പ്രപഞ്ചത്തേയും അതിനെ നിയന്ത്രിക്കുന്ന ശക്തിയേയും ആ ശക്തിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പഠിച്ചു തത്ത്വസാക്ഷാത്കാരം സിദ്ധിക്കുന്നതിനുള്ള ഒരു യോഗപദ്ധതി യാണു ഞാനയോഗ എന്നറിയപ്പെടുന്നത്. കർമ്മം, ഭക്തി തുടങ്ങിയ മറ്റു യോഗപദ്ധതികളേക്കാൾ ദുഷ്കരതരമാണു ജ്ഞാനയോഗം എന്നു ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. വേദാന്തവിഷയകമായ ഈ ജ്ഞാനം അത്യന്തം ദുർഗ്രാഹ്യമാണു. ഗുരുമുഖത്തുനിന്ന് കേട്ടുമനസ്സിലാക്കിയാൽ മാത്രം പോരാ, സ്വയം സാക്ഷാത്ക്കരിച്ചെങ്കിൽ മാത്രമേ ജ്ഞാനം പൂർണ്ണതയിലെത്തുകയുള്ളൂ. ശ്രവണം, മനനം , നിദിദ്ധ്യാസനം എന്നീ മൂന്നു അഭ്യാസമുറകൾവഴി ചിരകാലപ്രയത്നം കൊണ്ടുമാത്രം സാദ്ധ്യമായതാണു പരമാർത്ഥസാക്ഷാത്കാരം.

ജീവാത്മാവ് തിരുത്തുക

ജ്ഞാനയോഗിയാകാൻ ആഗ്രഹിക്കുന്നയാൾ ആദ്യം പഠിക്കേണ്ടത്, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയാണു. ദൃശ്യവും, അദൃശ്യവുമായ പ്രപഞ്ചം മുഴുവൻ നിറഞ്ഞും അവയ്ക്കെല്ലാം അതീതമായും ഇരിക്കുന്ന ശുദ്ധചൈതന്യമാണു ബ്രഹ്മം അല്ലെങ്കിൽ പരമാത്മാവ്. ആ ചൈതന്യംതന്നെ ജീവരൂപത്തിൽ മനുഷ്യനിൽ പ്രത്യക്ഷമാകുന്നതാണു ജീവാത്മാവ്. ശിരസ്സ്, മാറിടം, വയറ്, രണ്ടു കൈകൾ, രണ്ടു കാലുകൾ എന്നിങ്ങനെ ഏഴംഗങ്ങളും, പഞ്ചേന്ദ്രിയങ്ങൾ (ശ്രോത്രം, ചക്ഷുസ്സ്, രസനം, ഘ്രാണം, സ്പർശം), അഞ്ചു കർമ്മേന്ദ്രിയങ്ങൾ (വാക്ക്, പാണി, പാദം, പായു, ഉപസ്ഥം), അഞ്ചു പ്രാണങ്ങൾ (പ്രാണൻ, അപാനൻ, ഉദാനൻ, വ്യാനൻ, സമാനൻ), അന്തഃകരണത്തിന്റെ നാലു ഭാവങ്ങൾ (ചിത്തം, മനസ്സ്, ബുദ്ധി, അഹംകാരം) എന്നിങ്ങനെ പത്തൊൻപതു മുഖങ്ങളോടും കൂടിയതാണു മനുഷ്യശരീരം എന്നു മാണ്ഡൂക്യോപനിഷത്തിൽ വിവരിച്ചിട്ടുണ്ട്. ഈ ശരീരത്തെ സ്ഥൂലശരീരമെന്നും അതിൽ പ്രജ്ഞയോടുകൂടി ഇരിക്കുന്ന അവസ്ഥയ്ക്കു ജാഗ്രദാവസ്ഥയെന്നും സ്ഥൂലശരീരാഭിമാനിയായി നിൽകുന്ന ആത്മാവിനെ വിശ്വൻ എന്നും പറയുന്നു. സ്വപ്നാവസ്ഥയിൽ തനിക്കുണ്ടെന്നു തോന്നുന്ന ശരീരത്തിനു സൂക്ഷ്മശരീരമെന്നും അതിൽ അഭിമാനിയായി നിൽക്കുന്ന ആത്മാവിനു തൈജസൺ എന്നുമാണു പേർ. ഗാഢനിദ്രാവസ്ഥയിൽ (സുഷുപ്തിയിൽ) സ്ഥൂലശരീരത്തിലോ സൂക്ഷ്മശരീരത്തിലോ, പ്രജ്ഞ നിൽക്കാതെ ആഗ്രഹമോ വിചാരമോ ഒന്നുമില്ലാതെ ആനന്ദം മാത്രം അനുഭവിച്ചു കാരണശരീരാഭിമാനിയായി നിൽക്കുന്ന ആത്മാവാണു പ്രാജ്ഞൻ. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ ശരീരത്തിലെ വിവിധകോശങ്ങളിൽ ഈ മൂന്ന് അവശതകളിലും പ്രജ്ഞ മാറി മാറി നിൽക്കുന്നു. ഈ പഞ്ചകോശങ്ങളിൽനിന്നു വ്യതിരിക്തമായ നിലയിൽ ഉപാധികളൊന്നും കൂടാതെ നില്ക്കുന്ന ആത്മഭാവമാണു പ്രത്യഗാത്മ അല്ലെങ്കിൽ കൂടസ്ഥൻ. ഇങ്ങനെ വിവിധഭാവങ്ങളിൽ മനുഷ്യശരീരത്തിൽ വർത്തിക്കുന്ന ജീവാത്മാവ് ജനനം, മരണം മുതലായ വികാരങ്ങളാൽ ബാധിക്കപ്പെടുന്നില്ല. അതിനെ ആയുധം മുറിവേല്പിക്കുന്നില്ല. തീ ദഹിപ്പിക്കുന്നില്ല. വെള്ളം ദ്രവിപ്പിക്കുന്നില്ല. വായു ശോഷിപ്പിക്കുന്നില്ല. ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ അവസ്ഥകളിൽ ശരീരത്തിന്നു വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നെങ്കിലും ആത്മാവ് ഒരേ അവസ്ഥയിൽ പ്രജ്ഞാക്ഷയം കൂടാതെ തന്നെയിരിക്കുന്നു. മരണം എന്ന അവസ്ഥയിലും ഇതുപോലെതന്നെ; സ്ഥൂലസൂക്ഷ്മശരീരങ്ങൾ പൂർണ്ണമായി നശിക്കുന്നെങ്കിലും ആത്മാവിനെ സംബന്ധിച്ചേടത്തോളം ഒരു പഴയ വസ്ത്രം മാറുന്നത്ര പ്രാധാന്യമേ അതിനുള്ളൂ. വിജ്ഞാനമയം, ആനന്ദമയം എന്നീ രണ്ടു കോശങ്ങളാൽ ആവൃതമായി ആത്മാവു നിലകൊള്ളുന്നു. ഈ വിജ്ഞാനാത്മാവാണു വീണ്ടും വീണ്ടും ജന്മം സ്വീകരിക്കുന്നത്. പൂർവ്വകർമ്മ വാസനകളാൽ നിയന്ത്രിതമായ ഈ പുനർജന്മമാകട്ടെ പരമാർത്ഥസാക്ഷാത്ക്കാരം വരെ തുടർന്നുകൊണ്ടിരിക്കുകയും സക്ഷാത്ക്കാരലബ്ധിയിൽ പ്രത്യഗാത്മാ എന്ന തുരീയപദത്തിൽ എത്തുകയും ചെയ്യുന്നു.

പരമാത്മാവ് തിരുത്തുക

പരമാത്മാവ് ഏകവും പിപീലികാദിസർവ്വപ്രാണികളിലും അദൃശ്യമായി വർത്തിക്കുന്ന പ്രകാശസ്വരൂപവുമാണു. സർവ്വ വസ്തുക്കളിലും വ്യാപിച്ചു സർവ്വപ്രാണികളുടേയും അന്തരാത്മാവായി അതു വർത്തിക്കുന്നു. സൃഷ്ടിസ്ഥിതിസംഹാരാദി സകലകർമ്മങ്ങളും അതിന്റെ അദ്ധ്യക്ഷതയിലാണു നടക്കുന്നത്. സർവ്വപ്രാണികളുടേയും വാസസ്ഥാനവും അതുതന്നെ. എന്നിരുന്നാലും യാതൊരു വികാരവും ബാധിക്കാതെ സാക്ഷിയായി മാത്രം പ്രകാശിക്കുന്നു. അതു കേവലചൈതന്യസ്വരൂപവും സത്വം, രജസ്സ്, തമസ്സ് എന്നീ യാതൊരു ഗുണങ്ങളും ബാധിക്കാത്തതും ആകുന്നു. ഇപ്രകാരമാണു ശ്വേതാശ്വതരോപനിഷത്തിൽ പരമാത്മാവിനെ നിർവ്വചിച്ചിരിക്കുന്നത് സ്ഥൂലപ്രപഞ്ചം മുഴുവൻ പരമാത്മാവിന്റെ സ്ഥൂലശരീരമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീതയിൽ അനേക ബാഹൂദരവക്ത്രനേത്രം എന്നും സർവ്വതഃപാണിപാദം ച എന്നും വിശ്വരൂപത്തെ വർണ്ണിച്ചിരിക്കുന്നതിന്റേയും സാരം ഇതുതന്നെ. സ്ഥൂലപ്രപഞ്ചത്തിൽക്കൂടി സ്ഫുരിക്കുന്ന പരമാത്മാവിന്റെ വൈശ്വാനര ഭാവമാണു ഇത്. സൂക്ഷ്മപ്രപഞ്ചം മുഴുവൻ വ്യാപിച്ച് അതിനേയും അതിലംഘിച്ച് നിൽക്കുന്ന പരമാത്മഭാവത്തിന്നു ഹിരണ്യഗർഭൻ എന്നും കാരണപ്രപഞ്ചം മുഴുവൻ വ്യാപിച്ചും അതിനേയും അതിലംഘിച്ചു നിൽക്കുന്ന പരമാത്മഭാവത്തിനു ഈശ്വരൻ എന്നും പറയുന്നു. ഈ ഈശ്വരഭാവത്തെത്തന്നെയാണു മൂലപ്രകൃതി, അവ്യക്തം, ഗുണസാമ്യം എന്നെല്ലാം പറയുന്നത്.


"https://ml.wikipedia.org/w/index.php?title=ജ്ഞാനയോഗം&oldid=2428896" എന്ന താളിൽനിന്ന് ശേഖരിച്ചത്