ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണഭാരതത്തിൽ രൂപംകൊണ്ടുതുടങ്ങിയ ഒരു വാസ്തുശൈലിയാണ് ദ്രാവിഡ വാസ്തുവിദ്യ. തുടർന്ന് ഏതാണ്ട് ഒരായിരം വർഷത്തോളം ആ ശൈലി തെന്നിന്ത്യയുടെ വിവിധപ്രദേശങ്ങളിൽ വളർന്നു വികസിക്കുന്നുണ്ട്. സ്തൂപാകൃതിയിലുള്ള ക്ഷേത്രങ്ങൾ (കോവിൽ) ആണ് ദ്രാവിഡ വാസ്തുവിദ്യയിലെ പ്രധാന നിർമിതികൾ. കല്ലിൽ പണിതീർത്ത ഇത്തരം ക്ഷേത്രങ്ങൾ അലങ്കരിക്കാൻ നിരവധി ശിൽപങ്ങളും ഉപയോഗിച്ചിരുന്നു.

തിരുവണ്ണാമലയിലെ അണ്ണാമലൈയ്യർ കോവിൽ

ഇന്ത്യൻവാസ്തുശാസ്ത്രത്തിന്റെ ചരിത്രം അന്വേഷിക്കുന്നവർ ഇന്നത്തെ തമിഴ്നാടിന്റെ ഹൃദയഭാഗങ്ങളിൽ വെച്ചാണ് ദ്രാവിഡ വാസ്തുവിദ്യ പ്രധാനമായും രൂപം കൊണ്ടതെന്ന് കണ്ടെത്തുന്നുണ്ട്. ദക്ഷിണ ഭാരതം ഭരിച്ച വിവിധ രാജവംശങ്ങളും സാമ്രാജ്യങ്ങളും ദ്രവിഡ വാസ്തുവിദ്യയുടെ പരിണാമത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ചോള, ചേര, പാണ്ഡ്യ, പല്ലവ, രാഷ്ടകൂട, ചാലൂക്യ, ഹൊയ്സാല, വിജയനഗര സാമ്രാജ്യങ്ങൾ ദ്രാവിഡവാസ്തുവിദ്യയുടെ വളർച്ചക്ക് കാലാകാലമായ് സ്തുത്യർഹമായ സംഭാവനകൾ നൽകിവന്നു. ഇന്ത്യയെ കൂടാതെ ശ്രീലങ്കയുടെ വടക്കൻ പ്രദേശങ്ങളിലും, മാലി ദ്വീപിലും, തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ദ്രാവിഡ വാസ്തുശൈലിയിളുള്ള നിർമിതികൾ കണ്ടുവരുന്നു. കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രം പൂർവ ദ്രാവിഡ വാസ്തുശൈലി അനുവർത്തിക്കുന്ന ഒരു നിർമിതിയാണ്.

ഘടന തിരുത്തുക

ദ്രാവിഡക്ഷേത്രങ്ങൾക്കെല്ലാം താഴെപറയുന്ന നാലുഭാഗങ്ങൾ കാണപ്പെടുന്നു. നിർമ്മാണകാലഘട്ടത്തിനും പ്രദേശത്തിനുമനുസരിച്ച അവയുടെ രൂപഭാവങ്ങളും, വിന്യസനവും വ്യത്യാസപ്പെടാം.[1]

  1. ക്ഷേത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് വിമാനം. സമചതുരാകൃതിയിലുള്ള ഇവയുടെ മേൽക്കൂര സ്തൂപാകൃതിയിലായിരിക്കും.
  2. മണ്ഡപങ്ങൾ
  3. ദ്രാവിഡക്ഷേത്രങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് ഗോപുരങ്ങൾ എന്നറിയപ്പെടുന്ന പ്രവേശനകവാടങ്ങൾ. ക്ഷേത്രങ്ങൾക്ക് നാലു ദിക്കിനും ദർശനമായി നാലു ഗോപുരങ്ങൾ ഉണ്ടായിരിക്കും.
  4. തൂൺ മണ്ഡപങ്ങൾ.

ഇവകൂടാതെ ക്ഷേത്രങ്ങളിൽ ക്ഷേത്രക്കുളമോ, ക്ഷേത്രക്കിണറോ ഉണ്ടാകും. ആരാധനാപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ഇവ ഉപയോഗിക്കുന്നു.[1]

കാലഘട്ടങ്ങൾ, സ്വാധീനങ്ങൾ തിരുത്തുക

ദക്ഷിണേന്ത്യ ഭരിച്ച എല്ലാ സാമ്രാജ്യങ്ങളും രാജവംശങ്ങളും അവരുടേതായ ശൈലികൾകൊണ്ട് അതത് കാലത്ത് ദ്രാവിഡവാസ്തുവിദ്യയെ സമ്പന്നമാക്കിയിട്ടുണ്ട്.

സംഘകാലഘട്ടം തിരുത്തുക

ബി.സി.ഇ. 200 മുതൽ സി.ഇ. 400 വരെയുള്ള കാലത്തേയാണ് സംഘകാലം എന്നു പറയുന്നത്. ഈ കാലത്ത് നിലനിന്നിരുന്ന സംസ്കൃതിയിൽത്തന്നെയാണ് ദ്രാവിഡവാസ്തുവിദ്യയുടെ ബീജാവാപം നടക്കുന്നതെങ്കിലും വാസ്തുവിദ്യാപരമായ മുന്നേറ്റങ്ങൾ ഒന്നും ഇക്കാലത്ത് ഉണ്ടായതായി അറിവില്ല.

പല്ലവ വാസ്തുശൈലി തിരുത്തുക

ദ്രാവിഡവാസ്തുവിദ്യയൂടെ സ്വത്വം രൂപപ്പെടാൻ തുടങ്ങുന്നത് പല്ലവരുടെ കാലത്തോടേയാണ്. ക്രി.വ 600 മുതൽ 900 വരെയുള്ള കാലയളവിലാണ് പല്ലവർ ദക്ഷിണ ഭാരതത്തിൽ ശക്തരായിരുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരമായിരുന്നു പല്ലവരുടെ തലസ്ഥാന നഗരി. ഇവരുടെ നിർമിതികളിൽ ഏറ്റവും മഹത്തായത് മാമല്ലപുരത്തെ(മഹാബലിപുരം) രഥങ്ങളാണ്. ഒറ്റക്കല്ലിൽ നിർമിച്ച ചെറു ക്ഷേത്രങ്ങളാണ് രഥങ്ങൾ എന്നറിയപ്പെടുന്നത്. മാമല്ലപുരത്തെ ഏഴുരഥങ്ങൾ ഇവയിൽ ഏറ്റവും പ്രശസ്തമാണ്.

 
മഹാബലിപുരത്തെ ചരിത്ര ശേഷിപ്പുകൾ

ദ്രാവിഡശൈലിയിലുള്ള ആദ്യകാല ക്ഷേത്രങ്ങൾ പല്ലവ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ടവയാണ്. ക്രി.വ 610 - 690കളിൽ നിർമിച്ച ഗുഹാക്ഷേത്രങ്ങൾ പ്രായേണ മദ്ധ്യേന്ത്യയിലെ സമാനനിർമ്മിതികളുടെ അനുകരണങ്ങളാണെങ്കിലും, 690 മുതൽ 900 വരെയുള്ള കാലയളവിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ വ്യത്യസ്തങ്ങളാകുന്നു. ആദ്യകാല ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും ശിവഭഗവാന് സമർപ്പിച്ചവയാണ്. പല്ലവ രാജാവായിരുന്ന നരസിംഹവർമ്മൻII പണികഴിപ്പിച്ച കൈലാസനാഥക്ഷേത്രം പല്ലവ വാസ്തുശൈലിയുടെ ഉത്തമോദാഹരണമാണ്. രാജസിംഹപല്ലവേശ്വരം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തുത്തന്നെ നിർമ്മിക്കപ്പെട്ട മഹാബലിപുരത്തെ തീരക്ഷേത്രങ്ങൾ ഇന്ന് ഒരു ലോകപൈതൃക കേന്ദ്രമാണ്.

പാണ്ഡ്യ ശൈലി തിരുത്തുക

ഒരു പ്രധാന പാണ്ഡ്യ നിർമിതിയാണ് ശ്രീവില്ലിപുത്തൂരിലെ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഗോപുരമാണ് ശ്രീവില്ലിപുത്തൂരിലെ ഒരു പ്രധാന ആകർഷണം. 192അടി ഉയരമുള്ള ഇതാണ് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക മുദ്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചോള ശൈലി തിരുത്തുക

 
ബൃഹദീശ്വര ക്ഷേത്രം

ക്രി.വ 848 മുതൽ 1280വരേയാണ് ചോളരാജാക്കന്മാരുടെ ഭരണകാലം.ചോളരാജാക്കന്മാരിൽ പ്രശസ്തരായ രാജരാജ ചോളൻ ഒന്നാമൻ, അദ്ദേഹത്തിന്റെ പുത്രൻ രാജേന്ദ്ര ചോളൻ എന്നിവർ രാജ്യത്ത് നിരവധി ക്ഷേത്രങ്ങൾ പണിതുയർത്തി. ഇവരുടെ ഭരണകാലത്ത് പണിതീർത്ത തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രം എന്നിവ "ജീവനുള്ള മഹാക്ഷേത്രങ്ങൾ" എന്ന വിശേഷണത്തോടെ [[യുനെസ്കോ] ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒന്നാം ചോളരാജാവായ വിജയലായചോളന്റെ കാലം മുതൽക്കേ ക്ഷേത്രനിർമ്മാണത്തിന് ചോളർ വളരെയധികം പ്രാധാന്യം നൽകിപ്പോന്നു. അദ്ദേഹത്തിന്റെ പുത്രൻ രാജാ ആദിത്യൻ ഒന്നാമൻ കാഞ്ചി, കുംഭകോണം തുടങ്ങിയ പ്രദേശങ്ങളിലായി നിരവധി ക്ഷേത്രങ്ങൾ നിർമിച്ചു.

ആദിത്യൻ ഒന്നാമൻ, പരാന്തകൻ ഒന്നാമൻ, സുന്ദര ചോളൻ, രാജരാജ ചോളൻ, രാജേന്ദ്രചോളൻ തുടങ്ങിയവർ തങ്ങളുടെ യുദ്ധവിജയങ്ങൾ ആഘോഷിക്കാനായി ക്ഷേത്രനിർമ്മാണങ്ങൾക്ക് തുനിഞ്ഞിരുന്നു. അവർ സാഹിത്യത്തിന്റേയും മറ്റു കലകളുടേയും പ്രോത്സാഹകർ കൂടിയായിരുന്നതുകൊണ്ട് അക്കാലത്ത് ക്ഷേത്രനിർമ്മാണവിദ്യ അത്യധികം ഊർജ്ജസ്വലമായി വളർന്നു. രാജരാജചോളന്റെ പുത്രൻ ഗംഗൈകൊണ്ടചോളൻ എന്നും കൂടി അറിയപ്പെടുന്ന രാജേന്ദ്രചോളൻ ഒന്നാമൻ തന്റെ പേരിൽ തഞ്ചാവൂരിനടുത്ത്, പിൽക്കാലത്ത് ഗംഗൈകൊണ്ടചോളപുരം എന്നറിയപ്പെട്ട സ്ഥലത്ത് രാജേന്ദ്രക്ഷേത്രം പണിതീർത്തു. ഈ ക്ഷേത്രത്തിലും തഞ്ചാവൂരിലെ മറ്റു ക്ഷേത്രങ്ങളിലും ദ്രാവിഡ വാസ്തുവിദ്യ അതിന്റെ പൂർണ്ണത കൈവരിക്കുകയും, ഗാംഭീര്യം നേടിയെടുക്കുകയും ചെയ്തു. ചോള സാമ്രാജ്യം അതിന്റെ ഔന്നത്യത്തിൽ വിരാജിക്കേ, കാവേരീ നദീതടത്തിലെ തിരുച്ചി-തഞ്ചാവൂർ-കുംഭകോണം പ്രദേശങ്ങളിൽ ചോളന്മാർ 2300ഓളം ക്ഷേത്രങ്ങൾ പണിതുയർത്തി. ഇവയിൽ 1500ഓളം ക്ഷേത്രങ്ങൾ തിരുച്ചിക്കും തഞ്ചാവൂരിനുമിടയിലാണ്. 1009ൽ പണിതീർത്ത രാജകീയ പ്രൗഢിയുള്ള ബൃഹദീശ്വരക്ഷേത്രവും, 1030ഓടെ പണിതീർത്ത ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രവും ചോളരാജാക്കന്മാരുടെ നിർമ്മാണപരവും സൈനികവുമായ നേട്ടങ്ങളുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നു. അക്കാലത്തെ ഏറ്റവും വലുതും ഉയരമുള്ളതുമായ ബൃഹദീശ്വരക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ ഉച്ചസ്ഥാനം അലങ്കരിക്കുന്നു.[2]

ബാദാമി ചാലൂക്യർ തിരുത്തുക

 
ബദാമി ഗുഹാക്ഷേത്രത്തിലെ വിഷ്ണു ശില്പം

ക്രി.വ 543മുതൽ 753 വരെ ഇന്നത്തെ ബഗൽക്കോട്ട് ജില്ലയുടെ ഭാഗമായ ബാദാമി (വാതാപി)ആസ്ഥാനമായി നിലനിന്നിരുന്ന രാജവംശമാണ് ബാദാമി ചാലൂക്യർ. വടക്കൻ കർണാടകത്തിലെ പട്ടടയ്ക്കൽ, ഐഹോളെ, ബാദാമി എന്നിവിടങ്ങളിലാണ് ഇവരുടെ നിർമ്മിതികളിൽ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ബാദാമിയിൽ നിർമ്മിച്ച പലതും പാറകൾ തുരന്നാണ് ഉണ്ടാക്കിയിരുന്നതെങ്കിലും പിൽക്കാലത്ത് ക്ഷേത്രങ്ങൾ കെട്ടിയുയർത്തുന്ന രീതിയും അവിടെത്തന്നെ അവർ പരീക്ഷിച്ചിരുന്നു. തുടർന്ന് പട്ടടക്കലിലും ഐഹോളേയിലും ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങൾ അവർ കെട്ടിയുയർത്തി. ഇവർ നിർമിച്ച 150ഓളം ക്ഷേത്രങ്ങൾ മാലപ്രഭാനദിതീരങ്ങളിൽ ഇന്നും അവശേഷിക്കുന്നു.[3]

പട്ടടക്കലിലെ ക്ഷേത്രങ്ങൾക്ക് യുനെസ്കോയുടെ ലോകപൈതൃകപദവി ലഭിച്ചിട്ടുണ്ട്. ഐഹോളെ, ബദാമി സമുച്ചയങ്ങൾ ഇന്ന് കർണാടകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടിയാണ്.

രാഷ്ട്രകൂടർ തിരുത്തുക

പടിഞ്ഞാറൻ ചാലൂക്യർ തിരുത്തുക

ഹൊയ്സാലർ തിരുത്തുക

 
കർണാടകത്തിലെ സോമനാഥപുരയിലുള്ള ഒരു ഹൊയ്സാല ക്ഷേത്രം

1100–1343ലാണ് ഹൊയ്സാല രാജാക്കന്മാർ ദക്ഷിണേന്ത്യ ഭരിക്കുന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബേലൂർ ആയിരുന്നു. പിന്നീട് അത് ഹലെബീഡുവിലേക്ക് മാറ്റി. ബേലൂരിലെ ചെന്നകേശവ പെരുമാൾ ക്ഷേത്രം, സോമനാഥപുരയയിലെ ചെന്നകേശവ പെരുമാൾ ക്ഷേത്രം, ഹലെബീഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം എന്നിവയാണ് ഹൊയ്സാല വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങൾ.

കലയിലും വാസ്തുവിദ്യയിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്ന ഹൊയ്സാലരാജാക്കന്മാർ പ്രതിരോധരംഗത്ത് പലപ്പോഴും ബലഹീനരായിരുന്നു. അതിനാൽ ഹൊയ്സാല ക്ഷേത്രങ്ങൾക്ക് തെക്കുനിന്നുള്ള പാണ്ഡ്യൻമാരുടെയും വടക്കുനിന്നുള്ള ദേവഗിരി യാദവരുടെയും ആക്രമണം ധാരാളം ഏൽക്കേണ്ടിവന്നിട്ടുണ്ട്. ഇഷ്ടികയിൽ തീർത്ത ഈ ക്ഷേത്രങ്ങൾക്ക് ഈ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറൻ ചാലൂക്യ വാസ്തുശൈലിയുടെ ഒരു ഉപശാഖയായാണ് ഹൊയ്സാല വാസ്തുശൈലി വളർന്നുവന്നത്.[4] കർണാടകാ ദ്രാവിഡ വാസ്തുശൈലി എന്നും ഹൊയ്സാല വാസ്തുവിദ്യ അറിയപ്പെടുന്നു.[5]

വിജയനഗര ശൈലി തിരുത്തുക

 
ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം

1343 മുതൽ 1565 വരെ ദക്ഷിണഭാരതം വിജയനഗര സാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്നു. വളരെ വിസ്തൃതമായ ഒരു സാമ്രാജ്യമായിരുന്നു വിജയനഗരം. കർണാടകത്തിലെ വിജയനഗരം (പ്രാചീന നഗരം, ഇന്നത്തെ ഹംപിയുടെ സമീപപ്രദേശം) ആസ്ഥാനമാക്കി രാജ്യം ഭരിച്ച ഇവരുടെ നിർമിതികളിൽ അവശേഷിക്കുന്നവയിൽ ഭൂരിഭാഗവും ഹംപിയിലാണുള്ളത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മുൻ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ച ചാലൂക്യ, ഹോയ്സാല, പാണ്ഡ്യ, ചോള വാസ്തുശൈലികളുടെയും സമ്പ്രദായങ്ങളുടെയും ആകർഷകമായ സങ്കലനമായിരുന്നു വിജയനഗര വാസ്തുവിദ്യ. വ്യാളീസ്തംഭങ്ങൾകൊണ്ട് അലങ്കൃതമായ മണ്ഡപങ്ങളും മറ്റുമാണ് വിജയനഗരവാസ്തുവിദ്യയുടെ അനന്യമായ സംഭാവനകൾ. രാജാ കൃഷ്ണദേവരായരടങ്ങുന്നഈ രാജവംശത്തിലെ എല്ലാ രാജാക്കന്മാരും, ദക്ഷിണഭാരതമൊട്ടാകെ വിജയനഗരശൈലിയിൽ അനവധി ക്ഷേത്രങ്ങൾ പണിതുയർത്തിയിട്ടുണ്ട്. [6][7]വിജയനഗര സാമ്രാജ്യത്തിന്റെ കാലശേഷവും നിർവധി കലാകാർന്മാർ ആ പാരമ്പര്യം പിന്തുടർന്നു. അത്യാകർഷകമായ കൊത്തുപണികളോടുകൂടിയ കല്യാണമണ്ഡപങ്ങളും, വസന്തമണ്ഡപങ്ങളും, രാജഗോപുരങ്ങളുമാണ് വിജയനഗരശൈലിയുടെ മികവിന്റെ മുദ്ര. കരിങ്കല്ലായിരുന്നു ഇവരുടെ പ്രധാന നിർമ്മാണ സാമഗ്രി.

വിജയനഗര വാസ്തുവിദ്യയുടെ നിരവധി ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹംപി ഇന്ന് ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Fergusson, James (1997) [1910]. History of Indian and Eastern Architecture (3rd ed.). New Delhi: Low Price Publications. p. 309.
  2. See Nilakanta Sastri, K.A. (1955). A History of South India, pp 421
  3. Over 125 temples exist in Aihole alone, Michael D. Gunther, 2002. "Monuments of India". Retrieved 2006-11-10.{{cite web}}: CS1 maint: numeric names: authors list (link)
  4. James Fergusson and Henry Cousens write that the Hoysala style has many features in common with that of the Western Chalukya, Arthikaje, Mangalore. "History of Karnataka-Religion, Literature, Art and Architecture in Hoysala Empire". 1998–2000 OurKarnataka.Com, Inc. Archived from the original on 2010-01-18. Retrieved 2006-11-17.
  5. Adam Hardy. "Indian Temple Architecture: Form and Transformation-The Karnata Dravida Tradition 7th to 13th Centuries, 1995". Vedams Books from India, Vedams eBooks (P) Ltd. Retrieved 2006-11-17.
  6. Art critic, Percy Brown calls Vijayanagar architecture a blossoming of Dravidian style, Kamath, p182
  7. Arthikaje Literary Activity}
"https://ml.wikipedia.org/w/index.php?title=ദ്രാവിഡ_വാസ്തുവിദ്യ&oldid=4020881" എന്ന താളിൽനിന്ന് ശേഖരിച്ചത്