പാശ്ചാത്യ-പൗരസ്ത്യ ക്രിസ്തീയസഭകൾ തമ്മിലുള്ള അകൽച്ചയെ ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും വിധം പൊതുവർഷം നാലാം നൂറ്റാണ്ടിലെ നിഖ്യാവിശ്വാസപ്രമാണത്തിന്റെ മൂലപാഠത്തോട് പാശ്ചാത്യസഭ ആറാം നൂറ്റാണ്ടിൽ നടത്തിയ ഏറെ വിവാദപരമായ ഒരു കൂട്ടിച്ചേർക്കലാണ് ഫിലിയോക്ക് വകുപ്പ് (Filioque clause) എന്നറിയപ്പെടുന്നത്. 'ഫിലിയോക്ക്' എന്ന ലത്തീൻ പദത്തിന് "പുത്രനിൽ നിന്നു കൂടി" (and from the Son) എന്നാണർത്ഥം. നിഖ്യാവിശ്വാസപ്രമാണത്തിലെ "പിതാവിൽ നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവിൽ ഞങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന പാഠം ഈ കൂട്ടിചേർക്കലോടെ, "പിതാവിലും പുത്രനിലും നിന്നു പുറപ്പെടുന്ന .....പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു" എന്നായി. ദൈവികത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവ് ദൈവപിതാവിൽ നിന്നു മാത്രമല്ലാതെ ദൈവപുത്രനിൽ നിന്നുകൂടി പുറപ്പെടുന്നു എന്നാണ് ഇതിനർത്ഥം. പരിശുദ്ധാത്മാവിന്റെ "ഇരട്ടപ്പുറപ്പാട്" (double procession) എന്നു കൂടി ഈ വിശ്വാസത്തിനു പേരുണ്ട്.[1]

മാമ്രേയിൽ അബ്രാഹത്തിന്റെ ആഥിത്യം സ്വീകരിക്കുന്ന ദൈവികത്രിത്വം - റുബ്ലേവിന്റെ ചിത്രം

സഭകളുടെ നിലപാട് തിരുത്തുക

റോമൻ കത്തോലിക്കാ സഭ പിന്തുടരുന്ന ഈ കൂട്ടിച്ചേർക്കലിനെ പൗരസ്ത്യ ഓർത്തഡോക്സ് ക്രിസ്തീയത തള്ളിക്കളയുന്നു. മാർപ്പാപ്പായുടെ പരമാധികാരത്തെ സംബന്ധിച്ച തർക്കം ഒഴിച്ചാൽ, ചരിത്രപരമായ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭയിൽ റോമൻ കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിലുള്ള അകൽച്ചക്ക് വഴിയൊരുക്കിയ ഏറ്റവും പ്രധാന കാരണവും അകൽച്ചയെ നിലനിർത്തുന്നതും 'ഫിലിയോക്ക്' വകുപ്പിനെ സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ്. കത്തോലിക്കാ ക്രിസ്തീയതയുടെ പൗരസ്ത്യശാഖകളിൽ ചിലതൊക്കെ വിശ്വാസപ്രമാണത്തിൽ ഈ കൂട്ടിച്ചേർക്കൽ ഒഴിവാക്കുന്നെങ്കിലും മറ്റു കത്തോലിക്കാ വിഭാഗങ്ങളെപ്പോലെ അതിലെ ആശയം അവരും അംഗീകരിക്കുന്നുണ്ട്. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ള പ്രൊട്ടസ്റ്റന്റ് സഭകൾ എല്ലാം തന്നെ 'ഫിലിയോക്ക്" വകുപ്പിനെ അംഗീകരിക്കുന്നുണ്ട്.

പശ്ചാത്തലം തിരുത്തുക

പൊതുവർഷം 325-ലെ നിഖ്യാസൂനഹദോസിൽ അംഗീകരിക്കപ്പെട്ട വിശ്വാസംഹിതയുടെ സക്ഷേപം എന്ന നിലയിൽ പ്രചരിച്ച നിഖ്യാവിശ്വാസപ്രമാണത്തിന്റെ(Nicene Creed) പാഠം, പ്രൊതുവർഷം 381-ൽ, കോൺസ്റ്റാന്റിനോപ്പിളിലെ സൂനഹദോസിൽ രൂപപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ദൈവികത്രിത്വത്തിലെ ആദ്യത്തെ രണ്ടാളുകളായ പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ ആയിരുന്നു നിഖ്യായിലേതു പോലുള്ള ആദ്യകാല സൂനഹദോസുകൾ നിർവചിക്കാൻ ശ്രമിച്ചത്. അതിനാൽ ത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ഈ വിശ്വാസപ്രമാണത്തിലുള്ള പരാമർശം വളരെ ഹ്രസ്വമായിരുന്നു. പരിശുദ്ധാത്മാവിനെ വിശ്വാസപ്രമാണം "പിതാവിൽ നിന്നു പുറപ്പെടുന്നവൻ" (ex patre procedit എന്നു ലത്തീൻ) വിശേഷിപ്പിക്കുക മാത്രം ചെയ്തു. 250 വർഷക്കാലം ഈ സമവാക്യം മാറ്റമില്ലാതെ നിലനിന്നു.[2]

തുടക്കം തിരുത്തുക

മുഖ്യധാരാക്രിസ്തീയതയുടെ ദൈവികത്രിത്വത്തെ നിഷേധിച്ച ആരിയൻ വേദവ്യതിചലനത്തെ നേരിടാൻ സ്പെയിനിലെ ടോളെഡൊയിൽ പൊതുവർഷം 589-ൽ ചേർന്ന പ്രാദേശിക സൂനഹദോസ് "പിതാവിൽ നിന്നു പുറപ്പെടുന്നവൻ" എന്ന വിശ്വാസപ്രമാണത്തിലെ നിഖ്യാസമവാക്യത്തോട് 'ഫിലിയോക്ക്' എന്ന ലത്തീൻ പദം കൂട്ടിച്ചേർത്തപ്പോൾ, പരിശുദ്ധാത്മാവ്, "പിതാവിലും പുത്രനിലും നിന്നു പുറപ്പെടുന്നവൻ" (ex patre filoque procedit) ആയി മാറി. ആരിയന്മാർക്കെതിരെ, ത്രിത്വത്തിലെ മൂന്നാളുകളുടെ തുല്യത നിസ്സംശയം നിർവചിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിഷ്കാരം, പാശ്ചാത്യക്രിസ്തീയതയിലെ ഇതര പ്രാദേശിക സഭകളിലും പ്രചരിച്ചു. എന്നാൽ പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്നല്ല, "പിതാവിൽ നിന്ന് പുത്രനിലൂടെ" ആണു പുറപ്പെടുന്നതെന്നു കരുതിയ പൗരസ്ത്യക്രിസ്തീയത ഇതിനെ അംഗീകരിച്ചില്ല. പൊതുവർഷം ഒൻപതാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിൽ പാത്രിയർക്കീസായിരുന്ന പ്രഖ്യാതപണ്ഡിതൻ ഫോറ്റിയസ് ഇതിന്റെ നിശിതവിമർശകനായിരുന്നു.[2]

കലാശം തിരുത്തുക

9-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പശ്ചിമയൂറോപ്പിൽ, പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ നഷ്ടശിഷ്ടങ്ങളിൽ നിന്ന് വിശുദ്ധ റോമാസാമ്രാജ്യം കെട്ടിപ്പടുത്ത കാറൽമാൻ ചക്രവർത്തിയുടെ അംഗീകാരം ഈ പരിഷ്കാരത്തിന്റെ നിലനിൽപ്പിൽ നിർണ്ണായകമായി. എങ്കിലും, ഒട്ടേറെ പ്രാദേശികസഭകളിൽ അംഗീകരിക്കപ്പെട്ട ഈ പരിഷ്കാരത്തിന് പാശ്ചാത്യസഭയുടെ റോം ആസ്ഥാനമായുള്ള ഔദ്യോഗികനേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചത് കാലക്രമേണയാണ്.

പരിശുദ്ധാത്മാവിന്റെ 'ഇരട്ടപ്പുറപ്പാടിന്റെ' (double procession of the Holy Ghost) ദൈവശാസ്ത്രം അംഗീകരിച്ചപ്പോഴും, വിശ്വാസപ്രമാണത്തിൽ അതിനു നൽകിയ സ്ഥാനം അംഗീകരിക്കാൻ മാർപ്പാപ്പാമാർ രണ്ടു നൂറ്റാണ്ടോളം മടിച്ചു. 1014-ൽ റോമിലെ വിശുദ്ധപത്രോസിന്റെ ഭദ്രാസനപ്പള്ളിയിൽ വിശുദ്ധറോമാസാമ്രാട്ട് ഹെൻട്രി രണ്ടാമന്റെ ക്രീടധാരണച്ചടങ്ങിൽ ഫിലിയോക്ക് ചേർത്ത വിശ്വാസപ്രമാണം ചൊല്ലാൻ ബെനഡിക്ട് എട്ടാമൻ മാർപ്പാപ്പ അനുമതി നൽകിയതോടെയാണ് റോമൻ കത്തോലിക്കാസഭയുടെ ആരാധാനാവിധിയിൽ ഇതിനു ഔദ്യോഗികസ്ഥാനം ലഭിച്ചതെന്നു മിക്കവാറും ചരിത്രകാരന്മാർ കരുതുന്നു. അതോടെ, ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അകൽച്ചയും രാജനീതിയുടെ സമ്മർദ്ദങ്ങളും മൂലം ഭിന്നിച്ചു കൊണ്ടിരുന്ന പാശ്ചാത്യ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അകൽച്ച തീവ്രമായി. 1054-ൽ മാർപ്പാപ്പായും ഓർത്തഡോക്സ് സഭാ പാത്രിയർക്കീസും പരസ്പരം വേദവ്യതിചലനം ആരോപിച്ച്, ഒരാൾ അപരനു സഭാഭ്രഷ്ട് കല്പിക്കുന്നതിലായിരുന്നു ഇതിന്റെ കലാശം.[3]

ഇന്നത്തെ സ്ഥിതി തിരുത്തുക

ഫിലിയോക്ക് ഇന്ന്, പാശ്ചാത്യ-പൗരസ്ത്യക്രിസ്തീയതകൾ തമ്മിലുള്ള അകൽച്ചയുടെ അസുഖകരമായ പ്രതീകമായിരിക്കുന്നു. ഇരട്ടപ്പുറപ്പാടിനെക്കുറിച്ചുള്ള നിലപാടിൽ റോമൻ കത്തോലിക്കാ സഭ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, പൗരസ്ത്യസംവേദനയോടുള്ള ബഹുമാനം പ്രകടിപ്പിക്കാനും സഭകൾക്കിടയിലെ ഐക്യത്തിനുള്ള അഭിലാഷം സൂചിപ്പിക്കാനുമായി, ചില 'എക്യൂമെനിക്കൽ' സന്ദർഭങ്ങളിൽ 'ഫിലിയോക്ക്' ഒഴിവാക്കിയുള്ള വിശ്വാസപ്രമാണം ചൊല്ലുന്ന പതിവിന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തുടക്കമിട്ടു.[3]

അവലംബം തിരുത്തുക

  1. എഡ്വേഡ് ഗിബ്ബൺ, റോമാസാമ്രാജ്യത്തിന്റെ ക്ഷയവും പതനവും അദ്ധ്യായം 60
  2. 2.0 2.1 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങൾ 528-29)
  3. 3.0 3.1 ആവറി ഡല്ലസ് എസ്.ജെ., "The Filioque: What Is at Stake?", Concordia Theological Quarterly, Volume 59, Number 1-2
"https://ml.wikipedia.org/w/index.php?title=ഫിലിയോക്ക്&oldid=3902192" എന്ന താളിൽനിന്ന് ശേഖരിച്ചത്