അറബ് ലോകത്തെ കാർട്ടൂണിസ്റ്റുകളിൽ ഏറ്റവും ജനപ്രിയനായിരുന്നു [അവലംബം ആവശ്യമാണ്]നാജി അൽ-അലി. പലസ്തീനിയൻ പ്രദേശത്തുനിന്നും അഭയാർത്ഥി ആക്കപ്പെട്ട നാജി അൽ-അലി ഹന്ധാല എന്ന പത്തുവയസ്സുകാരനായ കാർട്ടൂൺ കഥാപാത്രത്തിലൂടെ ആയിരുന്നു തന്റെ ആശയങ്ങളെ അവതരിപ്പിച്ചത്.

Naji al-Ali
ناجي العلي
തൊഴിൽകാർട്ടൂണിസ്റ്റ്
ദേശീയതപാലസ്തീനിയൻ
Period1938-1987

ജനനം, ബാല്യം തിരുത്തുക

1938-ൽ പലസ്തീനിൽ ജനിച്ച നാജി അൽ-അലി ഇസ്രയേൽ രാഷ്ട്രം രൂപീകൃതമായപ്പോൾ ജൂത ആക്രമണങ്ങളെ തുടർന്ന് സ്വദേശത്തുനിന്നും പലായനം ചെയ്തു. ഗലീലിയിലെ നസറത്ത്, തിബിരിയാസ് എന്നീ സ്ഥലങ്ങൾക്ക് ഇടയ്ക്കുള്ള അൽ-ഷാജ്ര ഗ്രാമത്തിലായിരുന്നു നാജി അൽ-അലിയുടെ ജനനം. 11-ആം വയസ്സിൽ അഭയാർത്ഥിയായി കുടുംബത്തോടൊപ്പം ലെബനനിൽ എത്തിയ നാജി അൽ-അലി തെക്കേ ലെബനനിലെ സിദോനിലുള്ള ഐൻ-അൽ-ഹെല്വെ എന്ന അഭയാർത്ഥി കാമ്പിൽ താമസിച്ചു. 1950-കളിൽ നാജി അൽ അലി ജയിലിലെ മതിലുകളിൽ പോറിയ ചിത്രങ്ങൾ കണ്ട് പലസ്തീനിയൻ കവിയായ ഘസ്സൻ എൽ-കനാഫനി നാജി അൽ-അലിയെ കണ്ടെത്തുകയായിരുന്നു. നാജി അൽ-അലിയുടെതന്നെ [അവലംബം ആവശ്യമാണ്] അഭിപ്രായത്തിൽ

നാജി അൽ-അലിയുടെ സർഗ്ഗസൃഷ്ടി, താല്പര്യങ്ങൾ തത്ത്വശാസ്ത്രം. തിരുത്തുക

 
ഹന്ധാല, പാലസ്തീനിയൻ പ്രതിരോധത്തിന്റെ ചിഹ്നം

സിദോനിൽ പ്രാരംഭ വിദ്യാഭ്യാസം പൂർത്തി ആക്കിയ നാജി അൽ-അലി കലയിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനത്തിൽ പ്രവേശിച്ചു. വീട്ടിലെ കഷ്ടപ്പാടുകൾ നിമിത്തം വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. അറുപതുകളുടെ തുടക്കത്തിൽ കുവൈറ്റിലെ അൽ-തലിയാ മാസികയ്ക്കുവേണ്ടി പ്രവർത്തിക്കുവാനായി നാജി അൽ-അലി കുവൈറ്റിലേക്ക് പോയി.

1970-കളുടെ തുടക്കത്തിൽ കുവൈറ്റിൽ നിന്ന് ബെയ്രൂട്ടിൽ [അവലംബം ആവശ്യമാണ്] തിരിച്ചെത്തിയ നാജി അലി ലെബനനിലെ പ്രമുഖ പത്രമായ അൽ-സാഫിറിന്റെ പത്രാധിപ സമിതിയിൽ അംഗമായി.

ഈ കാലഘട്ടത്തിൽ അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അൽ-ഖലീജ് പത്രത്തിനുവേണ്ടിയും കാർട്ടൂണുകൾ വരച്ചു.

1982-ൽ ലെബനനിലെ ഇസ്രയേൽ അധിനിവേശകാലത്ത് സാബ്ര, ഷാറ്റില എന്നീ പലസ്തീനിയൻ അഭയാർത്ഥി കാമ്പുകളിൽ ഇസ്രയേൽ സൈന്യം നടത്തിയ കൂട്ടക്കൊല നാജി അൽ-അലി നേരിട്ടുകണ്ടു. [അവലംബം ആവശ്യമാണ്] ഈ തിക്താനുഭവം ലെബനൻ വിട്ട് കുവൈറ്റിൽ താമസമാക്കുവാൻ നാജി അൽ-അലിയെ പ്രേരിപ്പിച്ചു. ഈ കാലഘട്ടത്തിൽ അദ്ദേഹം മദ്ധ്യപൂർവ്വദേശത്തെ ഏറ്റവും പ്രചാരമുള്ള സ്വതന്ത്ര ദിനപത്രമായ അൽ-ഖബ്ബാസ് (പ്രകാശം എന്ന് അർത്ഥം), അൽ-ഖലീജ് എന്നീ പത്രങ്ങൾക്കുവേണ്ടി വരച്ചു.

1985-ൽ രാഷ്ട്രീയ കാരണങ്ങളാൽ നാജി അൽ-അലി കുവൈറ്റിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് ലണ്ടനിൽ താമസം ഉറപ്പിച്ച നാജി അൽ-അലി കുവൈറ്റി പത്രമായ അൽ-ഖബ്ബാസിനു വേണ്ടി വരയ്ക്കുന്നത് തുടർന്നു. [അവലംബം ആവശ്യമാണ്]

നാജി അൽ അലിയുടെ ചിത്രങ്ങൾ കൈറോ, ബെയ്രൂട്ട്, കുവൈറ്റ്, ടുണീഷ്യ, അബുദാബി, ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലെ പത്രങ്ങളിൽ ദിനംപ്രതി പ്രസിദ്ധീകരിച്ചിരുന്നു. അറബ് ലോകത്ത് ഏറ്റവും പ്രതിഫലം ലഭിച്ച കാർട്ടൂണിസ്റ്റായി നാജി അൽ-അലി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്]

നാജി അൽ-അലിക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധം ഉണ്ടായിരുന്നില്ല. [അവലംബം ആവശ്യമാണ്] തന്റെ സൃഷ്ടികളിലെ സിദ്ധാന്തങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അഭാവം അദ്ദേഹത്തിനു ഒരേപോലെ പ്രശംസയും വിമർശനവും നൽകി. ഭീകരതയ്ക്കും ജനാധിപത്യത്തിന്റെ അഭാവത്തിനും എതിരായിരുന്നു നാജി അൽ-അലി. ഒരു രാഷ്ട്രീയ കക്ഷിയിലും ചേരാതെ അറബ് പൊതുജനാഭിപ്രായത്തിന്റെ യഥാർത്ഥ വക്താവാകുവാൻ അദ്ദേഹം ശ്രമിച്ചു.

അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ വരകളിൽ നിന്ന് വളരെ കുറച്ച് ഭരണകൂടങ്ങളും രാഷ്ട്രീയ സംഘടനകളുമേ രക്ഷപെട്ടുള്ളൂ. [അവലംബം ആവശ്യമാണ്] ഇസ്രയേൽ അധിനിവേശത്തിനും അടിച്ചമർത്തലിനും എതിരെയുള്ള പലസ്തീനിയൻ ജനതയുടെ കയ്പ്പേറിയ പോരാട്ടത്തെ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ചിത്രീകരിച്ചു. അറബ് ലോകത്ത് വ്യാപകമായ അഴിമതിയെയും ജനാധിപത്യത്തിന്റെ അഭാവത്തെയും ഭീമമായ സാമ്പത്തിക അസമത്വത്തെയും അദ്ദേഹം വിമർശിച്ചു. അറബികൾ, ജൂതർ, തീവ്രവാദികൾ, യാഥാസ്ഥിതികർ എന്നിവരുൾപ്പെടെ അറബ് ലോകത്തെ ഏകദേശം എല്ലാവരെയും നാജി അൽ-അലി വെറുപ്പിച്ചു എന്ന് പറയപ്പെടുന്നു. നാജി അൽ-അലിയുടെ തത്ത്വശാസ്ത്രം തന്റെ എല്ലാ കാർട്ടൂണുകളിലും കാണി ആയി നിൽക്കുന്ന ഹന്ധാല എന്ന തന്റെ കഥാപാത്രത്തെ അദ്ദേഹം വിശദീകരിക്കുന്നതിൽ നിന്നും മനസ്സിലാക്കാം.

“നിങ്ങൾ കാണുന്നതുപോലെ ഈ കുട്ടി സുന്ദരനോ ലാളിക്കപ്പെട്ടവനോ, എന്തിന് നന്നായി ആഹാരം കഴിച്ച് വളർന്നവനോ പോലും അല്ല. അഭയാർത്ഥി കാമ്പുകളിൽ ഉള്ള മറ്റു പല കുട്ടികളെയും പോലെ ഇവനും ചെരുപ്പില്ല. സത്യത്തിൽ വിരൂപനായ ഇവനെപ്പോലെ ഒരു മകൻ ഉണ്ടാകുവാൻ മിക്കവാറും സ്ത്രീകൾ ആഗ്രഹിക്കില്ല. എങ്കിലും ഞാൻ ഇവനെ കണ്ടെത്തിയതും ദത്തെടുത്തതും പോലെ ഇവനെ മനസ്സിലാക്കുന്ന മറ്റുള്ളവർ ഇവൻ സ്നേഹമയിയും വിശ്വസ്തനും അഭിപ്രായങ്ങൾ തുറന്നുപറയുന്നവനും ഒരു ശുദ്ധനും ആണെന്ന് മനസ്സിലാക്കും. ഞാൻ വീണുപോകുന്നതിൽ നിന്നും ശ്രദ്ധാലുവായി പ്രതിരോധിക്കുന്ന ഒരു ചിഹ്നമാണ് ഇവൻ. ഇവൻ കൈകൾ പിന്നിൽ പിണച്ചുകെട്ടിയിരിക്കുന്നത് ഇന്നത്തെ നമ്മുടെ പ്രദേശത്തെ എല്ലാ പ്രതികൂല സാഹചര്യങ്ങളുടെയും നിഷേധത്തെ ആണ് സൂചിപ്പിക്കുന്നത്”.

സെൻസർഷിപ്പ് തിരുത്തുക

 
നജി അൽ അലി ഗ്രാഫിറ്റി, റാമല്ല, 2012

നാജി അൽ-അലിയെ പോലീസ് അനവധി തവണ തടഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ വരകൾ തുടർച്ചയായി സെൻസർ ചെയ്യപ്പെട്ടു. തന്റെ ജീവിതകാലത്ത് പല വധഭീഷണികളെയും അദ്ദേഹം നേരിട്ടു. മദ്ധ്യപൂർവ്വ പ്രദേശങ്ങളിൽ ഒരുകാലത്ത് ജീവനിൽ ഭീഷണി നേരിട്ടവരിൽ ഏറ്റവും മുൻപിൽ ആയിരുന്നു നാജി അൽ-അലി.[അവലംബം ആവശ്യമാണ്] ലെബനൻ വിട്ട് കുവൈറ്റിലും പിന്നീട് ലണ്ടനിലും താമസം ഉറപ്പിക്കാൻ കാരണം ഇതായിരുന്നു. എന്നാൽ തന്നെ അടിച്ചമർത്താനും സെൻസർ ചെയ്യുവാനും ശ്രമിച്ചവരെക്കുറിച്ച് സംസാരിക്കുവാൻ അദ്ദേഹം വിസമ്മതിച്ചു; പകരം അദ്ദേഹം അവരെ വരച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

ഇന്റർനാഷണൽ ഫെഡെറേഷൻ ഓഫ് ന്യൂസ്പേപ്പർ പബ്ലിഷേഴ്സ് (എഫ്.ഐ.ഇ.ജെ) മരണാനന്തര ബഹുമതിയായി ഗോൾഡൻ പെൻ പുരസ്കാരം 1988-ൽ നാജി അൽ-അലിക്ക് സമർപ്പിച്ചു. 28 അംഗരാഷ്ട്രങ്ങളിലെ പ്രസാധകർ അടങ്ങിയ ജൂറി ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന എടുത്തുപറയത്തക്ക സേവനങ്ങൾക്കുള്ള അംഗീകാരമായി ആണ് ഈ പുരസ്കാരം നൽകുന്നത്.

നാജി അൽ-അലിയുടെ മരണം തിരുത്തുക

1987 ജൂലൈ 22-നു ചെത്സിയിലെ ഐവെസ് തെരുവിലുള്ള അൽ-ഖബ്ബാസ് ഓഫീസിലേക്ക് നടക്കവേ ഒരു കൊലയാളി നാജി അൽ-അലിയുടെ തലയ്ക്ക് വെടിവെച്ചു. 5 ആഴ്ച്ചയോളം കോമ അവസ്ഥയിൽ ആശുപത്രിയിൽ കിടന്ന നാജി അൽ-അലി 51-ആം വയസ്സിൽ 1987 ഓഗസ്റ്റ് 30 (ശനിയാഴ്ച) രാവിലെ 1 മണിക്ക് അന്തരിച്ചു.

നാജി- അൽ അലിയുടെ വാക്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാജി_അൽ-അലി&oldid=3607136" എന്ന താളിൽനിന്ന് ശേഖരിച്ചത്