ബാക്ട്രിയയിലെ അഗാതോക്ലിസ്

അഗാതോക്ലിസ് ഡികായോസ് (ഗ്രീക്ക്: Ἀγαθοκλῆς ὁ Δίκαιος ; വിശേഷണത്തിന്റെ അർത്ഥം: "നീതിമാനായ") 190ബി.സി.ഇ - 180 ബി.സി.ഇ കാലഘട്ടത്തിൽ ഭരിച്ചിരുന്ന ഒരു ഗ്രീക്കോ-ബാക്ട്രിയൻ / ഇന്തോ-ഗ്രീക്ക് രാജാവായിരുന്നു. ബാക്ട്രിയയ്ക്കും സിന്ധു-ഗംഗാ സമതലങ്ങൾക്കും ഇടയിലുള്ള പരോപാമിസേഡിന്റെ ചുമതലയുള്ള ഡിമിട്രിയസിന്റെ മകനും അദ്ദേഹത്തിന്റെ ഉപ രാജാക്കന്മാരിൽ ഒരാളുമായിരിക്കാം അഗാതോക്ലിസ്. അങ്ങനെയാണെങ്കിൽ, യൂത്തിഡെമസിന്റെ ചെറുമകനായിരുന്നു അദ്ദേഹം. തന്റെ നാണയങ്ങളിൽ Βασιλεὺς Θεός (ഗ്രീക്ക്), അതായത്, ബസിലിയസ് തിയോസ് ("ദൈവമായ രാജാവ്", ) എന്ന് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

നീതിമാനായ(Δίκαιος) അഗാതോക്ലിസ്
അഗാതോക്ലിസ്
ഇന്തോ-ഗ്രീക്ക് സാമ്രാജ്യം
ഭരണകാലം 190–180 ബി.സി.ഇ
മുൻഗാമി പംതാലിയോൺ
പിൻഗാമി അപ്പോളോഡോട്ടസ് ഒന്നാമൻ അല്ലെങ്കിൽ ആന്റിമാക്കസ് ഒന്നാമൻ
പിതാവ് ഡിമിട്രിയസ് ഒന്നാമൻ
അഗാതേക്ലിസിന്റെ വെള്ളി നാണയം.
മുൻവശം
: രാജാവ് അഗാതോക്ലിസ്.
പിൻവശം: ഗ്രീക്ക് ദേവതയായ ഹെകേറ്റിനെ കയ്യിൽ പിടിച്ചിരിക്കുന്ന സ്യൂസ് .[1]
മധ്യവയസ്‌കനായ അഗാതോക്ലിസ് .

അഗാതോക്ലിസ്, പംതലിയോൺ രാജാവിന്റെ സമകാലികനോ ഒരു പിൻഗാമിയോ ആയിരുന്നു. ഗ്രീക്കോ-ബാക്ട്രിയൻ പ്രദേശത്തിന്റെ നിയന്ത്രണം തട്ടിയെടുത്ത യൂക്രറ്റൈഡ്സ് അദ്ദേഹത്തെ ആക്രമിച്ച് വധിച്ചതായി കരുതുന്നു. അദ്ദേഹത്തിന്റെ വിപുലമായ നാണയങ്ങൾക്കുപുറമെ അഗാതോക്ലിസിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.

പാരമ്പര്യ നാണയങ്ങൾ തിരുത്തുക

അഗാതോക്ലിസ് "പാരമ്പര്യ" രാജവംശങ്ങളുടെ നാണയങ്ങൾ പുറത്തിറക്കി, ഒരുപക്ഷേ അദ്ദേഹത്തിന്റെ വംശാവലി പരസ്യപ്പെടുത്താനും അദ്ദേഹത്തിന്റെ ഭരണം നിയമാനുസൃതമാക്കാനുമുള്ള ഉദ്ദേശ്യത്തോടെയായിരിക്കാം ഈ നാണയങ്ങൾ പുറത്തിറക്കിയത്. നാണയങ്ങൾ അദ്ദേഹത്തെ മഹാനായ അലക്സാണ്ടർ, അന്ത്യോക്കസ് നിക്കേറ്റർ (ഗ്രീക്ക് : "Νικάτωρ" "വിജയി". അന്ത്യോക്കസ് മൂന്നാമനാണെന്നു കരുതപ്പെടുന്നു) എന്ന് വിളിക്കപ്പെടുന്ന ഒരു രാജാവ്, ഗ്രീക്കോ-ബാക്ട്രിയൻ രാജ്യസ്ഥാപകൻ ഡയഡോട്ടസ് ഒന്നാമൻ, അദ്ദേഹത്തിന്റെ മകൻ ഡയഡോട്ടസ് രണ്ടാമൻ, യൂത്തിഡെമസ്, ഡിമിട്രിയസ് ഒന്നാമൻ, പംതലിയോൺ എന്നിവരുമായി ബന്ധപ്പെടുത്തുന്നു. ഈ നാണയങ്ങളിൽ, അഗാതോക്ലിസ് സ്വയം വിശേഷിപ്പിക്കുന്നത് ΔΙΚΑΙΟΥ, "നീതിമാനായ ഭരണാധികാരി" എന്നാണ്.

അധികാരപാരമ്പര്യം തിരുത്തുക

 
അഗാതോക്ലിസിന്റെ പാരമ്പര്യ നാണയത്തിൽ ഡീമിട്രിയസ് I
"അജയ്യനായ ഡിമിട്രിയസ് ".

പാരമ്പര്യനാണയങ്ങൾ അദ്ദേഹത്തിന്റെ വംശപരമ്പരയുടെ ഒരു തെളിവായി കണക്കാക്കുന്നെങ്കിലും ചില ചരിത്രകാരന്മാർ ഈ നാണയങ്ങളെ വിമർശനാത്മകമായി പരിഗണിക്കുന്നു. അഗാതോക്ലിസ് തന്റെ പാരമ്പര്യമായി സൂചിപ്പിക്കുന്ന രാജാക്കന്മാരുടെ ചരിത്രങ്ങൾ പരസ്പരവിരുദ്ധമായ സൂചനകളാണ് നല്കുന്നത്. യൂത്തിഡെമിഡ് രാജാക്കന്മാരായ ഡിമിട്രിയസ്, യൂത്തിഡെമസ് എന്നിവർക്കു ഡയോഡൊട്ടസുമായി ബന്ധമുള്ളതായുള്ള രേഖകളില്ല. യൂത്തിഡെമസ് ഒന്നാമൻ ഡയോഡൊട്ടസ് രണ്ടാമനെ അട്ടിമറിച്ചാണ് ഭരണത്തിലെത്തിയത്. സെലൂസിഡുകൾ (ഡയോഡൊട്ടസ് ഒന്നാമനും രണ്ടാമനും) യൂത്തിഡെമിഡുകളുടെ ശത്രുക്കളായിരുന്നു. [2]

അതോടൊപ്പംതന്നെ അലക്സാണ്ടറുമായുള്ള ബന്ധം സൂചിപ്പിക്കൽ ഹെല്ലനിസ്റ്റിക് ലോകത്തിൽ അധികാരം പിടിച്ചെടുക്കുന്നവരിൽ വളരെ സാധാരണമായിരുന്നു. അലക്സാണ്ടർ ബാലസ്, സിറിയൻ പട്ടാളമേധാവി ഡയോഡൊട്ടസ് ട്രൈഫോൺ എന്നിവർ ഇതിനുദാഹരണമാണ്.

ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ, നാണയങ്ങൾ ഒന്നുകിൽ അധികാരം പിടിച്ചെടുത്ത ഒരാൾ അല്ലെങ്കിൽ രാജവംശത്തിലെ ഒരു ഉപശാഖയിലെ അംഗം തന്റെ പിന്തുണ ഉറപ്പിക്കുന്നതിനുവേണ്ടി, സ്മാരകനാണയങ്ങൾ ഉപയോഗിച്ച് തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചതാണെന്നാണ്. എന്നിരുന്നാലും, അഗാതോക്ലിസിന്റെ നാണയവും പംതാലിയോണിന്റേയും തമ്മിലുള്ള സാമ്യത കാരണം അഗത്തോക്ലിസ് പംതാലിയോണിന്റെ ബന്ധുവായിരുന്നുവെന്നു കരുതപ്പെടുന്നു.

നിക്കൽ നാണയങ്ങൾ തിരുത്തുക

 
ഡൈനിഷ്യസും പാന്തറും ആലേഖനം ചെയ്തിരിക്കുന്ന അഗാതോക്ലിസിന്റെ നിക്കൽ നാണയം.

പുരാതന ലോകത്ത് ആദ്യമായി കോപ്പർ-നിക്കൽ (75/25 അനുപാതം) നാണയങ്ങൾ പുറപ്പെടുവിച്ചവരെന്ന പ്രശസ്തി അർഹിക്കുന്നവരാണ് അഗാതോക്ലിസും പംതാലിയോണും അവരുടെ സമകാലികനായ യൂത്തിഡെമസ് രണ്ടാമനും. ഈ സാങ്കേതികവിദ്യ അക്കാലത്ത് ചൈനക്കാരുടെ ഇടയിൽ മാത്രമേ നിലവിലിരുന്നുള്ളൂ. ഈ നാണയങ്ങൾ അക്കാലത്ത് ചൈനയുമായുള്ള വ്യാപാര ബന്ധത്തിന്റെ സൂചന നൽകുന്നു. ( ഗ്രീക്കോ-ബാക്ട്രിയൻ രാജ്യം കാണുക ). കോപ്പർ-നിക്കൽ നാണയങ്ങൾ പിന്നീട് ഉപയോഗിക്കപ്പെട്ടത് പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിലാണ്.[3][4]

ദ്വിഭാഷാ നാണയങ്ങൾ തിരുത്തുക

അതോടൊപ്പംതന്നെ, ബുദ്ധ, ഹിന്ദു പ്രതിരൂപങ്ങൾ ഉൾക്കൊള്ളുന്ന ദ്വിഭാഷാ നാണയങ്ങളുടെ ഒരു ശ്രേണി അഗാതോക്ലിസ് പുറപ്പെടുവിച്ചു. ഇന്ത്യൻ അളവുവകളനുസരിച്ച് നിർമ്മിച്ച നാണയങ്ങൾ, ബ്രാഹ്മി, ഗ്രീക്ക് അല്ലെങ്കിൽ ഖരോഷ്ടി (ഗ്രീക്ക് ലോകത്തിലെ ആദ്യമായി) ലിഖികളിൽ ആലേഖനം ചെയ്യുകയും ചെയ്തു. ഈ നാണയങ്ങളിൽ ഇന്ത്യയിലെ വിവിധ വിശ്വാസങ്ങളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് പ്രാദേശിക ഭാഷകളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള അഗാതോക്ലിസിന്റെ സന്നദ്ധതയെ സൂചിപ്പിക്കുന്നു. ഇതു തുടർന്നുള്ള ഇന്തോ-ഗ്രീക്ക് രാജാക്കന്മാരിൽ ഒരു പരിധി വരെ കാണാത്ത പ്രത്യേകതയാണ്. ഇന്ത്യൻ ജനതയിൽനിന്ന് പിന്തുണ നേടുന്നതിനും അധിനിവേശക്കാരായി കണക്കാക്കപ്പെടാതിരിക്കുന്നതിനുമുള്ള ആദ്യകാല ഇന്തോ-ഗ്രീക്ക് രാജാക്കന്മാരുടെ ശ്രമങ്ങളെ ഇത് സൂചിപ്പിക്കുന്നു. ഇന്തോ-ഗ്രീക്ക് രാജ്യങ്ങൾ കൂടുതൽ സുരക്ഷിതമായി നിലനിന്നിരുന്നതോടെ ഈ ശ്രമങ്ങൾ ശമിച്ചിരിക്കാമെന്നു കരുതപ്പെടുന്നു.

ബുദ്ധമത നാണയങ്ങൾ തിരുത്തുക

അഗാതോക്ലിസിന്റെ ബുദ്ധ നാണയം ഇന്ത്യൻ അളവുകളിലുള്ളതായിരുന്നു (ചതുരത്തിൽ അല്ലെങ്കിൽ വൃത്താകൃതിയിലുള്ള ചെമ്പ് നാണയങ്ങൾ). നാണയങ്ങളിൽ ബുദ്ധ ചിഹ്നങ്ങളായ സ്തൂപം. "വേലിക്കുള്ളിലുള്ള മരം" (മറ്റൊരു ബുദ്ധ ചിഹ്നം) [5] അല്ലെങ്കിൽ സിംഹം എന്നിവ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ നാണയങ്ങളിൽ ചിലപ്പോൾ ബ്രാഹ്മിലിപിയും ചിലപ്പോൾ ഖരോഷ്ടിലിപിയും ഉപയോഗിക്കുന്നു. എന്നാൽ പിൽക്കാല ഇന്തോ-ഗ്രീക്ക് രാജാക്കന്മാർ ഖരോഷ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഈ നാണയങ്ങളിൽ പലതിലും ലക്ഷ്മി പ്രത്യക്ഷപ്പെടുന്നു, ഹിന്ദുക്കൾക്കും ആദ്യകാല ബുദ്ധമതക്കാർക്കും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദേവിയായിരുന്നു ലക്ഷ്മി.

ഹിന്ദുമത നാണയങ്ങൾ തിരുത്തുക

 
ഹിന്ദുദൈവങ്ങൾ ആലേഖനം ചെയ്യപ്പെട്ട അഗാതോക്ലിസിന്റെ നാണയങ്ങൾ.
ബലരാമൻ ,ഗ്രീക്കിൽ: ΒΑΣΙΛΕΩΣ ΑΓΑΘΟΚΛΕΟΥΣ (അഗാതോക്ലിസ് രാജാവ്).
കൃഷ്ണൻ ബ്രാഹ്മിയിൽ : 𑀭𑀚𑀦𑁂 𑀅𑀕𑀣𑀼𑀼𑀓𑁆𑀮𑁂𑀬𑁂𑀲 രാജാനേ അഗതുക്ലേയേസ (അഗാതോക്ലിസ് രാജാവ്).
 
ഒരു ബോധിസത്വപ്രതിമ

അഗാതോക്ലിസിന്റെ ഹിന്ദു നാണയങ്ങൾ കുറവാണെങ്കിലും മനോഹരങ്ങളാണ്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന ഇന്ത്യൻ അളവുകളിലുള്ള ആറ് വെള്ളി നാണയങ്ങൾ (ഡ്രാക്മ)1970 ൽ ഐ-ഖാനൂമിൽ കണ്ടെത്തി. [8] 1970 ഒക്ടോബർ 3 ന് ഗ്രീക്കോ-ബാക്ട്രിയൻ നഗരമായ ഐ-ഖാനൂമിലെ ഒരു മുറിയിൽ ഒരു തീർത്ഥാടകന്റെ ജലപാത്രത്തിൽനിന്നാണ് ഈ നാണയങ്ങൾ കണ്ടെടുത്തത്.ഈ നാണയങ്ങൾ ഇന്ത്യയിലെ വൈഷ്ണവ പ്രതിബിംബങ്ങളുടെ പരിണാമം മനസ്സിലാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണ്. [9]

 
മൗര്യ സാമ്രാജ്യനാണയം, ഗദയും ശംഖും പിടിച്ചുള്ള ബലരാമന്റെ രൂപം മൂന്നാം ശതകം ബി.സി.ഇ, ബ്രിട്ടീഷ് മ്യൂസിയം.

ഈ നാണയങ്ങൾ ഹിന്ദുദൈവങ്ങളുടെ നാണയങ്ങളിലുള്ള, നാമറിയുന്നതിൽവച്ച് ആദ്യത്തെ ആവിഷ്ക്കാരമാണ്. ഈ നാണയങ്ങളിൽ വിഷ്ണുവിന്റെ അവതാരങ്ങളായ ബലരാമനേയും(ഗദയും കലപ്പയോടും കൂടി) കൃഷ്ണനേയും (ശംഖുംസുദർശനചക്രത്തോടും കൂടി) ആലേഖനം ചെയ്തിരിക്കുന്നു. നാണയങ്ങളിൽ ബലരാമനും കൃഷ്ണനും അണിഞ്ഞിട്ടുള്ള തലപ്പാവ് ഛത്രത്തിന്റെ (മഥുരയിലെ ബോധിസത്വന്റെ പ്രതിമകളിലുള്ളതുപോലെ) തെറ്റായ അനുകരണമാണെന്നു ബോപെറാച്ചി അഭിപ്രായപ്പെടുന്നു. ഈ നാണയങ്ങളിലെ ആലേഖനങ്ങൾ, മുമ്പേ നിലവിലുണ്ടായിരുന്ന ബലരാമകൃഷ്ണന്മാരുടെ ശില്പങ്ങളോ ചിത്രങ്ങളോ ആധാരമാക്കിയാണെന്നു കരുതപ്പെടുന്നു.

ഈ നാണയങ്ങളിലെ ചിത്രീകരണങ്ങൾ ഗ്രീക്ക് നാണയങ്ങളിൽ ദൈവങ്ങളെ പൊതുവായി ചിത്രീകരിക്കുന്നതിൽ വ്യത്യസ്തമാണ്. ഭാർഹൂതിലേയും സാഞ്ചിയിലേയും സ്തൂപങ്ങളിലെപ്പോലെയുള്ള കാൽപ്പാദങ്ങളുടെ ചിത്രീകരണമാണ് ഈ നാണയങ്ങളിൽ കാണപ്പെടുന്നത്. ഈ കാരണങ്ങളാൽ ഈ നാണയങ്ങളിലെ കൊത്തുപണികൾ ഇന്ത്യൻ കലാകാരന്മാരുടേയാണെന്നു വിദഗ്ദർ കരുതുന്നു. [9]

അഗാതോക്ലീസിന്റെയും പംതാലിയോണിന്റെയും ചില നാണയങ്ങളിൽ കാണപ്പെടുന്ന നൃത്തം ചെയ്യുന്ന പെൺകുട്ടികളെ ചിലപ്പോൾ ലക്ഷ്മിയുടേയോ, അല്ലെങ്കിൽ കൃഷ്ണയുടെയും ബലരാമന്റെയും സഹോദരിയായ സുഭദ്രയുടേയോപ്രതിനിധികളായി കണക്കാക്കുന്നു. ലക്ഷ്മി ബുദ്ധമതക്കാർക്ക് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദേവതയായിരുന്നു.ഗാന്ധാരത്തിലെ മൗര്യാനന്തര കാലഘട്ടത്തിലെ ഒരു തക്ഷശിലയിലെ നാണയത്തിലും ലക്ഷ്മി കാണപ്പെടുന്നു, ഈ നാണയങ്ങൾ ഡിമിട്രിയസ് ഒന്നാമൻ പുറപ്പെടുവിച്ചതായി കരുതപ്പെടുന്നു. [9]

ഐ-ഖാനൂമിൽ നിന്നുള്ള ഈ നാണയങ്ങൾ ഭാഗവത ആരാധനയും വൈഷ്ണവവിശ്വാസവും ആദ്യകാല ഇന്ത്യയിൽ സ്വീകരിച്ച രൂപങ്ങളെക്കുറിച്ചുള്ള വിലയേറിയ സൂചനയാണ്. മാത്രമല്ല ഈ തെളിവുകൾ ഈ ആരാധനാരീതി 2-ആം ശതകം ബി.സി.ഇ യോടടുത്ത് ഗാന്ധാര പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്ന് കാണിക്കുന്നു. ഭഗവത ആരാധനയുമായി ബന്ധപ്പെട്ട ആദ്യത്തെ ലിഖിതം നിർമ്മിച്ചത് ആന്റിയൽസിദാസ് രാജാവിന്റെ അംബാസിഡറായിരുന്ന ഒരു ഇന്തോ-ഗ്രീക്കുകാരനായിരുന്നു. ഇദ്ദേഹംബെസ്നഗർ സ്തംഭത്തിൽ ഒരു സമർപ്പണം എഴുതി (രണ്ടാം ശതകം സി.ഇ). [9]

എന്നാൽ ഗാന്ധാരത്തിലെ ഈ വൈഷ്ണവാരാധനയുടെ ജനസമ്മതി പിന്നീട് ക്ഷയിച്ചുവെന്ന് കരുതപ്പെടുന്നു. ഇതിനടിസ്ഥാനമാക്കുന്നത് കുശാന ചക്രവർത്തിയായ വിമ കാഡ്ഫിസസിന്റെ സി.ഇ ഒന്നാം നൂറ്റാണ്ടിലെ ശിവനോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന നാണയങ്ങളെ കണക്കാക്കിയാണ്. [9]

ബ്രാഹ്മിലിപി വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ തിരുത്തുക

 
ആദ്യത്തെ ബ്രാഹ്മി അക്ഷരങ്ങൾ മനസ്സിലാക്കാൻ ക്രിസ്റ്റ്യൻ ലസ്സെൻ ഉപയോഗിച്ച അഗത്തോക്ലിസിന്റെ ദ്വിഭാഷാനാണയം അഗാതുക്ലയേസ (ബ്രാഹ്മി: 𑀅𑀕𑀣𑀼𑀼𑀓𑁆𑀮𑁂𑀬𑁂𑀲), അഗാതോക്ലീസ് (ഗ്രീക്ക്: ΑΓΑΘΟΚΛΕΟΥΣ) [10]

1834 മുതൽ, പഴയ ഇന്ത്യൻ ലിഖിതങ്ങളിലും അശോകന്റെ ശാസനകളിലും ഉപയോഗിച്ചിരുന്ന പ്രധാന ലിപിയായിരുന്ന ബ്രാഹ്മിലിപി മനസ്സിലാക്കാൻ ചില ശ്രമങ്ങളും നടന്നു. ഈ ലിപിക്ക് സി.ഇ അഞ്ചാം നൂറ്റാണ്ടോടെ വംശനാശം സംഭവിച്ചിരുന്നു. കാർലാ ഗുഹകളിലെ ലിഖിതങ്ങളെ (സി.ഇ ഒന്നാം ശതകിനടുത്ത് രേഖപ്പെടുത്തിയത്) അവയുടെ സമുദ്രഗുപ്തന്റെ അലഹബാദ് തൂണിലെ(സി.ഇ നാലാം ശതകം) ലിഖിതങ്ങളിലെ ഗുപ്തലിപിയുമായുള്ള സമാനതകൾ അടിസ്ഥാനമാക്കി റവ. ജെ സ്റ്റീവൻസൺ ബ്രാഹ്മിലിപിയിലെ അക്ഷരങ്ങളിൽ തിരിച്ചറിയാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമങ്ങൾ ബ്രാഹ്മിയെ കൃത്യമായി മനസ്സിലാക്കാൻ അനുവദിച്ചില്ല. [11] [12]

ബി.സി.ഇ മൂന്നാം-രണ്ടാം ശതകങ്ങളിലെ പുരാതന ബ്രാഹ്മിലിപി വായിച്ചെടുക്കാൻ വിജയകരമായ ആദ്യശ്രമം നടത്തിയത് 1836-ൽ നോർവീജിയൻ പണ്ഡിതനായ ക്രിസ്ത്യൻ ലാസ്സനാണ്. ഇന്തോ-ഗ്രീക്ക് രാജാക്കന്മാരായ അഗാതോക്ലീസിന്റേയും പംതാലെയോണിന്റേയും ഗ്രീക്ക്-ബ്രാഹ്മി ദ്വിഭാഷ നാണയങ്ങൾ അടിസ്ഥാനമാക്കിയാണ് ലാസ്സൻ ഈ ശ്രമം നടത്തിയത്.[10] മേജർ കന്നിംഗ്‌ഹാമിന്റെ സഹായത്തോടെ പുരാവസ്തുഗവേഷകനും ഫിലോളജിസ്റ്റും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനുമായ ജെയിംസ് പ്രിൻസെപ്പ് ബ്രാഹ്മിലിപി വായിച്ചെടുക്കാനുള്ള ശ്രമം പൂർത്തിയാക്കി. [13] ഇന്ത്യയിലുടനീളം കണ്ടെത്തിയ അനേകം ശിലാഫലകങ്ങളുടെ ലിഖിതങ്ങൾ വിവർത്തനം ചെയ്യാൻ പ്രിൻസെപ്പിന് കഴിയുകയും 1838 മാർച്ചിൽ അദ്ദേഹം ഈ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു [14] [15]

അവലംബം തിരുത്തുക

  1. Foreign Influence on Ancient India, Krishna Chandra Sagar, Northern Book Centre, 1992
  2. Chronographia, John of Malalas
  3. Holt, Frank Lee (1988). Alexander the Great and Bactria: The Formation of a Greek Frontier in Central Asia (in ഇംഗ്ലീഷ്). Brill Archive. p. 2. ISBN 9004086129.
  4. Kim, Hyun Jin; Vervaet, Frederik Juliaan; Adali, Selim Ferruh (2017). Eurasian Empires in Antiquity and the Early Middle Ages: Contact and Exchange between the Graeco-Roman World, Inner Asia and China (in ഇംഗ്ലീഷ്). Cambridge University Press. p. 267. ISBN 9781108121316.
  5. Krishan, Yuvraj; Tadikonda, Kalpana K. (1996). The Buddha Image: Its Origin and Development (in ഇംഗ്ലീഷ്). Bharatiya Vidya Bhavan. p. 22. ISBN 9788121505659.
  6. Monnaies Gréco-Bactriennes et Indo-Grecques, Bopearachchi, p.176
  7. Krishan, Yuvraj; Tadikonda, Kalpana K. (1996). The Buddha Image: Its Origin and Development (in ഇംഗ്ലീഷ്). Bharatiya Vidya Bhavan. p. 22. ISBN 978-81-215-0565-9.[പ്രവർത്തിക്കാത്ത കണ്ണി]
  8. Iconography of Balarāma, Nilakanth Purushottam Joshi, Abhinav Publications, 1979, p.22
  9. 9.0 9.1 9.2 9.3 9.4 Osmund Bopearachchi, 2016, Emergence of Viṣṇu and Śiva Images in India: Numismatic and Sculptural Evidence
  10. 10.0 10.1 Ray, Himanshu Prabha (2017). Buddhism and Gandhara: An Archaeology of Museum Collections (in ഇംഗ്ലീഷ്). Taylor & Francis. p. 181. ISBN 9781351252744.
  11. Journal of the Asiatic Society of Bengal. Calcutta : Printed at the Baptist Mission Press [etc.] 1834. pp. 495–499.
  12. Salomon, Richard (1998). Indian Epigraphy: A Guide to the Study of Inscriptions in Sanskrit, Prakrit, and the other Indo-Aryan Languages (in ഇംഗ്ലീഷ്). Oxford University Press. p. 206. ISBN 9780195356663.
  13. More details about Buddhist monuments at Sanchi Archived 2011-07-21 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും, Archaeological Survey of India, 1989.
  14. Journal of the Asiatic Society of Bengal. Calcutta : Printed at the Baptist Mission Press [etc.] 1838. pp. 219–285.
  15. Salomon, Richard (1998). Indian Epigraphy: A Guide to the Study of Inscriptions in Sanskrit, Prakrit, and the other Indo-Aryan Languages (in ഇംഗ്ലീഷ്). Oxford University Press. p. 208. ISBN 9780195356663.