ജർമൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ (1848 ജൂലൈ 27 – 1916 ഡിസംബർ 16). പ്രകാശികം, വൈദ്യുതി, വികിരണങ്ങൾ, റേഡിയോ ആക്റ്റീവത എന്നീ മേഖലകളിൽ ഗവേഷണം നടത്തി. 1878-ൽ ഡോൺ പ്രഭാവം (Dorn effective)എന്ന പ്രതിഭാസവും 1900-ൽ റഡോൺ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു.

ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ
Friedrich Ernst Dorn
ജനനം(1848-07-27)27 ജൂലൈ 1848
മരണം16 ഡിസംബർ 1916(1916-12-16) (പ്രായം 68)
ദേശീയതGerman
കലാലയംUniversity of Königsberg
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾHalle University

ഭൗതികശാസ്ത്ര ഗവേഷകൻ തിരുത്തുക

ഡോൺ 1848 ജൂലൈ 27-ന് കിഴക്കൻ പ്രഷ്യയിൽ ജനിച്ചു. 1880-1910 കാലഘട്ടത്തിൽ ഭൌതികശാസ്ത്ര ഗവേഷണരംഗത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ഒരു ദ്രാവകത്തിലൂടെ ചാർജിത കണങ്ങൾ ചലിക്കുമ്പോൾ വൈദ്യുത വോൾട്ടത ഉത്പാദിതമാകുന്നു എന്നിദ്ദേഹം തെളിയിച്ചു. ഡോൺ പ്രഭാവം എന്ന പേരിൽ ഈ പ്രതിഭാസം അറിയപ്പെടുന്നു. വൈദ്യുത പ്രതിരോധത്തിന്റെ ഏകകമായ ഓം (ohm)ന്റെ കൃത്യമായ മൂല്യത്തിന് ഒരു മാനക റഫറൻസ് വികസിപ്പിച്ചെടുക്കാനും ടാർജറ്റ് ആറ്റങ്ങളിൽ തട്ടുന്ന ഇലക്ട്രോണുകളുടെ എത്ര ഭാഗം ഊർജ്ജം X കിരണങ്ങളായി രൂപാന്തരപ്പെടുന്നു എന്നു നിർണയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. റേഡിയം മൂലകം ക്ഷയിച്ച് റഡോൺ എന്ന മൂലകം ഉണ്ടാകുന്നു എന്ന് 1900-ൽ ഇദ്ദേഹം കണ്ടുപിടിച്ചു. റേഡിയോ ആക്റ്റീവത എന്ന പ്രക്രിയയിലൂടെ ഒരു മൂലകം രൂപാന്തരണം ചെയ്യപ്പെട്ട് മറ്റൊന്നായി മാറുന്നു എന്നതിന്റെ ആദ്യത്തെ തെളിവായി ഇത് അംഗീകരിക്കപ്പെട്ടു.

ഭൗതികശാസ്ത്ര പ്രൊഫസർ തിരുത്തുക

1873 മുതൽ 1916 വരെ ബ്രസ് ലൊ, ഡാംസ്റ്റഡ്റ്റ്, ഹാലെ എന്നീ സർവകലാശാലകളിൽ ഭൗതികശാസ്ത്ര പ്രൊഫസറായി ഡോൺ സേവനമനുഷ്ഠിച്ചു. 1916 ഡിസംബർ 16-ന് ഹാലെയിൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോൺ, ഫ്രീഡ്റിക് ഏൺസ്റ്റ് (1848 - 1916) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.