ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ ദക്ഷിണേന്ത്യയിലെ കേരള സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ കോട്ടക്കലിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല എന്ന് പ്രസിദ്ധമായ ആര്യവൈദ്യ ശാല, കോട്ടക്കൽ[1].

ആര്യവൈദ്യ ശാല, കോട്ടക്കൽ
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഓപി വിഭാഗം
Map
Geography
Locationകോട്ടക്കൽ, മലപ്പുറം, കേരളം, ഇന്ത്യ
Coordinates10°59′50″N 76°00′32″E / 10.99719°N 76.00895°E / 10.99719; 76.00895
Organisation
Care systemസ്വകാര്യം
Fundingസ്വകാര്യം
Typeചാരിറ്റബിൾ ട്രസ്റ്റ്
Patronപി.കെ. വാരിയർ
Services
Beds330
History
Opened1902 ഒക്ടോബർ 12
Links
WebsiteOfficial web site

ഒരു അവലോകനം തിരുത്തുക

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ആര്യ വൈദ്യശാല ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ആസ്ഥാനം. ഗ്രൂപ്പ് നടത്തുന്ന ആശുപത്രികളിൽ മൂന്നെണ്ണം കോട്ടക്കൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിൽ അഞ്ച് ആശുപത്രികൾ ഉൾപ്പെടുന്നു, അതിൽ ഒന്ന് ചാരിറ്റബിൾ സെന്റർ[2], 27 ശാഖകൾ[3], ഗവേഷണ, വികസന സംരംഭങ്ങൾ[4], കോട്ടക്കൽ, കഞ്ചിക്കോട്, കർണാടകയിലെ നഞ്ചങ്കൂട് എന്നിവിടങ്ങളിൽ മൂന്ന് ഔഷധ തൊഴിൽ ശാലകൾ[5], ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണക്കാർ[6], 27-ഓളം ശാഖകൾ[7], എന്നിങ്ങനെ രണ്ടായിരത്തിൽപ്പരം വരുന്ന ചില്ലറ വിൽപ്പനകേന്ദ്രങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഒരു മാർക്കറ്റിംഗ് വിഭാഗം, കൂടാതെ ഔഷധത്തോട്ടങ്ങൾ, പ്രകടന കലകൾ അഭ്യസിപ്പിക്കുന്ന നാട്യസംഘം, ഔഷധ സസ്യ ഗവേഷണ കേന്ദ്രം, മ്യൂസിയം, ആയുർവേദ കലാലയം, ശ്രീ വിശ്വംബര ക്ഷേത്രം, എന്നിങ്ങനെ പല മേഘലകളികായി വ്യാപിച്ചു കിടക്കുന്ന ഒരു വൻ ആയുർവേദ സംരഭമായി വളർന്നിരിക്കുന്നു ഒരു ചെറിയ ചികിത്സാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനം[8].

പന്നീമ്പിള്ളി മാധവൻകുട്ടി വാര്യർ എന്ന പി.എം. വാര്യർ രണ്ടാമനാണ് ആര്യവൈദ്യശാലയിലെ ഇപ്പോഴത്തെ നടത്തിപ്പുകാരനും മുഖ്യചികിത്സകനും. അമ്മാവനായിരുന്ന പത്മഭൂഷൻ പി.കെ. വാര്യർ 2021-ൽ അന്തരിച്ചതിനെത്തുടർന്നാണ് അദ്ദേഹം സ്ഥാനമേറ്റത്.

ചരിത്രം തിരുത്തുക

 
ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പ് - 2002 - Colnect 158266 - ആര്യവൈദ്യ ശാല, കോട്ടക്കൽ

1902-ലെ വിജയദശമി ദിവസമായ ഒക്ടോബർ 12-നു വൈദ്യരത്നം പി.എസ്.വാര്യരാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന ചെറുപട്ടണത്തിൽ ആര്യവൈദ്യശാല സ്ഥാപിച്ചത്. ഔട്ട്‌പേഷ്യന്റ് ചികിത്സയ്‌ക്കും ആയുർവേദ മരുന്നുകളുടെ വിൽപ്പനയ്‌ക്കുമുള്ള ഒരു ചെറിയ ചികിത്സാലയമായാണ് ഇത് ആരംഭിച്ചത്. പിന്നീട് 2002-ഇൽ ആര്യവൈദ്യ ശാലയുടെ ശതാബ്ദി പ്രമാണിച്ച് ഇന്ത്യൻ സർക്കാർ ഒരു തപാൽ സ്റ്റാമ്പ് ഇറക്കുകയുണ്ടായി[9].

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, കോഴിക്കോട് നഗരത്തിൽ ഗുരുകുല സമ്പ്രദായത്തിൽ പഠിപ്പിക്കുന്ന ആര്യവൈദ്യ പാഠശാല (ആയുർവേദ ഔഷധ വിദ്യാലയം) വാര്യർ സ്ഥാപിച്ചു. ഈ വിദ്യാലയം പിന്നീട് കോട്ടക്കലിലേക്ക് മാറ്റുകയും തൃശ്ശൂരിലെ കേരള ആരോഗ്യ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യുകയും, വൈദ്യരത്നം പി.എസ്.വാര്യർ ആയുർവേദ കോളേജ് എന്ന വൈദ്യ കലാശാലയായി മാറ്റുകയും ചെയ്തു.

1933-ഇൽ ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ വൈദ്യരത്നം എന്ന പദവി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1944-ഇൽ വാര്യരുടെ മരണശേഷം, അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കോട്ടക്കൽ ചാരിറ്റബിൾ ട്രസ്റ്റാണ് ചികിത്സാലയം കൈകാര്യം ചെയ്യുന്നത്.

പി.എസ്.വാര്യരുടെ മരണശേഷം അദ്ദേഹത്തിന്റെ അനന്തരവൻ പി. മാധവ വാര്യർ (പി.എം. വാര്യർ) മുഖ്യ വൈദ്യർ സ്ഥാനം ഏറ്റെടുക്കുകയും 1944-ൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയാവുകയും ചെയ്തു. അദ്ദേഹം ഈ സ്ഥാപനത്തെ നവീകരിക്കുകയും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള നിരവധി ശ്രമങ്ങൾക്ക് തുടക്കമിട്ടതായും റിപ്പോർട്ടുണ്ട്. മാധവ വാര്യർ 1953-ൽ ഒരു വിമാനാപകടത്തിൽ മരിച്ചു, സ്ഥാപനത്തിന്റെ അടുത്ത തലവൻ അദ്ദേഹത്തിന്റെ ഇളയ സഹോദരനും, സ്വയം ഒരു വൈദ്യനും പത്മഭൂഷൺ ജേതാവും, മാനേജിംഗ് ട്രസ്റ്റിയും മുഖ്യ വൈദ്യരായ പി.കെ. വാര്യരായിരുന്നു. പി. കെ. വാര്യരുടെ മരണശേഷം സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായി പി. മാധവൻകുട്ടി വാര്യർ ചുമതലയേറ്റു.

ആര്യവൈദ്യ ശാല ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഒരു രുപരേഖ തിരുത്തുക

ആശുപത്രികൾ തിരുത്തുക

 
ആര്യവൈദ്യശാല, കോട്ടക്കൽ, പ്രധാന കവാടം
 
ആര്യവൈദ്യശാല, കോട്ടക്കൽ - പക്ഷികളുടെ കാഴ്ച

ആര്യവൈദ്യ ശാല ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നവയിൽ നാലു സ്ഥാപനങ്ങൾ ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും എന്ന നാമത്തിലും, ഒരെണ്ണം ചാരിറ്റബിൾ ആശുപത്രി എന്ന പേരിൽ ഒരു ധർമ്മസ്ഥാപനവും ആണ്.

1954-ഇൽ സ്ഥാപിതമായ ആശുപത്രി സമുച്ചയമായ കോട്ടക്കലിലെ ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും 204 താമസ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ആറു ചികിത്സാ ബ്ലോക്കുകളുള്ള ഒരു വൻ സ്ഥാപനമാണ്. ഇവിടെ എല്ലാ ശാസ്ത്രീയ പഞ്ചകർമ്മ ഉൾപ്പെടുന്ന കേരളത്തിന്റെതായ പ്രത്യേക ചികിത്സകളും രോഗികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്[10]. രണ്ട് ക്യാന്റീനുകളും, ഒരു ഗ്രന്ഥശാലയും, ഉദ്യാനവും ഇവിടെയുണ്ട്.

ഭാരതത്തിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള ജനങ്ങൾക്കായി 2000-ത്തിൽ ന്യൂഡൽഹിയിൽ 49 താമസ യൂണിറ്റുകളുള്ള ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും പ്രവർത്തനം തുടങ്ങി. കിഴക്കൻ ഡൽഹിയിലുള്ള കർകർഡൂമാ എന്ന സ്ഥലത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്[11].

2008-ഇൽ പണികഴിപ്പിച്ച് പൊതുജനങ്ങൾക്കായി തുറന്ന കൊച്ചി തൃക്കാക്കരയിലെ ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും എന്ന നാമത്തിലുള്ള ഈ സ്ഥാപനത്തിലുള്ളത് 74 കിടക്കകളുള്ള 39 എയർകണ്ടിഷൻ മുറികളാണ്. ഇവിടെ ധാര, പിഴിച്ചിൽ, ഞവരകിഴി, ശിരോവസ്തി, എന്നീ ചികിത്സാമുറകൾ ലഭ്യമാണ്[12].

കോട്ടക്കൽ കാവതികളത്ത്, മലപ്പുറം ദേശീയ പാത ബൈപാസ് റോഡിനഭിമുഖമായി 120 താമസ യൂണിറ്റുകളുള്ള ഈ ശുശ്രുതം ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും എന്ന സമുച്ചയം 2023 ജൂലൈയിൽ ആണ് പൊതുജനങ്ങൾക്കായി തുറന്നത്[13].

കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ആശുപത്രി 1924-ൽ പ്രവർത്തനം തുടങ്ങി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനും ചികിത്സയും നൽകുന്നു. ഒരേ സമയം 160 പേരേ ഇൻപേഷ്യന്റായി ചികിത്സിക്കാനാവുന്ന ഈ ആശുപത്രിയിൽ പഞ്ചകർമ്മം, വിഷചികിത്സ, ക്ലിനിക്കൽ ഗവേഷണ വാർഡുകൾ, ശസ്ത്രക്രിയ യൂണിറ്റ്, ഒരു പ്രസവാവധി എന്നിവ ഉൾപ്പെടുന്നു[14].

ഭാരതത്തിലെ ശാഖകൾ തിരുത്തുക

രാജ്യത്തിനകത്ത് ഇനിപ്പറയുന്ന സ്ഥലങ്ങളിൽ സ്ഥാപനത്തിന് ചികിത്സാലയ ശാഖകളുണ്ട്. ഇവയിൽ കേരളത്തിൽ അടൂർ, ആലുവ, എറണാകുളം, കണ്ണൂർ, കോട്ടക്കൽ, കോട്ടയം, കോഴിക്കോട് കല്ലായി റോഡ്, പാലക്കാട് ടൗൺ, പാലക്കാട് വടക്കന്തറ, തൃശ്ശൂർ, തിരൂർ, തിരുവനന്തപുരം, കഴക്കൂട്ടം, എന്നീ 13 ശാഖകളും, കേരളത്തിനു പുറത്ത് ഒൻപത് സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി അഹമ്മദാബാദ് (ഗുജറാത്ത്), ബെംഗളൂരു, ഹുബ്ബള്ളി, മംഗളൂരു, മൈസൂരു (കർണാടക), ചെന്നൈ, കോയമ്പത്തൂർ, മധുര (തമിഴ്‌നാട്), ന്യൂ ഡെൽഹി (ഡെൽഹി), ഇൻഡോർ (മധ്യപ്രദേശ്‌), കൊൽക്കത്ത (പശ്ചിമ ബംഗാൾ), മുംബൈ (മഹാരാഷ്ട്ര), സെക്കന്ദ്രാബാദ് (തെലംഗാണ), വിജയവാഡ (ആന്ധ്രാപ്രദേശ്‌) എന്നീ 14 ശാഖകളും ഉൾപ്പെടും[15].

ഔഷധ സസ്യ ഗവേഷണ കേന്ദ്രം തിരുത്തുക

2003 സെപ്തംബർ 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. ഏ.പി.ജെ. അബ്ദുൾ കലാം കോട്ടക്കലിൽ ഔഷധ സസ്യ ഗവേഷണ കേന്ദ്രം എന്ന ഒരു ഉന്നത പഠന കേന്ദ്രം ഉൽഘാടനം ചെയ്തു. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൽ (മുംബൈ) നിന്നുള്ള ധനസഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. ആയുർവേദ ഔഷധ സസ്യങ്ങളുടെ ഗവേഷണം, സംരക്ഷണം, ജനകീയവൽക്കരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുക എന്നതാണു ഈ കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യം[16].

ഔഷധ തൊഴിൽ ശാലകൾ തിരുത്തുക

അവലംബം തിരുത്തുക

  1. ആര്യവൈദ്യ ശാല, കോട്ടക്കൽ - ഭാഗം 1 (Documentary). ബിബിസി വേൾഡ് - ഇന്ത്യാ ബിസിനസ് റിപ്പോർട്ട്. 2013-05-30.
  2. "ആശുപത്രികൾ". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  3. "അഖിലേന്ത്യ ശാഖകൾ". ആര്യവൈദ്യ ശാല, കോട്ടക്കൽ. 2023. Retrieved 2023-12-18.
  4. "ഗവേഷണ, വികസന സംരംഭങ്ങൾ". ആര്യവൈദ്യ ശാല, കോട്ടക്കൽ. 2023. Retrieved 2023-12-18.
  5. "ഔഷധ നിർമ്മാണശാലകൾ". ആര്യവൈദ്യ ശാല, കോട്ടക്കൽ. 2023. Retrieved 2023-12-18.
  6. "ഇന്ത്യയിലെ വിതരണക്കാർ". ആര്യവൈദ്യ ശാല, കോട്ടക്കൽ. 2023. Retrieved 2023-12-18.
  7. "ഇന്ത്യയിലെ ശാഖകൾ". ആര്യവൈദ്യ ശാല, കോട്ടക്കൽ. 2023. Retrieved 2023-12-18.
  8. മേനോൻ, ഐ.കേ.കേ. (2002). ആയുർവേദത്തിന്റെ കഥ [The Story of Ayurveda] (in ഇംഗ്ലീഷ്). പ്രസിദ്ധീകരണ വിഭാഗം, വിവര പ്രക്ഷേപണ മന്ത്രാലയം, ഭാരത സർക്കാർ. ISBN 8123010060.
  9. "കോട്ടക്കൽ ശതാബ്ദി പ്രമാണിച്ച് സ്റ്റാമ്പ്". ടൈംസ് ഓഫ് ഇന്ത്യ. 2002-01-07. Retrieved 2023-12-17.
  10. "ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും - കോട്ടക്കൽ". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  11. "ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും - ന്യൂഡൽഹി". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  12. "ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും - കൊച്ചി". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  13. "ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും - കാവതികളം". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  14. "ചാരിറ്റബിൾ ആശുപത്രി, കോട്ടക്കൽ". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  15. "ശാഖകൾ". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.
  16. "ഔഷധ സസ്യ ഗവേഷണ കേന്ദ്രം". ആര്യവൈദ്യ ശാല, കോട്ടക്കൽ. Retrieved 2023-12-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക