മണിച്ചിത്രത്താഴ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.[2][3] സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാളചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. പ്രമുഖരായ സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി.[4] ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.[5]

മണിച്ചിത്രത്താഴ്
ഡി.വി.ഡി. പുറംചട്ട
സംവിധാനം
നിർമ്മാണംഅപ്പച്ചൻ
രചനമധു മുട്ടം
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണം
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1993 ഡിസംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം169 മിനിറ്റ്
ആകെ5 കോടി

ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്.[6] എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.

ഇതിവൃത്തം തിരുത്തുക

പാരമ്പര്യ ചിന്താഗതിയുള്ള അമ്മാവന്റെ (നെടുമുടി വേണു) വാക്കിനെ അവഗണിച്ച് യുവദമ്പതികളായ നകുലനും (സുരേഷ് ഗോപി ) ഗംഗയും (ശോഭന) തങ്ങളുടെ പഴയ തറവാട്ടിലേക്ക് പ്രവേശിക്കുന്നതോട്കൂടി ചില അമാനുഷിക സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. തറവാട്ടിലെ അല്ലി എന്ന യുവതിക്കു നേരേയും നകുലനു നേരേയും അജ്ഞാതമായ വധശ്രമങ്ങൾ ഉണ്ടാകുന്നു. വിവാഹത്തിന് ശേഷം കടുത്ത നൈരാശ്യത്തിന്റെ പിടിയിലായ നകുലന്റെ മുറപ്പെണ്ണ് ശ്രീദേവിയിലേക്കാണ് (വിനയ പ്രസാദ്) സംശയത്തിന്റെ മുന നീളുന്നത്.

മനഃശാസ്ത്ര വിദഗ്ദ്ധനും നകുലന്റെ ഉറ്റ സുഹൃത്തുമായ ഡോ. സണ്ണി ജോസഫിനെ (മോഹൻലാൽ) ഇതിന്റെ വസ്തുത എന്താണെന്നറിയാൻ വിളിപ്പിക്കുന്നു. ദ്വന്ദവ്യക്തിത്വം അഥവാ അപരവ്യക്തിത്വം (മൾട്ടിപ്പിൾ പർസനാലിറ്റി ഡിസോഡർ) ബാധിച്ച ഗംഗ തന്നെയാണ് ഈ ദുരൂഹതക്ക് പിന്നിലെന്ന് വൈകാതെ തിരിച്ചറിയുകയാണിവിടെ. ഗംഗയെ വേട്ടയാടിയിരുന്ന ചില പഴയകാല പ്രശ്നങ്ങളാണിതിന് കാരണമായത്.

നകുലനും ഗംഗയും ഇപ്പോൾ താമസിക്കുന്ന തറവാട് ഒരുകാലത്ത് ശങ്കരൻ തമ്പി എന്ന ക്രൂരനായ ഒരു കാരണവരുടേതായിരുന്നു. തഞ്ചാവൂരിൽ നിന്നും വന്ന ഭരതനാട്യ നർത്തകി നാഗവല്ലിയെ ഇയാൾ ഇവിടെ പാർപ്പിച്ചു. എന്നാൽ നാഗവല്ലിക്ക് തൊട്ടടുത്തു താമസിക്കുന്ന രാമനാഥൻ എന്ന നർത്തകനുമായുള്ള ഇഷ്ടമറിയുന്ന കാരണവർ നാഗവല്ലിയെ വെട്ടിക്കൊല്ലുന്നു. പ്രതികാരദാഹിയായ ആത്മാവായി മാറുന്ന നാഗവല്ലിയെ ഒരു മന്ത്രവാദി തെക്കിനിയിൽ ബന്ധിച്ചു.

പഴംകഥകളും യക്ഷിക്കഥകളും തന്റെ മുത്തശ്ശിയിൽ നിന്ന് കേട്ടുവളർന്ന ഗംഗ, നാഗവല്ലിയുടെ ഈ കഥ മനസ്സിലാക്കുന്നു.തുടക്കത്തിൽ നാഗവല്ലിയോട് തോന്നുന്ന സഹതാപം (സിമ്പതി) പിന്നെ ഒരുതരം തന്മയീഭാവം (എമ്പതി) ആയി മാറുന്നു. ഗംഗ, നാഗവല്ലിയുടെ കഥാപാത്രത്തിലേക്ക് രൂപാന്തരം പ്രാപിക്കുമ്പോൾ തന്റെ ഭർത്താവ് നകുലൻ, പഴയ ക്രൂരനായ ആ കാരണവരാവുകയാണ് ഗംഗയുടെ മനസ്സിൽ. അയൽക്കാരനായ മഹാദേവൻ രാമനാഥനായും മാറുന്നു. ആക്രമ സംഭവങ്ങളുടെ ഉറവിടം കൃത്യമായി തിരിച്ചറിഞ്ഞ സണ്ണി, ക്രൂരനായ തമ്പിയെ കൊല്ലാനനുവദിച്ചാൽ ഗംഗയുടെ ശരീരത്തിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് നാഗവല്ലിയെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം നകുലനെ ആ പഴയ കാരണവരായി വേഷമിടീക്കുന്നു. നിർണ്ണായകമായ ഒരു ഘട്ടത്തിൽ, തന്ത്രപൂർവം നകുലനു പകരം കാരണവരുടെ ഒരു പാവയെ മാറ്റിവെച്ച് നാഗവല്ലിക്ക് അവളുടെ സങ്കൽപ്പത്തിലുള്ള ശത്രുവിനെ വധിക്കാനവസരം നൽകുന്നു. താൻ പ്രതികാരം ചെയ്തുവെന്ന് ഗംഗയിലുള്ള നാഗവല്ലിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഗംഗയെ തന്റെ ഈ മാനസിക നിലയിൽ നിന്ന് മോചിപ്പിക്കുന്നതാണ് കഥയുടെ അന്ത്യം.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ബിച്ചു തിരുമല, മധു മുട്ടം, വാലി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. ജോൺസൺ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്.

# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "അക്കുത്തിക്കുത്താനക്കൊമ്പിൽ"  ബിച്ചു തിരുമലജി. വേണുഗോപാൽ, മോഹൻലാൽ, കെ.എസ്. ചിത്ര, സുജാത മോഹൻ  
2. "വരുവാനില്ലാരുമിന്നൊരുനാളും" (രാഗം: ഹരികാംബോജി)മധു മുട്ടംകെ.എസ്. ചിത്ര  
3. "പഴം തമിഴ് പാട്ടിഴയും" (രാഗം: ആഹരി)ബിച്ചു തിരുമലകെ.ജെ. യേശുദാസ്  
4. "പലവട്ടം പൂക്കാലം"  മധു മുട്ടംകെ.ജെ. യേശുദാസ്  
5. "ഒരു മുറൈ വന്തു പാർത്തായോ" (രാഗം: കുന്തരവരാളി)വാലി, ബിച്ചു തിരുമലകെ.എസ്. ചിത്ര, കെ.ജെ. യേശുദാസ്  
6. "ഒരു മുറൈ വന്തു പാരായോ" (രാഗം: ആഹരി)വാലിസുജാത മോഹൻ  
7. "വരുവാനില്ലാരുമീ വഴിയെ" (രാഗം: ഹരികാംബോജി)മധു മുട്ടംകെ.എസ്. ചിത്ര  
8. "കുംഭം കുളത്തിൽ"  ബിച്ചു തിരുമലകെ.ജെ. യേശുദാസ്  
9. "ഉത്തുംഗശൈലം"  ബിച്ചു തിരുമലസുജാത മോഹൻ  

അണിയറ പ്രവർത്തകർ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരം 1993
  • മികച്ച ജനപ്രിയ ചിത്രം
  • മികച്ച നടി – ശോഭന
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1993[7]

വിവാദങ്ങൾ തിരുത്തുക

ചിത്രത്തിലെ അഭിനയത്തിനു ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. പക്ഷേ, ചിത്രത്തിൽ ശോഭനയ്ക്കു വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളായ ഭാഗ്യലക്ഷ്മിയും (ഗംഗ), ദുർഗ്ഗയുമാണ് (നാഗവല്ലി).

മണിച്ചിത്രത്താഴിലെയും മറ്റ് റീമേക്കുകളിലെയും കഥാപാത്രങ്ങൾ
മണിച്ചിത്രത്താഴ് (1993) ആപ്തമിത്ര (2004) ചന്ദ്രമുഖി (2005) രാജ്‌മൊഹോൽ (2005) ഭൂൽ ഭുലായിയാ (2007)
മലയാളം കന്നഡ തമിഴ് തെലുഗു (Dubbed) ബംഗാളി ഹിന്ദി
ഡോ. സണ്ണി ജോസഫ്
(മോഹൻലാൽ)
ഡോ. വിജയ്
(വിഷ്ണുവർധൻ (നടൻ))
ഡോ. ശരവണൻ
(രജനീകാന്ത്)
ഡോ. ഈശ്വർ
(രജനീകാന്ത്)
ഡോ. അഗ്നി
(പ്രോസഞ്ജിത് ചാറ്റർജി)
ഡോ. ആദിത്യ ശ്രീവാസ്തവ്
(അക്ഷയ് കുമാർ)
നകുലൻ
(സുരേഷ് ഗോപി)
രമേഷ്
(രമേഷ് അരവിന്ദ്)
സെന്തിൽനാഥൻ
(പ്രഭു (നടൻ))
കൈലാഷ്
(പ്രഭു (നടൻ))
സുമിത്
(അഭിഷേക് ചാറ്റർജി)
സിദ്ധാർത്ത് ചതുർവേദി
(ഷിനി അഹുജ)
ഗംഗ
(ശോഭന)
ഗംഗ
(സൗന്ദര്യ)
ഗംഗ സെന്തിൽനാഥൻ
(ജ്യോതിക)
ഗംഗ കൈലാഷ്
(ജ്യോതിക)
ദേബശ്രീ
(അനു ചാധരി)
അവ്നി
(വിദ്യാ ബാലൻ)
ശ്രീദേവി
(വിനയ പ്രസാദ്)
സൗമ്യ
(പ്രേമ)
ദുർഗ
(നയൻതാര)
ദുർഗ
(നയൻതാര)
മാലിനി
(രചന ബാനർജി)
രാധ
(അമീഷ പട്ടേൽ)
ഉണ്ണിത്താൻ
(ഇന്നസെന്റ്)
മുകുന്ദ
(ദ്വാർകിഷ്)
മുരുകേശൻ
(വടിവേലു)
ബസവയ്യ
(വടിവേലു)
മാണിക്
(സുഭാഷിഷ് മുഖർജി)
ബതുശങ്കർ ഉപാധ്യായ്
(പരേഷ് റാവൽ)

അവലംബം തിരുത്തുക

  1. http://www.imdb.com/title/tt0214915/
  2. http://books.google.com/books?id=rMRw0gTZSJwC&printsec=frontcover&dq=Social+Mobility+in+Kerala:+Modernity+and+Identity+in+Conflict&lr=&sig=ACfU3U3KSQ-uS1C3dBFNiuFRN7pFuazY-A#v=onepage&q&f=false
  3. Social Mobility in Kerala: Modernity and Identity in Conflict. Pluto Press. 2000. ISBN 074531693X. Retrieved 2008-06-30. {{cite book}}: |work= ignored (help); Text "Page 264" ignored (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-02. Retrieved 2011-05-26.
  5. http://www.imdb.com/event/ev0000467/1994
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-28. Retrieved 2011-05-26.
  7. "Kerala State Film Awards: 1993". Kerala State Chalachitra Academy. Archived from the original on 2010-10-02. Retrieved 2011-01-31.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ മണിച്ചിത്രത്താഴ് (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: