കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അഥവാ ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ പിതായ. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഈ പഴത്തിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ മിതമായ അളവിൽ  ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പടർന്നു കയറി വളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇപ്പോൾ ഇന്ത്യ, ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു ഏഷ്യൻ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ പല പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന സവിശേഷത നല്ല ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നന്നായിവളരും എന്നാൽ നല്ല നീർവാഴ്ചയുണ്ടായിരിക്കണം, കേരളത്തിലേതു പോലെയുള്ള ഉഷ്ണമേഖല കാലാവസ്ഥ വളരെ അനുയോജ്യമാണ്. കേരളത്തിൽ പലയിടത്തും ഇവ വിജയകരമായി കൃഷി ചെയ്തു വരുന്നുണ്ട്.

ഡ്രാഗൺ പഴം മുഴുവനായും നടുവേ മുറിച്ചും

ഇനങ്ങൾ തിരുത്തുക

 
ചുവന്ന കോസ്റ്ററിക്കൻ ഡ്രാഗൺ പഴം മുറിച്ചത്

മധുരപ്പിതായ മുഖ്യമായും മൂന്നിനങ്ങളിൽ പെടുന്നു.

 
മഞ്ഞപ്പിതായ

ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറംചട്ട എല്ലാ ഇനങ്ങൾക്കുമുണ്ട്. പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ വലിപ്പം ഒരു കിലോഗ്രാം വരെയും ആകാം.[1]

ഉപയോഗം തിരുത്തുക

 
തായ്വാനിൽ വിൽപ്പനക്കു വച്ചിരിക്കുന്ന ഡ്രാഗൺ പഴങ്ങൾ

തൊലിയുടെ വർണ്ണപ്പൊലിമയുമായി ചേർന്നു പോകാത്ത സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്.[2]പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്.[1] കറുത്ത തരിതരിപ്പുള്ള വിത്തുകൾ അടങ്ങുന്ന ഉൾഭാഗം കിവിപ്പഴത്തെ അനുസ്മരിപ്പിച്ചേക്കാം.[1] മാംസളഭാഗം പച്ചക്കു തിന്നാം. ഇളം മധുരമുള്ളതും കലോറി കുറഞ്ഞതുമാണത്.[1] വിത്തുകളും, അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. വിത്തുകളിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പ് (lipids) ഉണ്ട്.[3] എങ്കിലും ചവച്ചരച്ചാൽ മാത്രമേ അവ ദഹിക്കുകയുള്ളൂ. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.

ചുവന്ന ഡ്രാഗൺ പഴത്തിന്റെ അധികോപയോഗം മലമൂത്രങ്ങൾക്ക് ചുവുപ്പു നിറം വരുത്തിയേക്കാമെങ്കിലും ഇതിൽ അപകടമൊന്നുമില്ല.[4]

ആരോഗ്യ ഗുണങ്ങൾ തിരുത്തുക

ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്.

പ്രമേഹ രോഗികൾക്ക്

ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിനാൽ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ച ആഹാരമാണ്. അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും ഡ്രാഗൺ ഫ്രൂട്ട് ഉത്തമമാണ്.

രോഗപ്രതിരോധശേഷി

വൈറ്റമിൻ സി, അയേൺ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിനാൽ ഇത് വിളർച്ച തടയാൻ നല്ലതാണ്. വൈറ്റമിൻ സി അടങ്ങിയതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും ഇത് ഉത്തമമാണ്.

കലോറി കുറവും നാരുകളുമുള്ളതിനാൽ തന്നെ അമിതഭാരം കുറയ്ക്കാൻ ഉത്തമമാണ് ഈ ഫലം.

കാൻസർ പ്രതിരോധത്തിന്

പോളിഫിനോളുകൾ അടങ്ങിയ ഈ പഴം ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഏറെ ഗുണകരമാണ്.

കുടൽ ആരോഗ്യത്തിന്

ഇത് പ്രീബയോട്ടിക്കാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരികൾക്ക് ഭക്ഷണമാകുന്ന ഒന്ന്. ഇതിനാൽ തന്നെ ഇത് കുടൽ ആരോഗ്യത്തിന് മികച്ചതാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം നിയന്ത്രിക്കാനും ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിന്

ഇതിൽ ബീറ്റാ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ് ഇത്. ഇതിലെ ചെറിയ കറുത്ത വിത്തുകൾ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്.

ചർമ്മ സൗന്ദര്യത്തിന്

വൈറ്റമിൻ ഇ സമ്പുഷ്ടമായതിനാൽ ചർമത്തിനും നല്ലതാണ്. ചർമത്തിന്റെ ചുളിവുകൾ, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ഇതേറെ ഗുണം ചെയ്യും.

കൃഷി തിരുത്തുക

 
പിതായ ചെടിയുടെ തൈ

തൈകൾ തണ്ട് മുളപ്പിച്ചാണ് ഉണ്ടാക്കുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്റ പ്രജനനം പ്രധാനമായും തണ്ടുകൾ മുറിച്ചുനട്ടാണ്, വിത്ത് മുളപ്പിച്ചും കൃഷിചെയ്യാം എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് കോമേഴ്സ്യൽ രീതിയിൽ തണ്ട് നട്ടാണ് കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്ക് താങ്ങുകാലുകൾ ആവശ്യമാണ്. ഏറ്റവും ആകർഷകമായ പൂക്കളാണ് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കുള്ളത്. ഈ പൂക്കൾ രാത്രിയിൽ വിടരുകയും അതിരാവിലെ അടയ്ക്കുകയും ചെയ്യും, അതിനാൽ പ്രകൃതിദത്ത പരാഗണങ്ങളിൽ രാത്രിയിൽ സഞ്ചരിക്കുന്ന ജീവികളിലൂടെയെ പരാഗണം നടക്കുകയുള്ള, അവ പലപ്പോഴും സാധിച്ചുകൊള്ളണമെന്നില്ല.

ചില ഇനങ്ങൾക്ക് സ്വയം പരാഗണം നടത്താൻ കഴിയും. അതിനാൽ കൈകൊണ്ട് പരാഗണം നടത്തേണ്ടതില്ല. നേരെമറിച്ച്, സ്വയം ഫലഭൂയിഷ്ഠമായ ഇനങ്ങൾക്ക് സാധാരണയായി അവയുടെ ജനിക്ക് അൽപ്പം നീളം കൂടുതലായിരിക്കും, അവയ്ക്ക് പ്രകൃതിദത്ത പരാഗണങ്ങൾസാധ്യമല്ലെങ്കിൽ പൂവിന് പരാഗണത്തിന് ചില സഹായം ആവശ്യമായി വന്നേക്കാം. അതിന് ഒരു പുവിൽ നിന്ന് പൂംപൊടി ശേഖരിച്ച് മറ്റ് പുവുകളിൽ ഇട്ട് കൊടുത്താൽ മതി.

വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ച ശേഷം വേണം മുളപ്പിക്കാൻ. നന്നായി പാകമായ പഴങ്ങളിൽ നിന്നുവേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല. വളർച്ചക്കിടെ ചെടികളിൽ, പടർന്നുകയറാനുള്ള ബാഹ്യമൂലങ്ങൾ വികസിക്കുന്നു. അവയുടെ സഹായത്തോടെ, കണ്ടെത്താനാകുന്ന താങ്ങുകളിൽ പടർന്നു കയറുന്ന ചെടികൾ, 10 പൗണ്ടോളം തൂക്കമാകുമ്പോൾ പുഷ്പിക്കുന്നു.

പ്രമാണം:Than Long Green Gragon.JPG
പടർന്നുകയറി വളരുന്ന ഡ്രാഗൺ പഴത്തിന്റെ ചെടി

രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പ്രഭാതമാകുമ്പോൾ അവ വാടാൻ തുടങ്ങും. വവ്വാൽ, നിശാശലഭം തുടങ്ങിയ നിശാജന്തുക്കൾ വഴിയാണ് പരാഗണം. സ്വയം പരാഗണം ഫലപ്രദമല്ലെന്നത് ഇതിന്റെ കൃഷിയിൽ ഒരു പരാധീനതയാണ്. സാഹചര്യങ്ങൾ അനുസരിച്ച്, വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. മറ്റു കള്ളിച്ചെടികളുടെ കാര്യത്തിൽ എന്ന പോലെ, ചെടിത്തണ്ടു മുറിച്ചു നട്ടും ഇതു വളർത്താം. ഇങ്ങനെ വളർത്തുന്നതാണ് എളുപ്പം. 40 ഡഗ്രി സെന്റീഗ്രേഡു വരെയുള്ള ചൂട് ഈ ചെടിക്കു താങ്ങാനാവും. അതിശൈത്യത്തെ ഇതിനു അതിജീവിക്കാനാവില്ല. [5][6][7]

അതിവർഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. പൂവിട്ട് 30-50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടിൽ 5-6 വരെ വിളവെടുപ്പുകൾ സാധ്യമാണ്. വിയറ്റ്നാമിലെ ചില കൃഷിയിടങ്ങളിൽ നിന്ന് വർഷം തോറും ഹെക്ടേർ ഒന്നിന് 30 ടൺ പഴങ്ങൾ വരെ ലഭിക്കുന്നു.[8]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 GG (2006)
  2. http://www.totallywicked-eliquid.com/forum/flavour-discussions/what-does-dragon-fruit-taste-like/
  3. Ariffin, Abdul Azis (2008). "Essential fatty acids of pitaya (dragon fruit) seed oil". Food Chemistry. 114 (2): 561–564. doi:10.1016/j.foodchem.2008.09.108. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. MMR (2008)
  5. http://www.tradewindsfruit.com/dragon_fruit.htm
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-16. Retrieved 2012-02-12.
  7. http://www.forestmulch.com/dragon-3.htm
  8. Jacobs, Dimitri (1999): Pitaya (Hylocereus undatus), a Potential New Crop for Australia. Australian New Crops Newsletter 11: 16.3
"https://ml.wikipedia.org/w/index.php?title=ഡ്രാഗൺ_പഴം&oldid=3961557" എന്ന താളിൽനിന്ന് ശേഖരിച്ചത്