തിരുവട്ടാർ ആദികേശവക്ഷേത്രം

തിരുവനന്തപുരം-നാഗർകോവിൽ വഴിയരികിൽ തൊടുവെട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമായ തിരുവട്ടാർ എന്ന സ്ഥലത്താണ്‌ ആദികേശവപ്പെരുമാളിന്റെ (വിഷ്ണു) അമ്പലം. ആദിധാമസ്ഥലമെന്നും ദക്ഷിണ വൈകുണ്ഠമെന്നും ചേരനാട്ടിലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളിൽ വിശേഷിപ്പിക്കുന്നുണ്ട്.

ആദികേശവപെരുമാൾ ക്ഷേത്രം

തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിലേതുപോലെ അനന്തശയനരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. തിരുവനന്തപുരത്തെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കിൽ ഇവിടുത്തേത് പടിഞ്ഞാറുദിശയിലേക്കാണെന്ന വ്യത്യാസമുണ്ട്. പദ്മനാഭസ്വാമിക്ഷേത്രത്തിലെ വിഗ്രഹത്തെക്കാൾ വലുതാണ് ഈ വിഗ്രഹം. ഇരുപത്തിരണ്ടടി നീളമുള്ള വിഗ്രഹമാണ് ഇവിടെയുള്ളത് (പദ്മനാഭസ്വാമിക്ഷേത്രത്തിൽ പതിനെട്ടടി നീളമേയുള്ളൂ). പദ്മനാഭസ്വാമിക്ഷേത്രത്തെക്കാൾ പഴക്കമുള്ള ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. രണ്ടിടത്തെയും പൂജാരീതികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സാമ്യമുണ്ട്. അയ്യപ്പനും ശ്രീകൃഷ്ണനുമാണ് ഉപദേവതകൾ.

ഐതിഹ്യങ്ങൾ തിരുത്തുക

ലക്ഷ്മി തിരുത്തുക

ലക്ഷ്മീദേവി ഇവിടെ മരതകവല്ലി നാച്ചിയാർ എന്ന പേരിലാണറിയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ നിറം മഞ്ഞകലർന്ന ചുവപ്പാണെങ്കിലും ഇവിടെ പച്ചനിറത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മരതകം, പച്ചനിറമാണ് അതായത് വൈഷ്ണവിദേവിയുടെ നിറം. അതുകൊണ്ട് തന്നെ ഇവിടെ ലക്ഷ്മീദേവിയ്ക്ക് വൈഷ്ണവിയുടെ ശക്തിയാണുള്ളത് എന്നാണ് ഐതിഹ്യം.

ചന്ദ്രൻ തിരുത്തുക

തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന് പ്രത്യക്ഷനായി എന്ന് ഐതിഹ്യമുള്ളതു പോലെ ഇവിടെയും ആദികേശവൻ, ചന്ദ്രദേവന് പ്രത്യക്ഷനായെന്ന് ഐതിഹ്യമുണ്ട്. പത്മനാഭസ്വാമി ചന്ദ്രാസ്തമയദിക്കും സൂര്യോദയദിക്കുമായ കിഴക്കുദിക്കിലേക്കും ആദികേശവസ്വാമി സൂര്യാസ്തമയദിക്കുമായ പടിഞ്ഞാറുദിക്കിലേക്കും ദർശനമായി പരസ്പരാഭിമുഖമായി വാഴുന്നു. തിരുവനന്തപുരത്തെ പ്രതിഷ്ഠയെ അപേക്ഷിച്ച് വലിപ്പം കൂടുതലാണ് ഈ വിഗ്രഹത്തിന്. ഇവിടുത്തെ വിമാനഗോപുരമായ അഷ്ടാക്ഷര വിമാനവും വളരെ വലുതാണ്.

കേശി തിരുത്തുക

മനുഷ്യകുലത്തിന് അത്യധികം ആപത്തുക്കൾ വരുത്തിവച്ച കേശി എന്ന അസുരനുമായി ആദികേശവപ്പെരുമാൾ യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തിൽ തോല്പിച്ച് അയാളുടെ ശരീരത്തിൽ കിടന്നുറങ്ങുകയും ചെയ്തു. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാർത്ഥിച്ച് ഭഗവാനിൽ നിന്ന് തന്റെ ഭർത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയിൽ തന്നെ ഗംഗയും താമ്രപർണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തിൽ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയിൽ തന്നെ ഭഗവാൻ ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയർത്താൻ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയർത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാൻ രണ്ട് നദികൾക്കുമായില്ല. പകരം ഭഗവാന്റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തിൽ സ്പർശിച്ചത് അപ്പോൾ തന്നെ കേശിയ്ക്ക് നിർമ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദികേശവപെരുമാളെന്നറിയപ്പേടുന്നത്. ഇപ്പോഴും ക്ഷേത്രം ഭൂനിരപ്പിൽ നിന്നുയരത്തിൽ സ്ഥിതിചെയ്യുന്നത് കാണാവുന്നതാണ്. ഒരസുരനായിരുന്നിട്ട് കൂടി കേശിയ്ക്ക് ഭഗവാന്റെ തിരുമേനിയെ കെട്ടിപ്പിടിയ്ക്കുന്നതിനുള്ള ഭാഗ്യം യുദ്ധത്തിനിടയിൽ ലഭിയ്ക്കുകയും ഉടനെ തന്നെ അയാൾക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു.

ഉത്സവങ്ങൾ തിരുത്തുക

തീർത്ഥാവാരിയും പുഷ്പാഞ്ജലിയുമാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങൾ. പുഷ്പാഞ്ജലി ഉത്സവത്തിന് പ്രതിഷ്ഠയിൽ അനേകം തരത്തിലുള്ള പുഷ്പങ്ങളർപ്പിയ്ക്കുന്നു.

അനുബന്ധം തിരുത്തുക

കടൽവായ് തീർത്ഥം, വാറ്റാർ, രാമ തീർത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികൾ.അഷ്ടാഗവിമാനവും അഷ്ടാക്ഷര വിമാനവും ഇവിടെ കാണപ്പെടുന്നുണ്ട്.