റിച്ചാർഡ് ആപ് മേരിക് (c.1440–1503) (ആംഗലേയത്തിൽ റിച്ചാർഡ് അമേരിക്കെ) സമ്പന്നനായ ഒരു ഇംഗ്ലീഷ് വ്യവസായിയും രാജകീയ ചുങ്കപ്പിരിവ് ഉദ്യോഗസ്ഥനും ബ്രിസ്റ്റോൾ പട്ടണത്തിലെ ഷെരീഫും ആയിരുന്നു. 1497 ൽ ജോൺ കാബട്ട് എന്ന നാവികന്റെ വടക്കേ അമേരിക്കൻ സമുദ്രയാത്രയിലെ മാത്യു എന്ന കപ്പലിന്റെ ഉടമയായിരുന്നു റിച്ചാർഡ് അമേരിക്കെ.[1] ബ്രസ്റ്റോൾ പട്ടണത്തിൽ നിന്നുള്ള പണ്ഡിതനും ചരിത്രകാരനുമായിരുന്ന ആൽഫ്രഡ് ഹുഡ് 1908 ൽ അഭിപ്രായപ്പെട്ടത് പുതിയ ഭൂഖണ്ഡത്തിന്റ പേരിനു നിദാനം അമേരികെയുടെ കുലനാമമാണ് എന്തെന്നാൽ കാബട്ടിന്റെ ന്യൂഫൌണ്ട് ലാന്റിലേയ്ക്കുള്ള സമുദ്ര പര്യവേക്ഷണയാത്രയുടെ പ്രയോക്താവായിരുന്നത് റിച്ചാർഡ് അമേരിക്കെ ആയിരുന്നു. പഴയ ബ്രട്ടീഷ് മാപ്പുകളിൽ പുതിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് അടയാളപ്പെടുത്തിയിരുന്നുവങ്കിലും ഈ പുരാതന മാപ്പുകൾ അക്കാലത്തു നഷ്ടപ്പെട്ടു പോയിരുന്നു. ഇറ്റാലിയൻ നാവികനായ അമരിഗോ വെസ്പൂച്ചിയുടെ പേരിനെ പിന്തുടർന്നുള്ളതാണെന്നാണ് ഭൂരിപക്ഷാഭിപ്രായം.

ജീവചരിത്രം തിരുത്തുക

 
Variants of Richard Ap Meryk's name as found in contemporary documents

റിച്ചാർഡ് അമേരിക്കെ 1440 ലാണ് ജനിച്ചതെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കലും ഒരു ആധുനിക ഗ്രന്ഥകാരൻ അമേരിക്കെ 1445 ൽ റോസ്-ഓണ്-വൈക്കു് (Ross-on-Wye) സമീപമുള്ള ഹിയർഫോർഡ്ഷെയറിലെ മേരിക് കോർട്ടിൽ (Meryk Court) ആണ് ജനിച്ചതെന്നു രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ലൂസി എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ഇൽചെസ്റ്റെറിനു സമീപമുള്ള വെസ്റ്റ് ക്യാമലിലെ സോമർസെറ്റിൽ താമസിച്ചു വരുകയും ചെയ്തു. യൌവ്വനാകാലം കൂടുതലും ചിലവഴിച്ചത് ബ്രസ്റ്റോളിലായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ ബ്രിസ്റ്റോൾ ഒരു പ്രമുഖ തുറമുഖ നഗരമായിരുന്നു. അമേരിക്കെ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായിരുന്നു. 1472 ലെ ബ്രസ്റ്റോൾ കസ്റ്റംസ് രേഖകളിൽ അയർലന്റുമായുള്ള മത്സ്യ വ്യവസായത്തിൽ ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. 1479 – 1480 കാലഘട്ടങ്ങളിലെ കസ്റ്റംസ് കണക്കുകളിൽ അയർലന്റൂമായുള്ള വാണിജ്യത്തിൽ അദ്ദേഹം വഹിച്ച പങ്ക് രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ പോർട്ടുഗലും സ്പെയിനും ബോർഡ്യൂക്സുമായുളള (വാണിജ്യബന്ധങ്ങളിലും വലിയ തോതിൽ പങ്കു വഹിച്ചിരുന്നു. 1470 കാലഘട്ടത്തിൽ അദ്ദേഹം നഗരപ്രമാണിയായിരുന്നു. 1485 ൽ റച്ചാർഡ് അമേരികെ ബ്രസ്റ്റോളിനു സമീപമുള്ള ബ്രിഡ്ജ് വാട്ടറലെ കസ്റ്റംസ് സർവ്വീസിൽ നിയമിതനായി. കണ്ട്രോളർ ഓഫ് കസ്റ്റംസ് എന്ന പദവിയിലേയ്ക്കായിരുന്നു നിയമനം. 1486 സെപ്റ്റംബറിൽ അമേരിക്കെ, രാജാവിന്റെ കീഴിൽ ബ്രിസ്റ്റോളിലെ കസ്റ്റംസ് ഓഫിസറായി നിയമിക്കപ്പെട്ടു. ഈ ഓഫീസറുടെ ഔദ്യാഗിക പേര് കസ്റ്റംസ് 'കസ്റ്റമർ' എന്നായിരുന്നു. ഇതിനിടെ അദ്ദേഹം പട്ടണത്തിലെ രണ്ടു ഷെരീഫുമാരിൽ ഒരാളുടെ ചുമതലയും നിർവ്വഹിച്ചിരുന്നു. ഷെരീഫായുള്ള സേവനം 1486 മുതൽ ഏതാണ്ട് ഡിസംബർ 1503 ൽ അദ്ദേഹത്തിൻറെ മരണം വരെ തുടർന്നു. അദ്ദേഹത്തിൻറെ മരണത്തിനു ശേഷം ഈ സ്ഥാനത്തേയ്ക്കു റോബർട്ട് തോൺ നിയമിതനായി. അദ്ദേഹം മരണമടഞ്ഞതിന്റെ കൃത്യമായി തീയതിയും സംസ്കരിച്ച സ്ഥലവും അജ്ഞാതമായി തുടരുന്നു. അദ്ദേഹത്തിൻറെ പിൻഗാമികളായി ഉണ്ടായിരുന്നത് പെൺമക്കളായിരുന്നു. ഇവരിൽ ഒരാൾ മാത്രമേ തിരിച്ചറിയപ്പെട്ടിട്ടുള്ളു. 1538 ൽ മരണമടഞ്ഞ ജെയിൻ ബ്രൂക്കിൻറെ അന്ത്യവിശ്രമസ്ഥലം അവരുടെ ഭർത്താവായ ജോൺ ബ്രൂക്കിൻറ ശവകുടീരത്തോടു ചേർന്നാണ്. ഇത് സ്ഥിതി ചെയ്യുന്നത് ബ്രിസ്റ്റോളിലെ സെൻറ് മേരീസ് റെഡ്ക്ലിഫ് പള്ളിയിലാണ്.

റിച്ചാർഡ് അമേരിക്കെയും ജോൺ കാബോട്ടും തിരുത്തുക

അമേരിക്കെയും വെനീഷ്യൻ പര്യവേക്ഷകനായ ജോൺ കാബോട്ട് എന്ന സുവാൻ (ജ്യോവാനി) കാബോട്ടും തമ്മിലുള്ള യോജിച്ചുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ടിലെ ഹെൻട്രി ഏഴാമൻ രാജാവിൻറെ അനുമതിയോടെ ജോൺ കാബോട്ട് ബ്രിസ്റ്റോളിൽ നിന്ന് പുതിയ തീരങ്ങൾ തേടി മൂന്നു യാത്രകൾ നടത്തിയിരുന്നു. 1496 ലെ ആദ്യ ഉദ്യമം പരാജയത്തിൽ കലാശിച്ചു. 1497 ലെ രണ്ടാമത്തെ പ്രശസ്തമായ യാത്ര ബ്രസ്റ്റോളിൽ നിന്നും മാത്യു എന്ന കപ്പലിലായിരുന്നു. ഈ യാത്രയിൽ കണ്ടെത്തിയ പുതിയ തീരം കാബോട്ട് ഏഷ്യയാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്തു. 1498 ൽ നടത്തിയ മൂന്നാമത്തെ യാത്രയുടെ പരിണിതഫലം പൂർണ്ണമായി പുറത്തു വന്നില്ല. എല്ലാ യാത്രകളുടെയും സാമ്പത്തിക സ്രോതസ്സ് ബ്രിസ്റ്റോളിലെ വ്യവസായികളുടേതായിരുന്നു. കാബട്ടിന്റ മാത്യു എന്ന കപ്പലിൻറ യാത്രയക്കുള്ള സാമ്പത്തിക സഹായങ്ങൾ നല്കിയിരുന്ന പ്രധാന വ്യക്തി അമേരിക്കേ ആയിരുന്നു.

അവലംബം തിരുത്തുക

  1. MacDonald, Peter (17 February 2011). "BBC History in Depth; The Naming of America; Richard Amerike". BBC History website. BBC. Retrieved 24 February 2011.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_അമേരിക്കെ&oldid=3628402" എന്ന താളിൽനിന്ന് ശേഖരിച്ചത്