യുണൈറ്റഡ് കിങ്ഡം സിവിലിയൻ ബഹുമതികൾ

യുനൈറ്റഡ് കിങ്ങ്ഡത്തിലെ സിവിലിയൻ ബഹുമതികൾ വർഷത്തിൽ രണ്ട് പ്രാവശ്യമാണ് പ്രഖ്യാപിക്കുക. വർഷത്തിന്റെ ആദ്യവും (New year) രാജ്ഞിയുടെ പിറന്നാളിനും. ഇവയെ ന്യൂ ഇയർ ഹോണർസ് (New year honours) എന്നും, ക്വീൻസ് ബർത്ഡേ ഹോണർസ് (Queen's Birthday Honours) എന്ന് വിളിക്കുന്നു. മൂന്ന് തരം ബഹുമതികളാണ് യുനൈറ്റഡ് കിങ്ങ്ഡത്തിൽ നിലവിലുള്ളത് ഹെറിഡിറ്ററി പീറേജ് (Hereditary Peerage), ലൈഫ് പീറേജ് (Life Peerage), ഷിവാൽറിക് ഓർഡർസ് (Chivalric Orders). ഇതിൽ ഹെറിഡിറ്ററി പീറേജ് ലഭിക്കുന്ന വ്യക്തിയുടെ മരണശേഷം പദവി അനന്തരാവകാശികൾക്ക് കൈമാറപ്പെടും. ഡ്യൂക്, മാർകീ, ഏൾ, വൈകൗണ്ട്, ബാരൺ (Duke, Marquis, Earl, Viscount and Baron) എന്നീ പദവികളാണ് ഹെറിഡിറ്ററി പീറേജിൽ പെടുക. ഹെറിഡിറ്ററി പീറേജ് ഇപ്പോൾ രാജ കുടുംബാംഗങ്ങൾക്ക് മാത്രമേ നൽകാറുള്ളൂ. ലൈഫ് പീറേജ് ആകട്ടെ പദവി ലഭിക്കുന്ന ആളിന്റെ കാലശേഷം അത് അനന്തരാവകാശികൾക്ക് ലഭിക്കുകയില്ല. ബാരൺ സ്ഥാനമാണ് ലൈഫ് പീറേജ് ആയിട്ടു കൊടുക്കുക. മൂന്നാമത്തെ വിഭാഗമായ ഷിവാൽറിക് ഓർഡർസ് (Chivalric Orders) പല തരത്തിലുള്ളത് ഉണ്ട്. അതിലെ നൈറ്റ് കമാണ്ടർ ഒഫ് ദി ഓർഡർ ഒഫ് ദി ബ്രിട്ടീഷ് എമ്പയർ (KBE - Knight Commander of the Order of the British Empire) പദവി കിട്ടുന്ന ആളിനെയാണ് പേരിനു മുൻപിൽ സർ എന്ന സ്ഥാനപ്പേര് വച്ച് അഭിസംബോധന ചെയ്യുന്നത്.