ചാലക്കുടി താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ചാലക്കുടി താലൂക്ക്. ചാലക്കുടി ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, കുന്നംകുളം താലൂക്ക്, തൃശ്ശൂർ, മുകുന്ദപുരം എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. 2013 മാർച്ചിലാണ് ഈ താലൂക്ക് രൂപം കൊണ്ടത്. അതിനുമുമ്പ് മുകുന്ദപുരം താലൂക്കിന്റെ ഭാഗമായിരുന്നു ചാലക്കുടി താലൂക്ക്.

Map
ചാലക്കുടി താലൂക്ക്


ചരിത്രം തിരുത്തുക

ഒരുകാലത്ത് ഇന്നത്തെ ചാലക്കുടിയിൽ ഒരുപാട് വേദപഠനശാലകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ അവ കൂടിയിരുന്ന സ്ഥലം 'ശാലൈക്കൂടി' എന്നറിയപ്പെട്ടുവെന്നും പിന്നീട് 'ശാലൈക്കൂടി' ലോപിച്ചാണ് ചാലക്കുടി ആയതെന്നുമാണ് കഥ. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന മുകുന്ദപുരം താലൂക്കിന്റെ ഭാഗമായിരുന്നു ചാലക്കുടി. സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു മുകുന്ദപുരം താലൂക്ക്. 57 വില്ലേജുകളും 26 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളുമുണ്ടായിരുന്ന ഈ താലൂക്കിന്റെ അസാമാന്യ വലിപ്പം പലർക്കും വിലങ്ങുതടിയായി. താലൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മലക്കപ്പാറ മുതൽ താലൂക്ക് ആസ്ഥാനമായ ഇരിഞ്ഞാലക്കുട വരെ 100 കിലോമീറ്ററോളം സഞ്ചരിയ്ക്കേണ്ടതുണ്ടായിരുന്നു. 1950-കളിൽ കേരളപ്പിറവിയ്ക്ക് മുമ്പുതന്നെ താലൂക്ക് വിഭജിയ്ക്കാൻ ആവശ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവയെല്ലാം വൃഥാവിലായി. കടുത്ത പ്രക്ഷോഭങ്ങൾ തന്നെ ഇതിനായി നടന്നിരുന്നു. ഒടുവിൽ 2013 മാർച്ചിൽ മുകുന്ദപുരം വിഭജിച്ച് ചാലക്കുടി താലൂക്ക് രൂപവത്കരിയ്ക്കാൻ ഉത്തരവായി. ഏറെ ആഹ്ലാദത്തോടെയാണ് ഈ വാർത്ത ചാലക്കുടിക്കാർ കേട്ടത്.

ഭൂമിശാസ്ത്രം തിരുത്തുക

ചാലക്കുടി താലൂക്കിൽ നിലവിലുള്ളത് ഒരു നഗരസഭയും (ചാലക്കുടി) 13 ഗ്രാമപഞ്ചായത്തുകളുമാണ്. 675.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ താലൂക്കിലെ ജനസംഖ്യ 39567 ആണ്. സാക്ഷരത 86 ശതമാനവും സ്ത്രീ പുരുഷ അനുപാതം 1000:1032ഉം ആണ്. മുകുന്ദപുരം താലൂക്കിന്റെ പകുതിയിലധികം ഭാഗവും ചാലക്കുടി താലൂക്കിന്റെ വരവോടെ നഷ്ടമായി.

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്ന താലൂക്കാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ നദികളിലൊന്നായ ചാലക്കുടിപ്പുഴയുടെ നല്ലൊരു ഭാഗവും കടന്നുപോകുന്നത് ഈ താലൂക്കിലൂടെയാണ്. രാജ്യത്തെത്തന്നെ ഏറ്റവുമധികം ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് ചാലക്കുടിപ്പുഴയുടെ കരകൾ. അത്യപൂർവമായ നിരവധി മത്സ്യങ്ങൾ ഈ പുഴയിൽ കണ്ടെത്തിയിട്ടുണ്ട്.. ഈ പുഴയിൽ കണ്ടെത്തിയ 104 ഇനങ്ങളിൽ 5 എണ്ണം 1997-ൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയതും, ശാസ്ത്രലോകത്തിനു തന്നെ പുതിയതുമാണ്. കരിംകഴുത്തൻ മഞ്ഞക്കൂരി (Horabagrus nigricollaris), നെടും കൽനക്കി (Travancoria elongata), മോഡോൻ (Osteochilus longidorsalis),[19] ഗാറ സുരേന്ദ്രനാഥിനീയ്(Garra surendranathinii), സളാരിയാസ് റെറ്റികുലേറ്റസ് (Salarias reticulatus) എന്നീ മത്സ്യങ്ങൾ ലോകത്തിൽ ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളൂ. പൊരിങ്ങൽ അണക്കെട്ടിനു മുകളിൽ കാരപ്പാറ കൈവഴിയിൽ മാത്രം 32 ഇനങ്ങളാണുള്ളത്. അണകെട്ടിയ കൈവഴികളിൽ ഈ മത്സ്യങ്ങളില്ല എന്നതും സർവ്വേ വ്യക്തമാക്കുന്നു. പുഴയോരക്കാടുകളും തുരുത്തുകളും (Riparian forests) അങ്ങിയ ആവാസവ്യവസ്ഥ ഈ പുഴയിൽ മാത്രമേ കേരളത്തിൽ ഇന്ന് ബാക്കിയുള്ളൂ. പല കൈവഴികളിലും അണകെട്ടിയതിനാൽ വെള്ളം ഒഴുകാതെ പുഴയോരവനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കടുവ, പുള്ളിപുലി, കാട്ടുപോത്ത്, ആന, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, മലയണ്ണാൻ, മലമുഴക്കി വേഴാമ്പൽ, മീൻ പരുന്ത് മുതലായ വലിയ ജീവികൾ മുതൽ ചെറിയ ജീവികൾ വരെ ഈ കാടിന്റെ പ്രത്യേകതയാണ്. വംശനാശം സംഭവിച്ചു എന്നു കരുതിയ ചൂരലാമയെ (Cochin Forest Cane Turtle) 70 കൊല്ലത്തിനുശേഷം 1982-ൽ കണ്ടെത്തിയതും വാഴച്ചാൽ മേഖലയിൽ നിന്നാണ്. കേരളത്തിൽ കാണപ്പെടുന്ന നാലുതരം വേഴാമ്പലുകളേയും ഈ കാടുകളിൽ കാണാൻ കഴിയും. താലൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മലക്കപ്പാറ പ്രദേശത്ത് 2010-ൽ പുലിയിറങ്ങി വൻ നാശം വിതച്ചിരുന്നു. പടിഞ്ഞാറേ അറ്റം വലിയ പാടശേഖരങ്ങൾ നിറഞ്ഞ സമതലങ്ങളാണ്. ചാലക്കുടിപ്പുഴയുടെ വടക്കേക്കരയിൽ നിന്നാണ് പ്രസിദ്ധമായ കോൾപ്പാടങ്ങൾ തുടങ്ങുന്നത്. മാളയ്ക്കടുത്ത് വൈന്തലയിൽ നദിയുടെ വഴിവിട്ട സഞ്ചാരം ഒരു ഓക്സ്ബോ തടാകം ഉണ്ടാക്കുന്നുണ്ട്.

അതേ സമയം, മനുഷ്യന്റെ അനാവശ്യമായ ഇടപെടലുകൾ ജൈവവൈവിധ്യത്തെ ഇല്ലാതാക്കുന്നുണ്ട്. അനാവശ്യമായ ചില പാടം നികത്തലുകളും മറ്റും കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ കർഷകർ നേരിടുന്നു. ചാലക്കുടിപ്പുഴയിൽ നടക്കുന്ന മലിനീകരണവും മണൽവാരലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മൗനാനുമതിയോടെയാണെന്ന് ആക്ഷേപമുണ്ട്. പുഴ കയ്യേറി പലരും വില്ലകൾ നിർമ്മിച്ചത് വിവാദമായിരുന്നു. ചാലക്കുടിയ്ക്കടുത്തുള്ള കാതിക്കൂടത്ത് നീറ്റ ജെലാറ്റിൻ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ നടന്ന സമരം ശ്രദ്ധേയമായിരുന്നു. തുടരെത്തുടരെ അണക്കെട്ടുകൾ നിർമ്മിച്ചത് നദിയിലെ ഒഴുക്ക് കുറച്ചിട്ടുണ്ട്.

അതിർത്തികൾ തിരുത്തുക

കിഴക്ക് - തമിഴ്നാട്ടിലെ വാൽപ്പാറ താലൂക്ക്
വടക്ക് - മുകുന്ദപുരം, തൃശ്ശൂർ, പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ
പടിഞ്ഞാറ് - മുകുന്ദപുരം താലൂക്ക്
തെക്ക് - എറണാകുളം ജില്ലയിലെ ആലുവ, കോതമംഗലം താലൂക്കുകൾ

"https://ml.wikipedia.org/w/index.php?title=ചാലക്കുടി_താലൂക്ക്&oldid=3361734" എന്ന താളിൽനിന്ന് ശേഖരിച്ചത്