ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പദ്മശ്രീ ബഹുമതി നേടിയ പ്രശസ്തനായ ഒരു കഥകളിനടനും ആചാര്യനുമാണ് വാഴേങ്കട കുഞ്ചുനായർ. കലാമണ്ഡലത്തിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ഇദ്ദേഹം കഥകളിയെക്കുറിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കഥകളിയിലെ നായക-പ്രതിനായക വേഷങ്ങളിലെല്ലാം സ്വകീയമാർഗ്ഗം അവലംബിച്ചതിന്റെ പേരിൽ ശ്രദ്ധേയനാണ്.

ജീവചരിത്രം തിരുത്തുക

1909 സെപ്റ്റംബർ 9ന് പാലക്കാട് ജില്ലയിൽ കാറൽമണ്ണദേശത്ത് നെടുമ്പെട്ടി വീട്ടിൽ ഗണപതി നായരുടേയും ചേനമ്പുറത്ത് ഇട്ടിച്ചിരി അമ്മയുടേയും മകനായി ജനിച്ചു. ഗോകുലാഷ്ടമി ദിനത്തിൽ ജനിച്ചതിനാൽ "കൃഷ്ണൻ" എന്നാണ് മാതാപിതാക്കൾ അദ്ദേഹത്തിന് പേരിട്ടത്. "കുഞ്ചു" എന്നത് വിളിപ്പേരായിരുന്നു. കാറൽമണ്ണയാണ് മാതൃഗൃഹമെങ്കിലും അമ്മയുടെ ജ്യേഷ്ഠത്തിയോടൊന്നിച്ച് ജ്യേഷ്ഠത്തിയുടെ ഭർതൃഗൃഹം സ്ഥിതിചെയ്യുന്ന അടുത്ത ഗ്രാമമായ വാഴേങ്കടയിലായിരുന്നു കുഞ്ചു നായർ തന്റെ ശൈശവം ചെലവിട്ടത്. വാഴേങ്കട മലപ്പുറം ജില്ലയിൽ തൂതപ്പുഴയുടെ തീരത്ത് ഉള്ള ഒരു ചെറു ഗ്രാമം ആണ്. കുഞ്ചുനായർക്ക് ഏകദേശം ഒന്നര വയസ്സുള്ളപ്പോൾ അമ്മയുടെ ജ്യേഷ്ഠത്തി മരണപ്പെട്ടു. തുടർന്ന് അദ്ദേഹം അമ്മയും ജ്യേഷ്ഠൻ നാരായണനുമൊന്നിച്ച് സ്വഗ്രാമമായ കാറൽമണ്ണയിലേക്ക് മടങ്ങി. വെള്ളിനേഴി ഹയർ എലിമന്ററി സ്കൂളിൽ ആറാം തരെ വരെ പ്രാഥമിക പഠനം നടത്തി.

കൊല്ലവർഷം 1100 എടവം 26ന് (1925 ജൂൺ 28) കരിയാട്ടിൽ കോപ്പൻ നായരുടെ ശിക്ഷണത്തിൽ കുഞ്ചുനായർ കഥകളി പഠനം ആരംഭിച്ചു. കോപ്പൻ നായർ “ആശാരി കോപ്പൻ” എന്ന പേരിൽ പ്രസിദ്ധനായ കഥകളി നടനായിരുന്നു. ബകവധത്തിൽ ആശാരി ആയിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധവേഷം. അതിനാൽ ആശാരി കോപ്പൻ നായരായി. തുടർന്ന് കല്ലുവഴി ഗോവിന്ദപ്പിഷാരടിയുടെ കീഴിലും 2 വർഷത്തോളം കഥകളി അഭ്യസിച്ചു. കുഞ്ചുനായരിലെ കഥകളി നടനെ വാർത്തെടുത്തത് അദ്ദേഹത്തിന്റെ പിൽക്കാല ഗുരുവായ പട്ടിക്കാംതൊടി രാവുണ്ണി മേനോനായിരുന്നു. കഥകളിയ്ക്ക് അമൂല്യമായ സംഭാവനകൾ ചെയ്ത മഹാനായിരുന്നു ശ്രീ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ.

1925 ഡിസംബർ 20ന് (കൊല്ലവർഷം 1101 ധനു 6) വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രസന്നിധിയിൽ വെച്ചാണ് കുഞ്ചുനായർ അരങ്ങേറ്റം നടത്തിയത്. പുറപ്പാടിലെ കൃഷ്ണവേഷവും തുടർന്നുള്ള സുഭദ്രാഹരണം കളിയിലെ കൃഷ്ണവേഷവുമായിരുന്നു അന്ന് കുഞ്ചു നായർ കെട്ടിയത്. ഗുരുനാഥൻ പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു കൂട്ടുവേഷമായ അർജ്ജുനൻ കെട്ടിയിരുന്നത്.

ആദ്യഭാര്യ നാണിക്കുട്ടിയമ്മ വിഷജ്വരം ബാധിച്ച് 1945ൽ മരിച്ചതിനെ തുടർന്ന് അവരുടെ ഇളയസഹോദരിയായ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തു.

പഠനം പൂർത്തിയാക്കിയ അദ്ദേഹം കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ പ്രധാനാദ്ധ്യാപകനായി. തുടർന്ന് അദ്ദേഹം കലാമണ്ഡലത്തിലെ പ്രഥമപ്രിൻസിപ്പാൾ ആയി. 1960 ജൂലൈ മുതൽ കലാമണ്ഡലത്തിന്റെ പ്രിൻസിപ്പാൾ ആയി 1972 മാർച്ചിൽ റിട്ടയർ ചെയ്തു. 1981 ഫെബ്രുവരി 19ന് വാഴേങ്കട കുഞ്ചു നായർ അന്തരിച്ചു.

1971ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു.

കുഞ്ചുനായരുടെ സ്മരണാർത്ഥം കാറൽമണ്ണയിൽ വാഴേങ്കട കുഞ്ചുനായർ കഥകളി ട്രസ്റ്റ് രൂപീകരിച്ച് കഥകളിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. "കളിവെട്ടം" എന്നപേരിൽ കുഞ്ചുനായരുടെ ലേഖനസമാഹാരം വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട വേഷം നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകൻ (കറുത്ത നളൻ) എന്ന് 22-11-1965ൽ എഴുതിയ ഒരു ലേഖനത്തിൽ സ്മരിക്കുന്നു.[1]

അവലംബം തിരുത്തുക

  1. "കളിവെട്ടം" ഒന്നാം ഭാഗം. കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് പ്രസിദ്ധീകരണം.
"https://ml.wikipedia.org/w/index.php?title=വാഴേങ്കട_കുഞ്ചു_നായർ&oldid=3023907" എന്ന താളിൽനിന്ന് ശേഖരിച്ചത്