വായ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു സംഗീതോപകരണമാണ് കസൂ. വാദകന്റെ ശബ്ദം ഈ ഉപകരണത്തിലൂടെ വരുമ്പോൾ ഒരു നേർത്ത സ്തരത്തിലുണ്ടാക്കുന്ന കമ്പനം ശബ്ദത്തിൽ സൃഷ്ടിക്കുന്ന വ്യതിയാനമാണ് കസൂവിന്റെ ഉപയോഗത്തിന് അടിസ്ഥാനം.

A metal kazoo with a 1 euro coin for comparison: 23.25 mm (0.92 inch)
Examples of kazoos

ചരിത്രം തിരുത്തുക

കസൂവിന്റെ പ്രവർത്തനരീതിയോട് സാമ്യമുള്ള ഉപകരണങ്ങൾ ആഫ്രിക്കയിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ട്. ജോർജിയയിൽ ജീവിച്ചിരുന്ന അലബാമ വെസ്റ്റ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജനാണ് 1840-നോടടുത്ത് കസൂ കണ്ടുപിടിച്ചത് എന്നൊരു വിശ്വാസമുണ്ടെങ്കിലും ഇതിന് ആധികാരികതയില്ല[1]. 1879-ൽ സൈമൺ സെല്ലെർ എന്നൊരാൾ ഇതിനോട് സാമ്യമുള്ള 'ടോയ് ട്രമ്പറ്റ്' എന്നൊരു ഉപകരണത്തിന് പേറ്റന്റ് നേടി[2]. ഇന്ന് പ്രചാരത്തിലുള്ളതു പോലെയുള്ള ലോഹനിർമ്മിതമായ കസൂ ന്യൂയോർക്കിൽ നിന്നുള്ള ജോർജ് ഡി. സ്മിത്ത് ആണ് നിർമ്മിച്ചത്. 1902 മേയ് 27-ന് ഇതിന് പേറ്റന്റ് ലഭ്യമായി[1][3].

ഘടന തിരുത്തുക

ബോഡി, ടറെറ്റ്, റെസൊണേറ്റിംഗ് മെംബ്രെയിൻ എന്നിവയാണ് കസൂവിന്റെ പ്രധാന ഭാഗങ്ങൾ[4]. ഏകദേശം നാല് ഇഞ്ച് നീളമുള്ള, ഇരുവശവും തുറന്ന ഒരു കുഴൽ പോലെയാണ് കസൂവിന്റെ ഘടന. ഇതിന്റെ രൂപം ഒരു മുങ്ങിക്കപ്പലിനോട് സാമ്യമുള്ള രൂപമാണ് ഇതിനുള്ളത്[5]. പ്ലാസ്റ്റിക് നിർമ്മിതമായവയും ലോഹ നിർമ്മിതമായവയും ലഭ്യമാണ്. ഉള്ളിൽ ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന ഒരു നേർത്ത സ്തരമുണ്ടാകും(resonating membrane). സാധാരണയായി മെഴുകുകടലാസ് ആണ് ഇതിനുപയോഗിക്കുന്നത്.

പ്രവർത്തനം തിരുത്തുക

കസൂവിന്റെ ഒരു അഗ്രം താരതമ്യേന വിസ്താരം കൂടിയതായിരിക്കും. ഈ അഗ്രമാണ് കസൂ പ്രവർത്തിപ്പിക്കുമ്പോൾ വായിൽ വയ്ക്കുന്നത്. ശബ്ദം പുറത്തു വിടുന്ന ടറെറ്റ് മുകൾഭാഗത്ത് വരത്തക്കവണ്ണമാണ് ഇത് പിടിയ്ക്കുക. കസൂ വാദകൻ സാധാരണ ഓടക്കുഴൽ, ക്ലാരിനെറ്റ് തുടങ്ങിയ ഉപകരണങ്ങളിലെന്ന പോലെ ഊതുകയല്ല, മറിച്ച് സംഗീതം മൂളുകയാണ് ചെയ്യുക[6]. കുഴലിലെ അനുരണനവും സ്തരത്തിന്റെ കമ്പനവും മൂലം ശബ്ദവർദ്ധനവും ടോൺ വ്യതിയാനവും സംഭവിച്ച് സംഗീതം പുറത്തുവരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 Harness, Jill, Great Moments In Kazoo History, Mental Floss, January 28, 2012, accessed July 12, 2013
  2. Seller, Simon. "US Patent 214,010". Google Patents. Retrieved 2 May 2017.
  3. Smith's Kazoo Patent, U.S. Patent Office, Washington, D.C., accessed July 12, 2013
  4. http://www.madehow.com/Volume-4/Kazoo.html
  5. http://kazoologist.org/works.html
  6. https://wonderopolis.org/wonder/can-you-play-a-kazoo
"https://ml.wikipedia.org/w/index.php?title=കസൂ&oldid=3114829" എന്ന താളിൽനിന്ന് ശേഖരിച്ചത്