ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവൽ ആണ് റോബിൻസൺ ക്രൂസോ . ഇംഗ്ലീഷ് പത്ര പ്രവർത്തകനും നോവലിസ്റ്റും ലഘു ലേഖാകാരനുമായ ഡാനിയൽ ഡീഫോ ആണ് ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവു. ഒരു സാങ്കല്പിക കഥയാണ് റോബിൻസൺ ക്രൂസോ.എങ്കിലും ഇതെഴുതാൻ ശരിക്കുള്ള ഒരു സംഭവം ഡീഫോയ്ക്‌ പ്രചോദനമായി. റോബിൻസൺ ക്രൂസോ എഴുതുന്ന ഒരു ഡയറിയായിട്ടാണ് ഈ കഥ.

റോബിൻസൺ ക്രൂസോ
കർത്താവ്ഡാനിയൽ ഡീഫോ
രാജ്യംഇംഗ്ലണ്ട്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
25 ഏപ്രിൽ 1719

വില്ലിം ഡാമ്പിയർ എന്നൊരാളുടെ നേതൃത്വത്തിൽ ഒരു യാത്ര സംഘം പസഫിക്‌ സമുദ്രത്തിൽ പര്യടനത്തിനു തിരിച്ചു.സ്കോട്ട്‌ലൻടുകാരനായ അലക്സാണ്ടർ സെല്കിർക്ക്‌ എന്നൊരാളും കൂട്ടത്തിൽ ഉണ്ടായിരുന്നു. യാത്രക്കിടയിൽ ക്യാപ്ടനുമായി വഴക്കുണ്ടാക്കിയ അയാൾ വിജനമായ ഒരു ദ്വീപിൽ ഇറങ്ങാൻ വാശി പിടിച്ചു. പിന്നീട് അഞ്ചു വർഷക്കാലം അവിടെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടേണ്ടി വന്ന അദ്ദേഹത്തെ ഒരു ഇംഗ്ലീഷ് കപ്പൽ രക്ഷിച് നാട്ടിൽ എത്തിച്ചു.ഈ കഥ പത്രങ്ങളിൽ വന്നു.സെല്കിർക്കിന്റെ അനുഭവങ്ങൾ ഡീഫോയെ വല്ലാതെ ആകർഷിച്ചു. ആ കഥയുടെ പശ്ചാത്തലത്തിൽ ആണ് റോബിൻസൺ ക്രൂസോയുടെ രചന. ലോകം ചുറ്റിക്കാണാൻ ഇറങ്ങിയ ഒരു യുവാവാണ് റോബിൻസൺ ക്രൂസോ. കടൽ യാത്രയ്കിടയിൽ അദ്ദേഹത്തിന്റെ കപ്പൽ അപകടത്തിൽ പെട്ടു. തുടർന്ന് മനുഷ്യ വാസം ഇല്ലാത്ത ഒരു ദ്വീപിൽ എത്തിച്ചേർന്ന ക്രൂസോയ്ക്ക് നീണ്ട 28 വർഷം അവിടെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ അവസ്ഥ സൂക്ഷ്മമായി ആവിഷ്കരിക്കാൻ ദീഫോയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടാകാം ആ കൃതി ലോകമെങ്ങും വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തത്.

സംഗ്രഹം തിരുത്തുക

തൻറെ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി 1651 ആഗസ്റ്റ്‌ മാസം കടലിലേക്ക് യാത്ര തിരിച്ച റോബിൻസൺ ക്രുസോയുടെ കപ്പൽ അതിഭയങ്കരമായ ഒരു കൊടുംകാറ്റിൽ പെട്ടു. പക്ഷെ കടലിനോടുള്ള താല്പര്യം മൂലം അയാൾ വിണ്ടും വീണ്ടും കടലിലേക്ക് പുറപ്പെട്ടു. ഇത്തവണ കടൽക്കൊള്ളക്കാരുടെ കയ്യിലകപെട്ട അയാൾക്ക് അടിമയാകേണ്ടി വന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം ക്സുരി എന്ന ഒരു കുട്ടിയുടെ കൂടെ ഒരു ബോട്ടിൽ രക്ഷപെട്ട ക്രുസോയെ ഒരു പോർച്ചുഗീസ് കപ്പിത്താൻ രക്ഷപെടുത്തി. അദ്ദേഹത്തിന്റെ സഹായത്തോടെ ബ്രസ്സിലിലെത്തിയ ക്രുസോ, അവിടെ ഒരു തോട്ടം ആർജ്ജിച്ചു.

വർഷങ്ങൾക്ക് ശേഷം ആഫ്രിക്കയിൽ നിന്ന് അടിമകളെ കൊണ്ടുവരുന്ന ഒരു പര്യവേക്ഷണക്കപ്പലിൽ യാത്ര തിരിച്ച ക്രുസോ വിണ്ടും അപകടത്തിൽ പെട്ടു. അയാളും ഒരു നായയും രണ്ടു പൂച്ചകളും മാത്രം അപകടത്തിൽ രക്ഷപെട്ടു. അവർ ആൾവാസമില്ലാത്ത ഒരു ദ്വീപിൽ വന്നടിഞ്ഞു. കപ്പലിൽ നിന്ന് വിണ്ടെടുത്ത കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ദ്വീപിൽ അയാൾ ഒരു ചെറിയ കുടിൽ നിർമിച്ചു. അവിടെ മൃഗങ്ങളെ വേട്ടയാടിയും, കൃഷി ചെയ്തും അയാൾ തന്റെ ഏകാന്തമായ ജീവിതം കഴിച്ചുകൂട്ടി . വർഷങ്ങൾ കടന്നുപോയി, ദ്വീപിൽ ഇടയ്ക്കിടെ വന്നു പോകുന്ന നരഭോജികളെ ക്രുസോ കാണാൻ തുടങ്ങി. നരഭോജികളുടെ കയ്യിൽ നിന്ന് വഴുതിപ്പോയ ഫ്രൈഡേ എന്ന ഒരു മനുഷ്യനെ ക്രുസോ രക്ഷപെടുത്തി. ക്രുസൊ അയാളെ ഇംഗ്ലിഷ് പഠിപ്പിക്കുകയും ക്രിസ്തിയ മതവിശ്വാസിയാക്കുകയും ചെയ്തു.

വീണ്ടും ദ്വീപിലെത്തുന്ന നരഭോജികളിൽ മിക്കവരെയും ക്രുസോയും ഫ്രൈഡേയും ചേർന്ന് കൊലപ്പെടുത്തി. നരഭോജികളുടെ കയ്യിലകപ്പെട്ടിരുന്ന രണ്ടു തടവുകാരെ അവർ രക്ഷപെടുത്തി. അവരിൽ ഒരാൾ ഫ്രൈഡേയുടെ അച്ഛൻ ആയിരുന്നു. മറ്റത് ഒരു സ്പയിൻകാരൻ ആയിരുന്നു. അയാളിൽ നിന്ന് തിരത്തടിഞ്ഞ മറ്റു സ്പയിൻകാരെപറ്റി അവർ മനസ്സിലാക്കി അവരോടൊപ്പം ചേർന്ന് ഒരു കപ്പൽ നിർമ്മിച്ച് ദ്വീപിൽ നിന്ന് രക്ഷപെടാൻ ക്രുസോ തീരുമാനിച്ചു.

പക്ഷെ സ്പയിൻകാർ എത്തും മുൻപ് ഒരു ഇംഗ്ലീഷ് കപ്പൽ പ്രത്യക്ഷപ്പെട്ടു. ലഹളക്കാർ ആ കപ്പൽ കയ്യടക്കിക്കഴിഞ്ഞിരുന്നു. ക്രുസോ അതിൻറെ കപ്പിത്താനോടൊപ്പം ഒരു ഇടപാട്‌ വയ്ക്കുകയും ലഹളക്കാരെ തോല്പിച്ച ശേഷം അവരെ ദ്വീപിൽ വിട്ട് ബ്രിട്ടനിലേക്ക് മടങ്ങുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=റോബിൻസൺ_ക്രൂസോ&oldid=2928076" എന്ന താളിൽനിന്ന് ശേഖരിച്ചത്