പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളിൽ ഒന്നാണ്‌ വജ്ജി അഥവാ വൃജ്ജി. ഇന്നത്തെ ബിഹാറിലെ വൈശാലിയായിരുന്നു ഈ രാജ്യത്തിന്റെ തലസ്ഥാനം[1]‌. ഗംഗാനദിയുടെ വടക്കുവശത്ത് സ്ഥിതി ചെയ്തിരുന്ന വജ്ജി, ഇന്നത്തെ നേപ്പാളിലെ തെറായ് മേഖല വരെ പരന്നു കിടന്നിരുന്നു. പടിഞ്ഞാറു വശത്ത് ഗന്ധക് നദിയായിരുന്നു മല്ല മഹാജനപദവും കോസലമഹാജനപദവുമായുള്ള വജ്ജിയുടെ അതിർത്തി എന്നു കണക്കാക്കപ്പെടുന്നു. കോശി, മഹാനന്ദ എന്നീ നദികളുടെ കരയിലുള്ള വനമേഖലവരെയാണ്‌ കിഴക്കോട്ട് ഇത് വ്യാപിച്ചുകിടന്നിരുന്നത്. കുന്ദപുരം, കുന്ദഗ്രാമം, ഭോഗനഗരം, ഹാത്തിഗാമ എന്നിവയാണ്‌ ഈ മഹാജനപദത്തിലെ മറ്റു പ്രധാനപ്രദേശങ്ങൾ[2]‍.

പതിനാറു മഹാജനപദങ്ങൾ സൂചിപ്പിക്കുന്ന ഭൂപടം.

ഭരണം തിരുത്തുക

അഷ്ടകുലം എന്നറിയപ്പെടുന്ന എട്ടു വംശങ്ങളിൽപ്പെട്ട ഭരണാധികാരികളായിരുന്നു വജ്ജി ഭരിച്ചിരുന്നത്. വൃജ്ജികൾ, ലിഛാവികൾ, ജ്ഞാത്രികർ, വിദേഹർ എന്നിവരാണ്‌ ഇതിൽ പ്രമുഖർ. മറ്റു നാലു വംശജർ ഏതെന്ന് അത്ര വ്യക്തമല്ല. എങ്കിലും സൂത്രകൃതംഗ എന്ന ജൈനഗ്രന്ഥത്തിൽ, ഉഗ്രർ, ഭോഗർ, കൗരവർ, ഐക്ഷ്വകർ എന്നീ വംശജർ ജ്ഞത്രികളും ലിച്ചാവികളുമായി ഒരേ ഭരണസഭയിൽ സമ്മേളിച്ചിരുന്നു എന്നു കാണുന്നുണ്ട്. [3].

ഗണം അഥവാ സംഘം എന്നറിയപ്പെടുന്ന വ്യത്യസ്തമായൊരു ഭരണസം‌വിധാനമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഒരു രാജാവ് എന്നതിനുപകരം ഒന്നിലധികം ഭരണകർത്താക്കൾ എന്നതായിരുന്നു ഈ രീതിയുടെ പ്രത്യേകത. ചിലപ്പോഴൊക്കെ ആയിരക്കണക്കിനു പേർ ഒരുമിച്ച് ഭരണം നടത്തി ഇവരെല്ലാവരും രാജാവ് എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ ഒരുമിച്ചു യാഗങ്ങൾ നടത്തുകയും ഒരുമിച്ച് കൂടി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു[1].

 
വൈശാലിയിലെ ആനന്ദസ്തൂപം

ഭരണകർത്താക്കൾ തിരുത്തുക

ജനപഥങ്ങളും, ഗ്രാമങ്ങളും ഗോത്രങ്ങളും ചേർന്ന വജ്ജി സംഘമാണ്‌ ഭരണം നടത്തിയിരുന്നത്. ഇത്തരം ഓരോ ഖണ്ഡങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ വജ്ജി ഗണപരിഷത്തിൽ പ്രസ്തുത ഖണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്തരം പ്രതിനിധികളെ ഗണമുഖ്യർ എന്നാണ് വിളിച്ചിരുന്നത്. ഗണമുഖ്യരുടെ അദ്ധ്യക്ഷൻ ഗണപ്രമുഖൻ എന്ന് അറിയപ്പെട്ടു. ഗണപ്രമുഖന്റെ അധികാരം വംശീയമല്ലെങ്കിലും പലപ്പോഴും ഇദ്ദേഹം രാജാവ് എന്നും വിളിക്കപ്പെട്ടിരുന്നു.

മഹാബലധൃകൃത് (ആഭ്യന്തരമന്ത്രിക്ക് തുല്യമായ തസ്തിക), ബിനിഷ്ചായമത്യ (മുഖ്യന്യായാധിപൻ), ദണ്ഡധൃകൃത് (മറ്റു ന്യായാധിപർ) എന്നിവയായിരുന്നു ഭരണത്തിലെ മറ്റു പ്രധാന തസ്തികകൾ.

വൈശാലി തിരുത്തുക

വജ്ജിയുടെ തലസ്ഥാനമായിരുന്ന വൈശാലി ഒരു സമ്പന്നമായ നഗരമായിരുന്നു. മൂന്നു കോട്ടമതിലുകളാൽ സം‌രക്ഷിതമായ നഗരത്തിന്‌ ഏറുമാടങ്ങളോടുകൂടിയ മൂന്നു കവാടങ്ങളും നഗരത്തിനുണ്ടായിരുന്നു എന്ന് ഏകപന്ന ജാതകത്തിന്റെ ആമുഖഭാഗത്ത് പറയുന്നുണ്ട്.

ഗോത്രങ്ങൾ തിരുത്തുക

ലിച്ഛാവികൾ, മല്ലർ, ശാക്യർ തുടങ്ങിയവരായിരുന്നു പ്രധാന ഗോത്രങ്ങൾ. ബി.സി.ഇ. 600-ഓടെ ലിച്ഛാവികൾ മഹാവീരന്റെ ശിഷ്യരായി, പിൽക്കാലത്ത് അവർ ബുദ്ധമാർഗ്ഗത്തിലേക്ക് തിരിഞ്ഞു. ബുദ്ധൻ തന്റെ ജീവിതകാലത്ത് നിരവധി തവണ വൈശാലി സന്ദർശിച്ചിട്ടുണ്ട്. വൈശാലിയിൽ അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്ന വിഹാരത്തെ കുതഗർശല എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ചേതകൻ എന്ന ഒരു ഗണപ്രമുഖനാണ്‌ ഈ വിഹാരം അദ്ദേഹത്തിന്‌ സമ്മാനിച്ചത്.


ബുദ്ധനും മഹാവീരനും സംഘത്തിലുൾപ്പെട്ടവരായിരുന്നു. ബുദ്ധഗ്രന്ഥങ്ങളിൽ നിന്നാണ്‌ സംഘത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നത്[1].

പല ശക്തരായ രാജാക്കന്മാരും സംഘങ്ങളെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും ഗുപ്തരാജാക്കന്മാർ അവസാനസംഘൻങ്ങളേയും കീഴടക്കുന്നതു വരെ, അതായത് ഏകദേശം അഞ്ചാം നൂറ്റാണ്ടു വരെ സംഘങ്ങൾ നിലനിന്നിരുന്നു[1].

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 61–62. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Raychaudhuri Hemchandra (1972), Political History of Ancient India, University of Calcutta, Calcutta, pp.105,107
  3. Raychaudhuri Hemchandra (1972), Political History of Ancient India, University of Calcutta, Calcutta, pp.105-06
"https://ml.wikipedia.org/w/index.php?title=വജ്ജി&oldid=1941174" എന്ന താളിൽനിന്ന് ശേഖരിച്ചത്