തൊടുപുഴ വാസന്തി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു പി. വാസന്തി എന്ന തൊടുപുഴ വാസന്തി. 450-ലധികം ചലച്ചിത്രങ്ങളിൽ വാസന്തി അഭിനയിച്ചിട്ടുണ്ട്.[2] കൂടാതെ 16-ഓളം ടെലിവിഷൻ പരമ്പരകളിലും 100 ലധികം നാടകങ്ങളിലും വേഷമിട്ടു. നാടകാഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരവും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.

തൊടുപുഴ വാസന്തി
മരണം28 നവംബർ 2017[1]
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം1975–2017
മാതാപിതാക്ക(ൾ)പങ്കജാക്ഷിയമ്മ and രാമകൃഷ്ണൻ നായർ

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. പിതാവ് കെ. ആർ. രാമകൃഷ്ണൻ നായർ നാടക നടനും മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയുമായിരുന്നു. വാസന്തിയുടെ പിതാവ് ‘ജയ്ഭാരത്’ എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു. പതിനാറാം വയസ്സിൽ വാസന്തി ഉദയായുടെ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു നൃത്തം അവതരിപ്പിച്ചു.

അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. ‘പീനൽകോഡ്’ എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. ‘എന്റെ നീലാകാശം’ എന്ന സിനിമയിലൂടെ ആദ്യമായി ക്യാരക്‌ടർ വേഷം ലഭിച്ചു. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. 'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയം നടത്തിയിരുന്നു.

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നു 2017 ഓഗസ്റ്റ് 17-ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചു വാസന്തിയുടെ വലതുകാൽ മുറിച്ചു മാറ്റി. രജീന്ദ്രനാണ് ഭർത്താവ്, 2010 ഓഗസ്റ്റിൽ കാൻസർ രോഗം മൂലം ഇദ്ദേഹം മരണടഞ്ഞു. പ്രമേഹത്തോടൊപ്പം അർബുദവും ബാധിച്ചിരുന്ന വാസന്തി 2017 നവംബർ 28-ന് പുലർച്ചെ മൂന്നുമണിയോടെ തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ചലച്ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Thodupuzha Vasanthi dies of cancer". Malayala Manorama. 28 November 2017. Retrieved 28 November 2017.
  2. "'അഭിനയിക്കുന്ന സമയത്ത് എല്ലാരുമുണ്ടായിരുന്നു, ഇപ്പോൾ ആരുമില്ല' കണ്ണ് നിറയും ആ പഴയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ!". മനോരമ. Archived from the original on 2017-10-04. Retrieved 4 ഒക്ടോബർ 2017.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=തൊടുപുഴ_വാസന്തി&oldid=3787136" എന്ന താളിൽനിന്ന് ശേഖരിച്ചത്