താനൂർ

മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ

10°58′N 75°52′E / 10.97°N 75.87°E / 10.97; 75.87

താനൂർ
Map of India showing location of Kerala
Location of താനൂർ
താനൂർ
Location of താനൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ജനസംഖ്യ
ജനസാന്ദ്രത
69,534 (2011)
476/km2 (1,233/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1 m (3 ft)
കോഡുകൾ
വെബ്‌സൈറ്റ് https://tanurmunicipality.lsgkerala.gov.in/ml

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശഗ്രാമമാണു താനൂർ. താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്. 1964-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കേരളത്തിൻറെ തന്നെ ഒരു പ്രതിരൂപ മാതൃകയാണു താനൂർ എന്ന പ്രദേശം എന്ന് പറയാം. കേരളത്തിൻറെ പ്രത്യേകതയായ മലനാടും ഇടനാടും തീരപ്രദേശവും താനൂരിലുണ്ട്. മലനാട് എന്ന കുന്നിൻ പ്രദേശമായി മോര്യ കുന്നുംപുറവും, ഇടനാടായി പനങ്ങാട്ടൂർ‍ കാട്ടിലങ്ങാടി പ്രദേശവും തീരപ്രദേശമായി താനൂരങ്ങാടിയും കൂടിച്ചേർന്ന് കേരളത്തിൻറെ ഭൂപ്രകൃതിയുടെ ഒരു ചെറു മാതൃകയാണ് താനൂർ.[1]

താനൂരിന് ആ പേര് ലഭിച്ചതിന് പിന്നിൽ നിരവധി ഐതിഹ്യങ്ങൾ‍ പറയപ്പെടുന്നുവെങ്കിലും പ്രധാനമായും മൂന്ന് ഐതിഹ്യങ്ങളാണുള്ളത്.  താനൂർ‍ താഴ്ന്ന പ്രദേശമായത് കൊണ്ട് താഴ്ന്ന ഊര് എന്നത് ലോപിച്ച് താനൂർ‍ ആയതാണെന്നും, താന്നി വൃക്ഷങ്ങൾ‍ താന്നിമരങ്ങൾ ഇടതിങ്ങി വളർന്നിരുന്ന പ്രദേശമായിരുന്നതിനാ‍ൽ  താന്നി (Terminalia bellirica) വൃക്ഷ്ങ്ങളുടെ നാട് എന്നർത്ഥത്തിൽ താന്നിയൂര് ആയും അത് ലോപിച്ച് പിൽക്കാലത്ത് താനൂർ‍ ആയതാണെന്നും,  കടലിലെ ചുഴികൾക്ക് സംസ്കൃതത്തിൽ പറയുന്ന‍ താന്നിയൂരം  ലോപിച്ച്  താനൂർ ആയതാണെന്നും പറയപ്പെടുന്നു. വാസ്കോ ഡ ഗാമയുടെ ഇന്ത്യാ സന്ദർശനം ആസ്പദമാക്കി 1572 ൽ Luís de Camões എന്ന പോർച്ചുഗീസ് കവി രചിച്ച The Luciads ഇതിഹാസകാവ്യ സമാഹാരത്തിൽ താനൂരിനെ (Tanore) കുറിച്ച് പരാമർശമുണ്ട്. [2]

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും ക്ഷേത്രങ്ങളും കൊണ്ട് അനുഗ്രഹീതമായ ഈ നാടിന് സഹിഷ്ണുതയും മതസൗഹാർദ്ദവും എന്നെന്നും നിലനിർത്തിയ പാരമ്പര്യമാണുള്ളത്. ഇവിടുത്തെ പ്രധാന ക്ഷേത്രമായ ‍ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ‍ വർ‍ഷം തോറും നടത്തിവരാറുള്ള കലങ്കരി മഹോത്സവത്തിന് പ്രധാന പങ്കുവഹിക്കുന്നത് ഇവിടുത്തെ മുസ്ലിം തറവാടായ പഴയകം തറവാടാണ്.  ക്ഷേത്രത്തിൻറെ ആവേൻ‍ സ്ഥാനാരോഹണ ചടങ്ങിന് അവേൻറെ പേര് ചൊല്ലി വിളിക്കുന്നത് ഈ തറവാട്ടിലെ  കാരണവരാണ്.[3]

താനൂർ ഹർബറിലെ ഒരു കാഴ്ച

ചരിത്രം തിരുത്തുക

രാജഭരണകാലത്ത്,വെട്ടത്ത് രാജാവിൻ്റെ കീഴിലായിരുന്നു താനൂർ. രാജാവിന്റെ ആസ്ഥാനം, രായിരിമംഗലം എന്നറിയപ്പെടുന്ന സ്ഥലം അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു.

വെട്ടത്തുനാട്ടിലെ രാജാവായ കേരളവർമ്മൻ രവിവർമ്മൻ നടുവത്തു മനയ്ക് ഗൂഡല്ലൂരിലെ പോന്നേനി ക്ഷേത്രവും വസ്തുക്കളും നല്കുന്ന രേഖയാണ് വെട്ടത്തുനാട് ചെപ്പേടുകൾ.[4]

പിന്നീട് ടിപ്പു സുൽ‍ത്താൻറെ പടയോട്ടത്തിനും ഡച്ച്, ഫ്രഞ്ച്, പോർ‍ച്ച്ഗീസുകാരുടെ കോളനി വാഴ്ചകൾക്കും തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനും താനൂർ സാക്ഷ്യം വഹിച്ചു. താനൂർ തീരത്ത് ഫ്രഞ്ചുകാർക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു.ആദ്യകാലങ്ങളിൽ, ഇവിടേക്കു വ്യാപാരാവശ്യാർത്ഥം വന്നിരുന്ന ഫ്രഞ്ചുകാരുടെ പ്രധാന താവളമായിരുന്നു ഇന്നത്തെ ഗവ. ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടം. ഫ്രഞ്ച് ടൂറിസ്റ്റ് ബംഗ്ലാവ് എന്നാണ് കുറേക്കാലം ഈ സ്ഥലം അറിയപ്പെട്ടിരുന്നതു തന്നെ. പിൽക്കാലത്ത് മലബാർ കൂടി ഉൾപ്പെട്ട മദ്രാസ് ഗവൺമെൻറിനു കീഴിൽ ഈ ടൂറിസ്റ്റു ബംഗ്ലാവ് ഒരു ഫിഷിംഗ് റിസർച്ച് സെൻററായി മാറി. മദ്രാസ് സംസ്ഥാനത്ത് അന്ന് രണ്ടേ രണ്ടു മത്സ്യ ഗവേഷണ കേന്ദ്രങ്ങളേയുണ്ടായിരുന്നുള്ളു. താനൂരിലും മറ്റൊന്ന് മദ്രാസിലും. പ്രസ്തുത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന പ്രദേശമാണ് വർഷങ്ങൾക്കു ശേഷം ഇന്നുകാണുന്ന ആശുപത്രിയായി മാറിയത്. ടിപ്പുവിൻറെ പടയോട്ടത്തിൻറെ സ്മരണകൾ ഉണർ‍ത്തി ഇന്നും നിലകൊള്ളുന്ന ടിപ്പു സുൽത്താൻ‍ റോഡ്, ബ്രിട്ടീഷുകാരുടെ ഒരു പ്രധാന ഓഫീസ് ആയിരുന്ന പഴയ  ബ്ലോക്ക് ഓഫീസ് കെട്ടിടം,കനോലി കനാൽ, ഇവയെല്ലാം ചരിത്രത്തിൻ്റെ ഏടുകളിൽ താനൂർ വഹിക്കുന്ന അഭേദ്യ സ്ഥാനത്തിൻ്റെ ബാക്കിപത്രങ്ങളാണു.[5]

മലബാറിലെ തന്നെ പേരെടുത്ത ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു താനൂർ. വാഴക്കാ തെരുവ് എന്നറിയപ്പെടുന്ന അങ്ങാടിയിൽ അന്യ ദിക്കുകളിൽ‍ നിന്ന് പോലും പഴങ്ങളും പച്ചക്കറികളും വിപണനത്തിനായി വന്നിരുന്നു. "ചക്ക തിന്നാൻ താനൂർക്ക് പോവണം" എന്ന പ്രശസ്തമായ പഴഞ്ചൊല്ല് പോലും ഉരുത്തിരിഞ്ഞത് ഈ വിപണിയെ കേന്ദ്രീകരിച്ചാണു.  അക്കാലത്ത് നിർ‍മ്മിച്ച കെട്ടിടങ്ങൾ‍ തന്നെയാണ് ഇവിടെ ഇപ്പോഴുമുള്ളത്. പഴങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും ഉള്ള സൗകര്യത്തോടെയാണ് ഈ കെട്ടിടങ്ങൾ‍ നിർ‍മ്മിച്ചിരിക്കുന്നത് തന്നെ.  കാളവണ്ടികളിലായിരുന്നു വിപണനത്തിനായുള്ള ചരക്കുകൾ വാഴക്കാതെരുവ് അങ്ങാടിയിലേക്ക് കൊണ്ടു വന്നിരുന്നത് എന്നതിനാൽ തന്നെ  ഇവിടുത്തെ റോഡും കനോലി കനാലിന് കുറുകെയുള്ള പാലവും കാളവണ്ടിക്ക് പോകാനുള്ള വീതിയിൽ‍ തന്നെ ഭൂതകാലത്തിൻറെ ജ്വലിക്കുന്ന സമരണകളും പേറി ഇന്നും നിലകൊള്ളുന്നു. കേരളത്തിലെ ആദ്യ റെയിൽവേ പാതയായ തിരൂർ ബേപ്പൂർ പാതയിൽ 1900കളിൽ താനൂർ റെയിൽവേ സ്റ്റേഷൻ  സ്ഥാപിതമായതോടെ കച്ചവട രംഗത്ത് താനൂരിനു കൂടുതൽ സ്വാധീനം ലഭിച്ചു തുടങ്ങി. അന്നത്തെ മറ്റൊരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു റെയിൽ‍വേ സ്റ്റേഷനു സമീപമുള്ള ഇന്ന് ചന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലം.

താനൂർ കുന്നുംപുറത്തെ നരിമട എന്ന പേരിലറിയപ്പെടുന്ന സ്ഥലം പുരാതന കാലത്തെ വിഖ്യാത ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. കാലക്രമേണ ഉപേക്ഷിക്കപ്പെട്ടു നശിച്ച നിലയിലായിരുന്ന ഗുഹയിൽ ഇരുപതാം നൂറ്റാണ്ടുകളുടെ തുടക്കത്തിൽ സ്ഥലമുടമകളുടെ സഹായത്തോടെ കോഴിക്കോട് ബുദ്ധാശ്രമത്തിലെ സന്യാസി ശ്രേഷ്ഠനായ ഭിക്ഷു ധർമസ്കന്ദയുടെ നേതൃത്വത്തിൽ വശങ്ങൾ കെട്ടിയും ഇരിപ്പിടങ്ങൾ നിർമിച്ചും ബുദ്ധാശ്രമം പുന:സൃഷ്ടിച്ചു. അന്നത്തെ ശ്രീലങ്കൻ  പ്രസിഡൻ്റ് ആദരവോട് കൂടെ തലയിലേറ്റി കൊണ്ടു വന്നായിരുന്നു മാർബിൾ കൊണ്ട് നിർമിച്ച ബുദ്ധ പ്രതിമ അവിടെ പ്രതിഷ്ഠിച്ചത് എന്ന് പറയപ്പെടുന്നു. 1940-കളിൽ താനൂരിലെ സാമൂഹ്യപ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമായിരുന്നു ഈ ആശ്രമം. കേളപ്പജി, സ്വാമി ആനന്ദതീർഥ,ഏ കെ കുമാരൻ മാസ്റ്റർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ സന്ദർശനത്തിനെത്തിയിരുന്നു ഈ ആശ്രമത്തിൽ. പന്തിഭോജനമടക്കമുള്ള അയിത്തോച്ചാടനപരിപാടികൾ, കോളറയ്‌ക്കെതിരേയുള്ള പ്രവർത്തനങ്ങൾ, പട്ടിണിക്കാർക്ക് അരിയെത്തിക്കാനുള്ള പിടിയരിപ്രസ്ഥാനം, ഭൂദാനപ്രസ്ഥാനം തുടങ്ങിയവയ്‌ക്കെല്ലാം ആശ്രമം വേദിയായി. എൺപതുകളിൽ ധർമസ്‌കന്ധയുടെ സമാധിയോടെ ആശ്രമം പതിയെ നിശ്ചലമായി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം തിരുത്തുക

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിനടന്ന മലബാർ സമരത്തിൽ താനൂരിൽ നിന്ന് നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഖിലാഫത്ത് നേതാക്കളായ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ, അദ്ദേഹത്തിന്റെ ശിഷ്യൻ ഉമൈത്താനകത്ത് കുഞ്ഞീക്കാദർ എന്നിവർ താനൂർ സ്വദേശികളാണ്. ബ്രട്ടീഷുകാർ തൂക്കിലേറ്റിയ വക്കം അബ്ദുൽ ഖാദറിന്റെ പ്രവർത്തനമേഖല താനൂർ ആയിരുന്നു. ഇവരുടെ പേരിലുള്ള ഒരു സ്മാരകം താനൂർ ഹാർബറിന് സമീപം സ്ഥിതിചെയ്യുന്നു.

[6]

പ്രധാന ആകർഷണങ്ങൾ തിരുത്തുക

പൂരപ്പുഴ അഴിമുഖം തിരുത്തുക

 

പൂരപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന ഒട്ടുമ്പുറത്തെ അതിമനോഹരമായ അഴിമുഖവും വിനോദസഞ്ചാര വകുപ്പ് നിർമിച്ച "തൂവൽ തീരം' ബീച്ച് പാർക്കും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ്.


പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
  • ദേവദാർ ഹയർ സെക്കൻ്ററി സ്കൂൾ
  • കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂൾ
  • ഗവ. റീ. ഫിഷറീസ് ടെക്നികൽ & വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ

ഗതാഗത സൗകര്യങ്ങൾ തിരുത്തുക

റോഡ് മാർഗം തിരുത്തുക

വടക്കു ഭാഗത്തെ അതിർ ഗ്രാമമായ പരപ്പനങ്ങാടി നിന്നും തെക്കു ഭാഗത്ത് തിരൂർ നിന്നും കിഴക്ക് ഭാഗത്ത് നിന്ന് നാഷണൽ ഹൈവേ 66 ഇൽ വെന്നിയൂരിൽ നിന്നും 10 കിലൊമീറ്റർ ദൂരം സഞ്ചരിച്ചാൽ താനൂർ എത്തിച്ചേരാം.  

ചമ്രവട്ടം പാലം തുറന്നതിനു ശേഷം കൊച്ചി കോഴിക്കോട് സഞ്ചാര പാത താനൂരിലൂടെ കടന്നു പോവുന്നു.

റെയിൽ മാർഗം തിരുത്തുക

കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയിൽ വേ സ്റ്റേഷനുകളിലൊന്നായ താനൂർ റെയിൽ വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് നഗരത്തിൻ്റെ ഹൃദയ ഭാഗത്താണു.  റെയിൽ വേ സ്റ്റേഷനിൽ നിന്നും പ്രധാന ടൗണിലേക്ക് 100 മീറ്റർ ദൂരം മാത്രം.

വിമാന മാർഗം തിരുത്തുക

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും താനൂരിലേക്കുള്ള ദൂരം ഏതാണ്ട് 28 കിലോമീറ്ററാണ്. കൊണ്ടോട്ടി-തിരൂരങ്ങാടി- വഴിയൊ കാക്കഞ്ചേരി-ചേളാരി-ചെട്ടിപ്പടി വഴിയോ താനൂർ എത്തിച്ചേരാം.


 

ഇതും കാണുക തിരുത്തുക

അവലംബം‌: 
  1. "Muncipality Website".
  2. "The Project Gutenberg eBook of The Lusiad, by Luis de Camoëns Translated by William Julius Mickle". Retrieved 2020-10-22.
  3. "Vikapedia".
  4. വെട്ടത്തുനാട് ചെപ്പേടുകൾ, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
  5. "ചരിത്രം | Tanur Municipality". Retrieved 2020-10-22.
  6. Ajay (2013-04-19). "Pariyapuram: Neo Buddhism and Social Change in Malabar" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-22.
"https://ml.wikipedia.org/w/index.php?title=താനൂർ&oldid=3769585" എന്ന താളിൽനിന്ന് ശേഖരിച്ചത്