ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. ബലരാമൻ, 2. ശ്രീകൃഷ്ണൻ) ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും, ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ. ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ അഥവാ മഹായുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം). ദ്വാപരയുഗത്തിൽ മഹാവിഷ്ണുവിന്റെ അംശാവതാരമായി വ്യാസൻ അവതരിക്കുകയും വേദങ്ങൾ പകുക്കുകയും ഇതിഹാസപുരാണാദികൾ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം.[1] ദ്വാപരയുഗത്തിൽ നീതിന്യായങ്ങൾ തുലോം കുറഞ്ഞു പോയതായും ആ സ്ഥാനത്ത് അധർമ്മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യർക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാൾ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തിൽ മഹാവിഷ്ണു ധർമസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കുന്നു.[2] ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.[3]

ദ്വാപരയുഗം

ചതുർയുഗങ്ങൾ
1 ദേവ ദിനം 1 മനുഷ്യ വർഷം
1 ദേവ വർഷം 360 ദേവദിനം
കലിയുഗം 1,200 ദേവവർഷം
(360 X 1,200)
4,32,000 മനുഷ്യവർഷം
ദ്വാപരയുഗം 2,400 ദേവവർഷം
(360 X 2,400)
864,000 മനുഷ്യവർഷം
മഹായുഗം ചതുർയുഗങ്ങൾ
(12,000 ദേവവർഷം)
മന്വന്തരം 71 മഹായുഗങ്ങൾ
(852,000 ദേവവർഷം)
വിഷ്ണുവിന്റെ അവതാരങ്ങൾ ബലരാമൻ
ശ്രീകൃഷ്ണൻ
മറ്റു യുഗങ്ങൾ കൃതയുഗം
ത്രേതായുഗം
കലിയുഗം

ജ്യോതിഷപരമായി, ഗ്രഹങ്ങൾക്കെല്ലാം 'ഭൂമിക്കുചുറ്റും' പൂർണസംഖ്യാപരിക്രമണങ്ങൾ നടത്താൻ ആവശ്യമായ കാലയളവാണ് ഒരു ചതുർയുഗം അഥവാ മഹായുഗം. 43,20,000 വർഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടൻ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വർഷംവീതം വരും. വർഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂർ 12 മിനിറ്റ് 35.56 സെക്കൻഡ് എന്നെടുത്താൽ (നിരയന വർഷം), പൂർണസംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് ഒരു യുഗം എന്ന് 'ബയോട്ട്' എന്ന ചരിത്രകാരൻ കണക്കാക്കുന്നു. മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം=17,28,000 വർഷവും, ത്രേതായുഗം= 12,96,000 വർഷവും, ദ്വാപരയുഗം= 8,64,000 വർഷവും, കലിയുഗം= 4,32,000 വർഷവും ആണ്.

അവലംബം തിരുത്തുക

  1. http://www.dwaparayuga.com/2007/12/dwapara-yuga-timeline-with-brief-review.html
  2. ശ്രീമദ് മഹാഭാഗവതം, ഗദ്യപരിഭാഷ -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്
  3. മഹാഭാരതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ദ്വാപരയുഗം&oldid=3139337" എന്ന താളിൽനിന്ന് ശേഖരിച്ചത്