മലയാളനാടകവേദിയിൽനിന്ന് അറുപതുകളിൽ മലയാളസിനിമയിലെത്തിയ അഭിനേത്രി ആണ് വഞ്ചിയൂർ രാധ അമ്മ, സഹോദരി വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ഒരു തിരക്കുള്ള അഭിനേത്രിയായിരുന്നു ശ്രീമതി വഞ്ചിയൂർ രാധ. അമ്മാവൻ പത്മനാഭപിള്ളയുടെ പ്രോത്സാഹനത്തിലാണു് ശ്രീമതി രാധ കലാലോകത്തേക്കു കടന്നു വരുന്നതു്. ഓൾ ഇന്ത്യാ റേഡിയോയിലെ “ബാലലോകം” പരിപാടിയിലെ നാടകങ്ങളിൽ ശബ്ദാഭിനയം കാഴ്ച വെച്ചുകൊണ്ടായിരുന്നു പത്തുവയസ്സുള്ളപ്പോൾ അഭിനയരംഗത്തെത്തി[1]. കൈനിക്കര പത്മനാഭപിള്ളയുടെ 'വിധിമണ്ഡപം ' എന്ന നാടകത്തിൽ ശ്രീമതി ആറന്മുള പൊന്നമ്മയുടെ മകളായി അഭിനയിച്ചുകൊണ്ട് നാടകരംഗത്തെത്തി. സിനിമകളിലുംപിന്നീടു് ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. മെരിലാന്റിന്റെ 'പൊൻ കതിർ ' ആണു് ആദ്യത്തെ സിനിമ[2]. തുടർന്ന് അറുപതിലധികം ചിത്രങ്ങളിൽ വേഷമിട്ടു.[3]

വഞ്ചിയൂർ രാധ
ജനനം(1940-10-06)ഒക്ടോബർ 6, 1940
തൊഴിൽഅഭിനേത്രി
സജീവ കാലം1964 - 1981
ജീവിതപങ്കാളി(കൾ)നാരായണപ്പിള്ള
കുട്ടികൾ2
പുരസ്കാരങ്ങൾ'

സ്വകാര്യജീവിതം തിരുത്തുക

അതിനിടയ്ക്കായിരുന്നു തിരുവനന്തപുരം സ്വദേശി തന്നെയായ ശ്രീ നാരായണപിള്ളയുമായുള്ള വിവാഹം[4]. വിവാഹിതയായി ഒരു കുട്ടിയുടെ മാതാവായതിനു ശേഷവും അഭിനയ മോഹം കൈവിടാഞ്ഞ ശ്രീമതി രാധയെ തേടി KPAC യുടെ നാടകട്രൂപ്പിലേക്കുള്ള ക്ഷണം വന്നു. 'മുടിയനായ പുത്രൻ ' എന്ന നാടകത്തിൽ അഭിനയിക്കാനായിരുന്നു ക്ഷണം. രണ്ടു വർഷത്തോളം KPAC യുടെ നാടകങ്ങളിൽ അഭിനയിച്ചു. KPAC കൂടാതെ കേരളത്തിലെ പ്രശസ്തമായ മറ്റു പല നാടകട്രൂപ്പുകളിലെയും അക്കാലത്തെ താരത്തിളക്കമായിരുന്നു ശ്രീമതി വഞ്ചിയൂർ രാധ. നാടകങ്ങളിൽ തിളങ്ങിനിന്നിരുന്ന സമയത്തും സിനിമാഭിനയത്തോടായിരുന്നു ഈ കലാകാരിയുടെ കടുത്ത അഭിനിവേശം. അങ്ങനെ നാടകരംഗം ഉപേക്ഷിച്ചു് സിനിമയിൽ അവസരങ്ങൾ തേടി ഭർത്താവും മക്കളുമൊത്തു് സിനിമാനഗരമായ ചെന്നൈയിൽ വന്നുതാമസമാക്കി. ഒരു തികഞ്ഞ കലാസ്വാദകനായിരുന്ന ഭർത്താവു് ശ്രീ നാരായണപിള്ളയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു ഈ നീക്കത്തിനു്. 1966 ൽ 'വിദ്യാർത്ഥികൾ ' എന്ന ചിത്രത്തിൽ ശ്രീ പ്രേംനസീറിന്റെ സഹോദരി റോളിൽ ആയിരുന്നു തുടക്കം. അവിടുന്നങ്ങോട്ടു് ചെറുതും വലുതുമായ റോളുകളിൽ, ഏകദേശം മുന്നൂറ്റിഅറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു .‘മുദ്രമോതിരം', 'അഭിനയം ' തുടങ്ങിയ പല ചിത്രങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. ഒരുപാടു ചിത്രങ്ങളിൽ ഡ‌ബ്ബിംഗ് ആർട്ടിസ്റ്റായും സഹകരിച്ചിട്ടുണ്ടു് . പ്രശസ്തരായ പഴയകാല അഭിനേതാക്കളുടെയൊക്കെ ഒപ്പം അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ കലാകാരി ആ ഓർമ്മകൾ ഒക്കെയും ഒരു നിധിപോലെ മനസ്സിൽ കൊണ്ടുനടക്കുന്നു. ഇപ്പോഴും അഭിനയമോഹം ഒട്ടും കൈവിട്ടിട്ടില്ലാത്ത ഈ കഴിവുറ്റ നടി, ചെന്നൈയിൽ മഹാലിംഗപുരത്തു് അയ്യപ്പൻ കോവിലിനടുത്തുള്ള സ്വഭവനത്തിൽ ഭർത്താവു് ശ്രീ നാരായണപിള്ളയുമൊത്തു് വിശ്രമജീവിതം നയിക്കുന്നു. രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു. തികഞ്ഞ അയ്യപ്പഭക്തയായ ശ്രീമതി വഞ്ചിയൂർ രാധ ഇപ്പോൾ ക്ഷേത്രസംബന്ധിയായ കാര്യങ്ങളിലും അവിടത്തെ മറ്റു പല ആത്മീയ, സാംസ്കാരിക പ്രവർത്തനമണ്ഡലങ്ങളിലും ഒരു സജീവസാന്നിദ്ധ്യമാണു്.[5]

അവലംബം തിരുത്തുക

  1. http://www.nettv4u.com/celebrity/malayalam/movie-actress/vanchiyoor-radha
  2. https://www.malayalachalachithram.com/profiles.php?i=7348
  3. https://www.m3db.com/artists/21685
  4. https://www.cinestaan.com/people/vanchiyoor-radha-64117[പ്രവർത്തിക്കാത്ത കണ്ണി]
  5. https://malayalasangeetham.info/displayProfile.php?category=actors&artist=Vanchiyoor%20Radha
"https://ml.wikipedia.org/w/index.php?title=വഞ്ചിയൂർ_രാധ&oldid=4076233" എന്ന താളിൽനിന്ന് ശേഖരിച്ചത്