മാക്സിമിലിയൻ വൂൾഫ്ഗാങ്ങ് ഡങ്കർ

ജർമൻ ചരിത്രകാരനും രാഷ്ട്രീയ നേതാവുമാണ് മാക്സിമിലിയൻ വൂൾഫ്ഗാങ്ങ് ഡങ്കർ. ജർമനിയുടെ ഏകീകരണമെന്ന തത്ത്വമാണ് ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്കു നയിച്ചത്.

മാക്സിമിലിയൻ വൂൾഫ്ഗാങ്ങ് ഡങ്കർ

1811 ഒക്ടോബർ 15-ന് ഇദ്ദേഹം ബെർലിനിൽ ജനിച്ചു. ബോണിലും ബെർലിനിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർഥി പ്രവർത്തനവുമായി ബന്ധപ്പെട്ടതിനാൽ ആറുമാസക്കാലം ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. 1842-ൽ ഹാലിയിൽ പ്രൊഫസറായി നിയമിതനായി.

1848-ൽ ഇദ്ദേഹം ഫ്രാങ്ക്ഫർട്ട് അസംബ്ലിയിൽ അംഗമായി. ജർമനിയുടെ ഏകീകരണമെന്ന ആശയം ഡങ്കനെ സംബന്ധിച്ചിടത്തോളം കേവലം അക്കാദമികമായിരുന്നില്ല. ജനഹൃദയങ്ങളിൽ ഇതു സന്നിവേശിപ്പിക്കുവാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ ഡങ്കറുടെ ലിബറൽ ചിന്താഗതിക്ക് അക്കാലത്തെ പ്രഷ്യയിൽ പ്രസക്തി കുറവായിരുന്നു. 1859-ൽ ഇദ്ദേഹം ബെർലിനിൽ പ്രസ് ഓഫീസറായി നിയമിതനായി. അതേവർഷം തന്നെ വിദേശകാര്യ ആഫീസിൽ അസിസ്റ്റന്റും തുടർന്ന് പ്രഷ്യൻ അസംബ്ലിയിലെ അധോമണ്ഡലത്തിൽ അംഗവുമായി. പ്രഷ്യൻ കിരീടാവകാശിയുടെ ഉപദേഷ്ടാവായി ഇദ്ദേഹം 1861-ൽ നിയമിക്കപ്പെട്ടു. പ്രാരംഭത്തിൽ ബിസ്മാർക്കുമായി യോജിച്ചുപോകാൻ കഴിയാതിരുന്ന ഡങ്കർ പിന്നീട് അദ്ദേഹത്തിനുവേണ്ടിയും പ്രവർത്തിക്കുവാൻ സന്നദ്ധനായി. 1967-74 കാലത്ത് പ്രഷ്യയിലെ ആർക്കൈവ്സ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. ഹിസ്റ്ററി ഒഫ് ആന്റിക്വിറ്റി [ഇംഗ്ലീഷ് തർജുമ 6 വാല്യങ്ങൾ (1878-82)] എന്ന കൃതി ഡങ്കറെ പ്രശസ്തനാക്കി. 1886 ജൂലൈ 21-ന് ഇദ്ദേഹം അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡങ്കർ,_മാക്സിമിലിയൻ_(1811_-_86) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.