1990-ൽ കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും ഒന്നിച്ച് ഇന്നത്തെ ജർമ്മനി എന്ന ഏകീകൃതരാഷ്ട്രമായതിനെയാണ് ജർമ്മനിയുടെ പുനരേകീകരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലേറ്റ പരാജയത്തിനു ശേഷമാണ് ജർമ്മനി രണ്ടായി ഭാഗിക്കപ്പെടുന്നത്, കമ്മ്യൂണിസ്റ്റ് സാമ്പത്തികഘടന സ്വീകരിച്ച കിഴക്കൻ ജർമ്മനിയും (പൂർവ്വജർമ്മനി) പടിഞ്ഞാറൻ മുതലാളിത്ത ഘടന സ്വീകരിച്ച് അമേരിക്കയുടെ സാമന്തരാജ്യമായി പശ്ചിമ ജർമ്മനിയും. കിഴക്കൻ ജർമ്മനിയുടെ തലസ്ഥാനം ബെർലിനും പശ്ചിമ ജർമ്മനിയുടെ തലസ്ഥാനം ബോൺ എന്ന ചെറുപട്ടണവുമായിരുന്നു. 1961-ൽ ബെർലിൻ മതിൽ നിർമ്മാണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും അറ്റു. അതിർത്തിയിൽ പരസ്പരം വെടിവയ്പ്പ് വരെ പതിവായി. എൺപതുകളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയന്റെ തകർച്ച ആരംഭിച്ചതോടെ കിഴക്കൻ ജർമ്മനിയിലും യൂറോപ്പിലെ മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കടുത്ത സാമ്പത്തികത്തകർച്ച ആരംഭിച്ചു. 1990-ൽ കിഴക്കൻ ജർമ്മനിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണപാർട്ടിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി (Sozialistische Einheitspartei Deutschlands) മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഏകീകരണത്തിനു വേണ്ടി വാദിച്ച അല്ലയൻസ് പാർട്ടി വിജയിക്കുകയും 1990-ൽ സന്ധി സംഭാഷണങ്ങൾ ആരംഭിക്കുകയും ആ വർഷം തന്നെ കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും ഒന്നിക്കുകയും ചെയ്തു. ഏകീകൃത ജർമ്മനി പശ്ചിമ ജർമ്മനിയുടെ തുടർച്ചയായിട്ടാണ് പലപ്പോഴും കരുതപ്പെടുന്നത്. ഇതിനുകാരണം നാറ്റോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ പശ്ചിമ ജർമ്മനിയ്ക്ക് ഉണ്ടായിരുന്ന അംഗത്വം ഏകീകൃത ജർമ്മനി നിലനിർത്തുകയും വാഴ്സാ ഉടമ്പടി പോലുള്ള സംഘടനകളിൽ കിഴക്കൻ ജർമ്മനിയ്ക്കുണ്ടായിരുന്ന അംഗത്വം റദ്ദുചെയ്യുക്കയും ചെയ്തതിനാലാണ്. 1994ലെ ബെർലിൻ/ബോൺ ആക്റ്റ് പ്രകാരം, കിഴക്കൻ ജർമ്മനിയുടെ തലസ്ഥാനമായിരുന്ന ബെർലിൻ ഏകീകൃത ജർമ്മനിയുടെ തലസ്ഥാനമാകുകയും ബോൺ ചില സർക്കാർ സ്ഥാപനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫെഡറൽ നഗരമായി മാറുകയും ചെയ്തു.

ഇതും കാണുക തിരുത്തുക