ചന്ദ്രശേഖര കമ്പാർ

ഇന്ത്യന്‍ രചയിതാവ്

കന്നഡ ഭാഷയിലെ പ്രശസ്തനായ ഒരു കവിയും നാടകകൃത്തും നോവലിസ്റ്റുമാണ് ചന്ദ്രശേഖര കമ്പാർ (ഇംഗ്ലീഷ്: Chandrashekhara Kambar, കന്നഡ: ಚಂದ್ರಶೇಖರ ಕಂಬಾರ) (ജനനം:ജനുവരി 2, 1937). സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം(2010), പത്മശ്രീ, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടോടി പാരമ്പര്യസ്പർശവും വടക്കൻ കർണാടക ഭാഷാശൈലിയും അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷതകളാണ്.[1] സാഹിത്യകാരനെന്നതിനു പുറമേ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. കന്നട സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സൊസൈറ്റി ചെയർമാൻ,[2] കർണ്ണാടക നാടക അക്കാദമി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി 2018 ൽ തെരഞ്ഞെടുക്കപ്പെട്ടു.

ചന്ദ്രശേഖര കമ്പാർ
ജനനം (1937-01-02) 2 ജനുവരി 1937  (87 വയസ്സ്)
ഗോദഗേരി, ഹുക്കേരി താലൂക്ക്, ബെൽഗാം ജില്ല, കർണ്ണാടക
തൊഴിൽകവി, നാടകകൃത്ത്, വിദ്യാഭ്യാസ വിചക്ഷണൻ
ദേശീയതഇന്ത്യ
പഠിച്ച വിദ്യാലയംപിഎച്ച്.ഡി, കർണാടക സർവ്വകലാശാല, ധാർവാഡ്
Period1956 മുതൽ സജീവം
GenreFiction
അവാർഡുകൾജ്ഞാനപീഠ പുരസ്കാരം
സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
പത്മശ്രീ
പംപ പുരസ്കാരം
പങ്കാളിസത്യഭാമ
കുട്ടികൾരാജശേഖര കമ്പാർ, ഗീത, ചെന്നമ്മ

ജീവിതരേഖ തിരുത്തുക

ഉത്തര കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽപ്പെട്ട ഗോദഗെരി എന്ന കർഷകഗ്രാമത്തിൽ[3] വിശ്വകർമ്മ സമുദായത്തിൽപ്പെട്ട കൊല്ലപ്പണിക്കാരുടെ കുടുംബത്തിലാണ് ചന്ദ്രശേഖര ജനിച്ചത്.[4] അച്ഛൻ ബസവണ്ണപ്പ താൻ ആലയിൽ ഉണ്ടാക്കിയെടുക്കുന്ന കൈക്കോട്ടും പിക്കാസും വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നത്. പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ മൂലം എട്ടാം ക്ലാസിൽ വെച്ച് ചന്ദ്രശേഖരക്ക് പഠനം നിർത്തേണ്ടതായി വന്നു. എന്നാൽ പാഠ്യവിഷയങ്ങളിലെയും നാടകം, കവിത മുതലായ പാഠ്യേതര വിഷയങ്ങളിലെയും ചന്ദ്രശേഖരയുടെ പ്രതിഭ മനസ്സിലാക്കുവാൻ സാധിച്ച നോവലിസ്റ്റ് കൂടിയായിരുന്ന അദ്ധ്യാപകൻ കൃഷ്ണമൂർത്തി പുരാനിക്കിന്റെ പ്രോത്സാഹനങ്ങളും സവളഗി മഠത്തിലെ സിദ്ധരാമേശ്വര സ്വാമികളുടെ സഹായ വാഗ്ദാനങ്ങളും സ്ക്കൂളിൽ മടങ്ങിയെത്തി പഠനം തുടരുവാൻ ചന്ദ്രശേഖരയെ നിർബന്ധിതനാക്കി. ക്ലാസിൽ അപ്പോഴും അദ്ദേഹം ഒന്നാമനായി തുടർന്നു.

മഠത്തിലെ സാമ്പത്തിക സഹായങ്ങൾ കൊണ്ടു തന്നെ അദ്ദേഹം ബെൽഗാം ലിംഗരാജ് കോളേജിൽ നിന്ന് 1960-ൽ കന്നഡയിൽ ബിരുദം നേടി. 1962-ൽ ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ഷിമോഗയിലെ സാഗർ കോളേജിൽ അധ്യാപകനായി. കർണാടക സർവ്വകലാശാലയിൽ നിന്ന് തന്നെ അദ്ദേഹം ഡോക്ട്രേറ്റും കരസ്ഥമാക്കി. 1968 മുതൽ 1970 വരെ ചിക്കാഗോ സർവ്വകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചതിന് ശേഷം തിരികെയെത്തി ബാംഗ്ലൂർ സർവ്വകലാശാലയിൽ അധ്യാപകനായി ചേർന്നു.

വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഹംപി ആസ്ഥാനമായി കന്നഡ ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി പ്രത്യേക സർവ്വകലാശാല സ്ഥാപിക്കണമെന്ന് വാദിച്ചിരുന്ന ചന്ദ്രശേഖര കമ്പാറിനെ തന്നെയാരുന്നു കന്നഡ സർവ്വകലാശാല നിലവിൽ വന്നപ്പോൾ പ്രഥമ വൈസ് ചാൻസലറായി നിയോഗിച്ചത്. 1998-ൽ ഈ സ്ഥാനത്തു നിന്നും വിരമിച്ചു. ഇതിനിടയിൽ 1996 മുതൽ 2000 വരെയുള്ള കാലയളവിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു. ഇതിനു മുൻപ് 1983 മുതൽ 87 വരെ കർണാടക നാടക അക്കാദമി ചെയർമാനായിരുന്നു.

കർണാടക ഫോക്‌ലോർ ആൻഡ് യക്ഷഗാന അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു കമ്പാർ. 2004 മുതൽ 2010 വരെ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായിരുന്നു.

കുടുംബം തിരുത്തുക

സത്യഭാമയാണ് ഭാര്യ . രാജശേഖര, ഗീത, ചെന്നമ്മ എന്നിവർ മക്കളാണ്. ഇപ്പോൾ ഇദ്ദേഹം ബാംഗ്ലൂർ നഗരത്തിലെ ബനശങ്കരി തേർഡ് സ്റ്റേജിൽ താമസിക്കുന്നു.

കലാസാഹിത്യ രംഗങ്ങളിലെ സംഭാവനകൾ തിരുത്തുക

നാടകം, കവിതാസമാഹാരം, നോവൽ എന്നീ വിഭാഗങ്ങളിലായി 32 കൃതികളും 12 ഗവേഷണപ്രബന്ധങ്ങളും കമ്പാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[5] ഇവയിൽ പലതും മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രശേഖര കമ്പാറിന്റെ രചനകളെപ്പറ്റി കേട്ടറിഞ്ഞ എം.ടി. അദ്ദേഹം പത്രാധിപരായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കായി കമ്പാറിന്റെ ഒരു നോവൽ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അപ്രകാരമാണ് സിങ്കാരവ്വ മത്തു അരമനെ എന്ന കമ്പാറിന്റെ നോവൽ കൂലോത്തെ ചിങ്കാരമ്മ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്നത്. പരിഭാഷ നിർവ്വഹിച്ചത് സി. രാഘവനായിരുന്നു. 1999-ൽ ഡി.സി. ബുക്സ് കൂലോത്തെ ചിങ്കാരമ്മ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. സാവിരതനെറളു എന്ന കവിതാസമാഹാരത്തിന് 1982-ലെ ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1996-ൽ പുറത്തിറങ്ങിയ ചകോരി എന്ന കാവ്യസമാഹാരവും ഏറെ പ്രശസ്തമാണ്. ഇത് പെൻഗ്വിൻ ബുക്സ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിഖരസൂര്യ എന്ന നോവലും എല്ലിതെ ശിവപുര എന്ന കവിതാസമാഹാരവും അടുത്ത കാലത്ത് പുറത്തു വന്ന കമ്പാറിന്റെ കൃതികളാണ്.

കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ജോകുമാരസ്വാമി,സാംഗ്യബാല്യ തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1972-ൽ കമ്പാർ രചന നിർവ്വഹിച്ച ജോകുമാരസ്വാമി ബി.വി. കാരന്തിന്റെ സംവിധാനത്തിൽ അരങ്ങത്തെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്.[4] ഗിരീഷ് കർണാഡ് നായകനായ ഈ നാടകത്തിൽ കാരന്തും കമ്പാറും വേഷമിട്ടിട്ടുണ്ട്. മറാത്തി, ഹിന്ദി, പഞ്ചാബി, തെലുഗു, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നാടകത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുഷ്പറാണി, ആലിബാബ, കാടുകുദുറെ, ഹരകേയ കുരി, ഹുലി നെരലു തുടങ്ങിയവയാണ് കമ്പാറിന്റെ മറ്റ് നാടകങ്ങൾ.

കമ്പാറിന്റെ ചലച്ചിത്ര രംഗത്തെ സംഭാവനകളും ശ്രദ്ധേയങ്ങളാണ്. അഞ്ച് സിനിമകൾ സംവിധാനം ചെയ്ത കമ്പാർ ആറ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുമുണ്ട്. പല സിനിമകളുടെ നിർമ്മാണവും നടത്തിയിട്ടുണ്ട്. കമ്പാർ നിർമ്മിച്ച ആദ്യചിത്രം കരിമായി സാമ്പത്തിക പ്രതിസന്ധികൾ മൂലം പുറത്തിറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തന്റെ തന്നെ നാടകമായിരുന്ന കാടുകുദുറെ അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ആ സിനിമയിലെ ഗാനാലാപനത്തിന് ഗായകൻ ഷിമോഗ സുബ്ബണ്ണയ്ക്ക് 1979-ലെ ദേശീയ പുരസ്കാരം നേടി. 'കാടുകുദുറെ ഓടിബന്തിത്താ' എന്ന ഈ ഗാനത്തിന്റെ രചിച്ചതു കമ്പാറായിരുന്നു.[1] അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായിരുന്ന ഹാരകേയകുറി ദേശീയ പുരസ്കാരങ്ങളും സംഗീത, നായികഥെ തുടങ്ങിയവ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

 
ചന്ദ്രശേഖര കമ്പാർ രചിച്ച് ബി.വി. കാരന്ത് സംവിധാനം നിർവഹിച്ച ജോകുമാര സ്വാമി എന്ന നാടക്കത്തിലെ ഒരു രംഗം.

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ തിരുത്തുക

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി 2018 ൽ തെരഞ്ഞെടുക്കപ്പെട്ടു. അക്കാദമി ഉപാധ്യക്ഷനായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി പിന്തുണച്ച പ്രതിഭാ റായിയെ പരാജയപ്പെടുത്തിയാണ് അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്.[6]

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

  • ജ്ഞാനപീഠ പുരസ്കാരം(2010)
  • പത്മശ്രീ (2001)
  • കടമ്മനിട്ട പുരസ്കാരം 2018
  • ആശാൻ പുരസ്കാരം (1982)
  • സംഗീതനാടക അക്കാദമി പുരസ്കാരം (1983)
  • ടാഗോർ സാഹിത്യ പുരസ്കാരം
  • കാളിദാസ് സമ്മാൻ
  • കബീർ സമ്മാൻ (2002)
  • പംപ പുരസ്കാരം (2003)

അവലംബം തിരുത്തുക

  1. 1.0 1.1 സാഹിത്യത്തിന്റെ പരമോന്നത പീഠത്തിൽ കന്നഡയുടെ ബഹുമുഖപ്രതിഭ, എൻ.ഭാനുതേജ്,
    മലയാള മനോരമ, 2011 സെപ്റ്റംബർ 21
  2. "ജ്ഞാനപീഠപുരസ്കാരം ചന്ദ്രശേഖർ കമ്പാറിന്, ദ സൺഡേ ഇൻഡ്യൻ, 2011 സെപ്തംബർ 20". Archived from the original on 2016-03-05. Retrieved 2011-09-24.
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 712. 2011 ഒക്ടോബർ 17. Retrieved 2013 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)
  4. 4.0 4.1 'സിരിസമ്പിഗെ'യിൽ കമ്പാറിനൊപ്പം, ശശിധരൻ മങ്കത്തിൽ, മാതൃഭൂമി, 2011 സെപ്റ്റംബർ 24
  5. ചന്ദ്രശേഖര കമ്പാർ, പുഴ.കോം വെബ്‌സൈറ്റ് Archived 2012-09-16 at the Wayback Machine. ശേഖരിച്ചത് 2011 സെപ്തംബർ 20
  6. "ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര കമ്പാർ സാഹിത്യ അക്കാദമി അധ്യക്ഷൻ". Feb 12, 2018. Retrieved Feb 12, 2018.
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖര_കമ്പാർ&oldid=4023252" എന്ന താളിൽനിന്ന് ശേഖരിച്ചത്