റിച്ചാർഡ് ഡെഡിക്കിന്റ് (1831 - 1916) ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്നു. സംഖ്യാസിദ്ധാന്തം (Number theory) എന്ന ശാഖയിലാണ് ഇദ്ദേഹം ഗണ്യമായ സംഭാവന നൽകിയിട്ടുള്ളത്. 1831 ഒക്ടോബർ 6-ന് ജർമനിയിലെ ബ്രൂൺസ്വിക്കിൽ ജനിച്ചു. കരോളിൻ കോളജ്, ഗോട്ടിങ്ഗെൻ സർവകലാശാല എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 1852-ൽ ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അതിനുശേഷം ഗോട്ടിങ്ഗെൻ, സൂറിച്ച് പോളിടെൿനിക് (1858-62), ബ്രൂൺസ്വിക്കിലെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (1863-94) എന്നിവിടങ്ങളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

റിച്ചാർഡ് ഡെഡിക്കിന്റ്
റിച്ചാർഡ് ഡെഡിക്കിന്റ്
ജനനംOctober 6, 1831 (1831-10-06)
മരണംFebruary 12, 1916 (aged 84) (1916-02-13)
Braunschweig, German Empire
ദേശീയതGerman
അറിയപ്പെടുന്നത്Abstract algebra
Algebraic number theory
Real numbers
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematician
Philosopher of mathematics
ഡോക്ടർ ബിരുദ ഉപദേശകൻCarl Friedrich Gauss

ആദ്യകാല പഠനങ്ങൾ തിരുത്തുക

ഡെഡിക്കിന്റിന്റെ ആദ്യകാല പഠനങ്ങൾ അവകലന (Differential calculus)ത്തെക്കുറിച്ചായിരുന്നു. വാസ്തവിക സംഖ്യാ പഠനത്തിന് അക്കാലത്ത് ഗണിതശാസ്ത്രജ്ഞർ സ്വീകരിച്ചിരുന്ന ജ്യാമിതീയ സങ്കേതങ്ങൾ ഉപേക്ഷിച്ച് പകരം ഡെഡിക്കിന്റ് ഛേദം (Dedekind cut) എന്ന ഒരു നൂതന ആശയത്തിന്റെ സഹായത്താൽ വാസ്തവിക സംഖ്യാ പദ്ധതിക്ക് (real number system) പുതിയ ഒരു നിർവചനം ഇദ്ദേഹം നൽകി. ഡെഡിക്കിന്റിന്റെ ഏറ്റവും മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നതും ഇതു തന്നെയാണ്. പരിമേയസംഖ്യകളെ, ചില പ്രത്യേക നിബന്ധനകളനുസരിക്കുന്ന രണ്ട് ശൂന്യേതര വിയുക്ത (non-empty disjoint) ഗണങ്ങളായി വിഭജിക്കുന്ന രീതിയാണ് ഡെഡിക്കിന്റ് ഛേദം. ഇങ്ങനെ വിഭജിച്ചു കിട്ടുന്ന ഛേദങ്ങൾ (cuts) ഓരോന്നും അപരിമേയ സംഖ്യകളുടെ ഓരോ ഗണമായിരിക്കും. ഈ ഛേദങ്ങളുടെ സമൂഹത്തിൽ സങ്കലനം, ഗുണനം, അസമത എന്നിവ നിർവചിച്ച് അതിലൂടെ വാസ്തവിക സംഖ്യാ പദ്ധതിക്ക് രൂപം നൽകുവാനും ഇദ്ദേഹത്തിനു സാധിച്ചു.

ഗുണജാവലി സിദ്ധാന്തം തിരുത്തുക

ബീജഗണിതാശയങ്ങളുപയോഗിച്ച് ഗുണജാവലിക്ക് (ideal) പുതിയ നിർവചനം നൽകുന്നതിൽ ഡെഡിക്കിന്റ് വിജയിച്ചു (1871). ഗുണജാവലി സിദ്ധാന്തം ആധുനിക ഗണിതശാസ്ത്രത്തിന്റെ സാമാന്യവൽക്കരണത്തിന് വളരെയധികം സഹായകമായിട്ടുണ്ട് അപരിമേയ സംഖ്യ (irrational number) എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

പ്രധാന കൃതികൾ തിരുത്തുക

ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്

  • സെറ്റിഗ്കേറ്റ് അന്റ് ഇറാഷനലി സാഹ്ലെൻ (1872)
  • വാസ് അസിന്റ് അന്റ് വാസ് സോളൻ ഡൈ സാഹ്ലെൻ (1888)

എന്നിവ. 1916 ഫെബ്രുവരി 12-ന് ബ്രൂൺസ്വിക്കിൽ ഡെഡിക്കിന്റ് നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെഡിക്കിന്റ്, ജൂലിയസ് വിൽഹെം റിച്ചാർഡ് (1831 - 1916) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.