ഞുവരുന്നു.

പാട്ടുകൾ തിരുത്തുക

ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്തകഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻപാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കുചേലവരലാഭ, ചിത്തിരപുത്രനയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചുവരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.

ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും.തോവാള സുന്ദരം‌പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാളബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.

താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ.

അവതരണരീതി തിരുത്തുക

അഞ്ചോ ഏഴോ അംഗങ്ങളാണ്‌ പരമ്പരാഗതവില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. വില്ലിന്റെ ഒരറ്റത്താണ്‌ പുലവൻ ഇരിക്കുക. മറ്റേയറ്റത്ത് കുടം കൊട്ടുന്നയാളും. രണ്ടുപേർക്കും തലക്കെട്ട് ഉണ്ടായിരിക്കും. ഉത്സവങ്ങളിൽ അനുഷ്ഠാനപരമായാണ്‌ ഇത് അവതരിപ്പിക്കുന്നത്. കന്നിമൂലയിൽ തൂശനിലയിൽ നിലവിളക്കും നിറനാഴിയും സംഗീതോപകരണങ്ങളും വെച്ച് പൂജിച്ചതിനു ശേഷമാണ്‌ പാട്ട് ആരംഭിക്കുക. അഞ്ചുമിനുട്ടോളം നേരം കൂട്ടയ മേളം നടത്തുകയും ദേവതാസ്തുതിയോടെ പാട്ടിലേക്ക് കറ്റക്കുകയും ചെയ്യുന്നു.

കാപ്പ് തിരുത്തുക

താളമില്ലാതെ ദേവതാസ്തുതി നടത്തുന്നതിനാണ്‌ കാപ്പ് എന്നുപറയുന്നത്.

നാമാവതരണം തിരുത്തുക

കാപ്പിനുശേഷം വില്ലുപാട്ടിന്റെ പേര്‌ അവതരിപ്പിക്കുന്നു. ചിലർ ഗദ്യത്തിലും ചിലർ പദ്യത്തിലുമാണ്‌ ഇത് അവതരിപ്പിക്കുന്നത്.

ഗുരുസ്തുതി, സഭാവന്ദനം, ദേശസ്തുതി തിരുത്തുക

ഗുരുവിന്റെ പേരും പെരുമയും പാട്ടിലൂടെ അവതരിപ്പിച്ചതിനു ശേഷം സഭാവന്ദനത്തിനുള്ള പാട്ടു പാടുന്നു. ശേഷം ദേശസ്തുതിയും വർണ്ണനയുമാണ്‌. മുൻകൂട്ടി തയ്യാറാക്കിയ പാട്ടിൽ ദേശപ്പേര്‌ ചേർത്താണ്‌ ദേശസ്തുതി നടത്തുന്നത്.

കഥാവതരണം തിരുത്തുക

ശിവസ്തുതി, ശാസ്താസ്തുതി(അയ്യനാർ വാഴ്ത്ത്), കേൾക്കുന്നവർക്കും മറ്റുള്ളവർക്കുമുള്ള മംഗളം തുടങ്ങിയവയോടെ കഥ പറഞ്ഞുതുടങ്ങുന്നു. വിരുത്തം, പാടൽ, വചനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. വിരുത്തങ്ങൾ ശ്ലോകങ്ങളെപ്പോലെ കഥാഗതിയെ സൂചിപ്പിക്കുന്ന ഈണമില്ലാത്ത വരികളാണ്‌. വചനം കഥാവിവരണവും.

കഥയ്ക്കിടയിൽ അല്പനേരം വിനോദത്തിനു നീക്കിവെക്കാറുണ്ട്. പിൻപാട്ടുകാർ രണ്ടു കക്ഷിയായിത്തിരിഞ്ഞ് പാട്ടുപാടി മത്സരിക്കുന്നു ഈ സന്ദർഭത്തിൽ. കക്ഷിപ്പാട്ട് എന്നും മത്സരപ്പാട്ട് എന്നുമൊക്കെ ഇതിനെ വിളിക്കുന്നു. ഒരു കക്ഷിയിലുള്ളവർ ഒരു രാഗത്തിലുള്ള പാട്ടുപാടുകയും മറുകക്ഷിക്കാർ അതേ രാഗത്തിൽ മറ്റൊന്ന് പാടുകയുംവേണം. ആദ്യകക്ഷി പാടിയതിന്റെ ഹാസ്യാനുകരണമാണ്‌ രണ്ടാമത്തെ കക്ഷി നടത്തുക. ആധുനികകാലത്ത് ചലച്ചിത്രഗാനങ്ങളും ഇതിൽ ഇടം‌പിടിക്കുന്നു. പാരഡി ചൊല്ലാനാവാത്ത കക്ഷി പരാജയപ്പെടുന്നു.

പാട്ടിന്റെ ഇടയ്ക്ക് ചില പാട്ടുകെട്ടുകൾ പുതുതായി ചേർക്കുന്ന പതിവുണ്ട്. ഇടതിരി എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ശിഷ്യന്മാരാണ്‌ ഇത് പാടുക. പുലവർക്ക് വിശ്രമത്തിനുള്ള സമയമാണിത്.

വാഴ്ത്തോടുകൂടി പാട്ട് അവസാനിപ്പിക്കുന്നു.

നവീനവില്പാട്ട് തിരുത്തുക

കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുക, ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തിൽ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങൾ. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ്‌ മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളിൽ ആർക്കും പാടാൻ സ്വാതന്ത്ര്യംനൽകുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങൾ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ്‌ വില്ലടിക്കുന്നത്.

നെയ്യാറ്റിൻകര കേശവൻ നായരാണ്‌ മറ്റൊരു പരിഷ്കർത്താവ്. സംഘാംഗങ്ങളുടെ വേഷവിധാനത്തിലാണ്‌ അദ്ദേഹം മാറ്റം‌വരുത്തിയത്. നിറമുള്ള കിന്നരിക്കുപ്പായം, പട്ടുതലക്കെട്ട്, പവിഴമാല തുടങ്ങിയ ആടയാഭരണങ്ങളിലൂടെ വില്ലുപാട്ടിന്‌ ദൃശ്യാനുഭൂതി നൽകി അദ്ദേഹം. നെയ്യാറ്റിൻകരയിൽ അദ്ദേഹം സ്ഥാപിച്ച 'യുഗസന്ധ്യ' ഉത്സവവേദികളിൽ ശ്രദ്ധേയമായ വിൽക്കലാമേളകൾ അവതരിപ്പിച്ചുവരുന്നു.

അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികസംഗീതോപകരണങ്ങളും വർണ്ണപ്രകാശവിന്യാസങ്ങളുംകൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീർന്നു. പാട്ട് എന്നതിനെക്കാൾ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാൽ വിൽക്കലാമേള എന്ന പേര്‌ സ്വീകരിച്ചു. കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യകൃതികളുടെയും ഇതിവൃത്തങ്ങൾ സ്വീകരിച്ച് തനിമലയാളത്തിൽ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കൻപാട്ടുശൈലിയിൽനിന്ന് തികച്ചും ഭിന്നമായ ലോകത്താണ്‌.

വില്ലുപാട്ട് തമിഴ്നാട്ടിൽ തിരുത്തുക

ഇവകൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


  1. കേരളസാഹിത്യചരിത്രം ഒന്നാംഭാഗം പു.൨൭൧
"https://ml.wikipedia.org/w/index.php?title=വില്ലുപാട്ട്&oldid=3356433" എന്ന താളിൽനിന്ന് ശേഖരിച്ചത്